city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടും ടാറ്റാ ആശുപത്രിയും പിന്നെ സമസ്തയും

സിദ്ദീഖ് നദ് വി ചേരൂര്‍

(www.kasargodvartha.com 14.04.2020) കാസര്‍കോട്ട് വരാന്‍ പോകുന്ന ടാറ്റാ വക ഹോസ്പിറ്റല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും കോലാഹലവും നടക്കുകയാണല്ലോ. പലപ്പോഴും കേരളത്തിന്റെ ശാപം വിവാദങ്ങളില്‍ കുരുങ്ങി പല പദ്ധതികളും അലസിപ്പോകുന്നുവെന്നതാണ്. അത്തരമൊരു ദുരനുഭവം ഇതിന് സംഭവിക്കാതിരിക്കട്ടെ എന്ന് ആദ്യമേ നമുക്ക് പ്രാര്‍ത്ഥിക്കാം.

കോവിഡ് വ്യാപനത്തോടെയാണ് ആരോഗ്യരംഗത്തെ കാസര്‍കോടിന്റെ അപര്യാപ്തത നാടറിയുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ കാണിച്ച അവഗണനയം ഗുരുതരമായ വിവേചനവും പുറത്തറിയിക്കാതെ, പരിഭവങ്ങളെല്ലാം ഉള്ളിലൊതുക്കി ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടും അതിലപ്പുറം വരുമ്പോള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയെ ആശ്രയിച്ചും കഴിഞ്ഞു പോവുകയായിരുന്നു.

കോവിഡ് വന്നു, ഉള്ളറിഞ്ഞു

അതിനിടയിലാണ് കേരളത്തിന്റെ ശരാശരിയില്‍ വളരെ ഉയര്‍ന്ന തോതില്‍ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം പെരുകുകയും അതിന്റെ പേരില്‍ ജില്ലയെ മൊത്തം ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും പലരും മുന്നോട്ടു വരികയും ചെയ്തത്. എന്നും കാസര്‍കോടിന്റെ ഔദാര്യവും സഹായ സനദ്ധതയും സ്വീകരിക്കാന്‍ മുന്നില്‍ നിന്നവര്‍ തന്നെ ഇതോടെ ജില്ലക്കാരുടെ വിവരക്കേടും എടുത്തു ചാട്ടവും ചൂണ്ടിക്കാട്ടി ആക്ഷേപിക്കാനും ഉപദേശിക്കാനും ഒക്കെ രംഗത്ത് വന്നത്. ഒപ്പം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ചില പ്രത്യേക സമുദായത്തിന്റെ സാന്നിധ്യവും സ്വാധീനവും വരെ കാരണങ്ങളുടെ കൂട്ടത്തില്‍ കടന്നു വന്നു.

എന്നാല്‍ കോവിഡ് കണക്കുകള്‍ക്കൊപ്പം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ബല്യവും ജില്ല അനുഭവിക്കുന്ന അവഗണനയും ബസപ്പെട്ടവര്‍ അക്കമിട്ട് നിരത്തിയതോടെ പലരും യാഥാര്‍ത്ഥ്യം മനസ്സിലാക്കി പിന്‍വലിഞ്ഞു.

കര്‍ണാടകയല്ല പ്രതിക്കൂട്ടില്‍

കര്‍ണാടക ഇവിടത്തെ രോഗികളെ സ്വീകരിക്കാതെ അതിര്‍ത്തികള്‍ കൊട്ടിയടച്ചപ്പോള്‍ അതിന്റെ പേരില്‍ അയല്‍ സംസ്ഥാനത്തോട് കലി തീര്‍ക്കുന്നതിലായി പലരുടെയും ശ്രദ്ധയും താല്‍പ്പര്യവും.

സത്യത്തില്‍ അവരെന്ത് പിഴച്ചു? അവര്‍ അവരുടെ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കി. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവര്‍ പെരുകിയ പ്രദേശത്ത് നിന്ന് അതിര്‍ത്തി കടന്നുവന്നവര്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്നവര്‍ ന്യായമായും ഭയപ്പെട്ടു കാണും. അതിനാല്‍ ഏത് സംസ്ഥാന സര്‍ക്കാറും സ്വാഭാവികമായും എടുക്കുന്ന മുന്‍കരുതല്‍ നടപടി മാത്രമേ അവരും എടുത്തിട്ടുള്ളൂ.

ഇവിടെ പ്രശ്‌നം സ്വന്തം സംസ്ഥാനത്തിന്റെ വീഴ്ചയായിരുന്നു. അതിന് പോരാടേണ്ടത് സ്വന്തം അധികൃതരോട് തന്നെയാണ്. അല്ലാതെ സ്വന്തം ഭരണകൂടം ഉത്തരദേശത്തെ ജനങ്ങളോട് കാണിക്കാന്‍ വൈകിയ ദയയും മാനുഷിക പരിഗണനയും അയല്‍ സംസ്ഥാനം കാണിക്കണമെന്ന് ശഠിക്കുന്നതിലെന്തര്‍ത്ഥം? തറവാടില്‍ കിടക്കാന്‍ ഇടം നല്‍കാത്ത കാരണവരെ വിട്ടു ഇറയത്ത് കയറിക്കിടക്കാന്‍ അനുവദിക്കാത്ത അയല്‍ വീട്ടുകാരോട് ശണ്ഠകൂടുന്നത് പോലുള്ള ഒരു സമീപനമായിരുന്നു, തുടക്കത്തില്‍ ഇവിടെ കണ്ടത്.

ഉക്കിനടുക്ക ഉണരുന്നു

അങ്ങനെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ട സര്‍ക്കാര്‍ ഉടനെ ഉക്കിനടുക്കത്തെ നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് ധൃതിയില്‍ തട്ടിക്കൂട്ടി ഒരു ഹോസ്പിറ്റല്‍ സൗകര്യം ഒരുക്കി. അതിനെ കോവിഡ് ഹോസ്പിറ്റലിക്കി സജജീകരിച്ചു. അത് വരെ നീണ്ട മുറവിളികള്‍ പാഴായേടത്ത് അതോടെ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി.

പുതിയ ഓഫറുകള്‍

അതിനിടയിലാണ് ജില്ലയിലെ പ്രമുഖര്‍ക്കും സമ്പന്നര്‍ക്കും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. ഓരോരുത്തരും തങ്ങളുടെ സ്വപ്ന പദ്ധതികള്‍ മാലോകരെ അറിയിച്ചു. ഇവരിലെ ഗാഢനിദ്രയിലായിരുന്ന ഈ സ്വപ്നങ്ങളെ തട്ടിയുണര്‍ത്താന്‍ കോറോണ തന്നെ വരേണ്ടി വന്നാലും സംഗതി നടന്നു കിട്ടുന്നതില്‍ ജനങ്ങള്‍ക്ക് സന്തോഷമേ കാണൂ. അത് പക്ഷെ, അയല്‍ക്കാരുടെ അറവിന് പകരം സ്വന്തക്കാര്‍ തന്നെ നീട്ടി അറക്കുന്ന അവസ്ഥ വരരുതെന്ന തേട്ടമേ അവര്‍ക്ക് കാണൂ.

ടാറ്റാ ആശുപത്രി വരുന്നു

അതിനിടയിലുണ്ട് കഴിഞ്ഞാഴ്ച പുതിയൊരു പ്രഖ്യാപനം ജില്ലാ കലക്ടര്‍ വകയായി പുറത്തു വരുന്നു. കാസര്‍കോട്ട് ടാറ്റാ വകയായി 540 കിടക്കകളുള്ള പുതിയൊരു ഹോസ്പിറ്റല്‍ വരാന്‍ പോകുന്നു. അതിന്റെ സ്ഥലവും അദ്ദേഹം തന്നെ വ്യക്തമാക്കി. ചെമനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജില്‍. 15 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഹോസ്പിറ്റല്‍ 4 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കപ്പെട്ടു.

തുടര്‍ന്നു അതിന് വേണ്ട പ്രാഥമിക നീക്കങ്ങള്‍ നടക്കവേ സ്ഥലത്തിന്റെ ചെരിവും നിരപ്പില്ലായ്മയും പ്രശ്‌നമായി വന്നു. ഈ സ്ഥലത്ത് പണി തുടങ്ങുകയാണെങ്കില്‍ ആഴ്ചകളോളം സ്ഥലം നിരപ്പാക്കാന്‍ തന്നെ വേണ്ടി വരുമെന്നും അത് പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രതിബന്ധമാകുമെന്നും ബന്ധപ്പെട്ടവര്‍ക്ക് ബോധ്യപ്പെട്ടു. അതോടെയാണ് അന്വേഷണം തൊട്ടടുത്ത മാഹിനാബാദിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ഉടമയിലുള്ള സ്ഥലത്തിലേക്ക് നീങ്ങുന്നത്.

എം ഐ സിയുടെ മണ്ണിലേക്ക്

നേരത്തേ കണ്ട് വച്ച സര്‍ക്കാര്‍ ഭൂമിക്ക് തൊട്ടടുത്ത പ്ലോട്ടാണ് എം ഐ സി യുടെ കീഴിലുള്ളത്. അത് ലഭിക്കുകയാണെങ്കില്‍ കാലവിളംബം കൂടാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്നവര്‍ അഭിപ്രായപ്പെട്ടു. അങ്ങനെയാണ് കലക്ടര്‍ എം ഐ സി അധികാരികളുമായി ബന്ധപ്പെടുന്നത്. തത്വത്തില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള വിഷയമാണെങ്കിലും വിഷയം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയ പ്രശ്‌നമായതിനാല്‍ അതിന്റെ മതപരവും സങ്കേതികവുമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ എം ഐ സി യുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും സെക്രട്ടറി യുഎം ഉസ്താദും വിഷയം സ്വീകാര്യമാണെങ്കിലും ആലോചിച്ചു മറുപടി പറയാമെന്ന നിലപാട് സ്വീകരിച്ചു.

എം ഐ സി സൊസൈറ്റി ആക്ട് പ്രകാരം രജിസ് ത്ര് ചെയ്ത ഒരു സ്ഥാപനമാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ ഭൂമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയമപരമായ ചട്ടങ്ങളുണ്ടല്ലോ. അത് കലക്ടര്‍ക്കും മറ്റു അധികൃതര്‍ക്കും അജ്ഞാതമല്ല. ലോക് ഡൗണ്‍ കാരണം മീറ്റിങ്ങ് കൂടാന്‍ പരിമിതിയുണ്ടെങ്കിലും സ്ഥാപന ഭാരവാഹികളും അംഗങ്ങളും തമ്മില്‍ കൂടിയാലോചനകളെങ്കിലും നടക്കണമല്ലോ. സമസ്ത ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനമെന്ന നിലയില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതിയും വേണം.

എന്നാല്‍ സംസാരം വെറും പ്രാഥമിക  ഘട്ടത്തിലുള്ള, കൃത്യമായ ഒരു ധാരണ രൂപപ്പെടാത്ത സമയത്താണ് പെട്ടെന്ന് കഴിഞ്ഞ 11 ന് കലക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം ജെ സി ബി യും മറ്റുമായി വന്നു വര്‍ക്ക് തുടങ്ങിയതായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. ഇത് സ്ഥാപന അധികൃതരിലും സംഘടനാ പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷവും ആശയക്കുഴപ്പവും സൃഷ്ടിക്കുക സ്വാഭാവികമാണല്ലോ.

ഇത്തരമൊരു ഘട്ടത്തിലാണ് എം ഐ സി സെക്രടറി യുഎം ഉസ്താദ് പ്രവൃത്തി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എം ഐ സി യുടെ ഗുണകാംക്ഷി കൂടിയായ കാസര്‍കോട് എം എല്‍ എ ക്ക് കത്ത് നല്‍കുന്നതും അദ്ദേഹം അത് കലക്ടര്‍ക്ക് കൈമാറുന്നതും.

ആശയ വിനമയത്തിലെ പ്രശ്‌നം

ഇതോടെ വലിയ വിവാദം ഉടലെടുത്തു. പലരുടെയും ധര്‍മ രോഷം അണപൊട്ടിയൊഴുകി. പദ്ധതി പൊളിക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്നായി സംസാരം. അതിന് ഓരോരുത്തരും ഊഹിച്ചും അനുമാനിച്ചും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ പ്രതിസ്ഥാനത്ത് നിര്‍ത്തിപ്പൊരിക്കാന്‍ ഒരുങ്ങിയിറങ്ങി. ഇതിന്റെ പിന്നില്‍ മംഗലാപുരം ലോബിയാണെന്ന് ചിലര്‍. അവര്‍ക്ക് വേണ്ടി കാസര്‍കോട് എം എല്‍ എ ചരട് വലിച്ചതാണെന്നും വരുത്തി എം എല്‍ എ ക്കെതിരിലും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരിലും വരെ വന്നു തെറിയഭിഷേകങ്ങള്‍. എം ഐ സി സെക്രട്ടറി പിന്നില്‍ നിന്ന് കളിച്ചതാണെന്ന് വേറെ ചിലര്‍. ചില ഇടനിലക്കാര്‍ പദ്ധതി പൊളിക്കാന്‍ വേലയൊപ്പാച്ചതാണെന്ന് വേറെയും ചിലര്‍.

സത്യത്തില്‍ ചെറിയൊരു ആശയ വിനിമയ വീഴ്ചയാണവിടെ സംഭവിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് വന്ന ടാറ്റാ ഉന്നതതല സംഘം ഇവിടെ ഉള്ളപ്പോള്‍ തന്നെ പണി തുടങ്ങിയതായി കാണിക്കാന്‍ ജില്ലാ അധികാരികള്‍ ധൃതി കാണിച്ചപ്പോള്‍ യഥാര്‍ത്ഥ വസ്തുത സ്ഥലം ഉടമകളുമായി ചര്‍ച്ച ചെയ്യുന്നതില്‍ വന്ന ചെറിയൊരു കാലതാമസമാണ് വലിയ കോലാഹലങ്ങള്‍ക്ക് ഹേതുവായത്. പിന്നീട് ആര്‍ ഡി ഒ യുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തെറ്റിദ്ധാരണകള്‍ നീക്കിയതോടെ പദ്ധതി മുന്നോട്ടു പോകാന്‍ അനുയോജ്യ സാഹചര്യം ഒരുങ്ങി.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംശയം കൂടി ഇവിടെ ദൂരീകരിക്കേണ്ടതുണ്ട്. ടാറ്റാ കമ്പനി ഇന്ത്യയുടെ വന്‍കിട കുത്തക കമ്പനിയല്ലേ? അവര്‍ ഇവിടെ വരുന്നത് ബിസിനസ് താല്‍പ്പര്യത്തോടെയല്ലേ? അവര്‍ക്ക് സൗകര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടവും സര്‍ക്കാറും ഇത്ര ഉല്‍സാഹം കാണിക്കുന്നതെന്തിന്? മത-ധര്‍മ സ്ഥാപനമായ എം ഐ സി യുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും?

ടാറ്റായുടെ ചാരിറ്റി സംരംഭം

സംശയം ന്യായമാണ്. എന്നാല്‍ ടാറ്റാ കമ്പനി വലിയ കുത്തക കമ്പനിയാണെങ്കിലും അവരുടെ ഈ പദ്ധതി ബിസിനസ് പദ്ധതിയുടെ ഭാഗമല്ല. മറിച്ച് അവരുടെ ചാരിറ്റി സംരംഭമായ സി എസ് ആറി (ഇീൃുീൃമലേ ടീരശമഹ ഞലുെീിശെയശഹശ്യേ) ന്റെ ഭാഗമായാണ് ഈ പ്രൊജക്ട് യാഥാര്‍ത്ഥ്യമാവുക. ഇതിന് ആവശ്യമായ കെട്ടിട - സജജീകരണങ്ങള്‍ ഒരുക്കി കേരള സര്‍ക്കാറിന് അവര്‍ കൈമാറും. പിന്നീട് അതിന്റെ നടത്തിപ്പ് ചുമതല കേരള സര്‍ക്കാരിനായിരിക്കും. ഇതിന് വേണ്ട ഭൂമി കണ്ടെടുത്ത് നല്‍കേണ്ടത് സര്‍ക്കാറായതിനാലാണ് ജില്ലാ ഭരണകൂടം എം ഐ സി യുമായി ബന്ധപ്പെട്ടു വിഷയം ചര്‍ച്ച ചെയ്തത്. അങ്ങനെ എം ഐ സി നാല് ഏക്കറോളം സ്ഥലം സര്‍ക്കാറിന് നല്‍കാനും പകരം തൊട്ടപ്പുറത്തുള്ള അത്ര തന്നെ സ്ഥലം, അതും ഹൈവേയിലേക്ക് കൂടുതല്‍ അടുത്ത് വരുന്ന സ്ഥലം എം ഐ സി ക്ക് വിട്ട് നല്‍കാനുമാണ് ധാരണയായിട്ടുള്ളത്.

കാസര്‍കോടും ടാറ്റാ ആശുപത്രിയും പിന്നെ സമസ്തയും


മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്

ഇവിടെ എം ഐ സി ക്ക് അതിന്റെ ചരിത്രപരമായ മറ്റൊരു നിയോഗം കൂടി നിര്‍വഹിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. വെറും കുറുക്കന്‍മാരും ഇഴജന്തുക്കളും താവളമാക്കായിരുന്ന ഏക്കര്‍ കണക്കിന് സ്ഥലം പ്രദേശത്തെ ധനികനും ഉദാരമതിയുമായ മൂലയില്‍ മൂസ ഹാജിയുടെ കൈവശമായിരുന്നു. അദ്ദേഹം അവിടെ സമൂഹത്തിന് ഉപകരിക്കുന്ന നല്ലൊരു പദ്ധതിക്ക് വഴിയൊരുക്കണമെന്ന സദുദ്ദേശ്യത്തോടെ ഉത്തര മലബാറിലെ സര്‍വാദരണീയനായ ഖാസി സി എം അബ്ദുല്ല മൗലവിയെ സമീപിച്ചു ആ സ്ഥലം വിട്ടുനല്‍കുന്നു.

പിന്നെ പിറന്നത് ചരിത്രം. വിഷയം സമസ്തയുടെ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന ഖാസി, കമ്മിറ്റിയില്‍ അവതരിപ്പിച്ചു. അവിടെ ഭാവിയിലേക്ക് വലായൊരു മുതല്‍കൂട്ടാക്കാന്‍ പോന്ന വിദ്യാഭ്യാസ സമുച്ചയം ഉയരണമെന്ന തീരുമാനമായി. അതിന്റെ ഭാഗമായി 1993 ല്‍ അവിടെ ചെറിയ തോതില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉദയം കൊള്ളുന്നു. തുടര്‍ന്നു പള്ളിയും അനാഥമന്ദിരവും സമന്വയ വിദ്യാഭ്യാസ കേന്ദ്രവും ആര്‍ട്‌സ് കോളേജും തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ വന്നു. അവിടം ജില്ലയിലെ അറിയപ്പെട്ട വിദ്യാ കേന്ദ്രമായി മാറി. ഖാസി 2010 ല്‍ അന്ത്യയാത്രയാകുന്നതിന് മുമ്പ് തന്നെ വളര്‍ച്ചയുടെ പ്രധാന ചവിട്ടുപടികള്‍ താണ്ടി ഉയരങ്ങളിലേക്ക് ചില്ലകള്‍ വിടര്‍ത്തി നില്‍ക്കുന്ന വടവൃക്ഷമായി അത് മാറി.

ഖാസി സി എം നഗര്‍

ഇപ്പോള്‍ അതിന്റെ ചാരത്ത് ജില്ലയിലെ ജനങ്ങള്‍ക്ക് ആതുരശുശ്രൂഷയുടെ ആശ്വാസ കേന്ദ്രം ഉയര്‍ന്നു വരാന്‍ കൂടി അതിന്റെ മണ്ണ് ഉപകരിക്കുമ്പോള്‍, അത് മര്‍ഹൂം മൂസ ഹാജിയുടെയും ഖാസി സിഎം ഉസ്താദിന്റെയും ആത്മാക്കള്‍ക്ക് വലിയ പുളകം നല്‍കുമെന്നതില്‍ സംശയമില്ല.

ഇത്തരമൊരു ഘട്ടത്തില്‍ ടാറ്റാ ആസ്പത്രി ഉയര്‍ന്ന് വരുന്ന എം ഐ സി യുടെ ഭൂമി ഉള്‍ക്കൊള്ളുന്ന സ്ഥലത്തിന് 'ഖാസി സി എം നഗര്‍ 'എന്ന പേര് നല്‍കുക വഴി ഉപയോഗശൂന്യമായി കിടന്ന ആ സ്ഥലത്തിന് ഉയര്‍ച്ചയിലേക്ക് ചിറകുകള്‍ സമ്മാനിച്ച മഹാത്മാവിന്റെ ഓര്‍മകളെ അനശ്വരമാക്കാന്‍ ശ്രമിക്കുന്നത് എന്ത് കൊണ്ടും ഭൂഷണമായിരിക്കും.

Keywords:  Article, Top-Headlines, Trending, COVID-19, hospital, MIC, Siddeeque Nadvi Cheroor, Tata hospital and Samastha
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia