അഞ്ജുവിന്റെ ആഗ്രഹം സഫലമാകട്ടെ
Nov 9, 2012, 10:10 IST
സ്‌പോര്‍ട്ട്‌സ്-ഗെയിംസ് രംഗത്ത് പൊതുവെ പിന്നോക്കാവസ്ഥയിലായിരുന്നു ഇന്ത്യയും കേരളവും. ക്രമേണ അതിന് മാറ്റം വന്നു കൊണ്ടിരിക്കയാണ്. വിദേശ രാജ്യങ്ങളിലേതുപോലെ മെയ്ക്കരുത്തുളളവര്‍ നന്നേ കുറവാണിവിടം. അതിനനുസരിച്ചുളള പോഷക ആഹാരലഭ്യതക്കുറവാണതിന് കാരണമെന്നു ചുണ്ടിക്കാണിക്കപ്പെടുന്നു. കഴിവുളളവര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കിക്കൊടുക്കാനുളള സന്മനസും ഭരണ കര്‍ത്താക്കാള്‍ വേണ്ടത്ര കാണിച്ചില്ല. സ്വന്തം കഴിവുകൊണ്ടും. കഠിന ശ്രമത്തിലൂടെ നേടിയെടുത്ത അറിവുകൊണ്ടും സമ്മാനം നേടിവരുന്നവരെ ഇരുകയ്യും നീട്ടി ആദരിക്കാന്‍ നമ്മള്‍ വമ്പന്മാരുമാണ്.
വര്‍ത്തമാനകാല സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ആശാവഹമായ ഈ നടപടിയിലൂടെ ദേശീയ- അന്തര്‍ ദേശീയ തലങ്ങളില്‍ മത്സരിക്കാനും, സമ്മാനാര്‍ഹരാവാനും ഇവിടത്തുകാര്‍ക്ക് സാധ്യമാകുന്നുണ്ട്.. പട്ടണ പ്രദേശങ്ങളില്‍ ജീവിച്ചു വരുന്ന വരേക്കാള്‍ കൂടുതല്‍ കര്‍മശേഷി ഗ്രാമ പ്രദേശങ്ങളില്‍ ജീവിച്ചു വരുന്നവര്‍ക്കാണ്.
ദരിദ്ര കുടുംബങ്ങളില്‍ പിറന്ന് കഷ്ടപ്പാടിലൂടെ ജീവിതം നയിച്ചവരില്‍ കായിക ശേഷി കൂടുതലായി കണ്ടു വരുന്നു. കുന്നിറങ്ങിയും മലചവിട്ടിയും,
ഊടുവഴികളിലൂടെ ഊളിയിട്ട് ഓടിയും, ദീര്‍ഘദൂരം നടന്നും മറ്റും സ്‌കൂള്‍- കോളേജ് പഠനം നടത്തിയ ചില ചെറുപ്പക്കാരിലാണ് ഈ ഗുണം കണ്ടുവരുന്നത്. അവര്‍ക്ക് അതിനനുസരിച്ചുളള പോഷണ സമൃദ്ധമായ ഭക്ഷണം കൂടി ലഭിച്ചിരുന്നുവെങ്കില്‍ അവരുടെ കഴിവ് പതിന്മടങ്ങ് വര്‍ദ്ധിക്കുമായിരുന്നു. അത്തരം ചെറുപ്പക്കാര്‍ ഓരോ മേഖലയിലും അവരുടെ പ്രാവീണ്യം തെളിയിക്കുമ്പോള്‍ അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ സമൂഹവും സര്‍ക്കാരും തയ്യാറാവുന്നു എന്നുളളത് ചാരിതാര്‍ത്ഥ്യജനകമാണ്.
അത്തരമൊരു താരത്തെയാണ് ഈ ആഴ്ച വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍പെട്ട നെല്ലിയടുക്കം എന്ന മലയോര ഉള്‍ഗ്രാമത്തില്‍ ജനിച്ചവളാണ് അഞ്ജു. ദുരിതങ്ങളും പരിമിതികളും അതി ജീവിച്ചു മുന്നേറിയ ഒരു ഗ്രാമീണ പെണ്‍കുട്ടി. അവള്‍ ഇന്ന് ഇന്ത്യന്‍വോളി കളിക്കാരില്‍ അറിയപ്പെടുന്ന അത്‌ലറ്റായി മാറിക്കഴിഞ്ഞു.
ഈ മാസം തായ്‌ലാന്‍ഡില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ബ്ലോക്കര്‍ ആയിരുന്നു അഞ്ജു. കഴിഞ്ഞ തവണ ഇതേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോള്‍ ഇന്ത്യന്‍ ടീം പത്താംസ്ഥാനത്തായിരുന്നു. അഞ്ജു ഉള്‍പ്പെട്ട ഈ വര്‍ഷത്തെ ടീം പത്തില്‍ നിന്ന് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ സ്ഥാന ലബ്ധിയില്‍ അഞ്ജുവിന്റെ അധ്വാനം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മുതല്‍ വോളിബോള്‍ കളികണ്ടു വളര്‍ന്നവളാണ് അഞ്ജു. വീടിനടുത്തുളള റഡ്സ്റ്റാര്‍ ക്ലബിലെ കളിക്കളത്തില്‍ വോളികളിക്കുന്നവരെ നോക്കിയിരിക്കുക അഞ്ജുവിന് ഹരമായിരുന്നു. തന്റെ അച്ഛന്‍ ബാലകൃഷ്ണനും അക്കൂട്ടത്തിലൊരു കളിക്കാരനായിരുന്നു. ആ കളിയും കണ്ട് വീട്ടിലെത്തിയാല്‍ അനുജത്തിയെയും കൂട്ടി വോളികളിക്കും. പക്ഷെ ബോളിന് പകരം തേങ്ങയെടുത്താണ് കളി.
വോളിബോള്‍ പ്രിയനായ അച്ഛന്‍ ബാലകൃഷ്ണന്റെ പ്രോത്സാഹനം അഞ്ജുവിന് കളിക്കളത്തിലിറങ്ങാനുളള ശക്തി നല്‍കി. ഈ കളിയുടെ ആദ്യപാഠം പകര്‍ന്നു കിട്ടിയത് റഡ്സ്റ്റാര്‍ ക്ലബ്ബില്‍ നിന്നാണ്. അവിടുത്തെ കളിക്കാരായ ചേട്ടന്മാരെല്ലാം നീണ്ടു മെലിഞ്ഞ ഈ പെണ്‍കുട്ടിയെ കളിയില്‍ പ്രോത്സാഹിപ്പിക്കുകയും, പ്രേരിപ്പിക്കുകയും ചെയ്തു. നെല്ലിയടുക്കം ക്ലബിലെ വി.കെ ബാലനാണ് വോളിബോളിന്റെ ആദ്യപാഠങ്ങള്‍ അഞ്ജുവിന് നല്‍കിയത്.
എട്ടാം ക്ലാസിലെത്തിയപ്പോഴാണ് കേരള വോളിബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയത്. തുടര്‍ന്ന് അടിവെച്ചടിവെച്ച് കയറ്റമായിരുന്നു, മികവാര്‍ന്ന നിരവധി നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ അഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. മിനിസ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു അഞ്ജു. ഓള്‍ കേരളസ്‌കൂള്‍ മീറ്റില്‍ ഒന്നാം സ്ഥാനക്കാരിയുടെ പട്ടം ലഭിച്ചു. മികച്ച ബ്ലോക്കര്‍ക്കുളള പുരസ്‌കാരവും ആ മീറ്റില്‍ നിന്ന് ലഭിക്കുകയുണ്ടായി. നാഷണല്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും, സൗത്ത് സോണ്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഒന്നാംസ്ഥാനക്കാരിയായിരുന്നു അഞ്ജു.
നാടന്‍ പ്രദേശത്തെ നാട്ടു കളിക്കാരില്‍ നിന്ന് പരിശീലനം നേടി. ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കേ പ്രസിദ്ധരായ നിരവധി കോച്ചുകളില്‍ നിന്ന് അഞ്ജുവിന് പരിശീലനം കിട്ടി. സജ്ഞയ് ബാലിക, മനോജ്, ഷൗക്കത്തലി, രഞ്ജന്‍ തുടങ്ങിയ പ്രമുഖ കോച്ചുകളുടെ പരിശീലനമാണ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുളള ശക്തി പകര്‍ന്നതെന്ന് അഞ്ജു പറയുന്നു. തായ്‌ലണ്ടില്‍ നടന്ന പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചതിനാല്‍ ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കളിക്കാരുമായി പരിചയപ്പെടാന്‍ കഴിഞ്ഞു. എന്നതും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണെന്നവള്‍ സാക്ഷ്യപ്പെടുത്തുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികളുടെയിടയില്‍ സര്‍വസാധാരണയായി കണ്ടു വരുന്ന പ്രേമം, ഒളിച്ചോട്ടം, മൊബൈല്‍ ശൃംഗാരം ഇതിലൊന്നും പെട്ടുപോകാതെ കായിക പ്രതിഭകളായ പെണ്‍കുട്ടികള്‍ പിടിച്ചു നില്‍ക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ചും അഞ്ജു പ്രതികരിച്ചു. എന്നും പരിശീലനവും, യാത്രയും മത്സര പരിപാടികളും, അതില്‍ ജയിച്ചു വരാനുളള ശ്രമവും ഒക്കെയാവുമ്പോള്‍ വേണ്ടാതീനങ്ങളായ ചിന്തകളൊന്നും ഞങ്ങളെ പോലുളളവര്‍ക്കുണ്ടാവില്ല കര്‍ശനമായ ജീവിതചര്യ പരിശീലകരുടെ ശ്രദ്ധ ഇതൊക്കെക്കൊണ്ടും മനസ് ചീത്ത വഴിക്ക് സഞ്ചരിക്കില്ല. ഒരുപാട് ആളുകളുമായുളള ഇടപെടല്‍, അതേപോലെ ഞങ്ങളുടെ ഉയര്‍ച്ച കണ്ണും മനസും തുറന്നിരുന്ന് ശ്രദ്ധിക്കുന്ന സമൂഹം ഇതൊക്കെയാണ് ഞങ്ങളുടെ ചിന്തയെയും, മനസിനെയും, ശരീരത്തെയും തെറ്റില്‍ നിന്ന് മോചിപ്പിക്കുന്നത്. ഇതിനും പുറമേ ആശാവര്‍ക്കറും സാമൂഹ്യ പ്രവര്‍ത്തകയുമായ എന്റെ അമ്മ പ്രേമലത എന്നും എന്റെ വഴികാട്ടിയാണ്.
തൃശൂര്‍ സെന്റ് ജോസഫ് കോളേജില്‍ സാമ്പത്തിക ശാസ്ത്രം ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിയാണ് അഞ്ജു. ഇവിടെ പഠിക്കാന്‍ അവസരം കിട്ടിയത് മഹാഭാഗ്യമായാണ് അഞ്ജു കരുതുന്നത്. അതിരാവിലെ തുടങ്ങുന്ന കായിക പരിശീലനം, അതി വിദഗ്ധരുടെ കോച്ചിംഗ് ക്ലാസ് എല്ലാം മികച്ചതുതന്നെയാണ്. തന്നെ പോലെ വിവിധ കായിക രംഗങ്ങളില്‍ മികവുകാട്ടുന്ന സുഹൃത്തുക്കളുമൊത്തുളള ജീവിതം സന്തോഷകരമാണ്. വോളിതാരമായ അനുജത്തി ആതിരയും ഇതേ കേളേജില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. അവളും ചേച്ചിയുടെ വഴി പിന്തുടര്‍ന്നു നേട്ടങ്ങള്‍ കൊയ്യാനുളള ഒരുക്കത്തിലാണ്.
അഞ്ജുവിന് സ്വപ്നങ്ങള്‍ ഉണ്ട്. ഉയരങ്ങള്‍ എത്തിപ്പിടിക്കാനുളള മോഹമുണ്ട്. അത് കൈവരിക്കാനുളള കഠിനശ്രമം ചെയ്യാനുളള മനസുമുണ്ട്. വോളിബോളിലെ അതി കായനായ ജിമ്മി ജോര്‍ജിനെ മാതൃകയാക്കിയാണ് അവള്‍ തന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. ജീവിതമാര്‍ഗം കണ്ടെത്താന്‍ സര്‍ക്കാര്‍ ജോലി വേണമെന്ന ആഗ്രഹവും മനസില്‍ കൊണ്ടു നടക്കുന്നു. അതും റയില്‍വേ വകുപ്പില്‍ തന്നെ വേണമെന്നും കൊതിയുണ്ട്. അഞ്ജുവിന്റെ ആഗ്രഹം പൂവണിയട്ടെ എന്ന് നമുക്കും ആശീര്‍ വദിക്കാം.
പുരസ്‌ക്കാരങ്ങള്‍ ഒരുപാടുകിട്ടുന്നുണ്ട്. അത് പൊന്നു പോലെ സൂക്ഷിക്കണമെന്ന മോഹമുണ്ട്. പക്ഷെ പണിതീരാത്ത വീട്ടില്‍ അതിന് അനുയോജ്യമായ ഒരു ചില്ലലമാരപോലും ഇല്ലാത്ത അസ്വസ്ഥത അഞ്ജുവിനും അച്ഛനുമമ്മയ്ക്കുമുണ്ട്. അതൊക്കെ വരും നാളുകളില്‍ സാധ്യമാവുമെന്ന ശൂഭ പ്രതീക്ഷയും അവര്‍ക്കുണ്ട്. അഞ്ജുവിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന നാട്ടുകാരുടെ സ്‌നേഹവും സഹായവും എപ്പോഴും അവളോടൊപ്പമുണ്ടാവും എന്ന ശുഭ ചിന്തയും അഞ്ജുവിനെ മുന്നോട്ടു നയിക്കുന്നു.
-കൂക്കാനം റഹ്മാന്‍
Keywords: Anju, volleyball Player, Article, Kookanam Rahman