city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാഷാ കൗതുകം: ഉപ്പു ചോദിച്ചാല്‍ കൊല്ലാമോ?

(www.kasargodvartha.com 10/02/2015) കാസര്‍കോട്ട് എത്ര ഭാഷകളുണ്ട്? ഏഴ് എന്നാണു നാം പഠിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ പതിനഞ്ചോളം ഭാഷകള്‍ ഇവിടെ നിലവിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മലയാളം, കന്നഡ, തുളു, കൊങ്കിണി, ബ്യാരി, മറാത്തി, കറാഡ, ഹവ്യക്, കൊടവ, ഉറുദു, ഹിന്ദി, ഇംഗല്‍ഷ്, മര്‍ക്കട, അറബി, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകള്‍ സംസാരിക്കുന്ന പ്രദേശമാണ് കാസര്‍കോട്.

ഇതിനുപുറമെ അനേകം മിശ്ര ഭാഷകളും ഇവിടെ സംസാരിക്കുന്നു. കൊറഗരുള്‍പെടെയുള്ള  ആദിവാസികള്‍ മറാത്തിയും തുളുവും കറാഡയും മര്‍ക്കടയും കലര്‍ന്ന ഭാഷകള്‍ സംസാരിക്കുന്നു. ഒരു ഭാഷയില്‍ മറ്റു ഭാഷകള്‍ ഏതളവില്‍ ചേരുന്നുവോ, അതിനനുസരിച്ച് അത് വേറൊരു ഭാഷയായി മാറുന്നു. ചുരുക്കത്തില്‍ ഭാഷയുടെ ഒരു മായാജാലം ഈ തുളുനാട്ടില്‍ കാണാം. പാടിയിലും ഇരിയണ്ണിയിലും കുണ്ടംകുഴിയിലും ബന്തടുക്കയിലും ഉദുമയിലും നീലേശ്വരത്തും ചെറുവത്തൂരിലും മറ്റും സംസാരിക്കുന്ന മലയാളമല്ല കുമ്പളയിലും മൊഗ്രാലിലും ഉപ്പളയിലും ബദിയടുക്കയിലും മറ്റും. അതില്‍ തന്നെ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സംസാരിക്കുന്ന മലയാളവും വ്യത്യാസമുണ്ട്. ലിംഗപരവും തൊഴില്‍പരവും വര്‍ഗപരവുമായ  വ്യത്യാസവും ഭാഷയ്ക്കുണ്ട്.

കാസര്‍കോട് ജില്ലയില്‍ മൊത്തത്തിലുള്ള മലയാളം കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടു കിടക്കുന്നു. അതു പോലെ കന്നഡയും തുളുവും കൊങ്കിണിയും പ്രാദേശികമായി ഇതര പ്രദേശങ്ങളില്‍ നിന്നു വേര്‍തിരിവു പുലര്‍ത്തുന്നു. ഭാഷകളുടെ പ്രാദേശിക വക ഭേദങ്ങള്‍ എല്ലായിടത്തുമുണ്ടെന്നു സാരം.
'ആറു മലയാളിക്കു നൂറുമലയാളം
അരമലയാളിക്കും ഒരു മലയാളം
ഒരു മലയാളിക്കും മലയാളമറിയില്ല.' എന്നു കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ എല്ലാ മലയാളിക്കും മലയാളം വളരെ സുന്ദരമായി അറിയാം എന്ന അഭിപ്രായമാണ് ഈ ലേഖകന്. എല്ലാവരും മലയാളം പറയുന്നു. എല്ലാ മലയാളവും നല്ല മലയാളമാണ്. കാസര്‍കോടന്‍ മലയാളത്തെക്കാള്‍ ഒട്ടും താഴെയോ, മേലെയോ അല്ല കോഴിക്കോടന്‍ മലയാളം. തൃശ്ശൂര്‍ മലയാളവും കോട്ടയം മലയാളവും കൊല്ലം മലയാളവും തിരവനന്തപുരം മലയാളവും നല്ലതു തന്നെ. അതിനൊപ്പം അന്തസ്സോടെ കാസര്‍കോട്ടുകാരനു അപ്യ, ഇപ്യ, ഓഡ്ത്തു, നീ പോപ്പാ, എന്ത്യേനപ്പാ നീ ചെല്ലുന്നത് എന്നു പറയാവുന്നതേയുള്ളൂ.

കാസര്‍കോട്ടുകാര്‍ പറയുന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാളോടാണ് സംസാരിക്കുന്നതെങ്കില്‍ അയാള്‍ക്കും കൂടി മനസിലാവുന്ന വാക്കുകള്‍ സംഭാഷണത്തില്‍ പെടുത്താന്‍ ചെറിയൊരു ഒത്തുതീര്‍പ്പു വേണ്ടിവരും. അതിനു ഓഡ്ത്തു അവിടെ വെച്ച് എവിടെ എന്നു ചോദിക്കേണ്ടി വരും.
കാസര്‍കോട്ടുകാരനോടു സംസാരിക്കുമ്പോള്‍ മറ്റു പ്രദേശത്തുള്ളവരും ഇതു പോലുള്ള വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവണം.

കേവലാര്‍ത്ഥത്തില്‍ ഭാഷ ആശയ പ്രകാശനത്തിനുള്ള ഒരു മാധ്യമം മാത്രമാണ്. ഭാഷ ഒരു സംസ്‌ക്കാരവും ഒരു മേല്‍വിലാസവും സ്വത്വ ബോധവും ഒക്കെ ആണെങ്കിലും അതിന്റെ പരമ പ്രധാനമായ ധര്‍മ്മം സംവേദനം തന്നെയാണ്. ആംഗ്യ ഭാഷ, ശരീര ഭാഷ, വരമൊഴി, വാമൊഴി എന്നിങ്ങെയും ഭാഷകള്‍ക്കു വകഭേദങ്ങളുണ്ട്.

ഭാഷ വളരുകയും മരിക്കുകയും മറ്റൊരു ഭാഷയ്ക്കു പൂര്‍ണമായി വിധേയപ്പെടുകയും ചെയ്യപ്പെടാറുണ്ട്. ഒരു ഭാഷയെ മറ്റൊരു ഭാഷ വിഴുങ്ങുകയും ചെയ്യാറുണ്ട്. വളരെ സമ്പന്നമായ തുളു ഭാഷയെ കന്നഡയുടെ അധീശത്വം ദുര്‍ബ്ബലപ്പെടുത്തി. ലിപിയില്ലാത്ത ഭാഷയാണതെന്ന ആക്ഷേപത്തിനിരയാക്കി. ഭാഗവതവും പുരാണവും കാവ്യവും വൈദ്യഗ്രന്ഥവും എല്ലാം തുളു ലിപിയില്‍ രചിക്കപ്പെട്ടതായി കണ്ടെത്തി. താളിയോലകളിലും ശിലാശാസനങ്ങളിലും മലയാളത്തോടു സാമ്യമുള്ള തുളു ലിപികള്‍ കണ്ടെത്തി. ഗവേഷകര്‍ അവ വായിച്ചെടുത്തു. തുളുവിനു ലിപിയില്ലെന്ന വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ഇത്. ദിവംഗതരായ വിദ്വാന്‍ പി.വെങ്കടരാജ പുണിഞ്ചിത്തായ, സി.രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല.

കളവു പറയുക എന്ന വാക്കിനു കാസര്‍കോട്ട് മുപ്പതിലേറെ വാക്കുകളുണ്ട്. ലൊട്ട, നൊടിച്ചല്‍, ബഡായി, സുള്ള്, പൊയ് ... എന്നിവ അവയില്‍ ചിലതു മാത്രമാണ്. കാഞ്ഞങ്ങാട് നെഹ്രു കോളജിലെ മലയാള വിഭാഗം വിദ്യാര്‍ത്ഥികള്‍ ഏതാനും വര്‍ഷം മുമ്പു പ്രസിദ്ധീകരിച്ച പൊഞ്ഞാറ് എന്ന നാട്ടുഭാഷാ നിഘണ്ടു ഇത് വെളിവാക്കുന്നു. രത്‌നാകരന്‍ മാങ്ങാടും കാസര്‍കോടന്‍ മലയാള നിഘണ്ടു തയ്യാറാക്കിയിട്ടുണ്ട്. പൊഞ്ഞാറും ബനംകരയലും പീരാംകുട്ക്കയും അണേബാരവും കരക്കരെയും അടക്കം കാസര്‍കോട്ട് ഉപയോഗിക്കുന്ന സുന്ദരമായ എത്രയോ പദങ്ങള്‍ അതില്‍ ഇടംകൊണ്ടിട്ടുണ്ട്. ബാലകൃഷ്ണന്‍ മാങ്ങാടിന്റെ കഥകളിലും നോവലുകളിലും ധാരാളം കാസര്‍കോടന്‍ ഭാഷാപദങ്ങള്‍ കടന്നു വരുന്നു. രാഘവന്‍ മാസ്റ്റര്‍ വിവര്‍ത്തനം ചെയ്ത നിരഞ്ജനയുടെ ചിരസ്മരണയില്‍ കയ്യൂരിലെ ഗ്രാമീണ മലയാളം വായിക്കാം. നാണ ബെല്ലിച്ചന്‍ പൊയ തിരിച്ചിറ്റൂ എന്ന തനി കാസര്‍കോടന്‍ ഭാഷയിലുള്ള ഒരു നോവല്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. നാരായണന്‍ അമ്പലത്തറ കാസര്‍കോടന്‍ ഭാഷയില്‍ ബെരുവും ബില്ലും പോലുള്ള കവിതകള്‍ എഴുതുന്നു.

പ്രാദേശിക ഭാഷകള്‍ ധാരാളമായി ഉപയോഗിക്കേണ്ടതിന്റെ പ്രസക്തി വര്‍ധിക്കുമ്പോള്‍ തന്നെ പൊതു ഭാഷയിലെ അഥവാ എഴുത്തു ഭാഷയിലെ ഏകീകൃത രൂപത്തെ തള്ളിക്കളയാനും പാടില്ല. ഭാഷയിലും ജാതി പുലര്‍ന്നിരുന്ന ഒരു കാലം ഈ നാട്ടില്‍ ശക്തമായിരുന്നു. താഴ്ന്ന വിഭാഗക്കാരനായ ഒരാള്‍ കടയില്‍ പോയി ഉപ്പ് വേണമെന്നു പറഞ്ഞതിനു അയാളെ കുത്തിക്കൊന്ന നാടാണ് കേരളം. അയാള്‍ പറയേണ്ടിയിരുന്നത് പുളിച്ചാടന്‍ എന്ന വാക്കായിരുന്നു പോലും! ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഒറ്റപ്പാലത്താണ് ആ സംഭവം ഉണ്ടായതെന്നു ചരിത്രം പറയുന്നു. ഇങ്ങനെ ഭാഷയെ കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍...!

രവീന്ദ്രന്‍ പാടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഭാഷാ കൗതുകം: ഉപ്പു ചോദിച്ചാല്‍ കൊല്ലാമോ?

Keywords : Article, Kasaragod, Kerala, Ravindran Pady, Language, The humor of languages.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia