city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഷ്‌റഫ് കര്‍ള തിരക്കിലാണ്; കാരുണ്യത്തിന്റെ കരള്‍ പറിച്ചുനല്‍കുന്നതിനിടയിലും കര്‍ളയ്ക്കു പറയാനുണ്ട് പിന്നിട്ട വഴികള്‍

പരിചയം/  കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

മഞ്ചേശ്വരം: (www.kasargodvartha.com 18/07/2016) കാരുണ്യത്തിന്റെ കരള്‍ പകുത്തുനല്‍കുന്ന അഷ്‌റഫ് കര്‍ള തിരക്കിലാണ്. വീടില്ലാത്തവര്‍ക്ക് വീടും രോഗികള്‍ക്കും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സഹായങ്ങളും കലാകാരന്മാര്‍ക്കുള്ള സാമ്പത്തിക സഹായവും നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും ഒരേ പോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് കുമ്പള ബംബ്രാണ സ്വദേശി അഷ്‌റഫ് കര്‍ള.

കാരുണ്യരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്തുകയാണ് അഷ്‌റഫ്. പാവപ്പെട്ടവരുടെയും രോഗാതുരരുടെയും കണ്ണീരൊപ്പാന്‍ അദ്ദേഹം സഞ്ചരിക്കുന്ന വഴികളില്‍ പലപ്പോഴും കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണെങ്കിലും അതെല്ലാം വകഞ്ഞുമാറ്റി ഒരു നിയോഗം പോലെയാണ് അദ്ദേഹത്തിന് കാരുണ്യപ്രവര്‍ത്തനം. എട്ട് വര്‍ഷത്തിനുള്ളില്‍ കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനമാണ് അഷ്‌റഫ് കര്‍ളയുടെ നേതൃത്വത്തില്‍ നടത്തിയത്.

പൊതു പ്രവര്‍ത്തന രംഗത്ത് കാല്‍നൂറ്റാണ്ടു പിന്നിട്ട അഷ്‌റഫ് അല്‍ഫലാഹ് ഫൗണ്ടേഷന്‍, ദുബൈ മലബാര്‍ കലാസംസ്‌കാരിക വേദി എന്നിവയുടെ സഹകരണത്തോടെയാണ് ഇത്രയും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിദ്യാഭ്യാസം, ഭവനനിര്‍മാണം, രോഗി പരിചരണവും സഹായങ്ങളും, കലാകാരന്‍മാര്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങി മഞ്ചേശ്വരം, കുമ്പള പ്രദേശങ്ങളിലെ എല്ലാ പൊതു പ്രവര്‍ത്തനങ്ങളിലും പങ്കാളി കൂടിയാണ് അഷ്‌റഫ് കര്‍ള.

ഇക്കഴിഞ്ഞ റമദാന്‍ കാലത്ത് 20 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് അല്‍ഫലാഹ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അല്‍ ഫലാഹ് ഫൗണ്ടേഷന്‍ നടത്തിയത്. ജാതി മത ഭേദമന്യേയാണ് അര്‍ഹരായവര്‍ക്കെല്ലാം സഹായങ്ങള്‍ എത്തിച്ചത്. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് വറുതിയില്‍ കഴിയുന്ന തീരദേശ നിവാസികള്‍ക്ക് വേണ്ടി തീരദേശ റിലീഫ് നടത്തിയത് മത്സ്യതൊഴിലാളികളായ ജനവിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു.

1988- 89, 1990- 91 വര്‍ഷങ്ങളില്‍ എം എസ് എഫ് ജില്ലാ സെക്രട്ടറിയായിരുന്ന അഷ്‌റഫ് കര്‍ള കുടുംബ ചുമതല ഏറ്റെടുത്ത് 1992 ല്‍ ദുബൈയില്‍ ജോലിക്കായി പോവുകയായിരുന്നു. ദുബൈയില്‍ വെച്ചാണ് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ അഷ്‌റഫ് സജീവമായി പങ്കാളിയാവാന്‍ തുടങ്ങിയത്. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം, കാസര്‍കോട് ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു. എട്ടു വര്‍ഷം മുമ്പ് നാട്ടിലെത്തിയ ശേഷമാണ് അല്‍ഫലാഹ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും ദുബൈ കലാ സംസ്‌കാരിക വേദിയുമായി ബന്ധപ്പെട്ടും മുഴു സമയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്.

പ്രശസ്ത സിനിമാതാരം നസ്‌റിയ നസ്‌റിന്‍ ആദ്യമായി വേദിയില്‍ പരിപാടി അവതരിപ്പിച്ചത് ദുബൈ മലബാര്‍ കലാ സംസ്‌കാരിക വേദി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു. ആറാം വയസിലായിരുന്നു നസ്‌റിയയുടെ ആ പ്രകടനമെന്ന് അഷ്‌റഫ് ഓര്‍ക്കുന്നു. കലാരംഗത്തേക്കുള്ള നസ്‌റിയയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഈ പരിപാടി. പിന്നീട് മലബാറിന്റെ സ്വന്തം നടി സനുഷയേയും ദുബൈയിലെ വേദിയില്‍ പങ്കെടുപ്പിച്ച് കലാരംഗത്തേക്കുള്ള ശോഭനമായ ഭാവി തുറന്നുകൊടുക്കുകയും ചെയ്തു. മാധ്യമരംഗത്തും സംസ്‌കാരിക രംഗത്തും പ്രശസ്തനായ കെ എം അഹ് മദ് മാഷിനെ ആദ്യമായി ദുബൈയില്‍ ആദരിച്ചതും മലബാര്‍ സംസ്‌കാരികവേദിയുടെ പരിപാടിയിലായിരുന്നു. മാപ്പിള കലാരംഗത്തെയും മറ്റു കലാരംഗത്തെയും പ്രമുഖരായ മൂസ എരഞ്ഞോളി, വി എം കുട്ടി, വടകര കൃഷ്ണദാസ്, സിബില സദാനന്ദന്‍, പീര്‍ മുഹമ്മദ്, കെ എം അബ്ബാസ്, ബേവിഞ്ച അബ്ദുല്ല തുടങ്ങി നിരവധി പേരെ ആദരിച്ചിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ റാഫി, പ്രദീപ്, ആസിഫ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി അല്‍ഫലാഹ് ഫുട്‌ബോള്‍ ടീമിനും രൂപം നല്‍കിയിട്ടുണ്ട്. ഇതുവഴി കായികതാരങ്ങള്‍ക്കുള്ള വലിയ അവസരമാണ് തുറന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനങ്ങളിലൊന്നായ യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ഗ്ലോബല്‍ പ്രസിഡണ്ട് സുധീര്‍കുമാര്‍ ഷെട്ടിക്ക് ഈ വര്‍ഷം ആദ്യം ജന്മനാടായ ബെദ്രംപള്ളയില്‍ സ്വീകരണം ഏര്‍പ്പെടുത്തിയത് ദുബൈ മലബാര്‍ കലാസംസ്‌കാരിക വേദിയും അല്‍ഫലാഹ് ഫൗണ്ടേഷനുമായി ചേര്‍ന്നായിരുന്നു. അല്‍ഫലാഹ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് യൂസഫ് അല്‍ഫലാഹ് സുബ്ബയ്യകട്ടയുടെയും ദുബൈ മലബാര്‍ കലാ സംസ്‌കാരിക വേദിയുടെ മറ്റു പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും പ്രോത്സാഹനവുമാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് കരുത്ത് പകരുന്നതെന്ന് അഷ്‌റഫ് കര്‍ള കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇപ്പോള്‍ പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയാണ് അഷ്‌റഫ്. പൊതുപ്രവര്‍ത്തനങ്ങളും ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുമ്പോഴും സ്വന്തമായി ഒരു സെന്റ് ഭൂമി പോലും അഷ്‌റഫിന് ഇല്ലെന്ന സത്യം പലര്‍ക്കും അറിയില്ല. ബംബ്രാണയിലെ വാടകവീട്ടിലാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. നിസ്വാര്‍ത്ഥ സേവനം നടത്തുമ്പോഴും കൂടെ പ്രവര്‍ത്തിക്കുന്ന സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ചിലരെങ്കിലും ഇദ്ദേഹത്തെ താറടിച്ചു കാണിക്കാന്‍ പലപ്പോഴായി ശ്രമിച്ചിരുന്നു. പൊതുപ്രവര്‍ത്തനരംഗത്തും ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും പ്രവര്‍ത്തിക്കുന്നതിനാല്‍ പോലീസുള്‍പെടെ എല്ലാ മേഖലയിലുള്ളവരുമായും നല്ല ബന്ധമാണ് അഷ്‌റഫ് കര്‍ള പുലര്‍ത്തി പോന്നിരുന്നത്.

മുമ്പ് രാംദാസ് പോത്തന്‍ കാസര്‍കോട് എസ് പി ആയിരിക്കെ അദ്ദേഹത്തിന് വിരുന്നു സല്‍ക്കാരം നടത്തിയെന്ന കുപ്രചരണം അഴിച്ചു വിട്ടത് സ്വന്തം പാര്‍ട്ടിക്കാരായ ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് അഷ്‌റഫിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ അതൊന്നും തന്റെ പൊതുപ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും അഷ്‌റഫ് ശ്രദ്ധിച്ചു. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ബംബ്രാണ വാര്‍ഡില്‍ അഷ്‌റഫ് കര്‍ളയെ മത്സരിപ്പിക്കാതിരിക്കാനുള്ള ശ്രമമായിരുന്നു ഈയൊരു കള്ളകഥയ്ക്ക് പിന്നിലെന്നാണ് യഥാര്‍ത്ഥ കഥയറിയുന്നവര്‍ വെളിപ്പെടുത്തുന്നത്. തലപ്പാടിയില്‍ കേരള പോലീസ് മീറ്റിന്റെ ദീപശിഖാ പ്രയാണ ചടങ്ങിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു പോവുകയായിരുന്ന മുന്‍ എസ് പി രാംദാസ് പോത്തന്‍ വഴിയില്‍ വെച്ച് അഷ്‌റഫ് കര്‍ളയെ കാണുകയും വണ്ടി നിര്‍ത്തി സംസാരിക്കുകയും ചെയ്തതിനെയാണ് ലീഗ് പ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ രാംദാസ് പോത്തന് വിരുന്ന് സല്‍ക്കാരം നടത്തിയെന്ന ആരോപണം ചിലര്‍ ഇദ്ദേഹത്തിനു നേരെ ഉന്നയിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

പാര്‍ട്ടിക്കുള്ളില്‍ നിന്നും അഷ്‌റഫിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന നഗ്‌നസത്യം പാര്‍ട്ടിയിലെ ചില നേതാക്കളെങ്കിലും വൈകിയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം കാര്യങ്ങളൊന്നും അഷ്‌റഫിന്റെ പൊതുപ്രവര്‍ത്തനത്തിനോ ജീവകാരുണ്യപ്രവര്‍ത്തനത്തിനോ ഒരു പോറല്‍ പോലും ഉണ്ടാക്കിയിട്ടില്ലെന്നത് കാലം തെളിയിച്ചിരിക്കുകയാണ്.

ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം നിറപുഞ്ചിരി മാത്രമായിരുന്നു അഷ്‌റഫിന്റെ മറുപടി. തനിക്ക് ആരോടും ദേഷ്യമോ ശത്രുതയോ പരിഭവമോ ഇക്കാര്യത്തിലില്ലെന്നും തന്നെ തെറ്റിദ്ധരിച്ചവര്‍ക്കെല്ലാം പിന്നീട് കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അഷ്‌റഫ് പറയുന്നു. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും നേതാക്കളോടുമെല്ലാം താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും വിനയാന്വിതനായി കര്‍ള വെളിപ്പെടുത്തി.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Keywords:  Manjeshwaram, Kasaragod, Kerala, helping hands, Ashraf Karla, Relief, Project, Dubai, Malabar Kala Samskarika Vedi, Inauguration, Police officer, MSF, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia