city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിറ്റി ഗോള്‍ഡിലെ മാമുച്ചയും ബിലാല്‍ മസ്ജിദിലെ സുബ്ഹി ബാങ്കും

അബ്ദുല്‍ കരീം കോളിയാട് (സിറ്റിഗോള്‍ഡ്)

(www.kasargodvartha.com 12.08.2014) തിങ്കളാഴ്ച രാത്രി വിട പറഞ്ഞ മാമുച്ച എന്ന മിമിക്രി മാമുവുമായി വളരെക്കാലത്തെ അടുപ്പമാണ് എനിക്കുള്ളത്. ചെറുപ്പം തൊട്ടേ അറിയാം. തളങ്കരയില്‍ ഞങ്ങളുടെ തറവാട്ടു വീടിനടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. പിന്നീട് ഞാന്‍ അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടേയും അയല്‍വാസിയായി മാമുച്ച എത്തിയിരുന്നു. തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴേ മാമുച്ചയിലെ കലാകാരനെ നാടറിഞ്ഞിരുന്നു. സ്‌കൂളിലെ പരിപാടികളിലും നാട്ടിലെ പള്ളിദര്‍സ് പരിപാടികളിലും മാമുച്ചയുടെ കലാപരിപാടികള്‍ ഒരിനമായിരുന്നു.

സിറ്റി ഗോള്‍ഡിലെ മാമുച്ചയും ബിലാല്‍ മസ്ജിദിലെ സുബ്ഹി ബാങ്കുംനര്‍മ സംഭാഷണങ്ങളിലൂടെയും സ്‌നേഹത്തില്‍ ചാലിച്ച കുശലാന്വേഷണങ്ങളിലൂടെയും ആരേയും കൈയിലെടുക്കാനും എളുപ്പം അടുപ്പത്തിലാകാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ആ കഴിവ് പലപ്പോഴും മറ്റു പലരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തിയിരുന്നു. സിറ്റി ഗോള്‍ഡില്‍ മാമുച്ച ആറ് വര്‍ഷം ജോലി ചെയ്തിരുന്നു. അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിച്ച മാമുച്ച രണ്ടു വര്‍ഷത്തിനു ശേഷം സൂപ്പര്‍ വൈസറായി ഉയര്‍ന്നു. പിന്നീട് മരണം വരെ ആ മേഖലയില്‍ തന്നെയായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും മാനേജുമെന്റിനും ഒരു പോലെ ഇഷ്ടപ്പെട്ട സ്വന്തക്കാരനായിരുന്നു അദ്ദേഹം. എല്ലാവരേയും ഒന്നായി കാണാനും സ്ഥാപനത്തിന്റെ അഭിവൃദ്ധി ലാക്കാക്കി പ്രവര്‍ത്തിക്കാനും മാമുച്ച കാണിച്ച താത്പര്യവും സാമര്‍ത്ഥ്യവും പ്രത്യേകം എടുത്തു പറയേണ്ട സംഗതിയാണ്.

സഹപ്രവര്‍ത്തകരേയും മാനേജുമെന്റിനേയും ഇടപാടുകാരേയും ഒരു പോലെ ചിരിപ്പിക്കാന്‍ മാമുച്ചയ്ക്കു കഴിഞ്ഞു. എത്ര ടെന്‍ഷനിലാണെങ്കിലും മാമുച്ചയുടെ മുഖം കാണുമ്പോഴും ആ നര്‍മ ഭാഷണം കേള്‍ക്കുമ്പോഴും അതെല്ലാം നമ്മള്‍ മറന്നുപോകും. ജ്വല്ലറിയില്‍ മാമുച്ച പലപ്പോഴും പൊട്ടിക്കുന്ന ചിരിയുടെ അമിട്ടുകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കിയിട്ടുണ്ട്.
സിറ്റി ഗോള്‍ഡിലെ മാമുച്ചയും ബിലാല്‍ മസ്ജിദിലെ സുബ്ഹി ബാങ്കും

ജ്വല്ലറിയില്‍ വരുന്നവര്‍ ആരായാലും അവരുമായി ഹൃദ്യമായി സംസാരിക്കാനും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വലിപ്പച്ചെറുപ്പമില്ലാതെ ആരുമായും മാമുച്ച സൗഹൃദം കൂടും. കൈകൊടുക്കും. വിഷമിച്ചു വരുന്നവരെ ചിരിപ്പിച്ചയക്കും. മാമുച്ചയുടെ ചിരി ടെന്‍ഷനിലിരിക്കുന്ന എനിക്ക് ഒരു മരുന്നായി മാറാറുണ്ട്. ജ്വല്ലറിയിലെ കൂട്ടായ്മകളിലും മീറ്റിംഗുകളിലും തമാശ പൊട്ടിച്ച് മാമുച്ച താരമാവും.

തിങ്കളാഴ്ച രാത്രി ഏഴു മണിവരെ മാമുച്ച ജ്വല്ലറിയിലുണ്ടായിരുന്നു. വീട്ടിലെത്തിയ അദ്ദേഹം ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിക്കുകയായിരുന്നു. അതില്‍ രക്താംശം കണ്ടതിനെ തുടര്‍ന്ന്  ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. എന്നാല്‍ അധിക സമയം കഴിയുന്നതിനു മുമ്പേ അദ്ദേഹം ഞങ്ങളെയെല്ലാം വിട്ട് മരണമെന്ന ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യത്തിലേക്ക് പോവുകയായിരുന്നു.

രണ്ടു വര്‍ഷത്തോളമായി ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ ബിലാല്‍ മസ്ജിദില്‍ സുബ്ഹി ബാങ്കു വിളിക്കുന്നത് മാമുച്ചയാണ്. ആ മധുര ശബ്ദത്തിന്റെ ആകര്‍ഷണീയത കണ്ടറിഞ്ഞ് മഹല്ല് നിവാസികള്‍ സുബ്ഹി ബാങ്ക് വിളിക്കാനുള്ള ദൗത്യം മാമുച്ചയെ ഏല്‍പിക്കുകയായിരുന്നു. പള്ളിയില്‍ ബാങ്കു വിളിക്കാന്‍ മുക്രി ഉണ്ടായിരിക്കേയാണ് ഇത്.

സിറ്റി ഗോള്‍ഡിലെ മാമുച്ചയും ബിലാല്‍ മസ്ജിദിലെ സുബ്ഹി ബാങ്കുംദീര്‍ഘകാലം കസബില്‍ ജോലി ചെയ്ത മാമുച്ച ഏതാനും വര്‍ഷം എറണാകുളത്ത് ഹോട്ടല്‍ ബിസിനസും നടത്തിയിരുന്നു. ഏതാനും നര്‍മ കാസറ്റുകള്‍ ഇറക്കി ജനങ്ങളുടെ മനം കവര്‍ന്ന ഇദ്ദേഹം അഭിനയത്തിലും കഴിവ് തെളിയിച്ചിരുന്നു. അഭിനയ കലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ മാമുച്ച ഇന്നത്തെ പല മുന്‍നിര താരങ്ങള്‍ക്കൊപ്പം എത്തുമായിരുന്നു.

മാമുച്ചയെ പല രോഗങ്ങളും വേട്ടയാടിയിരുന്നു. ജീവിതത്തിലെ ഒരു തമാശയായി അസുഖങ്ങളെ സമീപിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദവും തമാശയും കൊണ്ട് രോഗങ്ങളെ അദ്ദേഹം ഇതുവരേയും തോല്‍പിച്ചു നിര്‍ത്തുകയായിരുന്നു.

മാമുച്ചയില്ലാത്ത ഞങ്ങളുടെ സ്ഥാപനം അദ്ദേഹത്തിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ കഴിഞ്ഞ ശേഷം വളരെ വൈകിയാണ് ചൊവ്വാഴ്ച രാവിലെ തുറന്നത്. ആ ചിരി ഇനി കേള്‍ക്കില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്കും അദ്ദേഹത്തെ ഒരുപാട് സ്‌നേഹിച്ച സിറ്റി ഗോള്‍ഡിലെ ആര്‍ക്കും കഴിയുന്നേയില്ല. ഞങ്ങളുടെ പ്രിയപ്പെട്ട മാമുച്ചയുടെ പരലോക ജീവിതം സന്തോഷകരമാവട്ടെ എന്ന പ്രാര്‍ത്ഥന മാത്രം...!
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Article, Remembrance, Kasaragod, Kerala, Kareem City Gold, Mimikri Mamucha.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia