city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അറിവിന്റെ മഹാതേജസ്

അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക)

വിനയവും വിവേകവും വിജ്ഞാനവും ജീവിത വിശുദ്ധിയും മതം വിഭാവനം ചെയ്ത ലാളിത്യവും കരുണയും സഹോദര്യവും എളിമയുമെല്ലാം കൈമുതലാക്കിയ അപൂര്‍വ്വം പണ്ഡിതന്മാരില്‍ ഒരാളാണ് ടി.കെ.എം. ബാവ മുസ്‌ലിയാര്‍. ഇ.കെ. ഹസ്സന്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് 1983 മെയ് 18ന് കാസര്‍കോട് സംയുക്ത ഖാസിയായി ചുമതലയേറ്റ ടി.കെ. മുഹ്‌യുദ്ദീന്‍ എന്ന ബാവ മുസ്‌ലിയാര്‍ വിവാദങ്ങളില്‍ നിന്ന് ആവുന്നത്ര അകന്നുനിന്ന കര്‍മ്മനിരതനായ പണ്ഡിത ശ്രേഷ്ഠനായിരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലൂടെ ഏവരുടെയും ആദരം സ്വന്തമാക്കിയിരുന്നു. കാസര്‍കോട്ടെ പഴയ ഖാസിയും ബന്ധുവുമായ അവറാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് പഠനം നടത്താനാണ് ആദ്യമായി കാസര്‍കോട്ടെത്തിയത്.

നിറഞ്ഞ പണ്ഡിതനായ ബാവ മുസ്‌ലിയാര്‍ ജനിച്ചുവളര്‍ന്നത് വലിയ പണ്ഡിത കുടുംബത്തിലാണ്. ഒളങ്കര അംശത്തിലെ സമുന്നത പണ്ഡിതനും വാഗ്മിയുമായിരുന്ന തൊണ്ടിക്കോട്ടില്‍ നെട്ടംമ്പള്ളി അഹ്മദ് മുസ്‌ലിയാരുടെ പുത്രന്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരാണ് പിതാവ്. വെളിമുക്ക് ജമാഅത്ത് പള്ളിയില്‍ ദീര്‍ഘകാലം ഖത്തീബും മുദരീസുമായി സേവനം അനുഷ്ഠിച്ച പണ്ഡിത വര്യനും സൂഫിയുമായിരുന്ന മര്‍ഹും മാളിയേക്കല്‍ മൊയ്തീന്‍ മുസ്‌ലിയാരുടെ പ്രഥമ പുത്രി ഫാത്വിമയാണ് മാതാവ്.

വിശ്രുത പണ്ഡിതന്മാരായ മര്‍ഹും കോമു മുസ്‌ലിയാര്‍, ഖാസി എ.പി. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, സി.കുഞ്ഞിതു മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ഇമ്പിച്ചലി മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നാണ് പ്രധാനമായും മതവിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തു അറബിക് കോളജില്‍ ഉപരിപഠനത്തിനു ചേര്‍ന്ന അദ്ദേഹം 1394 ശഹബാനില്‍ എം.എഫ്. ബിരുദമെടുത്തു.

ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അറിവിന്റെ മഹാതേജസ്ലോക പ്രശസ്ത പണ്ഡിതരായിരുന്ന ശൈഖ് ആദം ഹസ്രത്ത് ശൈഖ് ഹസ്സന്‍ ഹസ്രത്ത്, ശൈഖ് മുഹമ്മദ് അബൂബക്കര്‍ ഹസ്രത്ത് എന്നിവരുമായി ഉറ്റ സമ്പര്‍ക്കം പുലര്‍ത്താനും ശിഷ്യത്വം നേടാനും ബാഖിയാത്തില്‍ വെച്ച് സാധിച്ചു. അധ്യാപന രംഗത്താണ് ബാവ മുസ്‌ലിയാര്‍ ആദ്യമായി വ്യക്തിമുദ്ര പതിപ്പിച്ചത്. ബിരുദമെടുത്ത ശേഷം കൂമണ്ണ ജമാഅത്ത് പള്ളിയില്‍ പതിനേഴര വര്‍ഷവും കോഴിക്കോട് മൂരിയാട് ജമാഅത്ത് പള്ളിയില്‍ ഒന്നര വര്‍ഷവും പൂരകം ജമാഅത്ത് പള്ളിയില്‍ മൂന്നര വര്‍ഷവും ചേരൂര്‍ ജമാഅത്ത് പള്ളിയില്‍ രണ്ടു വര്‍ഷവും മുദരീസായി സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ എണ്ണമറ്റ ശിഷ്യന്മാര്‍ കേരളത്തിന് അകത്തും പുറത്തും ദീനി സേവനത്തില്‍ മുഴുകി കഴിയുന്നു.

2010-ല്‍  മാലിക്ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് ഖാസി സ്ഥാനത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഖാസിയെ കാസര്‍കോട് സംയുക്ത ജമാഅത്ത് ആദരിക്കുകയുണ്ടായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും ആദര പത്രം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ പ്രസംഗം വികാര നിര്‍ഭരമായിരുന്നു. നിഷ്‌കാമ കര്‍മ്മിയായ ഒരു പണ്ഡിതന്‍ തന്റെ പാണ്ഡിത്യത്തെ ദൈവപ്രീതിക്ക് സമര്‍പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി പ്രസംഗം. തന്റെ മേല്‍ പുകഴ്ത്തപ്പെടുന്ന നന്മ എന്നിലുണ്ടാകണമേ എന്ന പ്രാര്‍ത്ഥനയും ചെയ്ത പ്രവര്‍ത്തനം അല്ലാഹു സ്വീകരിക്കണമെന്ന അഭിലാഷവുമാണ് എന്നിലുള്ളതെന്ന് അദ്ദേഹം അന്ന് പറഞ്ഞു.

പറയുന്നത് മുഴുവന്‍ ശ്രോതാക്കള്‍ക്ക് ബോധ്യപ്പെടുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. എളിമയും വിനയവും എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. നാടിന്റെ നന്മയക്കും സമുദായത്തിന്റെ ഐക്യത്തിനും വേണ്ടി അദ്ദേഹം ഏറെ പരിശ്രമിച്ചു. ബാവ മുസ്‌ലിയാരുടെ മരണത്തോടെ ഒരു അധ്യായമാണ് അവസാനിക്കുന്നത്. ആ മഹാപണ്ഡിതന്‍ ജീവിതത്തോട് വിടപറയുമ്പോള്‍ അത് നികത്താനാവാത്ത ശൂന്യതയായി മാറുന്നു.

Keywords: Article, Khazi, T.KM. Bava Musliyar, Kozhikode, T.KM Bava Musliyar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia