city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇങ്ങനെയും ചില പ്രണയങ്ങള്‍

(നടന്നു വന്ന വഴി - ഭാഗം-106) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 28.08.2019)
എന്നും കാറിലാണ് യാത്ര. ബൈക്കുണ്ട്, അത്യാവശ്യത്തിന് അതും ഉപയോഗിക്കും. മോഡേണ്‍ വേഷത്തിലേ പുറത്തിറങ്ങൂ. അവള്‍ക്കേറ്റവും സ്‌നേഹവും ഇഷ്ടവും അച്ഛനോടാണ്. അമ്മ ഒരു കാര്‍ക്കശ്യക്കാരിയാണ്. എന്തിനും ഒരു നിയന്ത്രണം അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്വഭാവക്കാരിയാണ് അമ്മ. അവള്‍ സൗമ്യ.. (യാഥാര്‍ത്ഥ പേരല്ല). പേരുപോലെ കാഴ്ചയില്‍ സൗമ്യയാണ്. മനോഹരിയാണ്. പക്ഷേ ഇഷ്ടപ്പെടുന്നവരെ അങ്ങേയറ്റം സഹായിക്കും. ഇഷ്ടപ്പെട്ടവര്‍ക്ക് ആരില്‍ നിന്നെങ്കിലും തെറ്റായ സമീപനമുണ്ടായാല്‍ സൗമ്യ അവരെ വെറുതെ വിടില്ല. അപ്പോള്‍ സൗമ്യ എല്ലാം മറക്കും. പറച്ചിലും പ്രവൃത്തിയും ക്രൂരതയോടെയായിരിക്കും.

ഇന്ന് സൗമ്യക്ക് ഇരുപത്തിയഞ്ച് വയസ്സായി കാണും. രണ്ട് ചെറിയ കുട്ടികളുടെ അമ്മയാണ്. പക്ഷേ പണ്ടുണ്ടായ പതിനേഴുകാരിയുടെ ഭാവവും രൂപവും തന്നെയാണിന്നും. എന്തൊക്കെയായിരുന്നു തന്റെ ജീവിതമെന്നും, ഏതൊക്കെ വഴിയിലൂടെ കടന്നുവന്നുവെന്നും തെളിച്ചുപറയാന്‍ സൗമ്യക്ക് ഭയമേതുമില്ല. തെറ്റിനെ നഖശിഖാന്തമെതിര്‍ക്കും. സ്‌നേഹത്തിനു അങ്ങേയറ്റം പ്രാധാന്യം കൊടുക്കും. അടുത്ത് ഇടപഴകിയവരെ വെറുപ്പിക്കില്ല. അവരെ എന്തു വില കൊടുത്തും സഹായിക്കാനുള്ള മനസ്സ് കാണിക്കുകയും ചെയ്യും.

അച്ഛന്‍ മികച്ച സാമ്പത്തിക ശേഷിയുള്ള വ്യക്തിയാണ്. ഇളയ കുട്ടിയെന്ന നിലയില്‍ അച്ഛന്റെ പൊന്നു മോളാണ് സൗമ്യ. മകളുടെ ഏതാഗ്രഹങ്ങളും സഫലീകരിച്ചു കൊടുക്കാന്‍ അച്ഛന്‍ സന്നദ്ധനാണ്. ചെറിയ ക്ലാസു തൊട്ടേ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങളിലാണ് പഠനം നടത്തിയത്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അവളുടെ ജീവിത വഴിത്താരയില്‍ പുതിയ മാറ്റങ്ങള്‍ കാണാനിടയായത്.

ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ്. എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന റാങ്ക് നേടും. പക്ഷേ ആ നാട്യമൊന്നും അവള്‍ക്കില്ല. സമ്പന്നതയുടെ മടിത്തട്ടിലാണ് വളരുന്നതെങ്കിലും വലിപ്പ-ചെറുപ്പമില്ലാതെ  സഹപാഠികളെയൊക്കെ അകം നിറഞ്ഞ് സ്‌നേഹിക്കുകയും, ഉള്ളറിഞ്ഞ് സഹായിക്കുകയും ചെയ്യും. ക്ലാസില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൂട്ടുകാര്‍ക്ക് സൗമ്യ സഹായഹസ്തവുമായി എത്തും. അവര്‍ ചോദിക്കാതെ ആവശ്യപ്പെടാതെ തന്നെ സൗമ്യ സഹായം ചെയ്തു കൊടുക്കും.

ക്ലാസില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കൂട്ടുകാരെ അക്കാര്യത്തിലും സൗമ്യ സഹായിക്കും. ഇതെല്ലാം കൊണ്ട് ക്ലാസ്‌മേറ്റുകളൊക്കെ സൗമ്യയെ വല്ലാതെ ഇഷ്ടപ്പെട്ടു പോയി. കൂട്ടുകാര്‍ തെറ്റു ചെയ്താല്‍ സൗമ്യ വഴക്കു പറയും. എല്ലാവരും നന്മയിലേക്കെത്തണമെന്നേ സൗമ്യക്ക് ആഗ്രഹമുള്ളൂ.

ക്ലാസിലൊരു ആണ്‍കുട്ടിയുണ്ട്. അധ്യാപകര്‍ നിര്‍ദേശിക്കുന്ന ഒരു കാര്യവും അവന്‍ ചെയ്യില്ല. സഹദേവന്‍   (യാഥാര്‍ത്ഥ പേരല്ല) എന്ന സുഹൃത്തിനെ ശരിയാക്കിയെടുക്കാന്‍ പറ്റുമോ എന്നൊരു ശ്രമം സൗമ്യ നടത്തി നോക്കി. ക്ലാസില്‍ ടീച്ചര്‍മാര്‍ അസൈന്‍മെന്റ് കൊടുത്താല്‍ അതും അവന്‍ ചെയ്യില്ല. സൗമ്യ അവനെ സഹായിക്കാന്‍ അവന്റെ നോട്ട് ബുക്കുകള്‍ പൂര്‍ത്തിയാക്കി കൊടുക്കും. അസൈന്‍മെന്റെ് സഹദേവന് വേണ്ടി സൗമ്യ ചെയ്തു കൊടുക്കും.

സഹദേവന് പുറത്തും കുറേ കൂട്ടുകാരുണ്ടെന്ന് സൗമ്യക്ക് അറിയാം. അവന്റെ നോട്ടു ബുക്കുകളുടെ ആദ്യ പേജുകളിലൊക്കെ മനോഹര കളറില്‍ ലൗ ചിഹ്നത്തോടൊപ്പം എസ് & എസ് എന്ന് ഇംഗ്ലീഷ് അക്ഷരത്തില്‍  എഴുതി വെച്ചിട്ടുണ്ട്. ഇത് കണ്ടപ്പോള്‍ അവള്‍ക്ക് സംശയമായി.

'ഇതെന്താടാ നിന്റെ നോട്ടു ബുക്കിലൊക്കെ എസ് & എസ് എന്ന് എഴുതി വെച്ചിരിക്കുന്നത്?'

'അത് നമ്മുടെ രണ്ടാളുടെയും പേരിന്റെ ആദ്യക്ഷരമല്ലേ?' അവന്‍ പറഞ്ഞു. 'എടാ അത് നീ മനസ്സില് വെച്ചേക്ക്, നാളെ വരുമ്പോള്‍ ആ പേജ് എല്ലാ നോട്ട് ബുക്കുകളില്‍ നിന്നും പറിച്ചു കളയണം. അല്ലെങ്കില്‍ എന്റെ സ്വഭാവം മാറും', അവളുടെ വാക്കു കേട്ടപ്പോള്‍ തന്നെ അങ്ങിനെ ചെയ്‌തോളാം എന്ന് വാക്കു കൊടുത്തു.

സൗമ്യക്ക് അവനോട് കൂടുതല്‍ അടുപ്പം തോന്നി. ഒരു ദിവസം ക്ലാസില്‍ വന്ന സഹദേവന്റെ കണ്ണുകള്‍ ചുവന്ന് തുടുത്തിട്ടുണ്ട്. അതിന്റെ കാരണമന്വേഷിച്ച സൗമ്യയോട് അവന്‍ സത്യം പറഞ്ഞു.
'ഞാനിന്ന് എന്റെ കൂട്ടുകാരനൊപ്പം പോയി അല്പം മദ്യപിച്ചു'
'ആരാ നിന്റെ കൂട്ടുകാരന്‍? അവന്റെ ഫോണ്‍ നമ്പര്‍ തന്നാട്ടെ.'
'അത്.. അത് മോഹന്‍ദാസ് അവന്‍ ഗള്‍ഫിലാ.. ഇന്നലെ വന്നതേയുള്ളൂ. അവന്റെ നമ്പര്‍ ഇതാ' എന്ന് പറഞ്ഞ് ഒരു തുണ്ടം കടലാസില്‍ ഫോണ്‍ നമ്പര്‍ എഴുതി സൗമ്യക്കു കൊടുത്തു..

സൗമ്യ വിട്ടില്ല. പ്രസ്തുത ഫോണ്‍ നമ്പറില്‍ തന്റെ ക്ലാസ്‌മേറ്റിനെ തെറ്റുകളിലേക്ക് നയിക്കുന്നവനെ ഒന്നു ഭയപ്പെടുത്താന്‍ നോക്കി. നല്ല തെറിവിളിയോടെ തുടങ്ങി. പിന്നെ പിന്നെ പുളിച്ചതെറിയായി. പക്ഷെ മറുഭാഗത്ത് നിന്ന് 'കമാ' എന്നൊരക്ഷരം മറുപടിയായി കിട്ടിയില്ല. സഹദേവന്‍ കൊടുത്ത നമ്പര്‍ മോഹന്‍ദാസിന്റേതല്ലായിരുന്നു. അവന് മനസ്സില്‍ തോന്നിയ ഒരു നമ്പറാണ് കൊടുത്തത്. അത് അഖിലേഷ്  (യാഥാര്‍ത്ഥ പേരല്ല) എന്ന് പേരായ ഒരു വ്യക്തിയുടേതായിരുന്നു.

'നിങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കാന്‍ നടക്കുന്ന തെമ്മാടിയാണല്ലേ? എന്റെ ക്ലാസ്‌മേറ്റ് സഹദേവനെ വെള്ളമടിക്കാന്‍ കൂട്ടിക്കൊണ്ടു പോയ മാടമ്പിത്തരത്തിന് മാപ്പു തരാന്‍ പറ്റില്ല. ഇത്തരം നാറിയ പണി നിര്‍ത്തിയില്ലെങ്കില്‍ നിന്നെയൊക്കെ എന്തു ചെയ്യണമെന്നെനിക്കറിയാം തെണ്ടി.'

ഇത്തരം അറപ്പും വെറുപ്പും കേട്ടിട്ട് പ്രതികരിക്കാത്തപ്പോള്‍ സൗമ്യ വിണ്ടും അലറി പറഞ്ഞു 'നിന്റെ നാവ് താണു പോയോ? ഇതാവര്‍ത്തിക്കില്ലെന്ന് പറയടോ.'

പക്ഷേ മറുതലക്കലെ മറുപടി ഇങ്ങനെ
'എനിക്ക് നിങ്ങളെവിടെയാണെന്നോ, ആരാണെന്നോ, എന്തു ചെയ്യുന്നു എന്നോ അറിയില്ല. എങ്കിലും താങ്കള്‍ വിവാഹം കഴിക്കാത്ത പെണ്‍കുട്ടിയാണെന്ന് ഞാന്‍  വിശ്വസിക്കുന്നു. ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കുകയാണെങ്കില്‍ നിങ്ങളെ മാത്രമെ ഞാന്‍ വിവാഹം ചെയ്യൂ. മറ്റൊന്നും കൊണ്ടല്ല തന്റെ ക്ലാസ്‌മേറ്റിന് വേണ്ടി, അവനെ തെറ്റിലേക്ക് പോവുന്നതിനെ ചെറുത്ത് തോല്പിക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ നല്ല മനസ്സിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. നമ്മുക്ക് കാണാം.'

സൗമ്യക്കും അത്ഭൂതം തോന്നി. ഇയാള്‍ പറയുന്നത് വിശ്വസിക്കാമോ? എന്നെ കളിപ്പിക്കാനാവുമോ? ഇടയ്ക്ക് എപ്പോഴെങ്കിലും അഖിലേഷ് വിളിക്കും. സൗമ്യ ഗൗരവം വിടാതെ മറുപടി നല്‍കും. ക്ലാസ്‌മേറ്റ് സഹദേവനോട് ഇക്കാര്യം പങ്കുവെച്ചു. സഹദേവനും അഖിലേഷും പരസ്പരം ബന്ധപ്പെടാന്‍ തുടങ്ങി. മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. പഠനം പൂര്‍ത്തിയാക്കി എല്ലാവരും പലവഴിക്കും യാത്രയായി.
സൗമ്യ പഠിക്കാന്‍ ബെംഗളൂരുവിലേക്ക് പോയി. അഖിലേഷ് മുടങ്ങാതെ വിളി തുടങ്ങി. സൗമ്യക്കും എന്തോ ഒരു ഇഷ്ടം അയാളോട് തോന്നിത്തുടങ്ങി. ആദ്യമാദ്യം ദേഷ്യത്തോടെയും, തെറിവിളികളോടെയും തുടങ്ങിയ സംഭാഷണം ക്രമേണ സ്‌നേഹമയമാവാന്‍ തുടങ്ങി. രണ്ടു വ്യത്യസ്ത സ്വഭാവക്കാര്‍ തമ്മില്‍ വേര്‍പിരിയാന്‍ കഴിയാത്ത അടുപ്പത്തിലായി. അവര്‍ ഒന്നിച്ച് ജീവിതമാരംഭിക്കാന്‍ തീരുമാനിച്ചു. ജീവിതം ഇപ്പോള്‍ സുഖസുന്ദരമായി മുന്നോട്ടു പോവുന്നു.

സൗമ്യയെ ആരും ഇഷ്ടപ്പെട്ടു പോവും. എല്ലാം തുറന്നു പറയും. കോളജ് പഠനകാലത്തും, കുടുംബ ജീവിതമാരംഭിച്ച കാലത്തും കൂട്ടുകാരൊന്നിച്ച് കൂട്ടുകൂടി സിഗരറ്റ് വലിച്ചതും, ലഹരി കൂടുതല്‍ ഇല്ലാത്ത ഡ്രിങ്ക്‌സ്  ഉപയോഗിച്ചതും ഒക്കെ പറയും. ഈ തുറന്നുപറച്ചില്‍ സൗമ്യയെ മറ്റുള്ള പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയാക്കുന്നു. ജീവിത യാത്രയിലുണ്ടാകുന്ന കാറ്റിലും കോളിലും പെട്ട് ജീവിതത്തിന് ഉലച്ചില്‍ തട്ടാതെ കടന്നുപോകാന്‍ ഈ ധൈര്യവതിക്ക് കഴിയട്ടെയെന്ന് ആശിക്കാം.   

ഇങ്ങനെയും ചില പ്രണയങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kookanam-Rahman, Article, Love, Story of my footsteps - 106.  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia