ഭൂമീദേവിയുടെ ഉത്സവം പ്ലാസ്റ്റിക്ക് നിരോധിച്ചുകൊണ്ട്
Nov 6, 2012, 11:47 IST
പാലക്കുന്നിനടുത്തുള്ള കുതിരക്കോട് കണ്ണോല്ഭഗവതി - വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം തുലാമാസത്തിനോടൊപ്പം കുളിരില്‍ ലയിച്ച് പ്രകൃതിയും മനുഷ്യനും ഒരുമിച്ച് ആഘോഷിച്ചു. അരവത്ത് ദാമോദര തന്ത്രിയുടെ കാര്‍മികത്വത്തില്‍ ദേവഭാഷയില്‍ ഉരുവിട്ട മന്ത്രോച്ഛാരണങ്ങള്ക്ക് നാദബ്രഹ്മം തീര്‍ത്ത് തുടിതാളങ്ങള്‍ അകമ്പടി സേവിച്ചു. പൂക്കളുടേയും പൂക്കുലകളുടേയും സുഗന്ധം കുളിരില്‍ ചാലിച്ച് വടക്കന്‍ തെന്നല്‍ അന്തരീക്ഷത്തില്‍ തളിച്ചു. ഹോമകുണ്ഡങ്ങളില്‍ അഗ്നി എരിഞ്ഞു. ജാതി -മതം നോക്കാതെ ജനം കൈകൂപ്പി തൊഴുതു. ഭൂമീദേവി കൂടിയായ കണ്ണോല്‍ ശ്രീ രക്തേശ്വരിയുടെ മണ്ണിലൂടെ ഒഴുകിപ്പോകുന്ന കണ്ണോല്‍ പുഴ പച്ചക്കരയുള്ള പട്ടുടുത്ത് പ്രതിഷ്ഠാ മഹോത്സവം കണ്ട് സായുജ്യമടഞ്ഞു.
മുന്ന് ദിനരാത്രങ്ങളിലായി ക്ഷേത്ര പരിസരത്ത് നടന്ന പരിപാടികളില്‍ ജാതി-മത ചിന്ത വെടിഞ്ഞ് മതങ്ങള്‍ക്കപ്പുറത്തെ മാനവികതയെ തുറന്നു കാട്ടുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി മാറിയ അനുഷ്ഠാനമായി ബ്രഹ്മകലശോത്സവം മാറി എന്നതാണ് ഈ ഉത്സവത്തിലന്റെ ഒരു പ്രത്യേകത.
ഇനി ഡിസംബര്‍ നാല്, അഞ്ച് തിയതികളില്‍ കളിയാട്ടം. നൃത്തകലയുടെ തന്ത്രിമാര്‍-മലയ കലാകാരന്മാര്- തങ്ങളുടെ മെലിഞ്ഞ ശരീരത്തില്‍ ദേവീചൈതന്യം ആവാഹിച്ചെടുത്ത് ജ്യോതിര്‍ഗോളമായി പെരുവിരലില്‍ നൃത്തം ചവിട്ടുന്ന കാഴ്ച കാണാന്‍ ജനം കാത്തിരിക്കുകയാണ്.
പരിഷ്ക്കാരം കൂടിയപ്പോള്‍ ഉത്സവങ്ങളും പ്ലാസ്റ്റിക്ക് ഏറ്റെടുത്തു.നാടു മുടിയുന്നതിന് പ്ലാസ്റ്റിക്കിന്റെ സംഭാവനകളില്‍ കാവുകളും, എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളും പങ്കാളികളായി. എതു ഉത്സവ പറമ്പുകള്‍ മാന്തിനോക്കിയാലും പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്ക് കൂടുകള്‍ കണ്ടെത്താനാവും. പ്രകൃതിയെ കാന്‍സര്‍ പിടിപ്പിക്കുന്ന വ്രണമാണ് പ്ലാസ്റ്റിക്ക്.
കണ്ണോല്‍ കുതിരക്കോട് ക്ഷേത്രം പുര്‍ണമായും പ്ലാസ്റ്റിക്ക് നിരോധിച്ചു കൊണ്ടാണ് ഉത്സവം മംഗളമാക്കിയത്. ക്ഷേത്രത്തിലും പരിസരത്തും വര്‍ണക്കടലാസുകള്‍ നൃത്തമിട്ടു. പൂക്കളും പൂക്കുലകളും പ്രകൃതി സുഗന്ധം പരത്തി. കുരുത്തോലയും കവുങ്ങും കുലവാഴയും ജനങ്ങളെ ആനയിച്ചു. പ്രകൃതി തരുന്ന സംഭാവനകള്‍ മാത്രം സ്വീകരിച്ച് ക്ഷേത്രവും പരിസരവും അലങ്കരിച്ച ഈ ഗ്രാമത്തിന് ഒന്നുണ്ട് പറയാന്‍. ഇത് എല്ലാ ആരാധനാലയങ്ങളും മാതൃകയാക്കുമോ?