city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

18 വയസ് എന്ന അതിര്‍ത്തി എന്തിനാണ്? ലൈംഗീകതയും പ്രസവവും പ്രസവിക്കാതിരിക്കാനുള്ള പോംവഴിയും എല്ലാം അതിനുമുമ്പേ അറിയുന്ന ന്യൂജന്‍സിനിടയില്‍ മാനസീകവളര്‍ച്ച എത്തണമെങ്കില്‍ 18 തികയണമെന്ന് പറയുന്നത് വിരോധാഭാസമല്ലേ? 17കാരിയുടെ സംശയങ്ങള്‍

കൂക്കാനം റഹ് മാന്‍ / (നടന്നു വന്നവഴി ഭാഗം-109)

(www.kasargodvartha.com 19.09.2019) കൗമാരക്കാരായ പെണ്‍കുട്ടികള്‍ പുരുഷന്മാരെ വല്ലാതങ്ങ് വിശ്വസിച്ചു പോവുന്നു. അപ്പുറമിപ്പുറം ചിന്തിക്കാതുള്ള വിശ്വസിക്കല്‍. കുറച്ചുകാലം മുമ്പ് എന്റെ ഒരു സുഹൃത്ത് പങ്കുവെച്ച അനുഭവം ഇക്കാര്യം തെളിയിക്കാനായി ഇവിടെ പങ്കുവെക്കുകയാണ്.

സുഹൃത്ത് ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട ഒരു കൗമാരക്കാരി പെണ്‍കുട്ടി. ഒറ്റയ്ക്കാണ് അവള്‍ യാത്ര ചെയ്യുന്നത്. ജോലി ആവശ്യാര്‍ത്ഥം ഇന്റര്‍വ്യൂവിന് പങ്കെടുക്കാനാണ്. ഒരു അയല്‍ക്കാരിയായി ചേച്ചിയുടെ കൂടെയാണ് വീടില്‍ നിന്ന് പറഞ്ഞു വിട്ടത്. പക്ഷേ ആ ചേച്ചി ഇടയ്ക്ക് അവര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങി. അടുത്ത സീറ്റിലിരിക്കുന്ന എന്റെ സുഹൃത്തുമായി പരിചയപ്പെടുത്തിയാണ് ചേച്ചി ഇറങ്ങിയത്. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെ സ്റ്റേഷനിലാണ് സുഹൃത്തിനും പെണ്‍കുട്ടിക്കും ഇറങ്ങേണ്ടത്. അപ്പോള്‍ സമയം പുലര്‍ച്ചെ മൂന്ന് മണി. സുഹൃത്തിന് പെണ്‍കുട്ടിയെ തനിച്ചാക്കി പോകാന്‍ മനോവിഷമം.

ഇരുവരും കൂടുതലൊന്നും പരിചയപ്പെട്ടിട്ടില്ല. സുഹൃത്ത് പറഞ്ഞു, 'നമുക്കൊരു ലോഡ്ജില്‍ മുറിയെടുക്കാം'..
 'അതിനെന്താ', അവളുടെ മറുപടി.

അവര്‍ ഒപ്പം മുറിയെടുത്തു. സഹോദരി എന്ന് പറഞ്ഞാണ് മുറിയെടുത്തത്. ആ സുഹൃത്ത് അറിയപ്പെടുന്ന ഒരു വ്യക്തിയായതിനാല്‍ തെറ്റുകളിലേക്കൊന്നും നീങ്ങിയില്ല. പക്ഷേ എന്തു വിശ്വാസത്തിലാണ് ആ പെണ്‍കുട്ടി കൂടുതലൊന്നും അറിയാത്ത ഒരു പുരുഷന്റെ കൂടെ പോയി? ഇവിടെയാണ് കൗമാരക്കാരായ പെണ്‍കുട്ടികളുടെ വിശ്വാസത്തെക്കുറിച്ച് ചിന്തിക്കേണ്ടത്..

കൗമാരക്കാര്‍ക്ക് ക്ലാസെടുക്കാന്‍ പോകുന്നതിനാല്‍ പല പ്രശ്‌നങ്ങളും അറിയാന്‍ ഇടയായിട്ടുണ്ട്. ഒരു വിദ്യാലയത്തില്‍ ക്ലാസ് കൈകാര്യം ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയതേ ഉളളൂ. ഒരു അപരിചിതമായ ഫോണ്‍കാള്‍ വന്നു.

 'ഒന്നു മാഷിനെ കാണണമായിരുന്നു'
'അതിനെന്താ കാണാമല്ലോ?'
'മാഷിന് എന്നെ അറിയും.. നമ്മള്‍ സമപ്രായക്കാരാണ്'
'മാഷിന്റെ സീനിയറായിട്ടാണ് ഞാന്‍ പഠിച്ചത്. പേര് കുഞ്ഞിരാമന്‍'
'ഓ മനസ്സിലായി'
ഞാന്‍ കുഞ്ഞിരാമന്റെ മുഖം ഓര്‍ത്തെടുത്തു.

'ഞാന്‍ ബസ് സ്റ്റോപ്പില്‍ വണ്ടിയുമായി കാത്തു നില്ക്കാം. നമുക്ക് വീട്ടില്‍ ഇരുന്ന് കുറച്ച് കാര്യങ്ങള്‍  സംസാരിക്കാമല്ലേ?'

'ഓ ഞാന്‍ തീര്‍ച്ചയായും വരും'

പറഞ്ഞ പ്രകാരം കൃത്യസമയത്ത് ഞാന്‍ എത്തി. ഞങ്ങള്‍ വണ്ടിയില്‍ വീട്ടിലെത്തി. വീട്ടില്‍ ഭാര്യ മാത്രമെയുള്ളൂ. മക്കളെല്ലാം പുറത്താണ്. കുറച്ച് കുടുംബ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കേ ഒരു കൗമാരക്കാരി പെണ്‍കുട്ടി ചായയുമായി ചിരിച്ചു കൊണ്ടു കടന്നു വന്നു. ഇന്നലത്തെ ക്ലാസില്‍ തന്റേടത്തോടെ കുറേ സംശയങ്ങള്‍ ചോദിച്ച കുട്ടിയാണിത് എന്ന് ഞാന്‍ ഓര്‍ത്തെടുത്തു. കുഞ്ഞിരാമന്‍ ഇടയ്ക്ക് കയറി പറഞ്ഞു. 'ഇവള്‍ എന്റെ കൊച്ചു മോള്‍.. ഇന്നലെ ഇവളുടെ സ്‌കൂളില്‍ ക്ലാസെടുത്തത് താനാണെന്ന് ഇവളാണ് പറഞ്ഞത്. സംശയം ഉണ്ടെങ്കില്‍ ചോദിക്കാന്‍ അവള്‍ക്ക് ഫോണ്‍ നമ്പറും കൊടുത്തിരുന്നല്ലോ? അങ്ങിനെയാണ് പഴയ സുഹൃത്തിനെ വിളിക്കാനും കാണാനും ഇട വന്നത്.'

അദ്ദേഹം തുടര്‍ന്നു.. 'ഇവള്‍ മിടുക്കിയാണ്. എസ്എസ്എല്‍സിക്ക് ഡിസ്റ്റിംഗ്ഷനുണ്ട്. ഇവളുടെ അച്ഛന്‍ ഗള്‍ഫിലാണ്. ഇവള്‍ അമ്മയുടെ കൂടെയാണ് താമസം. വീട് അടുത്തു തന്നെയാണ്. സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഇവള്‍ ഇവിടെ കയറും. എല്ലാ കാര്യവും പറയും. ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ് ഇടപഴകാറ്.'

ഇവള്‍ പറയുന്നു 'ഞാനൊരു ചെറുപ്പക്കാരനെ ഇഷ്ടപ്പെട്ടു.. അവന്‍ എന്നെയും'
'ഇഷ്ടപ്പെടുന്നതിന് തകരാറൊന്നുമില്ല മോളേ, പക്ഷേ മറ്റ് കാര്യങ്ങള്‍ പതിനെട്ട് വയസ്സായാലെ പറ്റൂ.'
ഇത്രയുമായപ്പോള്‍ പെണ്‍കുട്ടി എന്നോട് നേരിട്ട് സംസാരിക്കാന്‍ തുടങ്ങി. ഒരു കൂസലുമില്ലാതെയാണവളുടെ പറച്ചില്‍.

'അച്ചാച്ഛന്‍ പറയുന്നു പതിനെട്ട് വയസ്സു കഴിയട്ടേയെന്ന്.. സാറ് ഇന്നലത്തെ ക്ലാസിലും അടിവരയിട്ട് പറഞ്ഞു പെണ്‍കുട്ടികള്‍ക്ക് പതിനെട്ട് കഴിഞ്ഞേ വിവാഹിതരാവാന്‍ പറ്റൂ. അല്ലെങ്കില്‍ കേസാവും, വാളെടുക്കും എന്നൊക്കെ. എന്തിനാ സാറെ പതിനെട്ട്. പതിനെട്ടാം പടിയെന്നും, പതിനെട്ടടവും പയറ്റിയെന്നും മറ്റും പറയുന്നത് കേട്ടിട്ടുണ്ട്. അതേ പോലെയാണോ ഈ പതിനെട്ട് വയസ്സിന്റെ കാര്യവും?'

ശാരീരിക വളര്‍ച്ച ആയെങ്കിലും മാനസിക വളര്‍ച്ചയാവണമെങ്കില്‍ പതിനെട്ട് വയസ്സാവണം എന്നാണ് കാര്യമെങ്കില്‍ ഈ ആധുനിക കാലത്ത് ജീവിക്കുന്ന ന്യൂജെന്‍സ് കുട്ടികള്‍ക്ക് അറിയാത്ത ഒരു കാര്യവുമില്ല സാര്‍. ലൈംഗികതയെ കുറിച്ചറിയാം, പ്രസവത്തെക്കുറിച്ചറിയാം. പ്രസവം എപ്പോള്‍ വേണമെന്നറിയാം, ഗര്‍ഭം ധരിക്കാതിരിക്കാനുള്ള ശാസ്ത്ര കാര്യങ്ങള്‍ അറിയാം. ഇതെല്ലാം അറിഞ്ഞിട്ടും ഞങ്ങള്‍ക്ക് മാനസിക വളര്‍ച്ചയായില്ല എന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ സാര്‍?'

ഈ തന്റേടക്കാരിയുടെ വായയില്‍ തന്നെ നോക്കിയിരുന്നു പോയി. അവള്‍ കൂസലന്യേ വിണ്ടും തുടര്‍ന്നു. 'ഞാന്‍ ഒരു ഇരുപത്തിനാലുകാരനെ ഇഷ്ടപ്പെട്ടു. പതിനേഴുകാരിയായ എന്നെ അവനും ഇഷ്ടപ്പെട്ടു. ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അരുതായ്കകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു കുറ്റബോധവും ഞങ്ങള്‍ക്കില്ല. എന്റെ സുഹൃത്തിനെ പോലെ പെരുമാറുന്ന അച്ചാച്ചനോട് ഈ കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുമുണ്ട്.

പക്ഷേ അച്ഛനറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് അമ്മയും അച്ചാച്ചനും പറയുന്നു. എന്നെ മെഡിക്കല്‍ ടെസ്റ്റിനു കൊണ്ടു പോകണമെന്നും, അവനെതിരെ കേസു കൊടുക്കണമെന്നും അച്ഛന്‍ പറയുന്നുണ്ട് എന്ന് ഞാനറിഞ്ഞു. ഞാനൊരിക്കലും പ്രസ്തുത ടെസ്റ്റിന് അനുവാദം കൊടുക്കില്ല. ഞാന്‍ സ്‌നേഹിക്കുന്ന ചെറുപ്പക്കാരനെ കേസില്‍ കുടുക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കില്ല..

പ്ലസ്ടുവിന് നല്ല മാര്‍ക്കോടെ വിജയിക്കണമെന്നും, ഒരു തൊഴില്‍ കണ്ടെത്തിയേ ഞങ്ങളുടെ ജീവിതം തുടങ്ങു എന്നും ഞങ്ങള്‍ രണ്ടുപേരും ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്. ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നത് ഇത്തരം സ്‌നേഹം തുടര്‍ന്നാല്‍ പഠനത്തില്‍ ശ്രദ്ധിക്കാനാവില്ലായെന്നും നിങ്ങള്‍ വിവാഹിരാവുന്നതുവരെ പരസ്പരം കാണാതെ മാറി നില്‍ക്കണമെന്നുമാണ്.

സാര്‍.. വസ്തവത്തില്‍ ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കുകയും, സംസാരിക്കാതിരിക്കുകയും ചെയ്താലാണ് പഠനത്തില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കാതെ വരിക. പഴയപോലെ ഞങ്ങളുടെ ഇടപെടല്‍ തുടര്‍ന്നു പോയാല്‍ തീര്‍ച്ചയായും പഠനത്തില്‍ ശ്രദ്ധിക്കാനാവും. മാത്രമല്ല അവന്‍ എന്നോട് കൂടുതല്‍ കെയര്‍ കാണിക്കുകയും, പഠനത്തില്‍ സഹായിക്കുകയും ചെയ്യും. പ്രായമായ നിങ്ങള്‍ക്ക് ഇക്കാലത്തെ ന്യൂജന്‍സ്  പിള്ളേരുടെ മാനസിക നില അറിയാന്‍ പറ്റാത്തതാണ് ഞങ്ങളോട് ഇത്തരം പഴയകാല ഉപദേശങ്ങളുമായി തടയിടാന്‍ ശ്രമിക്കുന്നത്.

ഇന്നലത്തെ സാറിന്റെ ക്ലാസില്‍ ഈ സംശയം ഉന്നയിക്കണമെന്നുണ്ടായിരുന്നു. അവിടെ നിന്ന് സാധിക്കാത്തതിനാലാണ് അച്ചാച്ചനോട് പറഞ്ഞ് സാറിനെ വരുത്താന്‍ ഇടയായത്. ഞാന്‍ പറഞ്ഞതിനെക്കുറിച്ച് സാറിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്.'

'മോളേ, കുട്ടി പറഞ്ഞതെല്ലാം ഞാന്‍ ശരിവെക്കുന്നു. ഞങ്ങള്‍ പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്. നിന്നെ പോലുള്ള പെണ്‍കുട്ടികള്‍ പുരുഷന്മാരെ വല്ലാതെ വിശ്വസിച്ചു പോവുന്നു. ഒന്നോ രണ്ടോ തവണ ലൈംഗികാസ്വാദനത്തിന് ഇരുകൂട്ടരും സമ്മതത്തോടെ തയ്യാറായാല്‍ തന്നെ ക്രമേണ പുരുഷന് പെണ്‍കുട്ടികളോടുള്ള മമത കുറയും. തമ്മില്‍ വിവാഹിതരാവാം എന്നൊക്കെ വാക്കുകൊടുത്ത പല പുരുഷന്മാരും. 'ഇത്രയല്ലേയുളളൂ.' എന്ന് അനുഭവിച്ചറിഞ്ഞതിനാല്‍ പിന്‍വാങ്ങുകയും ചെയ്ത നിരവധി അനുഭവങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് നിന്നെ പോലെയുള്ള കുട്ടികളോട് ഉപദേശിക്കേണ്ടി വരുന്നത്.'

ഞാന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അവള്‍ തുടര്‍ന്നു. 'സാറെ ഇതിന്റെ ഗുണവും, ദോഷവും അനുഭവിക്കേണ്ടവര്‍ ഞങ്ങള്‍ തന്നെയല്ലേ? പിന്നെന്തിന് ഞങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു? ഇനി പതിനെട്ടു വയസു കഴിഞ്ഞാല്‍ വീട്ടുകാര്‍ മുഖേന അറേഞ്ച് ചെയ്തു നടത്തുന്ന വിവാഹം പൂര്‍ണ്ണ വിജയത്തിലെത്തുന്നുണ്ടോ? അതിനാല്‍ ഞങ്ങളെ സ്‌നേഹിക്കാന്‍ വിടുക. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം. പതിനെട്ടു വയസ്സില്‍ കടിച്ചു തൂങ്ങി ഞങ്ങളെ കഷ്ടപ്പെടുത്താതിരിക്കാനുള്ള മനസ്സെങ്കിലും രക്ഷിതാക്കള്‍ക്കും നിയമ വ്യവസ്ഥയ്ക്കും ഉണ്ടാവട്ടെയെന്നേ ഞങ്ങളേ പോലുള്ളവര്‍ക്ക് പറയാനുള്ളൂ..'

ഞാനും കുഞ്ഞിരാമനും മുഖത്തോടു മുഖം നോക്കി കുറേയിരുന്നു. രക്ഷിതാക്കള്‍ കൂടുതല്‍ ഫ്രണ്ട്‌ലി ആയതാണോ ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ വ്യവഹരിക്കാന്‍ തയ്യാറാവുന്നത്? ഒരു ഡിസ്റ്റന്‍സ് കീപ്പ് ചെയ്തു കൊണ്ട് മക്കളോട് ഇടപെടുന്നതാണോ കൂടുതല്‍ അഭികാമ്യം? എന്തും തുറന്നു പറയാന്‍ മക്കള്‍ക്കും കൊച്ചു  മക്കള്‍ക്കും അവസരം കൊടുക്കുന്നു. അവര്‍ തുറന്നു പറയുന്നു. പക്ഷേ അതിന്റെ ഗുണദോഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാവുന്നില്ല. അവരുടേതായ ന്യായങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രയാസപ്പെടുകയാണ് രക്ഷിതാക്കള്‍. വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു..

18 വയസ് എന്ന അതിര്‍ത്തി എന്തിനാണ്? ലൈംഗീകതയും പ്രസവവും പ്രസവിക്കാതിരിക്കാനുള്ള പോംവഴിയും എല്ലാം അതിനുമുമ്പേ അറിയുന്ന ന്യൂജന്‍സിനിടയില്‍ മാനസീകവളര്‍ച്ച എത്തണമെങ്കില്‍ 18 തികയണമെന്ന് പറയുന്നത് വിരോധാഭാസമല്ലേ? 17കാരിയുടെ സംശയങ്ങള്‍

Keywords: Article, Kookanam-Rahman, Love, boy, Girl, plus-two, Story of my footsteps - 109

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia