city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗര ഭരണത്തില്‍ നിന്നും ടി ഇ പടിയിറങ്ങുമ്പോള്‍

മാഹിന്‍ കുന്നില്‍

(www.kasargodvartha.com 12/10/2015) ഇത്തവണയും നഗരസഭയിലേക്ക് മത്സരിക്കുമോ ? പാര്‍ട്ടി നേതൃത്വവും നാട്ടുകാരും പ്രവര്‍ത്തകരും ശക്തമായി ആവശ്യപ്പെടുകയാണല്ലോ.. എന്ന ചോദ്യം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോഴും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയുടെ മറുപടി ഇങ്ങനെയായിരുന്നു.

'ഇനി നഗരസഭയിലേക്ക് മത്സരിക്കാനില്ല. ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. ഒന്നര വര്‍ഷം മുമ്പ് തന്നെ പാര്‍ട്ടി നേതൃത്വത്തെ മത്സരിക്കുന്നില്ല എന്ന എന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്. അത് നേതൃത്വം അംഗീകരിക്കുമെന്നാണ് കരുതുന്നത്. എല്ലാവരോടും നന്ദിയുണ്ട്.'
കാസര്‍കോടിന് അഭിമാനിക്കാവുന്ന കേരളത്തിന് മാതൃകയായ നിരവധി പദ്ധതികള്‍ സമ്മാനിച്ചാണ് നഗരത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ കാസര്‍കോടിന്റെ പ്രിയപ്പെട്ട നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഭരണത്തില്‍നിന്നും പടിയിറങ്ങുന്നത്.

രണ്ട് തവണ എതിരില്ലാതെ തെരഞ്ഞെടുക്കുകയും മൂന്ന് പ്രാവശ്യം നഗരസഭാ ചെയര്‍മാനാകുകയും ചെയ്ത ടി ഇ 27 വര്‍ഷത്തോളമായി കാസര്‍കോട് നഗരസഭയിലെ കൗണ്‍സില്‍ അംഗമാണ്. 2000 ലും 2005 ലുമാണ് ടി ഇ എതിരില്ലാതെ നഗരസഭയിലേക്ക് എത്തിയത്.

1988 ല്‍ കൗണ്‍സിലറായി എത്തിയ ടി ഇ അബ്ദുല്ല മൂന്ന് പ്രാവശ്യം ചെയര്‍മാനാകുന്ന കാസര്‍കോട്ടെ ഏക വ്യക്തിയാണ്.  ഇദ്ദേഹം ചെയര്‍മാനായിരിക്കെയാണ് മികച്ച നഗരസഭയ്ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ കാസര്‍കോടിനെ തേടിയെത്തിയത്.

സംസ്ഥാനത്തെ മറ്റ് നഗരസഭക്ക് മാതൃകയായ നിരവധി പദ്ധതികളാണ് ടി ഇയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ആരംഭിച്ചത്. ജനന  മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഇ പേയ്‌മെന്റ്, ഷീ ടാക്‌സി തുടങ്ങിയ പദ്ധതികള്‍ കേരളത്തില്‍ ആദ്യം തുടങ്ങിയ നഗരസഭയാണ് കാസര്‍കോട്. പിന്നോക്ക വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ്, ആശ്രയ കുടുംബങ്ങള്‍ക്ക് വീട്, കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വന പദ്ധതികള്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് വയോമിത്രം, നഗര ആരോഗ്യ കേന്ദ്രം, നഗരസഭയീലെ 38 വാര്‍ഡുകളിലും സമ്പൂര്‍ണ ക്ഷേമ പെന്‍ഷന്‍ പദ്ധതി, ഭിന്നശേഷിയുളളവര്‍ക്ക് റിഹാബിലിറ്റേഷന്‍ സെന്റര്‍, തുടങ്ങിയവ നഗരസഭയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ സഹായകമായവയാണെന്ന് ചെയര്‍മാന്‍ ടി ഇ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ കുടുംബശ്രീ കേന്ദ്രവും ജനസേവന കേന്ദ്രവും കാസര്‍കോട് നഗരസഭയ്ക്ക് സ്വന്തമാണെന്ന് ടി ഇ പറഞ്ഞു. ശുദ്ധജലം കുപ്പികളില്‍ വിതരണം ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ രണ്ടാമത്തെ നഗരസഭയാണ് ഞങ്ങളുടേത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡ്, നഗരത്തില്‍ എത്തുന്നവര്‍ക്കായി പഴയ ബസ് സ്റ്റാന്‍ഡിലും പുതിയ ബസ് സ്റ്റാന്‍ഡിലും മൂത്രപ്പുര, പുതിയ ബസ് സ്റ്റാന്‍ഡ് നവികരണം, മനോഹരമായ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍, കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഫേ ശ്രീ, മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ മോഡിപിടിപ്പിച്ചത്, വനിതാ എ സി ഓഡിറ്റോറിയം, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എല്‍ ഇ ഡി, ഹൈമാക്‌സ് ലൈറ്റ്, ചെന്നിക്കരയിലെ ഗ്യാസ് ശ്മശാനം, വീടുകളിലെയും നഗരത്തിലെയും മാലിന്യങ്ങള്‍ തടയുന്നതിനായി വിത്യസ്ത പദ്ധതികള്‍, കാസര്‍കോട് ഗവണ്‍മെന്റ് സ്‌കൂളിലും തളങ്കര മുസ്ലിം സ്‌കൂളിലും പ്രത്യേക പവലിയന്‍, നിരവധി റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തത് ചെയര്‍മാന്‍ ടി ഇ വികസനങ്ങള്‍ നിരത്തുകയാണ്.

തന്റെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും പൂര്‍ണ സഹകരണത്തോടെ നഗരത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. ആധുനിക സൗകര്യത്തോടെ കേരളത്തിലെ ഏറ്റവും മികച്ച മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാള്‍ സ്വന്തമായി ഉള്ളത് കാസര്‍കോട് നഗരസഭക്കാണ്. ഇതിന്റെ ഉല്‍ഘാടനത്തിന് എത്തിയ മന്ത്രി മഞ്ഞളാംകുഴി അലിയുടെ വാക്കുകള്‍ കാസര്‍കോട് നഗരസഭക്ക് കിട്ടിയ അംഗീകാരം കൂടിയാണെന്ന് ടി ഇ പറയുന്നു. 'ഈ ഹാള്‍ കാണുമ്പോള്‍ എം എല്‍ എ ആകുന്നതിനേക്കാളും ഇവിടത്തെ കൗണ്‍സിലറായാല്‍ മതിയായിരുന്നു എന്ന് ഞാനാഗ്രഹിച്ചു പോവുകയാണ്.' ഇതായിരുന്നു മന്ത്രി അലിയുടെ വാക്കുകള്‍.

എല്ലാ വാര്‍ഡുകളിലും വിവേചനമില്ലാതെ വികസനം എത്തിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് ടി.ഇ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍, മുന്‍മന്ത്രിമാരായ സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവരുടെ സഹായം എടുത്തു പറയേണ്ടതാണ്. വാര്‍ഡ്, മുന്‍സിപ്പല്‍ മണ്ഡലം ജില്ലാ ലീഗ് നേതൃത്വത്തിന്റെയും എ. അബ്ദുര്‍ റഹ് മാന്‍ അടക്കമുള്ള സഹപ്രവര്‍ത്തകരുടെ സഹായവും നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയതായി ടി.ഇ പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളും തടസം നിന്നില്ല എന്ന കാര്യം എടുത്തു പറയേണ്ടതാണ്. നഗരവാസികള്‍ക്കും നഗരത്തില്‍ എത്തുന്നവര്‍ക്കും സഹായകമായ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പോരായ്മകള്‍ ചില സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഗൗരവമായി കണക്കിലെടുത്ത് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ട്. സാങ്കേതികം പലപ്പോഴും തടസമായി നില്‍ക്കുമ്പോള്‍ അതിന്റേതായ കാലതാമസം നേരിടുക സ്വാഭാവികമാണ്. അത്തരം കാലതാമസം നഗരസഭയുടെ ചില പ്രവര്‍ത്തനങ്ങള്‍ക്കും നേരിട്ടിരുന്നതായി ടി.ഇ വ്യക്തമാക്കി.

'ഇനി പടിയിറങ്ങുകയാണ്, സന്തോഷത്തോടെ, എല്ലാവരോടും നന്ദിയുണ്ട്' ടി.ഇയുടെ ഈ വാക്കുകളില്‍ അഭിമാനമുണ്ട്.

നിരവധി ചരിത്രങ്ങള്‍ സമ്മാനിച്ചാണ് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പടിയിറങ്ങുന്നത്. ടി.ഇ പടിയിറങ്ങുന്നത് മറ്റൊരു ചരിത്രമാണ്. ഇനിയും മത്സരിക്കണമെന്ന സ്‌നേഹത്തോടെയുള്ള  അഭ്യര്‍ത്ഥന വിനയത്തോടെ നിരസിച്ചാണ് കാസര്‍കോടിന്റെ പ്രിയപ്പെട്ട എംഎല്‍എയായിരുന്ന പരേതനായ ടി.എ ഇബ്രാഹിമിന്റെ മകനും ജനകീയനുമായ ഈ നഗരപിതാവ് പടിയിറങ്ങുന്നത്.

ലീഗ് സംസ്ഥാന - ജില്ലാ പ്രവര്‍ത്തക സമിതി അംഗം, ചന്ദ്രികയുടെ കണ്ണൂര്‍ എഡിഷന്‍ ഗവേര്‍ണിംഗ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ടി.ഇ കാസര്‍കോടിന്റെ സാമൂഹ്യ - സാംസ്‌കാരിക - സേവന രംഗത്തെ സജീവ മുഖമാണ്. രാഷ്ട്രീയ - സാംസ്‌കാരിക - കായിക - സിനിമാ രംഗത്തെ പ്രമുഖരുമായി ഏറെ അടുപ്പമുള്ള ടി.ഇ നല്ല സുഹൃദ് ബന്ധത്തിനും ഉടമയാണ്. ബി.എ സാറയാണ് ഭാര്യ. ഫാത്വിമത്ത് അസീന (ബഹ്‌റൈന്‍), ഡോ. സൈനബ സഫുവാന (ഷാര്‍ജ), ഖദീജത്ത് റസീന (ദുബൈ), ആഷിഖ് ഇബ്രാഹിം (വിദ്യാര്‍ത്ഥി, ബംഗളൂരു).


കാസര്‍കോട് നഗര ഭരണത്തില്‍ നിന്നും ടി ഇ പടിയിറങ്ങുമ്പോള്‍

Keywords:  T.E Abdulla, Article, Municipality, Kasaragod Municipal Chairman, Election, When TE Abdulla steps down, Royal Silks.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia