city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഹ്ലാദത്തോടെ ജീവിതം ആസ്വദിച്ചവരായിരുന്നു പണ്ടുള്ളവര്‍

നടന്നുവന്ന വഴി (ഭാഗം 104) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 01.08.2019)
പഴയകാല അമ്മമാരേയും സഹോദരിമാരെയും എന്നും ഓര്‍മിക്കും. അവരുടെ കര്‍മ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടത് ഇന്നിന്റെ തലമുറക്കാവശ്യമാണ്. 1960-70 കാലഘട്ടത്തില്‍ എനിക്കോര്‍മ വെച്ചനാളുകളിലെ സ്ത്രീ ജന്മങ്ങള്‍ പരിഭവവും പരാതിയുമില്ലാത്തവരായിരുന്നു. പരസ്പര സ്‌നേഹത്തില്‍ കഴിഞ്ഞവരായിരുന്നു അവര്‍. ഏത് തൊഴില്‍ ചെയ്യുന്നതിനും വിമുഖതയില്ലാത്തവര്‍. പച്ചയായ മനുഷ്യര്‍. ഈര്‍ഷ്യയും വൈരാഗ്യവും തൊട്ടുതീണ്ടാത്തവര്‍. അവരാണ് കുടുംബത്തിലേക്ക് അന്നമെത്തിക്കുന്നവര്‍, അവരാണ് കുടിലുകള്‍ നിര്‍മിക്കാന്‍ പെടാപാട് പെട്ടവര്‍, അവരുടെ വസ്ത്രധാരണം എളിമയുടേതായിരുന്നു.

ഇക്കാര്യങ്ങള്‍ പച്ച പരിഷ്‌ക്കാരികളായ വര്‍ത്തമാനകാല സ്ത്രീകള്‍ ഓര്‍ക്കണം. തുല്യതയ്ക്കും ഭരണമേറാനും, വേണ്ടി വാദിച്ചു നടക്കുന്നവര്‍ പഴയകാല സഹോദരിമാര്‍ അനുഭവിച്ച തുല്യതയും സൗഹൃദവും സമാധാനവും എങ്ങിനെ കൈവരിച്ചു എന്നറിയണം? അതിന് ഒന്നും ചെയ്തില്ല അവര്‍. പരസ്പരം സഹകരിച്ചും സഹിച്ചും മുന്നേറി. വയലേലകളില്‍ പുരുഷന്മാര്‍ മണ്ണൊരുക്കി കൊടുത്താല്‍ പിന്നീടുള്ള പണിയെല്ലാം സ്ത്രീകളാണ്.

ആഹ്ലാദത്തോടെ ജീവിതം ആസ്വദിച്ചവരായിരുന്നു പണ്ടുള്ളവര്‍

കട്ട ഉടക്കല്‍, ഞാറു നടല്‍, കളപറിക്കല്‍, വിളഞ്ഞ നെല്ല് കൊയ്യല്‍, കറ്റകെട്ടി തലച്ചുമടായി വീട്ടുമുറ്റത്തെത്തിക്കല്‍, കറ്റ മെതിക്കല്‍, നെല്ലും പതിരും വേര്‍തിരിക്കല്‍, നെല്ല് പുഴുങ്ങി ഉണക്കിയെടുത്ത്, കുത്തി അരിയാക്കി മാറ്റല്‍, ചോറും കറിയും പാകം ചെയ്യല്‍, അടുപ്പ് കൂട്ടി തീ ഊതി പ്രയാസപ്പെട്ട് ഭക്ഷണം ഉണ്ടാക്കിത്തന്ന അന്നത്തെ അമ്മമാരെ നമ്മള്‍ നമിക്കേണ്ടെ? ഇന്നുളള പെണ്‍പിറന്നോര്‍ ഇവിടെ സൂചിപ്പിച്ച എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും, എങ്ങിനെയാണ് ചെയ്യുന്നതെന്നും നമ്മള്‍ക്കറിയാമല്ലോ?

ഇത്തരത്തില്‍ ഭക്ഷണമൊരുക്കിത്തരുന്ന അമ്മമാര്‍ തന്നെയാണ് വീടൊരുക്കാനും മുന്നിലുണ്ടായിരുന്നത്. ഇന്നത്തെ കൊട്ടാരങ്ങളല്ല; അന്നത്തെ പുല്ലുമേഞ്ഞ കുടിലുകളുടെ കാര്യമാണ് പറയുന്നത്. വര്‍ഷകാലത്തിനുമുമ്പ് ഓലപ്പുരകള്‍ ഒന്നു മിനുക്കികെട്ടും. അതിനുള്ള തെങ്ങോല മടല്‍ ഉപയോഗിച്ച് ഓലമെടയും, കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് വീട് മേയാനുളള നെയ്പുല്ല് അരിഞ്ഞെടുത്ത് ചുമന്ന് പറമ്പിലെത്തിക്കും. ഇത്രയും സൗകര്യമൊരുക്കി ക്കൊടുത്താല്‍ ആണുങ്ങള്‍ ഓല കെട്ടുകയും, പുല്ല് മേയുകയും ചെയ്യും. സ്ത്രീയും പുരുഷനും ഒപ്പം നിന്ന് കാര്യം സാധിച്ചെടുക്കുന്നു. പരസ്പര പരാതിയില്ല, പരിഭവമില്ല. തുടര്‍ന്ന് വീടിനകം ചാണകം മെഴുകി വൃത്തിയാക്കുന്ന പണിയും സ്ത്രീകള്‍ക്കു തന്നെ.

പഴയ പെണ്ണുങ്ങളുടെ വസ്ത്രധാരണ രീതിയും ലളിതവും ആഡംബര രഹിതവുമായിരുന്നു. ഒരണപുടവ എന്ന് പറയുന്ന ഡബിള്‍പുടവ. അത് മുട്ടിനു താഴെ വരെ മാത്രമേ എത്തൂ. പലരും മാറ് മറക്കാറില്ല, ചിലര്‍ മുലക്കച്ചകെട്ടും, മാലയും, താലിയും, കമ്മലും ഒന്നുമില്ല, എത്ര സുന്ദരമായിരുന്നു അവരുടെ ശരീരം. നെയ് വടിച്ചെടുക്കാന്‍ പറ്റുന്ന ശരീര പ്രകൃതിയായിരുന്നു അവരുടേത്. ഒരു സുഖക്കേടും അവരുടെ അടുത്തു പോലും കടന്നുവരില്ല.

ചുമട് എടുക്കാനും പെണ്ണുങ്ങള്‍ തയ്യാറായിരുന്നു അന്ന്. ഗ്രാമങ്ങളിലുളള പീടികകളിലേക്ക് ടൗണില്‍ ചെന്ന്  സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുവന്ന കാലമുണ്ടായിരുന്നു. അമ്പത് - അറുപത് കിലോവരെ ഭാരമുള്ള പല വ്യഞ്ജന സാധനങ്ങള്‍ ചാക്കുകളില്‍ കെട്ടി നാലോ അഞ്ചോ പെണ്ണുങ്ങള്‍ വയലിലെ നടവരമ്പുകളിലൂടെയും ഇടവഴികളിലൂടെയും നടന്നു വരുന്ന കാഴ്ച ഇന്നും സ്മൃതി പഥത്തില്‍ നിന്നുമാഞ്ഞില്ല. കാട്ടില്‍ ചെന്ന് വിറക് ശേഖരിച്ച് സ്ത്രീകള്‍ തലച്ചുമടായി ഒന്നിച്ച് വരുന്നതും സുന്ദര കാഴ്ചയായിരുന്നു. വിറക് കെട്ടുന്നതിന്നും പ്രത്യേക സ്റ്റെയിലുണ്ടായിരുന്നു. മുന്‍വശം കൂര്‍ത്തും, പിറകു വശം വീതി കൂട്ടിയുമാണ് വിറക് കെട്ടുണ്ടാക്കുന്നത്. നടത്തത്തിന് വേഗം കിട്ടാനായിരുന്നു ഈ രീതി സ്വീകരിച്ചത്.

പഴയകാലത്ത് ഗ്രാമതലത്തിലെ പാവപ്പെട്ട കുടുംബത്തിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ അധ്വാനിച്ചത് സ്ത്രീകളായിരുന്നു. പക്ഷേ കുടുംബ ഭരണത്തില്‍ സ്ത്രീകള്‍ക്കായിരുന്നു നേതൃത്വം. നെല്ലിട്ട പത്തായത്തിന്റെ താക്കോല്‍ കുടുംബ നാഥയുടെ അരഞ്ഞാണത്തില്‍ സുരക്ഷിതമായിരുന്നു. വെല്ലമുപയോഗിച്ച് റാക്ക് വാറ്റുന്നതും, പറങ്കിമാങ്ങാ സീസണായാല്‍ മാങ്ങാ ഇടിച്ച് പിഴിഞ്ഞ് റാക്കുണ്ടാക്കുന്നതും സ്ത്രീകള്‍ തന്നെയായിരുന്നു. ഇതൊരു കുടില്‍ വ്യവസായം പോലെ കൊണ്ടു നടത്തിയതും സ്ത്രീകളായിരുന്നു. തെങ്ങ് ചെത്തുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍ കള്ളുപയോഗിച്ച് ചക്കര ഉണ്ടാക്കുന്നതും, അതുവില്‍ക്കാനായി ഗ്രാമ ചന്തകളില്‍ എത്തിക്കുന്നതും സ്ത്രീകള്‍ തന്നെ.

മത്സ്യവില്‍പനയിലും സജീവമായിരുന്നു പെണ്ണുങ്ങള്‍. മീന്‍കൊട്ട തലയിലേറ്റി ഗ്രാമങ്ങളിലെ വീടുവീടാന്തരം കയറിയിറങ്ങി മീന്‍ വില്പന നടത്തിയതും ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഗ്രാമീണരില്‍ പലരും മീന്‍ വാങ്ങിയാല്‍ പകരം നല്‍കുന്നത് നെല്ല്, തേങ്ങ തുടങ്ങിയ ഉല്‍പന്നങ്ങളായിരുന്നു. ഒരു ബാര്‍ട്ടര്‍ സിസ്റ്റം എന്ന് പറയാം. രാത്രി ഏറെ വൈകിയേ മീന്‍ വില്‍പന കഴിഞ്ഞ് തിരിച്ചു പോകാന്‍ പറ്റൂ. കയ്യില്‍ ഒരു ചൂട്ടുമായി ഏറെ ദൂരം താണ്ടി വേണം അവരുടെ കുടിലുകളിലെത്താന്‍. ഇരുട്ടത്ത്, ഇടവഴിയിലൂടെയും കുന്നിന്‍ ചെരിവിലൂടെയും ഒറ്റയ്ക്ക് നടന്നു പോകുന്ന മീന്‍കാരി പെണ്ണുങ്ങളെ ആരും ദ്രോഹിച്ചിരുന്നില്ലായെന്നു കൂടി ഓര്‍ക്കണം.

ഇങ്ങിനെയൊക്കെ കഠിനാധ്വാനം ചെയ്തും പുരുഷന്മാരേക്കാള്‍ പണിയെടുക്കുകയും ചെയ്തിരുന്ന അക്കാലത്തെ പെണ്ണുങ്ങള്‍ മാനസിക സംതൃപ്തിയോടെയാണ് ജീവിച്ചുവന്നിരുന്നത്. കാലം മാറി അറിവും, കഴിവും, നേടിയ സ്ത്രീകള്‍ ഞങ്ങളുടെ മുന്‍തലമുറയില്‍ പെട്ട സ്ത്രീകള്‍ സ്വതന്ത്രമായി ചിന്തിക്കാത്ത പ്രതികരിക്കാത്തവരായിരുന്നു എന്ന വിലയിരുത്തലാണ് നടത്തുന്നത്.

ഈ ചിന്ത ഔചിത്യപുര്‍വ്വമാണോ എന്ന് ആലോചിക്കേണ്ടതാണ്. കഴിഞ്ഞകാല സ്ത്രീവര്‍ഗ്ഗം അടിമകളെ പോലെ ജീവിച്ചവരല്ല; ആഹ്ലാദത്തോടെ ജീവിതം ആസ്വദിച്ചവരാണ്. അന്നവര്‍ക്ക് അത്രയേ വേണ്ടിയിരുന്നുള്ളു. ഭക്ഷണം കഴിക്കണം. കിടന്നുറങ്ങാന്‍ ഒരു കൂര വേണം ഉടുക്കാന്‍ ആവശ്യത്തിന് മാത്രം വസ്ത്രം വേണം. ഇന്നോ?

ഇന്ന് ജീവിതരീതി മാറി; മാനസികോല്ലാസത്തിന് വിവിധങ്ങളായ സൗകര്യങ്ങള്‍ വേണമെന്ന നില വന്നു. കഠിനമായി അധ്വാനിക്കാനുള്ള മാനസികാവസ്ഥയ്ക്ക് മാറ്റം വന്നു. കുടുംബത്തിലും, സമൂഹത്തിലും, ഉയര്‍ന്ന പദവി ലഭിക്കണമെന്ന മോഹം വന്നു. പഴയ സാംസ്‌ക്കാരിക നിലവാരത്തില്‍ നിന്ന് ഉയര്‍ന്ന സാംസ്‌ക്കാരിക നിലവാരത്തില്‍ സമൂഹം മൊത്തം ഉയര്‍ത്തെണീറ്റപ്പോഴാണ്, തുല്യത ഇല്ലായെന്ന തോന്നലും, തുല്യജോലിക്ക് തുല്യ വേതനം എന്ന ചിന്തയും, പുരുഷന്മാരെ പോലെ അധികാര പദവികള്‍ ഞങ്ങള്‍ക്ക് വേണമെന്ന ആഗ്രഹവും സ്ത്രീ മനസ്സുകളില്‍ ഉടലെടുത്തത്.

ഇത് കൊണ്ടൊക്കെയല്ലേ സമൂഹത്തില്‍ സ്വസ്ഥത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്? മാറ്റം വേണം. പക്ഷേ കലഹത്തിലും, കോലാഹലത്തിലും സ്ത്രീ-പുരുഷ സമത്വ വാദികള്‍ ചെന്നത്തരുത്. പഴയതു പോലെ ഇക്കാലത്തിനനുസൃതമായി സ്ത്രീയു പുരുഷനും കുടുംബാന്തരീക്ഷത്തില്‍ ഒപ്പം നിന്ന്, പരിഭവവും പരാതിയുമില്ലാതെ ജീവിച്ചു പോവുന്ന അവസ്ഥ ഉണ്ടാക്കിയെടുത്താല്‍ മൊത്തം സമൂഹത്തിന് തന്നെ അത് ഗുണകരമായിഭവിക്കില്ലേ?..


Keywords:  Article, Kookanam-Rahman, Story of my footsteps - 105.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia