city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അരാഷ്ട്രീയത്തെ ഭയക്കുക, അത് അറിയാതെ പറഞ്ഞാല്‍ പോലും

അസ് ലം മാവില

(www.kasargodvartha.com 13/03/2016) വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണ് അരാഷ്ട്രീയം. ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ തലനാരിഴകളിലും നാടിമിടുപ്പിലും അരാഷ്ട്രീയമല്ല ഉള്ളത്. മറിച്ച് രാഷ്ട്രീയമാണ്. സ്വാതന്ത്ര്യമെന്നു പറയുന്നത് പോലും രാഷ്ട്രീയത്തിന്റെ ഉപ്പു രസം മിശ്രമായ നിശ്വാസമാണ്. ദണ്ഡിയെന്ന് നാം രണ്ടു പ്രാവശ്യം കേള്‍ക്കും ഇന്ത്യന്‍ ചരിത്രത്തില്‍. അതില്‍ ഒന്ന് സാള്‍ട്ട് മാര്‍ച്ചാണല്ലോ.  ഉപ്പിനു പോലും രാഷ്ട്രീയമുണ്ടെന്ന് ഗാന്ധി പറയും.

സ്വാതന്ത്യാനന്തര ഇന്ത്യയിലും രാഷ്ട്രീയമാണ് പ്രധാനം. നമ്മുടെ ജനാധിപത്യത്തിന്റെ സംഘഗാനത്തിന് രാഷ്ട്രീയം കൂടിയേ തീരൂ. അത് പക്വതയുള്ളവരുടെ കയ്കളില്‍ എത്തുമെന്ന് ഉറപ്പു വരുത്തേണ്ടത് സാധാരണ ജനങ്ങളാണ്. ആ സ്ഥലത്തും അരാഷ്ട്രീയം പറഞ്ഞു ശ്രദ്ധ തിരിച്ചാല്‍ ഈ അനുഭവിക്കുന്ന സൗകര്യവും സ്വാതന്ത്ര്യവും, (അവയ്ക്ക് എത്ര തന്നെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും) അവ അപ്പാടെ കടലെടുക്കാന്‍ അധിക സമയം വേണ്ട.

വൈവിധ്യ കാഴ്ചപ്പാടുകളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. അതില്‍ വൈരുധ്യ രാഷ്ട്രീയമുണ്ട്. പക്ഷം പറയാന്‍ മാത്രമല്ല. പ്രതിപക്ഷം പറയാനും വൈവിധ്യങ്ങള്‍ക്ക് സാധിക്കും. മതില്‍ കെട്ടുന്ന മേസന് അതിന്റെ വളവും വണ്ണക്കുറവും അറിഞ്ഞു കൊള്ളണമെന്നില്ല. അത് നോക്കി നില്‍ക്കുന്നവര്‍ക്കേ അറിയാന്‍ പറ്റൂ. അതും ഒരകലത്തില്‍ നില്‍ക്കണം. ഈ അകലം പാലിച്ചുള്ള രാഷ്ട്രീയമാണ് പ്രതിപക്ഷം.

ഏകപക്ഷീയം എന്നത് രാഷ്ട്രീയമല്ല. അത് കൊണ്ടാണ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന നേതാക്കളും ജനാധിപത്യ വാദികളും പ്രതിപക്ഷങ്ങളെ ചെവിയോര്‍ക്കുന്നത്. രാകി മിനുക്കി തീരുമാനങ്ങളില്‍ സ്ഫുടത വരുത്താന്‍ രാഷ്ട്രീയത്തിലെ ബഹുസ്വരത നല്‍കുന്ന സ്വാധീനം ചെറുതല്ല. നിയമ നിര്‍മ്മാണ സഭകളിലും അതുമായി ബന്ധപ്പെട്ട ഉപസമിതികളിലും പ്രതിപക്ഷ സ്വരത്തിനു അതിന്റേതായ പ്രാധാന്യമുണ്ട്.

സുതാര്യതയാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ സദ്ഗുണം. ഇന്ത്യയെ പോലുള്ള രാജ്യത്ത് രാഷ്ട്രീയ വീക്ഷണങ്ങളും ഇടപെടലുകളും കാവലാളായി നിലനില്‍ക്കണം. അവ നിരന്തരം വാഗ്വാദത്തില്‍ ഏര്‍പ്പെടണം. കന്നയ്യ എന്ന ഗവേഷണ വിദ്യാര്‍ഥി നമുക്ക് മുന്നില്‍ ചില രാഷ്ട്രീയ ചോദ്യങ്ങള്‍ ബാക്കി ആക്കുന്നുണ്ട്. ഇന്ന് നമ്മുടെ കുട്ടികളില്‍ രാഷ്ട്രീയ സാക്ഷരത കുറഞ്ഞു വരുന്നുണ്ടോ എന്ന് മുതിര്‍ന്നവരാണ് ശ്രദ്ധിക്കേണ്ടത്. അണ്‍എയ്ഡഡ് വിദ്യാഭ്യാസ രീതി അതിനു ഒരു കാരണമായോ എന്നും പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.

അരാഷ്ട്രീയം ഫാഷിസത്തിനുള്ള വഴി മരുന്നാണ്. ഹിറ്റ്‌ലര്‍ ആദ്യം ചെയ്തത്  തീര്‍പ്പു കല്‍പ്പിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ സ്വയം ഏറ്റെടുത്തു. അത് മറച്ചത് പിന്നെ ഹിഡന്‍ അജണ്ട പുറത്തെടുത്തായിരുന്നു. ''ഒരേ റേസ്'' എന്നത്  മുദ്രാവാക്യവും ലക്ഷ്യവുമാക്കി.  ഭിന്ന സ്വരക്കാരുടെ നാവരിഞ്ഞു. പിന്നെ കണ്ടത് ചരിത്രം.

സമകാലീന ഇന്ത്യയില്‍ ഒന്ന് കൂടി രാഷ്ട്രീയ പ്രബുദ്ധരാകാന്‍  സമയം കണ്ടെത്തണം. ''എനിക്ക് രാഷ്ട്രീയമില്ല'' എന്ന് പറയുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തിണ്ണബലത്തിലാണ്. ''നോ വോട്ട്'' എന്ന് പറയുന്നതും അങ്ങിനെ തന്നെ. രാഷ്ട്രീയക്കാരനെ വിശ്വസിക്കാം. അരാഷ്ട്രീയത്തെയാണ് ഭയക്കേണ്ടത്. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മാത്രം പറയാനുമുള്ളതല്ല രാഷ്ട്രീയം. ഒരു പ്രഭാതത്തിലും നമ്മെ എതിരേല്‍ക്കുന്നത് രാഷ്ട്രീയമാണ്.

ഇവെന്റ് മാനേജ്‌മെന്റ് രീതിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം വഴി മാറുന്നുണ്ടോ ? അത് എന്റെ  മാത്രം സംശയമാണോ ? 2014 ലെ  മോഡിയും 2015 ലെ ബീഹാര്‍ നിതീഷും പ്രശാന്തിനെ ആശ്രയിക്കുന്നു. അതേ പ്രശാന്ത് തന്നെയാണ് രാഹുലിനെ സഹായിക്കാന്‍ പഞ്ചാബിലും പരിസര സംസ്ഥാനങ്ങളിലും എത്തുന്നത് ! മുഴുസമയ രാഷ്ട്രീയക്കാര്‍ക്ക് എന്തായിരുന്നു പണി ? പഴയ സൗഹൃദത്തിലെ ഒരു കോളേജ് പ്രൊഫസര്‍ ചോദിച്ചത് പോലെ  ''എന്നാ പിന്നെ പ്രശാന്തിന് ഇന്ത്യ മൊത്തമങ്ങ് ഭരിക്കരുതോ ?'' ഈ തമാശയ്ക്കുള്ള ചോദ്യം പോലും ഭയമുണ്ടാക്കുന്നു.

ഇകണോമിക് ടൈംസ് പത്രത്തിലെ ഈ മാസം ആദ്യ വാരത്തിലെ പേജുകളില്‍ മൊത്തം പ്രശാന്ത് കുമാറിന്റെ വാര്‍ത്തകള്‍ മാത്രം ഓണ്‍ലൈന്‍ ഫ്രണ്ട് പേജില്‍. അറിയാവുന്നവരോടൊക്കെ ചോദിച്ചു  എനിക്ക് തൃപ്തികരമായ ഒരു ഉത്തരം തന്നില്ല. ഇത് നിസ്സംഗതയിലേക്ക്  വഴിവെക്കും. ''അയാള്‍ പോയി ഡാറ്റ ശേഖരിക്കട്ടെ,  അയാള്‍ പ്രശ്‌നവും പരിഹാരവും കണ്ടെത്തട്ടെ. നമുക്ക് അയാള്‍ പറയുന്ന സമയത്ത് ഗോദയില്‍ ഇറങ്ങാം''എന്ന സമീപനത്തിലേക്ക് വഴി മാറുമോ ?  ഹിലാരിക്ക് ഇങ്ങനെ ഒരാള്‍ ഇല്ലാതെ പോയി എന്ന ഒരു ലേഖകന്‍ പരിതപിക്കുന്നതും വായിച്ചു.!

ഈ കുറിപ്പിന്റെ അവസാനത്തിലേക്ക് തീന്‍ മേശയിലെ മെനുവില്‍ പോലും അരാഷ്ട്രീയം അനുവാദമില്ലാതെ കടന്നു വരും. നമുക്ക് ഇഷ്ടമുള്ളത് ഭുജിക്കാന്‍ പോലും സക്രിയ രാഷ്ട്രീയം ഉണ്ടായേ തീരൂ.  ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം വികസനമടക്കം എല്ലാം രാഷ്ട്രീയമാണ്.

അരാഷ്ട്രീയത്തെ ഭയക്കുക, അത് അറിയാതെ പറഞ്ഞാല്‍ പോലും

Keywords:  Article, Aslam Mavile, India, Political party, Freedom and Politics.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia