city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഷണവും ഒരു കലയാണ്

മോഷണവും ഒരു കലയാണ്
ളിനി ബേക്കലിന്റെ വിരല്‍തുമ്പിലൂടെ മലയാളത്തിനായ് എത്രയോ സര്‍ഗ സൃഷ്ടികള്‍ ഉയിര്‍കൊണ്ടിട്ടുണ്ട്. വടക്കന്‍ പെരുമയുടെ അവതാരങ്ങളായ മുച്ചിലോട്ടു ഭഗവതിയും, ബേക്കല്‍ കോട്ടയും, തുരുത്തുകളും, തെയ്യവുംതിറയും നിറഞ്ഞാടിയിട്ടുണ്ട് ആ ക്യാന്‍വാസില്‍. ഗൃഹാതുരത്വങ്ങളുടെ മേമ്പൊടി ചേര്‍ത്ത് അനുവാചകര്‍ക്ക് എത്ര മുഹൂര്‍ത്തങ്ങള്‍ വിളമ്പിത്തന്നിട്ടുണ്ട് ആ പ്രതിഭാധനയായ കാഥിക.

ഒരു പഴയ എഴുത്ത് ഓര്‍മയില്‍ തികട്ടി വരുന്നു. ഒരിക്കല്‍ നളിനി ബേക്കലിന്റെ എഴുത്തിന്റെ കഴുത്തിന് പിടിച്ചിട്ടുണ്ട് സാഹിത്യ നിരൂപകനായ എം. കൃഷ്ണന്‍ നായര്‍. ഓര്‍മ ശരിയാണെങ്കില്‍ തിയ്യതി ഓര്‍ക്കാത്ത മലയാള നാട് വാരികയിലെ സാഹിത്യ വാരഫലത്തിലൂടെയായിരുന്നുവെന്നു തോന്നുന്നു അത്. കഴുത്തിനു പിടിച്ചതു മാത്രമല്ല. കടിച്ചു കുടഞ്ഞിട്ടുണ്ട് അവരെ. നളിനി ബേക്കലിന്റെ എഴുത്തു അന്നുമുതലായിരിക്കുമോ വറ്റിയത്? പിന്നെ കാസര്‍കോട് ജില്ലയില്‍ പെണ്ണെഴുത്തിന്റെ ഉറവ കനിഞ്ഞില്ല. നളിനി ബേക്കല്‍ വഴിയിലുപേക്ഷിച്ചു പോയ സാഹിത്യത്തിലെ പെണ്ണെഴുത്തിന് അനന്തരാവകാശി സന്താനങ്ങള്‍ പിന്നീട് ജില്ലയില്‍ പിറന്നില്ല.

ഇത് പഴയ കഥ. കഥയും സന്ദര്‍ഭവും മോഷണമാണെന്ന് പച്ചയായി പറയാന്‍ എം. കൃഷണന്‍ നായര്‍ മടി കാട്ടിയില്ലെന്ന് ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ മറ്റൊരു കാരണമുണ്ട്.

ദേശാഭിമാനി വാരിക (ഫെബ്രുവരി ലക്കം 37)  വായിച്ചു. 28-ാം പേജില്‍ എന്‍.കെ. കണ്ണന്‍ മേനോന്‍ എഴുതിയ കഥയിലേക്ക് -കോളിളക്കങ്ങള്‍- വായനക്കാരെ ക്ഷണിക്കുന്നു. ഗള്‍ഫിന്റെ അതിപ്രസരം മുഴച്ചു നില്‍ക്കുന്ന കാസര്‍കോടിന് വേണ്ടി തയ്യാറാക്കിയ കഥയെന്നു തോന്നിപ്പോകുന്ന ആവിഷ്‌ക്കരണം.

അരപ്പട്ടിണിയില്‍ കഴിഞ്ഞിരുന്ന ബഷീര്‍ എന്ന കഥാപാത്രത്തിന് ഗള്‍ഫിലേക്ക് പോകാന്‍ അവസരം ലഭിച്ചു. ഏതോ രാജകുടുംബത്തിലെ സുല്‍ത്താന്റെ അരമനയില്‍ പ്രൈവറ്റ് സെക്രട്ടറിയായുള്ള നിയമനം. ശുദ്ധസ്വഭാവവും, വിശ്വാസിയായ മുസ്ലിം എന്ന പ്രത്യക്ഷ ഗുണവുമായിരുന്നു ബഷീറിനെ തൊഴിലിന് അര്‍ഹനാക്കിയത്.

മകനെ കാണാതെ ഒരുദിവസം പോലും കഴിയാനാകാത്ത  ഉമ്മയോട് സമ്മതം വാങ്ങിക്കാന്‍ പലതും പറഞ്ഞ് പ്രലോഭിപ്പിച്ചത് കഥ പറയുന്ന അന്‍വറാണ്. ബഷീറിന്റെ സ്വപ്നങ്ങള്‍ ജീവിതത്തിലേക്ക് പറിച്ചു നട്ടു. ധാരാളം പണം, അംഗീകാരം, കീര്‍ത്തി. വര്‍ഷങ്ങള്‍ ഓരോന്നു പെയ്‌തൊഴിഞ്ഞു. ഋതുക്കളുടെ നിറം മാറി. ജീവിത ശൈലി മാറി. സ്വപ്ന തുല്യമായി പലവര്‍ഷങ്ങള്‍ കടന്നു പോയി. ഒടുവില്‍ -ആകസ്മികമായി- ബഷീറിനെ കാണ്മാനില്ല. വിളിക്കാറില്ല. മെയിലില്ല. ഫെയ്‌സ് ബുക്ക് തുറക്കുന്നില്ല.

ബഷീറിന് എന്തു പറ്റിയെന്ന് ആശങ്കപ്പെടുന്നതാണ് കഥ. ഈ കഥയുടെ പരിണാമഗുപ്തി ഇങ്ങനെ.

ബഷീര്‍ സുന്ദരനാണ്. അതിസുന്ദരന്‍. കിളവനായ സുല്‍ത്താന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ട്. അവയില്‍ മിക്കവരും ചെറുപ്പം. വളരെ ചെറുപ്പം. സത്യസന്ധനും സുല്‍ത്താന്റെ വിശ്വസ്തനുമായിരുന്ന ബഷീറിനെ കണ്ടു മോഹിച്ച ഏതോ ഒരുവള്‍ - റാണിമാരില്‍ ഒരു ചെറുപ്പക്കാരി - ബഷീര്‍ ഇതുവരെ സൂക്ഷിച്ചു വെച്ച വിശ്വാസങ്ങള്‍ക്കുമേല്‍ ആത്മ വഞ്ചന പുരട്ടി. ശരീര സുഖം ബഷീറിനെ അന്ധനാക്കി. കൊഴുത്തു തടിച്ച അവന്റെ ശരീരത്തില്‍ സുല്‍ത്താന്റെ റാണിമാര്‍ രതിയുടെ ലഹരി മഴ പെയ്തു.

ബഷീറിനെ കാണാതാവാന്‍ വേറെ കാരണമില്ല. അയാള്‍ ചുട്ടു പൊള്ളുന്ന മണലാരണ്യത്തിന്റെ നടുവിലേക്ക് അജ്ഞാതശവമായി -മയ്യത്തായി- യാത്രയാകുന്നതോടെ കഥ അവസാനിക്കുന്നു.

ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍ നളിനി ബേക്കലിനെ ഓര്‍ത്തുപോയതിന് നിദാനമുണ്ട്. എം. കൃഷ്ണന്‍ നായര്‍ വായിച്ചെടുത്ത ആംഗലേയ നോവലുമായി നളിനി ബേക്കലിന്റ എഴുത്തിന് പൊരുത്തമുണ്ടെന്ന് വെട്ടിത്തുറന്നു പറയുകയോ പരിഹസിക്കാന്‍ ശ്രമിച്ചു എന്ന ഓര്‍മ പോലെ ഈ ലേഖകനും കോളിളക്കങ്ങള്‍ എന്ന ചെറുകഥ മനസിലൊരു ആശങ്ക പടര്‍ത്തി.

സുബൈദ എഴുതിയ എന്റെ ജയില്‍ക്കുറിപ്പുകള്‍ എന്ന ഒരു ചെറു പുസ്തകം അടുത്ത കാലത്ത് വായിക്കാനിടയായി. ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ അവതാരിക തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതായിരുന്നു എന്നെ. അതിലെ ജീവനുള്ള കഥാ പാത്രങ്ങളില്‍ ഒരു വേണുവുമുണ്ട്. ഒരു അറബീയുടെ ജീവനക്കാരന്‍. ലൈംഗിക സുഖം നല്‍കി ഭാര്യയെ തൃപ്തിപ്പെടുത്താനാവത്ത കിളവനായ അറബിയുടെ ഭാര്യ വേണുവിനെ പ്രയോചനപ്പെടുത്തിയതില്‍ നഷ്ടപ്പെട്ടത് സ്വന്തം ജീവിതം. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതിനു ശേഷം നാടു കടത്താനായിരുന്നു അറബ് കോടതിയുടെ വിധി. ഇതു കഷായം കുറുക്കുന്നതു പോലെ കുഴമ്പാക്കി അവതരിപ്പിച്ചിരിക്കുന്നു സുബൈദ ആ പുസ്തകത്തില്‍.

സുബൈദയുടെ എന്റെ ജയില്‍ക്കുറിപ്പുകള്‍ എന്ന  കൃതിയിലെ വേണുവിനെ പരാമര്‍ശിക്കുന്ന ഒരു പാരഗ്രാഫാണ് കണ്ണന്‍ മേനോന്റെ ദേശാഭിമാനിയിലെ ഒരു ചെറു-നീണ്ട-കഥ. സൂബൈദ പറഞ്ഞു വെച്ചതു തന്നെ കണ്ണന്‍ മേനോനും പറയുന്നു. രണ്ടും ഒന്നു തന്നെ. ബാക്കി ചിന്തിച്ചെടുക്കാന്‍ എഴുത്തു പുരയിലെ വായനക്കാര്‍ക്ക് വിടുന്നു. കണ്ണന്‍ മേനോനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഒരു ചെറുകഥ ചമയ്ക്കാന്‍ എന്തിനു ഇത്രയേറെ വാക്കുകളും വാചകങ്ങളും.

 ജയില്‍ക്കുറിപ്പ് വായിച്ചവര്‍ക്ക് കോളിളക്കത്തില്‍ പുതുമ കണ്ടെത്താനാവില്ല. കോളിളക്കങ്ങളിലെ നായകന്‍ ബഷീര്‍ എന്ന പേരു സ്വീകരിച്ചിരുന്നില്ലെങ്കില്‍ ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബായും ഈ കഥാപാത്രത്തിനു മാറാന്‍ കഴിയുമായിരുന്നു. ഗദ്ദാമ എന്ന സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെ കട്ടെടുത്തിരുന്നു കമല്‍.  സാഹിത്യമോഷണക്കുറ്റത്തിന് കമലിനേപ്പോലെ കണ്ണന്‍ നായരേയും പ്രതി ചേര്‍ക്കണം. നളിനി ബേക്കലിനെ പരാമര്‍ശിക്കാന്‍ ശ്രമിച്ചതു പോലെ മോഷണക്കുറ്റം കണ്ടെത്താനും ശിക്ഷിക്കാനും ഇന്ന് എം. കൃഷ്ണന്‍ നായരും മലയാള നാട് വാരികയും ജീവിച്ചിരിപ്പില്ലല്ലോ.

ഈ കഥയ്ക്കായി വരയുണ്ടാക്കിയത് കബിത മുഖോപാദ്ധ്യായയാണ്. ഇതിലെ വരയിലാണ് കഥയിലെ ജീവന്‍. അല്ലാതെ കടം കൊണ്ട കഥയിലല്ല.

മോഷണവും ഒരു കലയാണ്- പ്രതിഭാരാജന്‍

Keywords:  Article, Story, Prathibha Rajan, Director, Writer, Theft, Nalini Bekal, M. Krishnan Nair, Bekal Fort, Basheer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Theft is also an art

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia