city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റണ്‍ കേരള റണ്‍ തലേന്ന് കാസര്‍കോട്ടുകാര്‍ പിറകോട്ടോടിയത് എന്തിന്?

രവീന്ദ്രന്‍ പാടി 

(www.kasargodvartha.com 20/01/2015) കാല്‍ നൂറ്റാണ്ടിനു ശേഷം കേരളത്തിന്റെ മണ്ണില്‍ വിരുന്നെത്തിയ ദേശീയ ഗെയിംസിനു പിന്തുണയര്‍പിച്ചു ചൊവ്വാഴ്ച കേരളക്കാര്‍ തലങ്ങും വിലങ്ങും ഓടി. വളരെ നല്ല കാര്യം. നമ്മുടെ നാട്ടിലെത്തിയ ഇത്രയും വലിയൊരു കായിക മാമാങ്കത്തെ വരവേല്‍ക്കാനും ജനങ്ങളെ ഒന്നാകെ അണിനിരത്താനും പരിപാടിയുടെ ഭേരിമുഴക്കാനും ഇതിലും നല്ലൊരു പരിപാടി ഇല്ലതന്നെ. കക്ഷി രാഷ്ട്രീയജാതിമതവര്‍ഗലിംഗ ഭേദമില്ലാതെ ജനങ്ങളെ ഒന്നാകെ, ഒരു പൊതു ബോധമുണര്‍ത്തി ഓടിപ്പിക്കുക എന്നത് മഹത്തായ കാര്യം തന്നെ. വലിപ്പച്ചെറുപ്പമില്ലാതെ ഒരേ സമയം പതിനായിരത്തോളം കേന്ദ്രങ്ങളിലായി ലക്ഷങ്ങളാണ് ഓടിയത്. അവരുടെ മനസിലെല്ലാം സ്‌പോര്‍ട്‌സ് സ്പിരിറ്റിനൊപ്പം ദേശീയ ബോധവും കേരള പ്രബുദ്ധതയും അലയടിച്ചു. നല്ല കാര്യം തന്നെ. അതു ഒരിക്കലല്ല, ഒരായിരം തവണ പറയാം.

ഈ മഹത്തായ പരിപാടി നടക്കുമ്പോള്‍, അതിനു തലേന്ന്, ഇങ്ങു കേരളത്തിന്റെ വടക്കേ അറ്റത്തു ഒരു പ്രതിഷേധ പരിപാടി നടക്കുകയുണ്ടായി. റണ്‍ ബേക്ക് റണ്‍. നൂറുകണക്കിനു പേര്‍ ഇതിലും അണി നിരന്നു. അത് ദേശീയ ഗെയിംസിലോ, റണ്‍ കേരള റണ്ണിലോ ഉള്ള പ്രതിഷേധം കൊണ്ടല്ല. എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ ആണു താനും. കാസര്‍കോടിനെ തഴഞ്ഞതിലുള്ള പ്രതിഷേധം. ദേശീയ ഗെയിംസിന്റെ മത്സരപരിപാടികളുടെ വേദികള്‍ കണ്ണൂര്‍ വരെ എത്തിയിട്ടും കാസര്‍കോട്ട് എത്താത്തതില്‍. ഒരുപാടു കായിക താരങ്ങളുള്ള മണ്ണാണ് ഈ വടക്കന്‍ ജില്ല എന്ന വസ്തുത സൗകര്യപൂര്‍വ്വം മറന്നതില്‍.

ഇവിടെ ഒരു വേദി അനുവദിച്ചിരുന്നുവെങ്കില്‍ അത് ഇവിടുത്തെ കളി സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനും, കളിക്കാര്‍ക്കു കരുത്തും പ്രോത്സാഹനവും പകരുന്നതിനും ഉപകരിക്കുമായിരുന്നു. കായിക പ്രേമികള്‍ക്കും നാടിനാകെയും അതൊരു ഉത്തേജനം പകരലും ആകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളം കണ്ണൂര്‍ വരെയായി പരിമിതപ്പെട്ടു. പ്രൊഫ. എ.ശ്രീധര മേനോന്റെ കേരള ചരിത്രം പോലെ!

സ്വാഭിമാന്‍ കാസര്‍കോട് എന്ന പേരിലുള്ള ജനകീയ കൂട്ടായ്മയുടെ ലേബലിലാണ് കാസര്‍കോട്ട് റണ്‍ ബേക്ക് റണ്‍ എന്ന തിരിഞ്ഞോട്ടം നടന്നത്. ഇതു അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമായ പരിപാടിയായി വിശേഷിപ്പിക്കപ്പെട്ടു.

കബഡി, കാല്‍പ്പന്തുകളി, വോളിബോള്‍,ക്രിക്കറ്റ് തുടങ്ങിയ കളികളുടെ തട്ടകവും അസോസിയേഷനുകളില്‍ പ്രാതിനിധ്യവുമുള്ള പ്രദേശമാണ് കാസര്‍കോട്. ഇതില്‍ ഏതെങ്കിലും ഒന്നിനു ഇവിടെ വേദി അനുവദിക്കാമായിരുന്നില്ലേ എന്നാണ് റണ്‍ ബേക്ക് റണ്‍ സമരക്കാര്‍ ചോദിക്കുന്നത്. ചോദ്യം ന്യായമല്ലേ? കാസര്‍കോടും കേരളത്തിന്റെ ഭാഗമല്ലേ? ഇവിടെയും കായിക താരങ്ങളില്ലേ? ഇവിടെയും കളിപ്രേമികളില്ലേ? ഈ മണ്ണിനോടു വിവേചനം പാടുണ്ടോ?

റണ്‍ ബേക്ക് റണ്‍ പരിപാടിക്കു മുന്നോടിയായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സംഘടിപ്പിച്ച കവികളുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും സംഗമത്തില്‍ ഒരു കവി തന്റെ കവിതയിലൂടെ തൊടുത്ത ഒരു ചോദ്യമുണ്ട്. കേരള മാവിന്‍ വടക്കു ശിഖരം പൂക്കാത്തതെന്തേ എന്ന്. അര്‍ത്ഥവത്തായ ആ ചോദ്യത്തിനു ഉത്തരം പറയേണ്ട ധാര്‍മിക ബാധ്യത അധികാരികള്‍ക്കുണ്ട്.

ദേശീയ കബഡി താരം ജഗദീഷ് കുമ്പളയും, ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസാ ഷെരീഫും, സ്‌കൂള്‍ കായിക മേളയില്‍ ജില്ലയിലേക്കു മെഡലുകള്‍ കൊണ്ടുവന്ന കുട്ടികളും എല്ലാം ഈ ചോദ്യം ചോദിക്കുന്നുണ്ട്. കാസര്‍കോടിന്റെ മണ്ണും മനസും ഈ ചോദ്യം ചോദിക്കുന്നുണ്ട്. പല കാര്യങ്ങളിലും പിന്നോക്കം നില്‍ക്കുന്ന ഈ ജില്ല ദേശാഭിമാനത്തിലും സ്‌നേഹിക്കുന്നതിലും ഭൗതീക സൗകര്യങ്ങളിലും ഏറെ മുന്നിലാണെന്ന കാര്യം അധികൃതര്‍ മറക്കുകയാണോ?

ഇത്തരം പരിഭവങ്ങള്‍ക്കിടയിലും കാസര്‍കോട്ടുകാര്‍ റണ്‍ കേരള റണ്ണിലും നന്നായി ഓടി എന്ന കാര്യവും പ്രത്യേകം  ശ്രദ്ധിക്കപ്പെടേണ്ട സംഗതിയാണ്. പ്രതിഷേധിക്കാനും അതേസമയം പൊതുവികാരത്തിനൊപ്പം ചേരാനും കാസര്‍കോട്ടുകാര്‍ക്കറിയാം. ഈ പാഠം ദേശീയ പ്രസ്ഥാന പോരാട്ടങ്ങളില്‍ നിന്നു പകര്‍ന്നു കിട്ടിയതാകാം.
റണ്‍ കേരള റണ്‍ തലേന്ന് കാസര്‍കോട്ടുകാര്‍ പിറകോട്ടോടിയത് എന്തിന്?

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Run Back Run, Run Back Run protest in Kasargod, National Games,  Kasaragod, Kerala, Sports, Article, Ravindran Pady

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia