city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ലീസ്, കുമ്പള പഞ്ചായത്ത് ഭരണസമിതി ഒന്നു തിരിഞ്ഞു നോക്കിയാലും...

കന്തല്‍ സൂപ്പി മദനി

(www.kasargodvartha.com 21/11/2015) ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടനവധി വിഷയങ്ങള്‍ അങ്കക്കളത്തിലിട്ടു ചര്‍വിത ചര്‍വണം ചെയ്തും തികച്ചും പ്രാദേശികവും അടിസ്ഥാന വര്‍ഗത്തിന്റേതുമായ മര്‍മ പ്രധാനമായ ഒട്ടേറെ വിഷയങ്ങള്‍ സൗകര്യപൂര്‍വം തമസ്‌കരിച്ചും പതിവുപോലെ ഒരു തദ്ദേശഭരണ തെരഞ്ഞെടുപ്പുകൂടി നടന്നു. ചിലേടത്ത് കഴിഞ്ഞ കാല പാര്‍ട്ടികള്‍ തന്നെ അധികാരത്തിലെത്തുകയും മറ്റു ചിലയിടങ്ങളില്‍ പുതിയ മുന്നണിക്കും പുതിയ കൂട്ടുകെട്ടുകള്‍ക്കും ഭരണമാകുന്ന തേന്‍ ഭരണിയില്‍ കൈയ്യിട്ടു വാരാന്‍ അവസരം ലഭിക്കുകയും ചെയ്തിരിക്കുന്നു.

അതെല്ലാം ഇവിടെ വിശകലനം ചെയ്യുക ലക്ഷ്യമല്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും യഥാര്‍ത്ഥ ഭരണ ലക്ഷ്യം ഇത്രയും കാലം വേണ്ടത്ര സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്ന സത്യം നമ്മുടെ നാട്ടിലെ തൊട്ടടുത്ത ഒരു നഗരത്തെ മാത്രമെടുത്തുകൊണ്ട് തത്കാലം സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രസ്തുത ടൗണിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഗോധയിലും അടിസ്ഥാന സൗകര്യ വിശകലനത്തിനു പകരം എല്ലാവരും ഉയര്‍ത്തിക്കാട്ടിയതും അന്താരാഷ്ട്രീയം തന്നെയായിരുന്നുവെന്നതും ഒരു കൗതുകം തന്നെ.

കുമ്പള; വടക്കന്‍ മലബാറിന്റെ സുപ്രധാനമായ ഒരുവാണിജ്യ കേന്ദ്രമാണ്. ഇതെഴുതുമ്പോഴും ഇവിടെ പുതിയ ഭരണ സമിതി നിലവില്‍ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂ.
അവര്‍ക്കു മുമ്പില്‍ ചില വിഷയങ്ങള്‍ ഇതുവഴി സമര്‍പ്പിക്കുകയാണ്.

ഗ്രാമങ്ങളുടേതിലും പരമ കഷ്ടമാണ് ഇന്ന് നമ്മുടെ ഈ കൊച്ചു നഗരത്തിന്റെ ദയനീയാവസ്ഥ എന്ന സത്യം പറയാതെ വയ്യ. വികസിച്ചുവരുന്ന ഈ പട്ടണത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നുപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. മൂന്നര ദശാബ്ദത്തിനപ്പുറം ഈ നഗരിയുടെ ഹൃദയ ഭാഗത്ത് അന്നത്തെ സ്ഥിതിയില്‍ ഏറെ മോഡിയോടെ പണിത ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഇന്നിന്റെ സ്ഥിതിയെന്ത്? മാനം മര്യാദയ്ക്ക് വൃത്തിയും സൗകര്യവുമുള്ള ഒരു കാത്തിരിപ്പു കേന്ദ്രമെങ്കിലും അതിലില്ല എന്നു മാത്രമല്ല ആ കെട്ടിടത്തിന്റെനാനാ ദിക്കുകളില്‍ നിന്നും സ്ലാബുകള്‍ അടര്‍ന്ന് വീണുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും അതിന്റെ ഒരു ഭാഗം എപ്പോള്‍വേണമെങ്കിലും തകര്‍ന്നുവീണു ഏതു നിമിഷവും വലിയൊരു ദുരന്തം സംഭവിക്കാമെന്ന പരുവത്തിലാണിതിന്റെ ഇന്നിന്റെ ദയനീയാവസ്ഥ.

പലവുരു അതിന്റെ വിവിധങ്ങളായ നവീകരണങ്ങളുടെയും പുനര്‍നിര്‍മാണത്തിന്റെയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ഒരുപാടുകാലം മാധ്യമങ്ങളില്‍ കേട്ടും വായിച്ചും സായൂജ്യരായവരാണ് ഇവിടത്തുകാര്‍, പക്ഷേ അതൊക്കെ എവിടെപ്പോയോ ആവോ ? ആരുടെയെല്ലാമോ കണ്ണുരുട്ടലുകള്‍ക്ക് മുമ്പില്‍ ഭരണകൂടത്തിന്റെ മുട്ടുവിറച്ചു തൊണ്ടയിടറുന്നുവെന്നാണ് പിന്നീടുണ്ടായ പൊതു സംസാരം. ദിനംപ്രതി നൂറുകണക്കിനു യാത്രക്കാരും ആയിരക്കണക്കിനു വിദ്യാര്‍ഥികളും ഉപയോഗിക്കുന്ന ഏറ്റവും തിരക്കുള്ള ഒരു ബസ് സ്റ്റാന്‍ഡില്‍ പക്ഷേ വിദ്യാ സഞ്ചിയും പേറിയ പിഞ്ചുപൈതങ്ങളടക്കമുള്ള സിംഹഭാഗം യാത്രക്കാരുടെയും ബസ് കാത്ത് നില്‍പ്പ്  പൊരിവെയിലത്തും പെരും മഴയത്തും മാത്രമാണ്.

ഇതിലേറെയും സ്ത്രീ വിഭാഗമാണെന്നതാണ് നേര്. കുഞ്ഞുമക്കളെയും ഒക്കത്ത് വെച്ചുള്ള അവരുടെ ദയനീയത ഏതു കഠിന ഹൃദയനേയും ഒരുവേള വേദനിപ്പിക്കും വിധമുള്ളതു തന്നെയാണ്. പലപ്പോഴും തൊട്ടടുത്ത കടക്കാര്‍ക്ക് ഇവരുടെ കാത്തിരിപ്പ് ശല്ല്യവും തടസ്സവുമാവാറുണ്ട്.

അവിടെത്തന്നെ മറ്റൊരു ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രമായ ബദിയഡുക്ക റോഡിലെ യാത്രക്കാരുടെ ദയനീയത പറയാതിരിക്കലാണ് ഭേദം. ഒരുവേള പൈതലുകളെ തോളിലിട്ടും ഒരു കൈയ്യില്‍ അവശ്യ വസ്തുക്കളുടെ സഞ്ചി തൂക്കിപ്പിടിച്ചുമുള്ള വീട്ടമ്മമാരുടെ ദയനീയത മുറ്റിയ അനന്തമായ നില്‍പും അതുവഴി അവരനുഭവിക്കുന്ന ദുരിതവും പതിറ്റാണ്ടുകളായി കുമ്പളയുടെ നിത്യ കാഴ്ചയും മുഖമുദ്രയുമായി മാറിയിരിക്കുന്നു! അതുകൊണ്ടോ എന്തോ, ഈ പഞ്ചായത്ത് ഭരണത്തില്‍ ഇത്രയുംകാലം നിറസാന്നിധ്യമായിരുന്ന വനിതാ മെമ്പര്‍മാര്‍ക്കു പോലും ഈ യാത്രക്കാരികളുടെ വേദനയില്‍ പങ്കുചേരാനും ശകലമെങ്കിലും ഇതിനു പരിഹാരം കാണാനും സന്‍മനസ്സില്ലാതെ പോയല്ലോ എന്ന വസ്തുത നമ്മെ അത്ഭുതപ്പെടുത്തേണ്ടതു തന്നെയാണ്.

ചെറിയൊരു ബസ് ഷെല്‍ട്ടറെങ്കിലും ഈ ഭാഗത്ത് നിര്‍മിക്കാന്‍ ഇന്നുവരേ പഞ്ചായത്ത് ഭരണസമിതിക്ക് അവസരം കിട്ടിയില്ലെന്ന് പറയുമ്പോള്‍ ആരാണ് മൂക്കത്ത് വിരല്‍ വെക്കാത്തത്? കുഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളില്‍ കൂടുകൂടാനുള്ള തത്രപ്പാടില്‍ വെയിലും മഴയും കൊണ്ട് റോഡ് വക്കത്തും കടകള്‍ക്കു മുമ്പിലും എല്ലാം സഹിച്ചു ഒറ്റനില്‍പ്പല്ലാതെ മറ്റൊരുഗതിയും ഇവിടുത്തെ യാത്രക്കാര്‍ക്ക് ഇല്ലാതെ പോയതിന്റെ പാപഭാരം ഇത്രയും കാലം കുമ്പള പഞ്ചായത്ത് ഭരിച്ച കക്ഷികളുടെ ചുമലില്‍ മാത്രമാണ്. അതില്‍ മറ്റൊരാള്‍ക്കും ഒരു പങ്കുമില്ല.

മാത്രമല്ല ദൈനംദിനം തണുപ്പു വീശുന്ന കാറില്‍ നാഴികക്ക് നാല്‍പത് വട്ടമെന്നോണം ഈ വഴിയെ ചീറിപ്പായുന്ന ഇന്നാട്ടിലെ ഒരുഭരണാധികാരിക്കും ഈ ദയനീയ കാഴ്ചകളില്‍ തരിമ്പെങ്കിലും വേദന തോന്നിയില്ലെന്നത് ആശ്ചര്യജനകം തന്നെ. തങ്ങളുടെ മൂക്കിനു താഴെ ദശാബ്ദങ്ങളായി ഈ ദുഖഃകരമായ അവസ്ഥ കണ്ടറിയുന്നവരാണ് ഇവിടുത്തെ ഭരണകര്‍ത്താക്കളെല്ലാം... എന്നിട്ടും മനുഷ്യത്വപരമായി പൊതു സമൂഹത്തോട് പെരുമാറാന്‍ ഇവരാര്‍ക്കും കാലമിത്രയും സാധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ മുഖം ചുളിച്ചിട്ട് കാര്യമില്ലല്ലോ. അസഹിഷ്ണുത കാട്ടിയിട്ടും ഫലമില്ല. ക്രിയാത്മകമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് പരിഹാരം കണ്ടെത്തുകയാണ് യഥാര്‍ത്ഥ ഭരണാധികാരികളുടെ ശരിയായ ലക്ഷണമെന്ന് ഓര്‍മപ്പെടുത്തേണ്ടതുണ്ടോ?

ഇതിലെല്ലാമുപരി അനിവാര്യമായ മാനുഷികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ലായ്മയെപറ്റി പ്രതിപാദിക്കാതിരിക്കലാണ് ഉചിതം. മനുഷ്യര്‍ക്ക് തെരുവു പട്ടികളെപ്പോലെ പ്രാഥമികാവശ്യം പരസ്യമായി നിര്‍വഹിക്കാനാവില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എന്നിട്ടോ? അതിനുമാത്രം സൗകര്യവും വൃത്തിയുമുള്ള ശൗച്യാലയം അനിവാര്യമാണെന്ന് കണ്ടറിഞ്ഞു വേണ്ടത് ചെയ്യാന്‍ ഒരു മെമ്പറും ഒരുപ്രസിഡണ്ടും ഇന്നുവരെ കുമ്പളയില്‍ ഉണ്ടായില്ല...! അതു പണമടച്ചു  ഉപയോഗിക്കുന്നവയാണെങ്കിലും വേണ്ടില്ലായിരുന്നു.

നൂറുകണക്കിനു സ്ത്രീ- പുരുഷന്മാരായ യാത്രക്കാര്‍ മാത്രമല്ല, കുമ്പള പട്ടണത്തെ ആശ്രയിക്കുന്നത്. മറിച്ച്, മുകളില്‍ പറഞ്ഞ ആയിരക്കണക്കിനു വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളും കൂടി ഈ ടൗണിനെ ദിനേ നയെന്നോണം നിര്‍ബന്ധപൂര്‍വം ആശ്രയിച്ചുവരികയാണ്. പേരുകേട്ട മൂന്നോളം സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉന്നത നിലവാരമുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളും ഇവിടെ ടൗണിനോട് ചേര്‍ന്നാണുള്ളത് എന്നതു തന്നെ കാരണം.

കഴിഞ്ഞ ഭരണത്തിന്റെ തെറ്റായ നടപടികളെ പിന്തുടരുന്നതിനു പകരം മനുഷ്യോപകാര പ്രദവും അനിവാര്യവുമായ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാനും പൊതു മുതല്‍ വൃഥാവിലാവാതെ നീതിപൂര്‍വം എല്ലാം കൈകാര്യം ചെയ്യാനും പുതിയ ഭരണ സമിതി അങ്ങേയറ്റം ശ്രദ്ധിക്കണമെന്നും ശ്രമിക്കണമെന്നും ഒപ്പം മുകളില്‍ ചൂണ്ടിയ വിഷയങ്ങള്‍ സഗൗരവം കണക്കിലെടുത്ത് അടിയന്തിര പ്രാധാന്യത്തോടെ ഉചിതമായ പരിഹാരം കാണണമെന്നും ഉണര്‍ത്തുന്നു.

ഇതിനൊന്നും താത്പര്യവും സന്മനസ്സുമില്ലാത്തവരോട് ലളിതമായി ഒരുകാര്യം മാത്രം സൂചിപ്പിക്കുന്നു. സാമൂഹിക പ്രതിബദ്ധതയും നിഷ്‌കപട സേവന തല്‍പരതയും ഉള്ളവരേ മത്സരത്തിനിറങ്ങാവൂ എന്നും അത്തരക്കാരെ മാത്രമേ പാര്‍ട്ടി നേതൃത്വങ്ങള്‍ മത്സരിപ്പിക്കാവൂ എന്നും സ്വാര്‍ത്ഥതക്കും സ്വജന പക്ഷപാതത്തിനും ലക്ഷ്യമിട്ട് ഒരാളും ഈ പണിക്കിറങ്ങരുതെന്നും ഓര്‍ക്കുക. കോഴയും കൈക്കൂലിയും ഉന്നതങ്ങളിലെ സ്വാധീനവും ലവലേശമെങ്കിലും നടക്കാത്ത തികച്ചും നീതിയുക്തമായൊരു വിചാരണക്കോടതിയില്‍ നാം സര്‍വരും വിചാരണ ചെയ്യപ്പെടുമെന്നും ഉണര്‍ത്തുന്നതോടൊപ്പം പൊതു സമൂഹം ഒരാവര്‍ത്തി ആലോചിച്ചിട്ടേ തങ്ങളുടെ സമ്മതിദാനവകാശം മേലിലെങ്കിലും വിനിയോഗിക്കാവൂ എന്ന് കൂടി പ്രത്യേകം കുറിക്കുകയും ചെയ്യുന്നു.
പ്ലീസ്, കുമ്പള പഞ്ചായത്ത് ഭരണസമിതി ഒന്നു തിരിഞ്ഞു നോക്കിയാലും...

Keywords: Article, Kumbala, Panchayath Kandal Soopi Madani,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia