Tribute | ഡോ. ബാലഗോപാലൻ നായർ: എൻ്റെ പ്രിയ ഗുരുവിന് പ്രണാമം
* അദ്ദേഹത്തിന്റെ വിയോഗം ഒരു വലിയ നഷ്ടമാണ്.
ഡോ. അബ്ദുൽ സത്താർ എ എ
(KasargodVartha) ചൊവ്വാഴ്ച രാവിലെ എണീറ്റത് മനസ്സിനെ സങ്കടപ്പെടുത്തുന്ന വാർത്തയുമായാണ്. വാട്സ് ആപിൽ വന്ന ന്യൂസ് സ്ഥിതീകരിക്കാൻ സുഹൃത്തും ഐ.എം.എയുടെ പ്രസിഡൻ്റുമായ ഡോ. ജിതേന്ദ്ര റായിയെ വിളിച്ചു. ബാലഗോപാലാൻ സാർ മരിച്ചു പോയി. രണ്ടു ദിവസം മുൻപ് ഹോസ്പിറ്റലൈസ് ചെയ്തതായിരുന്നു
എന്നു പറഞ്ഞു.
മനസ്സ് നൊന്തു. നിന്ന നിൽപ്പിൽ തന്നെ ഓർമ്മകൾ ബാല്യത്തിലേക്ക് വഴുതി. എനിക്കാരായിരുന്നു ബാല ഗോപാലൻ സാർ. പനി വരുമ്പോഴും പഠിത്തം മോശമാകുമ്പോഴും ഉപ്പ എന്നെ കൂട്ടിക്കൊണ്ടുപോകുന്ന ഡോക്ടർ അല്ലെങ്കിൽ ഗുരു. ഗുരു തുല്യണാനെനിക്കദ്ദേഹം. മോനെ എന്ന് വിളിച്ച് എന്നെ ഉമ്മ വെച്ചിട്ടുണ്ട്.
എൻ്റെ ഉയർച്ചയുടെ ഓരോ പടവുകളിലും എൻ്റെ കൂടെ കൈ പിടിക്കുമായിരുന്ന ബാലഗോപാലൻ സാർ. ഉപ്പ വീടുവിട്ടു പുറത്ത് ഇറങ്ങാതായപ്പോൾ ആരുമറിയാതെ വന്നു കുശലം പറഞ്ഞു പോയിരുന്ന ഡോക്ടർ, ഉമ്മ രോഗിയായിയെന്നറിഞ്ഞപ്പോൾ ഉമ്മാനെ കണ്ടു സംസാരിക്കാൻ വന്ന ഡോക്ടർ. വികൃതിപ്പയ്യനായ ഞാൻ നന്നാവുമെന്ന് പറഞ്ഞ് ഉപ്പാനെ സമാധാനിപ്പിച്ചിരുന്ന ഡോക്ടർ ഞങ്ങളുടെ ആരാധ്യനായ കുടുംബ മെമ്പറായിരുന്നു. വീട്ടിലെ വിശേഷങ്ങളിലും കല്യാണമായാലും വിരുന്നായാലും, തൊട്ടിൽ കെട്ടലായാലും പങ്കെടുക്കാറുള്ള ഞങ്ങളുടെ കുടുംബക്കാരൻ.
പ്രഫഷനലായി എന്തെങ്കിലും പ്രയാസകരമായ കാര്യങ്ങൾ വരുമ്പോഴും തീരുമാനിക്കാൻ പറ്റാത്ത ചർച്ചർകൾ വരുമ്പോഴും എനിക്ക് കുരുക്കഴിക്കാൻ സഹായിക്കുന്ന ഡോ. ബാലഗോപാലൻ. അവിവാഹിതനായിരുന്ന സാറിൻ്റെ കൂട്ട് പുസ്തകങ്ങളും സിനിമകളുമായിരുന്നു. യൂണിവേർസിറ്റി ലൈബ്രറിയോളം വലിപ്പമുള്ള ലൈബ്രറിയിൽ അപൂർ പുസ്തകങ്ങളുടെ സമ്പാദ്യമുണ്ട്.
പുസ്തകങ്ങളെ പ്രണയിക്കാൻ പ്രേരിപ്പിച്ചവരിൽ ഒരാൾ ഡോ. ബാലഗോപാലൻ നായരായിരുന്നു. ലൈബ്രറിയിലേക്ക് പലപ്പോഴായി എന്നെ വിളിച്ചിട്ടുണ്ടെങ്കിലും ബന്തടുക്കയിലെ തറവാട്ടു വീട്ടിലായത് കൊണ്ട് എത്താൻ പറ്റിയില്ല. ഈ അടുത്ത് കണ്ടത് തനിമ കലാ സാഹിത്യ വേദിയുടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന് ജില്ലാ ലൈബ്രറി ഹാളിൽ വെച്ചായിരുന്നു. കനത്ത മഴയായിരുന്നിട്ടു പോലും സമയത്ത് തന്നെ മുൻ നിരയിൽ വന്നിരുന്നു. പോകാൻ നേരത്ത് ഹഗ് ചെയ്തു പിരിഞ്ഞു. കൊണ്ടു വിടട്ടെ എന്നു ചോദിച്ചപ്പോൾ നടന്നു പോയിക്കോളാം എന്നു പറഞ്ഞു. അതാണവസാനം കണ്ടത്. ഒരു മാസം മുമ്പ്. ഇടക്ക് മെസ്സേജ് ചെയ്തിരുന്നു.
എൻ്റെ പുസ്ത പ്രകാശനങ്ങൾ അദ്ദേഹത്തിൻ്റെതുമായിരുന്നു. നേരെത്തെ വന്ന് എനിക്ക് മോറൽ സപ്പോർട്ട് തരുമായിരുന്നു. പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ അയക്കുമായിരുന്നു. പുസ്തകങ്ങളും സിനിമകളും പോലെ തന്നെ യാത്രകളും അദ്ദേഹത്തിനിഷ്ടമായിരുന്നു. ക്ലിനിക്കിൽ ഒരു നോട്ടീസ് പതിച്ച് പോകും. രണ്ടോ മൂന്നോ ദിവസത്തേക്ക്. ഒരിക്കലും തിരക്കുപിടിച്ച ഡോക്ടറായിരുന്നില്ല ബാലഗോപാലൻ സർ. ഞായറാഴ്ചയും ബുധനാഴ്ചയും അവധിയായിരുന്നു. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും ചിന്താഗതികളും ഏറെ ഇഷ്ടമായിരുന്നു.
സന്ധ്യാസമയത്തുള്ള നടത്തം പതിവായിരുന്നു. പലപ്പോഴും വഴിയിൽ കണ്ടുമുട്ടി കുശലം പറയാറുണ്ടായിരുന്നു. കുറച്ചുനാളയി കാണാത്തത് കൊണ്ട് നാലു ദിവസം മുമ്പ്, സാർ സാധാരണ വരാറുള്ള കെ എസ് ആർടിസിയുടെ മുമ്പിലെ കൃഷ്ണേട്ടൻ്റെ ഓംലറ്റ് കടയിൽ ചോദിച്ചിരുന്നു. ഗോപാലൻ നായർ സാർ വരാറില്ലെ എന്ന്. ഞാൻ കാണാത്തത് കുറച്ചു ദിവസമായി നാളെ വീട്ടിൽ പോയി കാണമെന്ന് പറഞ്ഞ് അവിടെ നിന്നുമിറങ്ങി. ദൈവ വിധിയാണ്. എനിക്ക് കാണാൻ കഴിഞ്ഞില്ല. ഈശ്വര ഭക്തനായ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. എൻ്റെ പ്രിയപ്പെട്ട ബാലഗോപാലൻ സാറിന് മനസ്സിൻ്റെ ഉള്ളിൽ നിന്നും ഊറി വരുന്ന സങ്കട കണ്ണീർ കൊണ്ട് പ്രണാമം.
#DrBalagopalanNair #Tribute #Obituary #PersonalImpact #HealthProfessional #Memories