ഭാരതീയം പുരസ്കാരം നേടിയ ഇബ്രാഹിം ചെർക്കളയുടെ രചനാ വഴികൾ
Jan 24, 2022, 18:03 IST
/ മിനി സജി
(www.kasargodvartha.com 24.01.2022) ഇബ്രാഹിം ചെർക്കള, അക്ഷരങ്ങൾ മനസ്സിൽ പതിഞ്ഞതോടെ ചെറുപ്പകാലത്തേ വായനയുടെ മാധുര്യം നുണഞ്ഞു തുടങ്ങി. ആർത്തി നിറഞ്ഞ അക്ഷര ദാഹം വരികളിലെ തുടർക്കഥകളിൽ അലഞ്ഞു. തിരിച്ചറിവുകൾ വായനക്ക് ഗൗരവം പകർന്നു. മലയാളത്തിലെ ശ്രദ്ധേയമായ കൃതികൾ തേടി. വൈക്കം മുഹമ്മദ് ബഷീർ, എം ടി, മുകുന്ദൻ, മാധവികുട്ടി, തകഴി, അങ്ങനെ നീണ്ടു പോകുന്ന എഴുത്തുകാരുടെ സൃഷ്ടികളിൽ വായനയുടെ വസന്തം വിരിഞ്ഞു. സ്വന്തം ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ, കാഴ്ചകൾ, മനസ്സിൽ പതിയുന്ന കഥാപാത്രങ്ങൾ.. പതുക്കെ എഴുത്ത് വഴികളിൽ സഞ്ചരിച്ച് തുടങ്ങി.
നാട്ടിൽ നിന്നും അകന്ന് ഏകാന്തതയുടെ ഒറ്റപ്പെടൽ തീർത്ത പ്രവാസം മനസ്സിൽ സൃഷ്ടിച്ച മുറിവുകൾ ആഴത്തിൽ വരച്ച ചിത്രങ്ങൾ അവസരങ്ങളിലൂടെ സാഹിത്യ രചനകളായി. കഥകൾ നിറയുന്ന മനസ്സ്, കഥാപാത്രങ്ങൾ അസ്വസ്ഥതകളായി വളർന്ന് അക്ഷരങ്ങളിൽ വലയം പ്രാപിച്ചു. കഥകൾ, നോവൽ, അനുഭവം, ഓർമ്മകൾ...അങ്ങനെ കുറേ പുസ്തകങ്ങൾ. നീണ്ട പ്രവാസ ജീവിതവും, സ്വന്തം നാടിന്റെ പച്ചപ്പുകളും സമ്മാനിച്ച അനുഭവങ്ങളുടെ നേർകാഴ്ചകൾ പടർത്തുന്ന പതിനേഴാളം കൃതികളുടെ കർത്താവാണ് ഇബ്രാഹിം ചെർക്കള.
പരന്ന വായനയും, ചൂടും തണുപ്പും മനസ്സിൽ സൃഷ്ടിച്ച മുറിവുകളും കഥകൾ, നോവൽ, അനുഭവ കുറിപ്പുകൾ, ഓർമകൾ അങ്ങനെ എഴുത്ത് വഴികൾ ഓരോന്നായി പിറവിയെടുത്തു. ചെർക്കളയിലും കാസർകോട്ടുമായിരുന്നു വിദ്യാഭ്യാസം. തൊഴിൽ വീഥികളിൽ കേരളത്തിലെ പല ഗ്രാമങ്ങളിലും ചുറ്റിക്കറങ്ങി. പിന്നെ 23 വർഷങ്ങൾ ഷാർജയിൽ വിവിധ മേഖലകളിൽ ജോലി ചെയ്തു. പ്രവാസ ജീവിതത്തിന്റെ കനൽപാതയിലെ ഉഷ്ണവും താപവും സ്വന്തം രചനകളുടെ ഉർജമായി. പിറവിയെടുക്കുന്ന കഥകളിലൂടെ ലോകത്തിലെ പല മനുഷ്യരുടെയും പ്രകൃതിയുടെയും പുതിയ വർണ്ണാഭമായ കാഴ്ചാവിശേഷങ്ങളുടെ ആഴവും പരപ്പും ആത്മഭാവങ്ങളും നിറഞ്ഞു.
ഇബ്രാഹിം ചെർക്കളയുടെ ഞാൻ വായിച്ച ഒരു കഥാസമാഹാരത്തിലെ കഥകളിലൂടെ കടന്ന് പോകാം. കഥകൾ ജീവിതത്തിന്റെ വെളിച്ചമാകുന്നത് വെളിപ്പെടുത്തലുകൾ കൊണ്ടാണ്, സമൂഹത്തെ ഒറ്റയായും ഒന്നിച്ചും വെളിപ്പെടുത്തുമ്പോൾ ആഖ്യായികയാകും. ഓരോ സൃഷ്ടികളുടെയും പശ്ചാത്തല ഭൂമി വിശാലമാണ്. കഥ ഈ ഭൂമികയിൽ നിന്നും വേറിട്ട് വൈയക്തികമായ ഒരിടത്തിൽ തനിയേ നിൽക്കുന്നു. അതിന് ഒരു നിമിഷത്തെയോ, ഒരു ദിവസത്തെയോ, ഒരു വലിയ ജീവിതത്തിന്റെയോ ഗതിവിഗതികളാണ് പറയാനുള്ളത്. വെറും വാക്കുകളിൽ അല്ല കഥകളുടെ ശിൽപം കുടിയിരിക്കുന്നത്. ശിൽപചാരുതക്ക് ആത്മഭാവം പൂണ്ട വചനങ്ങളാണ് ജീവൻ നൽകുന്നത്. കാലം കടന്നും കഥാകൃത്ത് ജീവിക്കുന്നതിന് ശിൽപത്തിലുളള ജീവചൈതന്യമാണ് കാരണം.
ഇബ്രാഹിം ചെർക്കളയുടെ കഥകൾ നിരീക്ഷണം നടത്തിയപ്പോൾ ഉണ്ടായ ഹൃദയഭാഷണമാണ് മുകളിൽ വിവരിച്ചത്. കഥയില്ലാത്ത ഒരു വീടില്ല, കഥയില്ലാത്ത മനുഷ്യനും. മനുഷ്യവംശം ഭൂമിയിലുള്ളിടത്തോളം കഥകൾ പിറവിയെടുക്കും. അത് മനുഷ്യവംശത്തിന്റെ വരദാനമാണ്. ഇബ്രാഹിം ചെർക്കളയുടെ സൃഷ്ടികൾ ജീവിതാവസ്ഥയുടെ മാറി മാറി വരുന്ന ഭാവപ്പകർച്ചകളുടെ പ്രകാശനമാണ്. പ്രവാസ ജീവിതവും സ്വന്തം നാടിന്റെ നിശ്വാസങ്ങളും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന ശൈലിയാണ് ഇബ്രാഹിം ചെർക്കളയുടെ രചനകളുടെ ഭംഗിയും സ്വീകാര്യതയും. സൃഷ്ടികളുടെ ജീവിത പരിസരങ്ങൾ പകർത്തുന്ന മികവ് മിക്കവാറും കഥകളിലും കാണാം. ഓരോ വരികളും ചിത്രങ്ങളും വായനക്കാരെ സൂക്ഷ്മമായ അനുഭവങ്ങളിലേക്ക് നയിക്കുന്നു. തനിക്ക് ചുറ്റുമുള്ള പൊള്ളുന്ന യാഥാർഥ്യങ്ങളെ എഴുത്തിന്റെ മാന്ത്രികത കൊണ്ട് വായനക്കാരുടെ സ്വന്തം അനുഭവങ്ങളാക്കിത്തീർക്കുന്ന ഇബ്രാഹിം ചെർക്കളയുടെ ധന്യമായ എഴുത്ത് ചാരുത കൗതുകം നിറഞ്ഞതാണ്.
വടക്കൻ ചുവ എഴുത്തിൽ അമിതമായി ഇല്ല എന്ന് മാത്രമല്ല, അതിമനോഹരമായ ആഖ്യാനശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ സമാന്തരമായ ഒരു പുതുവഴി തുറക്കാനും ഇബ്രാഹിമിന് കഴിയുന്നു. കാസർകോട് ജില്ലയിലെ സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമാണ് ഈ എഴുത്തുകാരൻ. 23 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നു. ശാന്തിതീരം അകലെ എന്ന നോവലിന് പ്രവാസി ബുക്ക് ട്രസ്റ്റ് ദുബൈ അവാർഡ് 2012 ൽ ലഭിച്ചു. 2013 ൽ പു.ക.സ.സംഘടിപ്പിച്ച ജില്ലാ തല കഥാമത്സരത്തിൽ സമ്മാനം നേടി. 2016 ൽ തുളുനാട് നോവൽ അവാർഡ് നേടി. 2019 ൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവതതിൽ പ്രവാസം, കാലം, ഓർമ്മ എന്ന പുസ്തകം പ്രകാശനം ചെയ്തു. ദുബൈ കാസർകോട് ജില്ലാ കെ.എം.സി.സി.യുടെ ആദരവും ഏറ്റുവാങ്ങിയിട്ടുണ്ട്. കാസർകോട് സംസ്കൃതിയുടെ പ്രസിഡണ്ട്, തനിമ കലാസാഹിത്യവേദി സാഹിത്യ വിഭാഗം കൺവീനർ, കാസർകോട് സാഹിത്യ വേദി എക്സിക്യുട്ടീവ് അംഗം, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: റംല. മക്കൾ അബ്ദുൽ ലത്തീഫ്. മുഹമ്മദ് അൽത്താഫ്.
ഏറ്റവും ഒടുവിലായി ഇബ്രാഹിം ചെർക്കളയെ തേടിയെത്തിയ അംഗീകാരമായിരുന്നു ഭാരതീയം പുരസ്കാരം. വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രതിഭകൾക്ക് സമ്മാനിക്കുന്ന ഈ പുരസ്കാരത്തിൽ ഇബ്രാഹിം ചെർക്കളയുടെ വിഷച്ചുഴിയിലെ സ്വർണമീനുകൾ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാർച്ച് അവസാനവാരം കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
Keywords: Kasaragod, Kerala, Article, Ibrahim Cherkala, Writer, Story, Novel, Writing ways of Ibrahim Cherkala.