city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഊരുകളിലെ ഈ ദുരിതക്കാഴ്ചകള്‍; സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നു

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 12.03.2016)  ആദിവാസികളെന്നും ദളിതരെന്നും പേരുപറയപ്പെടുന്ന വിഭാഗങ്ങളുടെ ജീവിതം ഇന്നും ദയനീയാവസ്ഥയില്‍ തന്നെ. ദളിതരുടെ ഉന്നമനത്തിന് കോടികള്‍ ചെലവിട്ടു എന്ന് ഭരണാധികാരികള്‍ അവകാശപ്പെടുന്നുണ്ട്. പക്ഷേ ഉന്നമനവും ക്ഷേമവും വെറും വാക്കുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു ഇന്നും. ദളിതരെ ചൂഷണത്തില്‍ നിന്ന് വിമുക്തമാക്കിയാലേ അവര്‍ക്ക് മുന്നേറാന്‍ കഴിയൂ. അതെങ്ങിനെ സാധിച്ചെടുക്കുമെന്ന കാര്യം സമൂഹം മൊത്തമായി ചിന്തിക്കേണ്ടിയിരിക്കുന്നു. വൃത്തിഹീനമാണ് അവരുടെ ജീവിതചുറ്റുപാടുകള്‍. കുഞ്ഞുങ്ങളും സ്ത്രീകളും പോലും ലഹരിക്കടിമകളാണ്. പുറമേ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവന്നിട്ടില്ലിന്നും. മൃഗതുല്യമായ ലൈംഗികബന്ധങ്ങളാണ് ഇവരുടെ ഇടയില്‍ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ നടക്കുന്നത്. ഇവരുടെയിടയില്‍ പരസ്പരം ഒളിച്ചോട്ടവും വിവാഹിതരാവലും നിത്യസംഭവങ്ങളാണ്. ജീവിത സൗകര്യങ്ങളെക്കുറിച്ചോ, കുഞ്ഞുങ്ങളുണ്ടായാല്‍ അവരെ സംരക്ഷിക്കേണ്ട വിധത്തെക്കുറിച്ചോ അവര്‍ ചിന്തിക്കുന്നേയില്ല. അതവര്‍ക്കൊരു വിഷയവുമാകുന്നില്ല.

ഇക്കഴിഞ്ഞയാഴ്ച ജില്ലയിലെ മലയോരത്തെ ഒരു ദളിത് കോളനിയില്‍ ചെന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ചെറുപ്പക്കാരന്‍ തട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുന്നു എന്നും ഒരാഴ്ചയായി കുട്ടി സ്‌കൂളില്‍ വരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളനിയിലെത്തിയത്. പെണ്‍കുട്ടി മദ്യപിക്കാറുണ്ടെന്നും, ആത്മഹത്യാഭീഷണി മുഴക്കുന്നവളാണെന്നും കൂടി ബന്ധപ്പെട്ടവര്‍ ഞങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കോളനിയിലെത്തി. അവന്റെ കുടിലന്വേഷിച്ചു കണ്ടെത്തി. ഞങ്ങളെത്തുമ്പോള്‍ രണ്ടുപേരും പ്രണയസല്ലാപത്തിലാണ്. കുടിലില്‍ അന്നേരം മറ്റാരുമുണ്ടായിരുന്നില്ല. ഞങ്ങളെ കണ്ടപ്പോള്‍ ഇരുവരും ഓടി പുറത്തേക്കു വന്നു. രണ്ടുപേരും മദ്യലഹരിയിലാണ്. ചോദിച്ചതിനൊക്കെ കൃത്യമായി മറുപടി പറയുന്നുണ്ട്. ചെറുപ്പക്കാരനെ ബിജു എന്നു വിളിക്കാം നമുക്ക്. കറുത്ത് നീണ്ടുമെലിഞ്ഞ രൂപം. മുറുക്കിയതിനാല്‍ പല്ലും ചുണ്ടും വായയും വൃത്തികേടായിരിക്കുന്നു. ശരീരം മൊത്തം ശുചിത്വമില്ല. പെണ്‍കുട്ടിയുടെ കയ്യും മുഖവും ചൊറിപിടിച്ച് പഴുപ്പ് പുറത്തുവരുന്നു. ഈയൊരവസ്ഥയിലും അവര്‍ സ്‌നേഹപ്രകടനം നടത്തുന്നു.

പെണ്‍കുട്ടിക്ക് ഷൈനിയെന്ന് പേരു നല്‍കാം. ഷൈനിയുടെ അമ്മയും ആരുടേയോ കൂടെ ഒളിച്ചോടിയതാണ്. ഷൈനി പറയുന്നു 'നാട്ടിലെ ഉല്‍സവസ്ഥലത്തുവെച്ചു ഞങ്ങള്‍ കണ്ടു. ഇഷ്ടപ്പെട്ടു. ഒന്നിച്ചു ഇവിടേക്ക് വന്നു. ഇനി സ്‌കൂളിലേക്കില്ല. പഠിച്ചതുമതി. ബിജുവില്ലാതെ എനിക്കു ജീവിക്കാന്‍ പറ്റില്ല. വയസ്സ് തികയാത്തതിന്റെ പേരില്‍ കേസുകൊടുത്താല്‍ ഞാന്‍ ആത്മഹത്യ ചെയ്യും. ബിജുവിന് ഭാര്യയും കുട്ടിയുമുണ്ട്. അവളും ആരുടേയോ കൂടെ ഒളിച്ചോടി. എന്നാലും എനിക്ക് ബിജുവിനെ വിടാന്‍ പറ്റില്ല'.

ശരിക്കും വാക്കുകള്‍ പുറത്തുവരുന്നില്ല. അക്ഷരങ്ങള്‍ മുറിഞ്ഞുപോവുന്നു. നാക്ക് കുഴയുന്നുണ്ട്. നില്‍ക്കുമ്പോള്‍ ശരീരത്തിന് വിറയല്‍ അനുഭവപ്പെടുന്നുണ്ട്. എങ്കിലും അവളുടെ ഉള്ളിലിരിപ്പ് ശരിക്കും പ്രകടിപ്പിച്ചു. തികഞ്ഞ ബോധത്തോടെയൊന്നുമല്ല ഇരുവരും സംസാരിക്കുന്നത്. നാവുകുഴയുന്നുണ്ട്. കാല് ശരിക്കും നിലത്തുറയ്ക്കുന്നുമില്ല. സംസാരിച്ചുകൊണ്ടിരിക്കേ അയല്‍ കുടിലുകളില്‍ നിന്നെല്ലാം ആള്‍ക്കാര്‍ വന്നു. ആണും പെണ്ണും പൂര്‍ണ്ണമായും മദ്യത്തില്‍ മുങ്ങി നില്‍ക്കുന്നു. അവര്‍ എന്തൊക്കെയോ പുലമ്പുന്നു. ഒളിച്ചുവന്നതോ മദ്യം മൂക്കറ്റം അടിച്ചതോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. ജീവിതം അവര്‍ അവരുടേതായ രീതിയില്‍ ആസ്വദിക്കുന്നു... അത് നേരില്‍ കണ്ട് പ്രതികരിക്കാനാവാതെ ഞങ്ങളും നിശബ്ദരായി തിരിച്ചു പോന്നു. പഠിക്കേണ്ടതിന്റെ ആവശ്യം അവളോട് പറഞ്ഞു നോക്കി. വയസ്സുതികയാത്ത പെണ്‍കുട്ടിയെ കൂടെ പൊറുപ്പിച്ചാല്‍ ജയിലഴിയിലാവുമെന്ന് അവനെ പറഞ്ഞു ഭയപ്പെടുത്തി. എല്ലാം അവര്‍ ഒരു ചിരിയിലൊതുക്കുന്നു. പ്രതികരിക്കാതെ പുച്ഛഭാവത്തില്‍ നില്‍ക്കുന്നു.



******************************

അവിടുന്ന് തിരിച്ചുവരുമ്പോള്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനടുത്തെത്തി. കോളനിയില്‍ നേരിട്ടനുഭവിച്ച പ്രയാസം മനസ്സില്‍ ഒരുപാട് പോറലേല്‍പ്പിച്ചിട്ടുണ്ട്. സ്റ്റേഷനടുത്ത് കുറച്ചാളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടു. അതില്‍ പരിചയക്കാരനായ ഒരു ഓട്ടോ ഡ്രൈവര്‍ അടുത്തു വന്നു പറഞ്ഞു 'സാറേ സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്ന മൂന്നാല് വിദ്യാര്‍ത്ഥികളുണ്ട്. അവരെയൊന്നുകാണണം. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായ നിങ്ങള്‍ അവരെ കണ്ടേ പറ്റു.  സ്റ്റേഷനില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച മനസ്സിനെ വീണ്ടും കുത്തിനോവിച്ചു. എട്ടിലും ഒമ്പതിലും പഠിക്കുന്ന നാലു ആണ്‍കുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നു. കിടന്നിടത്ത് തന്നെ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും വൃത്തികേടാക്കിയിട്ടുണ്ട്. അവരുടെ അമ്മമാര്‍ സ്റ്റേഷനുവെളിയില്‍ നില്‍ക്കുന്നു. മക്കളുടെ ദുരവസ്ഥ അറിഞ്ഞ് വന്നവരാണവര്‍. അന്നൊരു ശനിയാഴ്ചയായിരുന്നു. സ്‌കൂള്‍ അവധിയാണന്ന്. സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണവര്‍. നാലുപേരും പണം സംഘടിപ്പിച്ച് അടുത്തുള്ള ബിവറേജ് ഔട്ട് ലറ്റില്‍ നിന്നും ബ്രാണ്ടി വാങ്ങി പാലത്തിനടിയില്‍ ചെന്നിരുന്നു അകത്താക്കി. തലക്കുപിടിച്ച ലഹരിയില്‍ അവര്‍ എന്തൊക്കെയോ പറയുന്നുണ്ട്.

അരിശം പൂണ്ട് കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന അതിലൊരുവന്റെ അമ്മയോട് മകന്റെ കാര്യം അന്വേഷിച്ചു. 'നാലുകാലില്‍ വരുന്ന അവന്റെ അച്ഛനെ കണ്ടിട്ടല്ലേ അവനും അങ്ങിനെയായത്?  ആ സ്ത്രീ പൊട്ടിത്തെറിക്കുകയായിരുന്നു. ഭര്‍ത്താക്കന്മാരുടെ മദ്യപാനം മൂലം ദുരിതം തിന്നുന്ന അമ്മമാര്‍ വളര്‍ന്നുവരുന്ന കൊച്ചു മക്കളും മദ്യപാനത്തിനടിമകളാകുന്നത് കണ്ടു നില്‍ക്കുന്നു. സ്വയം ശപിക്കാന്‍ മാത്രമെ അവര്‍ക്കാവുന്നുള്ളു. ഇത്ര ചെറുപ്രായത്തിലേ നാശത്തിലേക്കു നീങ്ങുന്ന കുഞ്ഞുങ്ങളെ എങ്ങിനെ ഇതില്‍ നിന്ന് കരകയറ്റാനാവും? അമ്മമാര്‍ക്കാവില്ല. അച്ഛന്മാര്‍ക്ക് മക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ല. അധ്യാപകര്‍ക്കേ ഇതിലെന്തെങ്കിലും ചെയ്യാനാവൂ. സാമൂഹ്യ ഇടപെടലിലൂടെയും കുട്ടികളെ നന്മയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. ഇവിടെയും ദുരിതക്കടലില്‍ മുങ്ങിത്താഴുന്നത് അമ്മമാര്‍ തന്നെ. ലഹരി ഒഴിയുന്നതുവരെ കാത്തിരുന്ന് മക്കളുടെ കയ്യും പിടിച്ച് സ്റ്റേഷന്‍ വിട്ടിറങ്ങുന്ന അമമ്മാരുടെ നെഞ്ചില്‍ കനലെരിയുകയായിരുന്നു...
******************************

പീരുമേട് കണ്ടല്‍ക്കയത്തിനു സമീപം കോരുത്തോട് എന്ന ആദിവാസി ഊരില്‍ നടന്ന സംഭവം കേട്ടറിഞ്ഞപ്പോള്‍ മനസ്സില്‍ ആധിപടരുകയായിരുന്നു. നമ്മുടെ ആധുനിക സമൂഹം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും ഊരുകളും, കോളനികളും അന്ധകാരത്തില്‍ പെട്ടുഴലുകയാണിന്നും. ഇരുപത്തിരണ്ടുകാരിയായ ഗോമതിയെക്കുറിച്ചാണ് കേട്ടത്. അക്ഷരമറിയാത്തവള്‍. പന്ത്രണ്ടുവയസ്സില്‍ അമ്മയായവള്‍. ഇപ്പോള്‍ നാലു മക്കളുടെ അമ്മയായിരിക്കുന്നു ഗോമതി. ഗോമതിയുടെ ജീവിതപങ്കാളിയാവാന്‍ ആരും വന്നില്ല. അതിനെക്കുറിച്ചൊന്നും അവള്‍ക്കറിയില്ല. എന്നാല്‍ ഗോമതിയുടെ മക്കളുടെ അച്ഛനാരാണെന്നറിഞ്ഞാല്‍ ചിലര്‍ ഞെട്ടും. ഈ സമൂഹത്തിലാണല്ലോ നാം ജിവിക്കുന്നതെന്നോര്‍ത്ത് ലജ്ജിക്കും. ഇതൊന്നുമറിയാതെ സുഖലോലുപതിയില്‍ കഴിയുന്ന നമ്മുടെ നേതാക്കളെയും, ഭരണകര്‍ത്താക്കളെയും ഓര്‍ത്ത് അരിശം കൊള്ളും. ഗോമതിക്ക് നാലുമക്കളെയും കൊടുത്തത് സ്വന്തം പിതാവ് തന്നെയാണ്.! കേരളമേ ലജ്ജിക്കൂ...

ജനനേതാക്കളേ നിങ്ങളിത്തരം കാര്യങ്ങള്‍ അറിയുന്നില്ലേ? കാട്ടു കമ്പുകള്‍ കൊണ്ട് കൂട്ടിക്കെട്ടിയുണ്ടാക്കിയ കൂരക്കുള്ളിലാണ് ഇവര്‍ കഴിഞ്ഞു കൂടിയിരുന്നത്. മദ്യത്തിനടിമയായ അച്ഛന് മകളെന്ന ചിന്തയൊന്നുമില്ല. അവളുടെ അമ്മ ആരുടെ കൂടെയോ കടന്നു കളഞ്ഞു. പിന്നെ കൂടെകിടത്തിയത് സ്വന്തം മകളെ. അങ്ങിനെയാണവള്‍ക്ക് മൂന്നുകുഞ്ഞുങ്ങളുണ്ടാവുന്നത്. നാലാമത്തെ പ്രസവം നടക്കുമ്പോള്‍ അച്ഛനെന്നു പറയുന്ന മൃഗം ജയിലിലായിരുന്നു. ആ കുഞ്ഞ് പിടഞ്ഞു പിടഞ്ഞു മരിച്ചു. ഗോമതി ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ എത്തപ്പെട്ടിരിക്കുകയാണ്. ലോകത്തിന്റെ തുടിപ്പുകളറിയാതെ മനുഷ്യകോലമായി ജനിച്ചു പോയതിനാല്‍ നാളുകള്‍ എണ്ണിത്തീര്‍ക്കുന്നു. ഗോമതി ഏറ്റവും സന്തോഷിച്ച ഒരു ദിവസവുമുണ്ടായി. അവളുടെ അച്ഛനും, സ്വന്തം കുഞ്ഞുങ്ങളുടെ അച്ഛനുമായ ദുഷ്ടമനുഷ്യന്‍ കാട്ടില്‍ വീണു മരിച്ചെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ അവളുടെ പ്രതികരണമിങ്ങിനെയായിരുന്നു 'അയാള്‍ ചത്തുപോട്ടെ'... ഇതൊക്കെ നടക്കുന്നത് സമ്പൂര്‍ണ്ണ സാക്ഷരതയുള്ള മലയാളമണ്ണില്‍... ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍. രാഷ്ട്രീയമായ ഉന്നത ബോധമുള്ളവരുടെ നാട്ടില്‍. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരുള്ള നാട്ടില്‍... ഇതൊക്കെ കണ്ടാലും കേട്ടാലും നമുക്കൊരു ചുക്കുമില്ല എന്ന് കരുതി നടക്കുന്ന നേതാക്കളാണ് നമുക്കുചുറ്റും എന്നു വേണം കരുതാന്‍.

ഊരുകളിലെ ഈ ദുരിതക്കാഴ്ചകള്‍; സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നു


Keywords: Article, Kookanam-Rahman, Molestation, Vellarikundu, Tribal area, kerala, kasaragod, God's own country




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia