city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടാറ്റാ ആസ്പത്രി യാഥാർഥ്യമാകുമ്പോൾ പറയാനുണ്ട് ചില കാര്യങ്ങൾ

സ്വിദ്ദീഖ് നദ് വി ചേരൂർ

(www.kasargodvartha.com 11.09.2020)

കാസർകോട് ചട്ടഞ്ചാലിൽ മലബാർ ഇസ്ലാമിക് കോംപ്ലക്സിൻ്റെ ചാരത്ത് ടാറ്റാ ഗ്രൂപ്പ് പണികഴിപ്പിച്ച ആശുപത്രി ഏതാണ്ട് നിർദിഷ്ട സമയത്തിനകം തന്നെ പണി പൂർത്തിയാക്കി സെപ്തം. 10 ന് സർക്കാറിന് കൈമാറിയ വാർത്ത കണ്ടു സന്തോഷമായി.

ടാറ്റാ പോലുള്ള ഒരു ബിസിനസ് ഗ്രൂപ്പ് അവരുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 60 കോടി രൂപ ചെലവിൽ കാസർകോട് പോലെ ആരോഗ്യ പരിപാലന രംഗത്ത് ഇപ്പോഴും ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശത്ത് ഇത്ര ബ്രഹത്തായ ഒരു ചികിത്സാലയം നിർമിക്കാൻ മുന്നോട്ടു വരികയും അത് കൃത്യ സമയത്ത് പൂർത്തിയാക്കി കൈമാറുകയും ചെയ്തത് അഭിനന്ദനാർഹമാണ്. 

ഇതിനായി കഠിനാധ്വാനം ചെയ്ത കലക്ടർ അടക്കമുള്ള ഭരണാധികാരികളെയും പിന്നിൽ പ്രവർത്തിച്ചവരെയും നന്ദിപൂർവം അനുസ്മരിക്കേണ്ടതുണ്ട്. ആസ്പത്രി കെട്ടിടം സർക്കാറിന് കൈമാറുന്ന ചടങ്ങിൽ അവരിൽ പലരേയും അനുമോദിച്ചതായും ഉപഹാരം നൽകി ആദരിച്ചതായും കേട്ടു. നല്ല കാര്യം.

ടാറ്റാ ആസ്പത്രി യാഥാർഥ്യമാകുമ്പോൾ പറയാനുണ്ട് ചില കാര്യങ്ങൾ

എന്നാൽ ഇടയ്ക്ക് ജില്ലാ ഭരണകൂടം അതിനായി കണ്ടെത്തിയ സ്ഥലം നിശ്ചിത സമയത്ത് പണി പൂർത്തിയാക്കാൻ സഹായകമല്ലെന്ന് കണ്ടു ജോലി അനിശ്ചിതാവസ്ഥയിലാകുന്ന ഘട്ടമുണ്ടായി. അപ്പോൾ തൊട്ടടുത്ത സ്വകാര്യ സ്ഥലം കിട്ടിയാൽ കൊള്ളാമെന്ന അധികൃതരുടെ ആഗ്രഹം കണ്ടറിഞ്ഞ് ആ സ്ഥലത്തിൻ്റെ ഉടമാവകാശമുള്ള മലബാർ ഇസ്ലാമിക് കോംപ്ലക്സ് അധികൃതരാണ് സ്ഥലം വിട്ടുകൊടുത്ത് ഇത്രയെളുപ്പം ആശുപത്രി അവിടെ വരാൻ കളമൊരുക്കിയതെന്ന കാര്യം പലരും മറന്ന മട്ടാണ്.

സമസ്തയെന്ന ഒരു മത സംഘടനയുടെ കീഴിലുള്ള സ്ഥാപനത്തിൻ്റെ കണ്ണായ സ്ഥലമാണ് ഇതിന് വേണ്ടി വിട്ടു നൽകിയത്. അതും അധികൃതർ പദ്ധതിക്ക് അനുയോജ്യമല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ സ്ഥലം മാത്രം പകരം സ്വീകരിച്ച്. കൂടാതെ ഇതിൻ്റെ അംഗീകാരത്തിന് വേണ്ടി സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ അടിയന്തര സ്വഭാവമുള്ള കാര്യമായി കണ്ടു പ്രസിഡണ്ട് ജിഫ്രി തങ്ങൾ അടക്കമുള്ള ഉന്നത നേതാക്കൾ നേരിട്ട് ഇടപെട്ട് സ്ഥലത്തിൻ്റെ കൈമാറ്റത്തിന് അനുമതി നൽകുകയായിരുന്നു.

ഇത്ര വലിയ താൽപ്പര്യവും പിന്തുണയും പുലർത്തിയ സ്ഥാപനത്തെയും അതിൻ്റെ സാരഥികളെയും ചടങ്ങിലേക്ക് ക്ഷണിക്കുകയോ എം ഐ സി യുടെ പങ്ക് ഹൈലൈറ്റ് ചെയ്യപ്പെടുകയോ ചെയ്തതായി കാണാത്തത് സംശയാസ്പദമാണ്. സ്ഥാപനവുമായി ബന്ധമുള്ള പ്രദേശത്തെ ജനപ്രതിനിധികളും പൊതു പ്രവർത്തകരുമായ ചിലർക്ക് അവരുടെ വ്യക്തിപരമായ സേവനങ്ങളുടെ ബലത്തിൽ ഉപഹാരങ്ങൾ നൽകിയത് കൊണ്ട് മാത്രം എം ഐ സി യോടുള്ള കടപ്പാട് തീരില്ല. അത് എം ഐ സി യുടെ കണക്കിൽ ചേർക്കുന്നത് ന്യായവുമല്ല. ആശുപത്രി ഉൽഘാടന ചടങ്ങും ഇതിൻ്റെ തനിയാവർത്തനം ആവില്ലെന്നാശിക്കാം.

ഒപ്പം ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ സജീവ പരിഗണനയ്ക്ക് സമർപ്പിക്കുന്നു. ചിലതൊക്കെ മുമ്പൊരു കുറിപ്പിൽ സൂചിപ്പിച്ചതാണെങ്കിലും അനുഭാവപൂർവം കണക്കിലെടുക്കുമെന്ന പ്രതീക്ഷയോടെ വീണ്ടും സമർപ്പിക്കുന്നു.

1- ഇപ്പോൾ ആശുപത്രി നിലകൊള്ളുന്ന സ്ഥലം എം ഐ സി യുടെ കോമ്പൗണ്ടിൻ്റെ ഭാഗമായ ഏറ്റവും മൂല്യമുള്ള സ്ഥലമാണ്. സ്ഥാപനത്തിന് ഭാവി വികസനത്തിൻ്റെ ഭാഗമായി വലിയ സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന മനോഹരമായ പ്രതലം. അത് ന്യായമായ രീതിയിൽ ടാറ്റാ ഹോസ്പിറ്റലിന് വിട്ടുകൊടുത്ത എം ഐ സിയെയോ സ്ഥാപകനെയോ ഓർക്കാൻ സഹായകമായ പേര് ആ സൈറ്റിന് നൽകുന്നത് നന്ദി സൂചനയുടെ ഭാഗമായി മാത്രമേ പ്രദേശത്തുകാർ കരുതുകയുള്ളൂ.

2- കോവിഡ് വ്യാപനത്തിൻ്റെ ആദ്യ ഘട്ടത്തിൽ കാസർകോട് പ്രദേശം അനുഭവിച്ച ആരോഗ്യരംഗത്തെ പരാധീനതയാണ് ടാറ്റയെ പദ്ധതിക്ക് ഈ പ്രദേശത്തെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെങ്കിലും ഇതൊരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന നിലയ്ക്കാണ് തുടക്കത്തിൽ പ്രഖ്യാപനമുണ്ടായത്. പിന്നീട് എങ്ങനെ അത് കോവിഡ് ഹോസ്പിറ്റൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി എന്ന കാര്യം ദുരൂഹമാണ്. ഇത് കേവലം ഒരു കോവിഡ് ഹോസ്പിറ്റൽ മാത്രമാണെങ്കിൽ എം ഐ സി ഭാരവാഹികൾ സ്ഥലം വിട്ടുകൊടുക്കില്ലായിരുന്നുവെന്ന കാര്യം ഉറപ്പാണ്. സ്ഥാപനത്തെ സ്നേഹിക്കുന്ന നാട്ടുകാരും അത് ഇഷ്ടപ്പെടില്ല.

മാത്രമല്ല, അത് കോവിഡ് ഹോസ്പിറ്റലാക്കി എല്ലാ ഭാഗത്തു നിന്നുമുള്ള കോവിഡ് രോഗികളെ തള്ളാനുള്ള കേന്ദ്രമാകുന്നതോടെ എം ഐ സി യുടെ ഭാവി ഇരുളടയുമെന്ന് ബന്ധപ്പെട്ടവർക്ക് ആശങ്കയുണ്ട്. രക്ഷിതാക്കൾ കുട്ടികളെ അയക്കാൻ മടിക്കും. കുട്ടികൾ സ്കൂളിലും കോളേജിലും വരാൻ ഇഷ്ടപ്പെടില്ല. ആകെ കൂടി പ്രദേശം സാധാരണ ജനങ്ങൾക്ക് അപ്രാപ്യ മേഖലയായി മാറും. സദുദ്ദേശ്യത്തോടെ എം ഐ സി ചെയ്ത ഒരു സേവനം സ്ഥാപനത്തിന് തന്നെ വിനയാകുന്ന സ്ഥിതിയാണ് വരിക.

അത് കൊണ്ട് ഇതിനെ നേരത്തേ പ്രഖ്യാപിച്ച പോലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന പേരിൽ തന്നെ നിലനിർത്തുക. അതിലെ സേവനങ്ങളിൽ ഒരു ഭാഗം ഇപ്പോൾ താൽക്കാലികമായി കോവിഡ് രോഗികൾക്ക് കൂടി സജ്ജീകരിക്കുന്നതിൽ കുഴപ്പമില്ല.

3- ആശുപത്രിയിലെ ജീവിനക്കാരുടെയും അവിദഗ്ധ തൊഴിലാളികളുടെയും നിയമനത്തിൽ പ്രദേശത്തുകാർക്ക് അർഹമായ പരിഗണന നൽകുക. രാഷ്ടീയ പാർട്ടികളുടെ ഓഫീസുകൾ വഴി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന രീതി ഉണ്ടാവരുത്.

4- ആശുപത്രിലെ ജലമാലിന്യം, അന്തരീക്ഷ മാലിന്യം, രോഗാണുക്കൾ തുടങ്ങിയവ തൊട്ടടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിസരവാസികളായ ജനങ്ങളെയും ഒരു നിലയ്ക്കും ദോഷകരമായി ബാധിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ വേണ്ട സുരക്ഷാ നടപടികൾ ഉറപ്പു വരുത്തണം.

5-ആശുപത്രി ഉൽഘാടന പരിപാടിയെങ്കിലും എം ഐ സിയെയും പരിസരവാസികളെയും അർഹമായ വിധത്തിൽ പരിഗണിച്ചും എല്ലാവരെയും ഉൾക്കൊള്ളിച്ചും നടത്താൻ ശ്രമിക്കണം.

6- രാഷ്ട്രീയ പാർട്ടികളും മാറി മാറി വരുന്ന ഭരണകൂടങ്ങളും തമ്മിലുള്ള വടംവലിയിലും കണക്കുതീർക്കലിലും പെട്ട് ഭീമമായ സംഖ്യ ചെലവഴിച്ചു ടാറ്റ നിർമിച്ച സ്ഥാപനം ജനങ്ങൾക്ക് ഉപകാരപ്പെടാതെ പാഴായിപ്പോകുന്ന അവസ്ഥ വരാതിരിക്കാൻ എല്ലാവരും നിതാന്ത ജാഗ്രത പാലിക്കണം. 

കാസർകോട്ടെ വിവിധ മേഖകളിലെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാൻ സജീവ ശ്രദ്ധ പുലർത്തുന്ന കലക്ടർ ഡോ. സജിത് ബാബുവിനെ പ്രത്യേകം അഭിനന്ദിക്കാൻ കൂടി ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

Keywords:  Kerala, Kasaragod, COVID-19, Corona, Article, Hospital, Chattanchal, MIC,  There are a few things to say when the Tata Hospital becomes a reality

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia