city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്‍ എം.എല്‍.എ, ബി.എമ്മിനെ ഓര്‍ക്കുമ്പോള്‍


മൗവ്വല്‍ മുഹമ്മദ് മാമു

(www.kasargodvartha.com 02/04/2015) 1970 മുതല്‍ 1977 വരെ കേരള നിയമസഭയില്‍ കാസര്‍കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ബി.എം അബ്ദുര്‍ റഹ് മാന്‍ സാഹിബ് വിട പറഞ്ഞ് 2015 ഏപ്രില്‍ നാലിന് 30 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സാധാരണക്കാരന്റെ എം.എല്‍.എ ആയിരുന്ന ബി.എം കാസര്‍കോട് പട്ടണത്തിലെ തെരുവുകളിലൂടെ നടന്നുപോകുമ്പോള്‍ ആര്‍ക്കും പിന്നില്‍ നിന്ന് കൈകൊട്ടി വിളിച്ച് കാര്യങ്ങള്‍ പറയാമായിരുന്നു.

ജനപ്രതിനിധിയായിരുന്നിട്ട് കൂടി ഇങ്ങനെ വിളിച്ച് കാര്യങ്ങള്‍ പറയുന്നതില്‍ അദ്ദേഹത്തിന് യാതൊരു അസഹിഷ്ണുതയോ വിഷമമോ തോന്നിയിരുന്നില്ല. പറയുന്ന കാര്യങ്ങള്‍ എവിടെ വെച്ചും താത്പര്യപൂര്‍വം കേള്‍ക്കുന്ന സാധാരണക്കാരന്റെ എം.എല്‍.എ ആയിരുന്നു ബി.എം.

ബി.എമ്മിന്റെ ഉള്ള് കണ്ടവരൊക്കെ ആ വലിയ മനസിന്റെ തണലില്‍ ഇത്തിരി നേരം വിശ്രമിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് ജമാഅത്തിന്റെ ഭാരവാഹിയായി സേവനമനുഷ്ടിച്ച അദ്ദേഹം 1968 മുതല്‍ 78 വരെ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ മാനേജറായും സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച മഹല്‍ വ്യക്തിത്വമാണ്.

1978 ല്‍ വീണ്ടും കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബി.എം നാടിന്റെ വികസനത്തിനുവേണ്ടി സമഗ്രമായി പ്രവര്‍ത്തിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഏറ്റവും കുടുതല്‍ സ്‌കുളുകളും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അനുവദിക്കപ്പെട്ടത് ബി.എം എം.എല്‍.എ ആയിരുന്ന കാലത്താണ് എന്ന് സര്‍ക്കാര്‍ രേഖകളില്‍ കാണാം.

അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. അസംബ്ലി പ്രസംഗങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് അക്കാലത്ത് ഏറ്റവും കൂടുതല്‍ നിയമസഭാ പ്രസംഗങ്ങള്‍ നടത്തിയത് ബി.എം അബ്ദുര്‍ റഹ്മാന്‍ സാഹിബാണെന്നു മനസിലാക്കാം. തലശ്ശേരി കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിനുമേല്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ഒരു മണിക്കൂര്‍ നേരമാണ് അദ്ദേഹം നിയമസഭയില്‍ പ്രസംഗിച്ചത്.

ബി.എമ്മിന്റെ പ്രസംഗത്തിന്റെ കാതലായ ഭാഗങ്ങള്‍ക്ക് അന്നത്തെ മുഖ്യമന്ത്രി അടിവരയിട്ട് മറുപടി പറയേണ്ടി വന്നിട്ടുണ്ട്. പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച ബി.എം സ്വന്തം കാര്യം പലപ്പോഴും മറന്നുപോയിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനത്തിലൂടെ എന്തെങ്കിലും നേടിയെടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. നല്ലൊരു പൊതുപ്രവര്‍ത്തകന്‍ ആവുക എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിത കാലം മുഴുവനും സംഘടനയ്ക്കും, സമുദായത്തിനും, നാടിനും വേണ്ടി വിനിയോഗിച്ച നിസ്വാര്‍ത്ഥനായ കര്‍മ ഭടനായിരുന്നു അദ്ദേഹം.

ബി.എമ്മിനെപ്പോലെയുള്ള നേതാക്കന്മാര്‍ മുസ്ലിം ലീഗിന്റെ ആശ്രയവും, ആവശ്യവും ആയിരുന്നു. പ്രസ്ഥാനത്തിന്റെ ശക്തിയും ചൈതന്യവും ആയിരുന്നു ബി.എം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരോടു പോലും വളരെ സൗമ്യമായ പെരുമാറ്റവും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തി ബന്ധത്തിന് തടസമല്ലെന്ന് തെളിയിക്കുകയും ചെയ്ത നേതാവായിരുന്നു.

മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ കടന്നുവന്ന ബി.എം മരണം വരെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉപദേശക സമിതി ചെയര്‍മാനായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുത്തുന്നതില്‍ വളരെയധികം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ബി.എം. ചിട്ടയോടെയുള്ള പ്രവര്‍ത്തനവും ആത്മാര്‍ത്ഥതയും ഏതൊരു പ്രവര്‍ത്തകനും സംഘടനാ പ്രവര്‍ത്തനത്തില്‍ ആവേശം പകരുന്നതായിരുന്നു.

1975 ലെ മുസ്ലിം ലീഗിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ ഭാഗത്തായിരുന്നു ബി.എം അബ്ദുര്‍ റഹ്മാന്‍ സാഹിബ്. അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ മുന്നണി പോരാളിയായും, എം.എല്‍.എ ആയും സംസ്ഥാന തലത്തില്‍ തന്നെ നേതൃനിരയില്‍ അദ്ദേഹം നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ ഒരായിരം ഓര്‍മപൂക്കള്‍.
മുന്‍ എം.എല്‍.എ, ബി.എമ്മിനെ ഓര്‍ക്കുമ്പോള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു

Keywords:  Kasaragod, Kerala, MLA, Article, Muslim League, B.M Abdul Rahman Sahib, When Remembering BM Abdul Rahman Sahib.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia