ഇബ്രാഹിം ചെര്‍ക്കളയുടെ സിദ്ധപുരിയിലൂടെ കടന്നു പോകുമ്പോള്‍...
Nov 11, 2011, 10:02 IST
ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത് മനുഷ്യമനസുകള്‍ തരിശായിപ്പോകുന്നതിന്റെ വ്യഥകളാണ് ചര്‍ച്ച ചെയ്യുന്നത്. കുറച്ചും കൂടി ഇപ്പുറത്ത് വന്ന് പോസ്റ് മോഡേണിസത്തിലേയ്ക്കെത്തുമ്പോഴാണ് മരുഭൂമി അല്ലെങ്കില്‍ മണല്‍ക്കാട് എന്നത് അല്‍പം കൂടി സമീപസ്ഥവും ഗഹനവുമായ ഒരു ഭൌതീക യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെടുത്തുന്നത്. ആ ഉൂഷരതയ്ക്കുമപ്പുറം ജീവിതത്തില്‍ സ്വപ്നങ്ങളെന്ന പോലെ അവിടെ മരീചികകളുണ്ടെന്നും ഒരു വിസ്മയമെന്ന പോലെ അവിടവിടെ രൂപപ്പെടുന്ന ജലാശയങ്ങളും അവയ്ക്ക് ചുറ്റും തഴച്ചു വളരുന്ന സസ്യലതാദികളും അവയെ ആശ്രയിച്ച് ഒരു മനുഷ്യസമൂഹവുമുണ്ടെന്നും മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് തൊഴില്‍ സംബന്ധമായി മലയാളികള്‍ ഗള്‍ഫ് മേഖലയിലെത്തിയതോടെയാണ്.
മലയാളികള്‍ പണ്ടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ട്. പക്ഷെ ഒരു സമൂഹമായി കുടി യേറിപ്പാര്‍ക്കുന്നത് അറബ് രാഷ്ട്രങ്ങളിലാണ്. അറുപതുകളിലൂടെയാണ് അതിന് ആരംഭം കുറിക്കു ന്നത്. ഈ അനുഭവസമ്പത്ത് ഒരതിഭാവുകത്വത്തിന്റെ അകമ്പടിയോടെയാണ് തുടക്കത്തില്‍ മലയാള സാഹിത്യത്തില്‍ പ്രവേശിക്കുന്നത്. കുറെ പുതിയ മേച്ചില്‍പുറങ്ങളും അപരിചിതമായ കുറെ പദങ്ങളും രംഗപ്രവേശം ചെയ്യുകയുണ്ടായി. അതിനെ അതിന്റെ പാരമ്യതയിലുപയോഗിച്ചതാണ് ആടുജീവിതത്തില്‍ ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍. അതിന്റെ പേജുകളിങ്ങനെ മറിച്ചു പോകുമ്പോള്‍ മരുഭൂമിയുടെ നോക്കെത്താത്ത ഉപരിതലങ്ങല്‍ ദൃശ്യമാക്കി. അതോടൊപ്പം മണല്‍ കാറ്റിലുലയുന്ന ജീവിതവും.
എന്റെ സുഹൃത്ത് ഇബ്റാഹാം ചെര്‍ക്കളയിലേയ്ക്ക് വരുമ്പോള്‍ പ്രവാസം മലയാളി ജീവിതാവസ്ഥകളിലുണര്‍ത്തുന്ന പരിവര്‍ത്തനങ്ങളാണ് രേഖപ്പെടുത്തി കാണുന്നത്. അദ്ദേഹത്തിന്റെ ആദ്യ കൃതി മണലാരണ്യത്തിലെ നെടുവീര്‍പ്പുകളെന്ന പ്രവാസിക്കുറിപ്പുകളാണ്. തെഴില്‍ തേടിയെത്തി അവിടെ, അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങല്‍ തകര്‍ന്ന ഹതാശയരായ ഒരു പറ്റം ചെറുപ്പക്കാരുടെ നെടുവീര്‍പ്പുകള്‍ തന്നെയാണത്. കാഞ്ഞങ്ങാട്ടേ തുളുനാട് പബ്ളികേഷന്‍സ് പ്രസിദ്ധീകരിച്ച ആ പുസ്തകം നല്ലൊരു വായനാനുഭവമാണ് സഹൃദയരി ല്‍ പകര്‍ന്നത്. രണ്ടാമത്തേത് ഒരു നോവലും. എന്‍.ബി.എസ്. വിതരണമേറ്റെടുത്ത പുസ്തകം- ശാന്തിതീരം അകലെ- യിലും ഷാര്‍ജയില്‍ തന്റെ അടുത്തൊരു സുഹൃത്ത്- ഒരു തമിഴന്‍ പറഞ്ഞ അയാളുടെ ജീവിതാനുഭവങ്ങളെ ഇബ്രാഹിം സ്വന്തമാക്കി അവതരിപ്പിക്കുകയായിരുന്നു. മൂന്നമത്തേത് ഈ പുസ്തകം- നോവല്‍-. സിദ്ധപുരിയിലെ ആള്‍ദൈവങ്ങള്‍- സി ദ്ധന്റെ പുരിയായിത്തീരുന്ന ഗ്രാമം സിദ്ധപുരി യായി. പേര് വളരെ അന്വര്‍ത്ഥമായിട്ടുണ്ടെന്ന് വേണം പറയാന്‍.
വര്‍ത്തമാന കാല പരിതോവസ്ഥയിലെ പച്ചയായ മനുഷ്യരെയാണ് നാമിവിടെ കണ്ടെത്തുക. ഇതിലെ മുഖ്യ കഥാ പാത്രമായ ഉസ്താദ് പല വേഷങ്ങള്‍ കെട്ടി പരിണാമങ്ങള്‍ക്ക് വിധേയമായി, ഒടുവില്‍ ഒരു കപടസിദ്ധനായി സിദ്ധപുരിയില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍, സ്വയം തോന്നിപ്പോയി- നോവലിന്റെ പന്ത്രണ്ടാം പേജില്‍- ഉസ്താദിന്റെ തന്നെ വാക്കുകളില്‍- ഈ ലോകം വളരെ സുരക്ഷിതമാണ്. വിശ്വാസത്തിന്റെ മതിലുകള്‍ തരുന്ന സുരക്ഷിതത്വം. ശരിയല്ലെ? വര്‍ത്തമാന കാലത്ത് ഇതിനെക്കാള്‍ വലിയ സുരക്ഷിതത്വമെവിടെയാണ് കിട്ടുക? സൈനുദ്ദീന്‍ ഉസ്താദും സൈനുല്‍ ആബിദീന്‍ തങ്ങളുമാവുന്നു. ഗള്‍ഫിലെത്തിയ സൈനുവിനെ ഒരുസ്താദിന്റെ പണിയുണ്ടെന്ന് പറഞ്ഞ് സുഹൃത്ത് കൂട്ടിക്കൊണ്ട് പോകുന്നത് ഒരു വെപ്പു പുരയിലേയ്ക്കാണ്.
പക്ഷെ അയാള്‍ അതിലൊന്നും സംതൃപ്തനല്ല. നമ്മുടെ ഇന്നത്തെ പുത്തന്‍ തല മുറയെപ്പോലെ സൈനുദ്ദീന് എളുപ്പം പണക്കാരനാവണം. അപ്പോള്‍ ഒരു സുഹൃത്ത് തന്റെ മുറിയില്‍ വെച്ച് പറഞ്ഞത്- എളുപ്പം പണമുണ്ടാക്കണമെങ്കില്‍ നാട്ടില്‍ രണ്ട് വഴികളാണുള്ളത്. ഒന്ന് രാഷ്ട്രീയം. മറ്റൊന്ന് ദിവ്യത്വം. അയാള്‍ക്ക് ആ രാത്രി ഉറങ്ങാനാവുന്നില്ല. സിദ്ധനാവാന്‍ ഒരു നിയോഗം അയാള്‍ക്കുണ്ടായി. സൈനുദ്ദീന് അല്‍പം പാടാനറിയാം. ഗസലുകളാണിഷ്ടം. മുംബൈയില്‍ ഒരു സുഹൃത്തായ സുധീഷ് ഭാട്യ ഒരിക്കല്‍ പറയുന്നു. സൈനു ഭായ് താങ്കള്‍ക്കൊരു ജോലി ശരിയായിട്ടുണ്ട്. ഒരു മെജീഷ്യനായ സോമദാസന്റെ കൂടെ. മേജിക് മടുക്കുമ്പോള്‍ പ്രേക്ഷകരെ രസിപ്പിക്കാന്‍ അല്‍പം ഗസല്‍. അത് സൈനുദ്ദീന്റെ വക. പതുക്കെ സൈനുദ്ദീന്‍ അല്‍പം മേജിക് വശത്താക്കുന്നു. ശൂന്യതയില്‍ നിന്ന് പൂക്കളും തൂവാലയും പ്രയാസമില്ലാതെ എടുത്തു തുടങ്ങി... ഭാവിയി ലൊരു സിദ്ധനാവാന്‍ വേണ്ടി അണിയറയിലെ ഒരുക്കങ്ങള്‍.
ഈ സിദ്ധന്റെ മനസ് അത്ര മോശമെന്ന് പറയാനാവില്ല. ദിവ്യന്റടുത്ത് മന്ത്രി, മന്ത്രിസഭയുടെ കാലാവധി നീട്ടിക്കിട്ടാനും പിന്നെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ കുറയാനും വേണ്ടി ഏലസ്സിനും മന്ത്രച്ചരടിനും വേണ്ടി സമീപിച്ചപ്പോള്‍ ദിവ്യന്‍ മനസ് കൊണ്ട് ചോദിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് നാട് ഭരിച്ച് അഞ്ച് തലമുറയ്ക്ക് തിന്നാനുള്ളത് സമ്പാദിക്കണം അല്ലെയെന്ന്? വ്യവസ്ഥിതിയ്ക്കെതിരെ അയാളുടെ മനസ് രോഷം കൊള്ളുന്നു എന്നര്‍ത്ഥം. പക്ഷെ സ്വയം ചെളിക്കുണ്ടില്‍ വീണിരിക്കുന്നത് കാണുന്നുമില്ല . ഇതു തന്നെയല്ലെ ഇന്നത്തെ പുത്തന്‍ തലമുറയുടെ ചെയ്തികളുടെ പരിച്ഛേദം? ഒരു വശത്ത് ദൈവഭയം. തസ്ബീഹുമായി പള്ളികളില്‍ രാപ്പാര്‍ക്കുന്നു. അതെ സമയം തന്റെയും കുടുംബത്തിന്റെയും ജീവിതം പലിശകളില്‍ തളച്ചിടപ്പെടുന്നു.
സിദ്ധന്മാരുടെ സാമ്രാജ്യങ്ങളുടെ അകത്തളങ്ങളിലെ അരാജകത്വവും ലൈംഗീകതയും - ഒന്നും വിട്ടു പോകാതെ ഈ കൊച്ചു നോവല്‍ പിന്തുടരുന്നു. ഒരിടത്ത് ഇത്തരം കേന്ദ്രങ്ങളിലനുവര്‍ത്തിക്ക പ്പെടുന്ന സ്വവര്‍ഗ്ഗഭോഗം ചിത്രീകരിക്കേണ്ടി വരുന്നിടത്ത് ഇബ്രാഹീം ചെര്‍ക്കള പാലിച്ച മിതത്വം പ്രശംസനീയമാണ്. ഉസ്താദ് മറ്റൊരു ബാധയായി പയ്യനില്‍ പടര്‍ന്നു എന്നെഴുതി നോവലിസ്റ് എളുപ്പം അവിടുന്ന് സ്ഥലം വിടുന്നു. മിക്ക എഴുത്തുകാരും ബാധകൂടിയ പോലെ, പശയിലൊട്ടിയെന്ന പോലെ കുഴഞ്ഞു അവിടെത്തന്നെ ചുറ്റിപ്പോകുന്ന ഒരു മേഖലയാണിതെന്നോര്‍ക്കണം. ഇതിലൊരു വൈദ്യരുണ്ട്. ഉസ്താദ് ആവശ്യപ്പെടുന്ന മരുന്ന് ഉണ്ടാക്കി നല്‍കുന്ന ആള്‍. സിദ്ധന്റെ പേക്കൂത്തുകളാല്‍ ഗര്‍ഭിണികളാവുന്നവരുടെ ഗര്‍ഭമലസിപ്പിക്കാനും ശല്യം ചെയ്യുന്നവരെ മയക്കി കൊല്ലാനും ഉസ്താദിന്റെ ഓഡറനുസരിച്ച് മരുന്ന് നല്‍കാന്‍ ഒരു സഹായി. ഒരു അനുബന്ധ തൊഴില്‍. വൈദ്യര്‍ മരുന്ന് നല്‍കി സമ്പന്നനാകുന്നു. ഒരിടത്ത് ഉസ്താദ് നമ്മുടെ പഴയ മരുന്ന് ഒരു കുപ്പി കൂടി വേണം എന്ന് ആവശ്യപ്പെടുന്നിടത്ത് വൈദ്യര്‍ ഞെട്ടുന്നു. ഇനിയും അത് വേണോ ഉസ്താദെ എന്ന് ചോദിക്കുകയും ചെയ്യുന്നു. കൊല്ലുന്നതിലുള്ള കുറ്റബോധം ഇയാളിലുമുണ്ട് എന്നാണത് ധ്വനിപ്പിക്കുന്നത്. പക്ഷെ ചെളിക്കുണ്ടില്‍ ഏതായാലും വീണു കഴിഞ്ഞു. ഇനി അതിന്റെ ആഴം കൂടുന്നതോ ദുര്‍ഗ്ഗന്ധം രൂക്ഷമാകുന്നതോ പ്രശ്നമാക്കാതെയാണ് ഇരുവരുടേയും ജീവിതയാത്രകള്‍. ദുര്‍ഘടം പിടിച്ച വഴിയിലൂടെ...
നമ്മുടെ ആ കാസര്‍കോടിന്റെ പരിസരത്തെ ഏതെങ്കിലുമൊരു സിദ്ധകേന്ദ്രം സന്ദര്‍ശിക്കുന്ന പ്രതീതിയാണ് ഇബ്രാഹിം ചെര്‍ ക്കളയുടെ നോവലിലൂടെ കടന്നു പോകുന്ന ഒരനുവാചകനനുഭവപ്പെടുക. ഉവിടെ നമ്മുടെ നാട്ടില്‍, ജ്യോത്സ്യന്മാര്‍ക്ക് പോലും സ്വൈര്യം നല്‍കാത്ത സ്ഥിതി വിശേഷമാണ് നടമാടുന്നത്. മുസ്ളിം സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യമൊരുക്കിയ എത്രയെത്ര ജ്യോത്സ്യാലയങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്നറിയാമോ? മുറിയില്‍ ഊഴവും കാത്തിരിക്കുന്ന പര്‍ദ്ദാധാരികളായ മുസ്ളിം സ്ത്രീകളുടെ നീണ്ട നിരയ്ക്ക് ദൃക്സാക്ഷിയായിട്ടുണ്ട് ഇയാള്‍, പുറത്ത് നിന്നു അവരെ കാണാതിരിക്കാന്‍ അവിടെ കര്‍ട്ടണിട്ട് മറച്ചിരുന്നു. മിക്ക സ്ത്രീകളും ഗള്‍ഫുകാരുടെ ഭാര്യമാരാണെന്നാണ് പ്രശസ്തനായ ഒരു ജ്യോത്സ്യന്‍ ഈ കുറിപ്പുകാരനോട് പറഞ്ഞത്. അവരൊക്കെ ഈ പുസ്തകം വായിച്ചിരുന്നെങ്കില്‍?
ഖുര്‍ആനില്‍ ഒരിടത്ത് പറയുന്നുണ്ടല്ലോ?. എല്ലാത്തിനും ദൈവം ഒരു പരിധി നിശ്ചയിച്ചിരിക്കുന്നുവെന്ന്. (31ാം അദ്ധ്യായം 29ാം സൂക്തത്തിന്റെ അവസാനം.) അത് സമാഗത മാവുമ്പോള്‍ താളങ്ങളെല്ലാം തെറ്റാന്‍ തുടങ്ങും. ജീവികളെ ബന്ധിച്ച ചരടിന്റെ മറ്റെ അറ്റം ദൈവത്തി ന്റെ കൈയിലും. സൃഷ്ടി ഏത് വഴി സ്വീകരിക്കുകയാണെങ്കിലും ദൈവം ചരട് അയവ് വരുത്തിക്കൊടുക്കും. സമയം സമാഗതമാവും വരെ. അവസാനം ഒരു പിടുത്തം. അത് പോലെയാണ് ഈ നോവലിന്റെ അവസാനം സിദ്ധന്റെയും സ്ഥിതി. പതനം ആസന്നമാകുമ്പോള്‍ അരയില്‍ കെട്ടിയ ചരടും പാമ്പാകും എന്ന് പറഞ്ഞ പോലെ. തീര്‍ച്ചയായും വിശാലമായൊരു ക്യാന്‍വാസിലെഴുതേണ്ടൊരു വിഷയമാണിത്. ഇബ്രാഹിം വളരെ തിടുക്കത്തില്‍ തീര്‍ത്തു കളഞ്ഞു എന്നൊരു തോന്നല്‍ വായനക്കാര്‍ക്കുണ്ടാവും . തീര്‍ച്ച. ഈ കൊച്ചു കൃതി ഒതുക്കത്തിന്റെ കാര്യത്തില്‍ പ്രശംസനാര്‍ഹം എന്ന പറയുമ്പോള്‍തന്നെ ഇത്രയും സാന്ദ്രമായൊരു വിഷയം ഈ ചെറിയൊരു ക്യാന്‍വാസില്‍ ഒതുങ്ങുന്നുണ്ടോ എന്ന സംശയം ഇയാള്‍ക്കും ഇല്ലാതില്ല.
-എ.എസ്. മുഹമ്മദ്കുഞ്ഞി
Keywords: Article, Ibrahim Cherkala, Book-release, A.S Mohammed Kunhi