city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയ എസ്.പി.യില്‍ കാസര്‍കോട്ടുകാര്‍ പ്രതീക്ഷിക്കുന്നത്...

(www.kasargodvartha.com 24/02/2015) കാസര്‍കോട്ട് പുതിയ എസ്.പി.യായി ഡോ.എ.ശ്രീനിവാസ് ചുമതലയേറ്റിരിക്കുന്നു. സന്തോഷം. ഇവിടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന്റെ നടപടികളിലൂടെ സാധിക്കട്ടെ. അതിനു പോലീസ് സേനയും ജനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും അദ്ദേഹവുമായി സഹകരിക്കട്ടേയെന്നു ആശംസിക്കുകയും ചെയ്യുന്നു.

സ്ഥാനമൊഴിഞ്ഞ എസ്.പി. തോംസണ്‍ ജോസിനു ഒരു പരിധിവരെ കാസര്‍കോട്ട് സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ സാധിച്ചതായി വിലയിരുത്തപ്പെടുന്നു. ആര്‍ക്കും വിധേയപ്പെടാതെ, നീതി നടപ്പാക്കാന്‍ തുനിഞ്ഞതാണ് അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനു ഇടയാക്കിയതെന്നാണ് ശ്രുതി. അതു പിന്നെ എന്നും അങ്ങനെയാണല്ലോ! (www.kasargodvartha.com 24/02/2015)

ഇതിനു മുമ്പ് എത്ര എസ്.പി.മാരേയും  കലക്ടര്‍മാരേയും ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റി പാഠം പഠിപ്പിച്ചിട്ടുണ്ട്! മന്ത്രിമാര്‍ക്കോ, എം.എല്‍.എ.യ്‌ക്കോ, രാഷ്ട്രീയപ്പാര്‍ട്ടി നേതാവിനോ ഇഷ്ടമല്ലെങ്കില്‍ എത്ര നീതിമാനായ ഉദ്യോഗസ്ഥനാണെങ്കിലും കെട്ടുകെട്ടണം എന്നത് അലിഖിത നിയമമാണല്ലോ! കാസര്‍കോട്ടാകുമ്പോള്‍ സംഗതികള്‍ക്കു കുറേക്കൂടി വേഗത വരുന്നുവെന്നതാണ് മുന്നനുഭവം.

കാസര്‍കോട്ട് ഇടക്കിടെ തലപൊക്കുന്ന വര്‍ഗീയരാഷ്ട്രീയ അസ്വാസ്ഥ്യങ്ങള്‍ക്കു തടയിടാന്‍ പോലീസ്‌രാഷ്ട്രീയപൊതുജന കൂട്ടായ്മ രൂപീകരിക്കുമെന്നാണ് പുതിയ എസ്.പി. പറയുന്നത്. കൂട്ടായ്മയിലേക്കു വിവിധ മത വിഭാഗങ്ങളില്‍ നിന്നും രാഷ്ട്രീയ വിഭാഗങ്ങളില്‍ നിന്നും തുല്യമായ അംഗങ്ങളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമാധാന പാലനത്തിനായി നിലവിലെ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. എല്ലാവരും ഒത്തൊരുമിച്ചാല്‍ കാസര്‍കോടിന്റെ മുഖം പ്രസന്നമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും എസ്.പി. പുലര്‍ത്തുന്നു.

ഉപ്പള, കുമ്പള തുടങ്ങിയ പ്രദേശങ്ങളിലെ ഗുണ്ടാവിളയാട്ടം ശക്തമായി അടിച്ചമര്‍ത്തുക എന്നതാണ് ഇപ്പോള്‍ തന്റെ മുന്നില്‍ വന്നുപെട്ട അടിയന്തിര പ്രാധാന്യമുള്ള വിഷയമായി അദ്ദേഹം കാണുന്നത്. പലതരത്തിലുള്ള മാഫിയാ പ്രവര്‍ത്തനങ്ങളും ഗുണ്ടാ പ്രവര്‍ത്തനങ്ങളും കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നു. നേരത്തേ താന്‍ ജോലി ചെയ്ത പത്തനംതിട്ടയില്‍ പരീക്ഷിച്ച മതേതരരാഷ്ട്രീയേതരജനമൈത്രി പോലീസ് സംവിധാനം കാസര്‍കോട്ടും പരീക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള നല്ലവഴികളാണിവയൊക്കെ. സമാധാനം ആഗ്രഹിക്കുന്ന ആരും അംഗീകരിക്കുന്ന വഴി. സര്‍വ്വരുടെയും പിന്തുണയും സഹകരണവും തീര്‍ച്ചയായും ഉണ്ടാകേണ്ട വഴി. ഈ വഴിയിലൂടെ പോലീസിനെയും ജനങ്ങളെയും നയിക്കാന്‍ പുതിയ എസ്.പി.യ്ക്കു കഴിയട്ടെ എന്നു തന്നെയാണ് മാധ്യമങ്ങളും സ്വാഭാവികമായും ആഗ്രഹിക്കുന്നത്.

മതസൗഹാര്‍ദത്തിലും മാനവ സൗഹാര്‍ദത്തിലും ദേശീയ ബോധത്തിലും മഹോന്നതമായ ഒരു പൂര്‍വ്വകാലമാണ് കാസര്‍കോട് ഉള്‍പ്പെടുന്ന തുളുനാടിനുള്ളത്. ഇവിടുത്തെ ആഘോഷങ്ങളില്‍ മതമുള്ളവരും ഇല്ലാത്തവരും എല്ലാം ഭാഗഭാക്കാവുന്നതും സ്‌നേഹം കൈമാറുന്നതും സാഹോദര്യം പൊലിപ്പിച്ചെടുക്കുന്നതും കാണാമായിരുന്നു. ഇപ്പോള്‍ അത് തീര്‍ത്തും ഇല്ലെന്നല്ല, വളരെ ശുഷ്‌ക്കിച്ചു പോയിരിക്കുന്നു. അത് ഒന്നുകൂടി പൊലിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. അതിനു ജനകീയ പോലീസിന്റെ ഇടപെടല്‍ ഏറെ ഉപകരിക്കും. എവിടെയാണോ ഒരു അനൈക്യത്തിന്റെ അഥവാ അസ്വാസ്ഥ്യത്തിന്റെ അകലം പ്രകടമാവുന്നത്, അവിടെ ഐക്യമന്ത്രവുമായി പോലീസ് രംഗപ്രവേശം ചെയ്യേണ്ടതുണ്ട്. കാലുഷ്യങ്ങളെ അകറ്റാന്‍ കലകള്‍ക്കുള്ള കഴിവ് ഉപയോഗപ്പെടുത്താനും പോലീസ്ജനകീയ കൂട്ടായ്മകള്‍ക്കു കഴിയേണ്ടതുണ്ട്. റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ ഏറെ ഉപകാരപ്പെടുന്നതായി നാം അനുഭവിച്ചറിയുന്നുണ്ട്.

അടുത്തിടെ രണ്ടു കൊലപാതകങ്ങളാണ് കുമ്പളയില്‍ നടന്നത്. സി.പി.എം. പ്രവര്‍ത്തകന്‍ മുരളിയും മത്സ്യത്തൊഴിലാളിയായ മുഹമ്മദ് സാക്കിറും. കാസര്‍കോട്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് കൊല്ലപ്പെട്ടതും അടുത്തിടെയാണ്. ഈ കൊലപാതകങ്ങള്‍ സമൂഹമനസ്സിലുണ്ടാക്കിയ മുറിവുകള്‍ ഇപ്പോഴും നീറുന്നുണ്ട്. ചന്ദ്രഗിരിപ്പുഴയ്ക്കു തെക്കുള്ള അവസ്ഥയല്ല, കാസര്‍കോടിന്റെ വടക്ക്. വടക്കാവുമ്പോള്‍ പ്രശ്‌നത്തിനു വേഗം വര്‍ഗീയതയുടെ നിറം കലരുന്നു. ഇത് ദൗര്‍ഭാഗ്യകരമായ ഒരു സ്ഥിതിയാണ്. ഇത്തരമൊരവസ്ഥയില്‍ കുറ്റകൃത്യങ്ങളെ അതിന്റെ ഗൗരവം കണക്കിലെടുത്തു കൈകാര്യം ചെയ്യാന്‍ പോലീസ് കൂടുതല്‍ ശുഷ്‌ക്കാന്തി കാണിക്കേണ്ടിയിരിക്കുന്നു. ഒരു ജാഗ്രത, നിരീക്ഷണം, തക്കസമയത്തെ ഇടപെടല്‍... ഇതിലെല്ലാം പോലീസ് കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കുറ്റവാളികളെ യഥാസമയം അറസ്റ്റു ചെയ്യാനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ശിക്ഷ ഉറപ്പാക്കാനും പോലീസിനു സാധിക്കണം. മുഖം നോക്കാതെ, വിവേചനവും പക്ഷപാതിത്വവും കൂടാതെ, സ്വതന്ത്രമായും നീതിബോധത്തോടെയും പോലീസ് പ്രവര്‍ത്തിക്കണം. ആരുടെയും സമ്മര്‍ദങ്ങളില്‍ വീണുപോകാതെ, തെറ്റിനോടു സന്ധിചെയ്യാതെ, അനീതിയോടു സമരസപ്പെടാതെ നീതി നടപ്പാക്കാന്‍ പോലീസിനു കഴിയണം.

കുഴപ്പങ്ങള്‍ക്കും കുടിപ്പകയ്ക്കും മാഫിയാ പ്രവര്‍ത്തനത്തിനും ഹേതുവാകുന്നത് ഏതേതു ഘടകങ്ങളാണെന്നു അറിയാനും അവ പരിഹരിക്കാനും നിയമപാലകര്‍ക്കു സാധിക്കേണ്ടതുണ്ട്. റോഡരികുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കുന്ന ബാനറുകളും ഫ്ലക്‌സുകളും തോരണങ്ങളും പലപ്പോഴും കുഴപ്പങ്ങള്‍ വലിച്ചിടുന്നു. അതു പോലെ മതപരമായ പരിപാടികളും ഘോഷയാത്രകളും റോഡിലേക്കു വലിച്ചിഴയ്ക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ നാട്ടില്‍ സൈ്വരവിഹാരം നടത്തുന്നത് അക്രമത്തിനു ഇരയായവരിലും അവരുടെ ബന്ധുക്കളിലും സംഘടനകളിലും പ്രതികാര വാഞ്ഛ ഉണര്‍ത്തുന്നു. അത് ഉമിത്തീ പോലെ പുകയാനും കത്താനും പടരാനും ഒക്കെയുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഇത് പോലീസിനു കണ്ടറിയാനും നടപടിയെടുക്കാനും സാധിക്കേണ്ടതുണ്ട്.

പുതിയ എസ്.പി.യ്ക്കു ഈ വഴിയ്ക്കു പുതിയ ചുവടുവെക്കാനും നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും കഴിയുമെന്നു വിശ്വസിക്കട്ടെ.

-രവീന്ദ്രന്‍ പാടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പുതിയ എസ്.പി.യില്‍ കാസര്‍കോട്ടുകാര്‍ പ്രതീക്ഷിക്കുന്നത്...

Keywords : Kasaragod, Kerala, SP, Police, Natives, Clash, Dr. A Sreenivas, SP Thomson Jose, When new SP takes office.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia