city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രം സൃഷ്ടിച്ച ലിഫ്റ്റിന്റെ കഥ

ചരിത്രം സൃഷ്ടിച്ച ലിഫ്റ്റിന്റെ കഥ
വിശ്വവിഖ്യാതമായ മൂക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ പുകള്‍പെറ്റ കഥകളിലൊന്നാണ്. ബഷീറിന്റെ ഓരോ കഥകളും ഇങ്ങനെ ചരിത്രം സൃഷ്ടിച്ച കൃതികളാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ തന്നെ അത്യത്ഭുതം പരത്തികൊണ്ട് ഒരു ലിഫ്റ്റ് കാസര്‍കോട്ട് നിന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ച് ഇതിന്റെ കേളികള്‍ ഏഴാം കടലിനക്കരെ പോലും എത്തിച്ചുകഴിഞ്ഞു. ഈ ലിഫ്റ്റ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി വിശേഷിപ്പിക്കപ്പെട്ടാല്‍ തെറ്റില്ല.

പുനലൂരില്‍ ഒരുതൂക്കുപാലമുണ്ട്. പുഴയുടെ ഇരുകരകളില്‍ നാലു കിണറുകള്‍ക്കുള്ളില്‍ കൊളുത്തിയിട്ട കൂറ്റന്‍ ഇരുമ്പ് ചങ്ങലയില്‍ ഘടിപ്പിച്ചാണ് പാലത്തിന്റെ നില്‍പ്പ്. ഈ പാലത്തിന്റെ ഗതി ഇപ്പോള്‍ നമ്മുടെ കഥയിലെ ലിഫ്റ്റിന്റെ ഗതിതന്നെയാണ്. തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ പത്മതീര്‍ത്ഥത്തിന് എതിര്‍വശമായി ഒരു നാഴികമണിയുണ്ട്. മേത്തന്‍മണിയെന്നാണ് ഇതിന്റെ പേര്. ഈ മണിക്കും നമ്മുടെ ലിഫ്റ്റിന്റെ ഗതിതന്നെയാണ്. ഇതോടെ നമ്മുടെ കഥയിലെ ലിഫ്റ്റ് ഏതാണെന്ന് മനസിലാക്കാം. അത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റാണ്. ഈ ലിഫ്റ്റ് ഇന്ന് അനന്തപുരി മുതല്‍ ഇങ്ങു വടക്ക് തലപ്പാടി വരെയും അതിനപ്പുറവും ഓണ്‍ലൈന്‍ വാര്‍ത്തകളിലൂടെ ലോകമെങ്ങും അറിയപ്പെട്ടു കഴിഞ്ഞു.

ജനറല്‍ ആശുപത്രി കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ആരോഗ്യമന്ത്രിയായിരുന്ന നമ്മുടെ ശ്രീമതിഅമ്മ(ഗൗരിയമ്മ വിഷമിക്കരുത്) നാട്ടുകാര്‍ക്ക് തുറന്ന് കൊടുത്തതാണ്. കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ജനറല്‍ആശുപത്രി നഗരപാലിക നിയമപരിധിയില്‍ വരില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ തന്നെ ഇതിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. കുന്നുകളാല്‍ സമ്പന്നമായ നഗരമാണ് കാസര്‍കോട്. പല കുന്നുകളും ഇടിച്ച് നിരത്തിയിട്ടുണ്ടെങ്കിലും ആശുപത്രി നില്‍ക്കുന്ന കുന്നില്‍ മാത്രം ജെസിബി ഇരമ്പി ഇറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ കുന്നിന്റെ നിറുകയിലാണ് പഴയ ധര്‍മ്മാശുപത്രിയുടെ അടുക്കള ഇടിച്ച് നിരത്തി എട്ട് നിലയില്‍ കൂറ്റന്‍ കെട്ടിടം പണിതുയര്‍ത്തിയത്. താജ്മഹല്‍ നിര്‍മ്മാണത്തിനെടുത്ത കാലത്തേക്കാള്‍ ഇരട്ടികാലം ജനറല്‍ ആശുപത്രി നിര്‍മ്മാണത്തിന് വേണ്ടി വന്നു. ആഴ്ചയിലോരോ കരാറുകാരാണ് നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയ ഭാഗ്യവാന്മാര്‍. ഒടുവില്‍ ഇത് ജനങ്ങള്‍ തുറന്ന് കൊടുക്കാനുള്ള മഹാഭാഗ്യം എല്‍ഡിഎഫ് സര്‍ക്കാരിനും നമ്മുടെ ശ്രീമതിഅമ്മയ്ക്കും കരഗതമായിയെന്നത് അതിലും വലിയ ഭാഗ്യം.

ഇനി നമ്മുടെ ലിഫ്റ്റിലേക്ക് കടക്കാം. ജനറല്‍ ആശുപത്രി തുറന്നിട്ട് അഞ്ച് ആണ്ട് പിന്നിട്ടു. എന്നാല്‍ ഇവിടുത്തെ ലിഫ്റ്റ് അഞ്ച് മാസം പോലും നേരേചൊവ്വേ പ്രവര്‍ത്തിച്ചിട്ടില്ല. ഇതിന് ആരെ കുറ്റം പറയും. ശ്രീമതി അമ്മയെ പറയാനാകുമോ. ഇന്നത്തെ ആരോഗ്യമന്ത്രി വി. എസ് ശിവകുമാറാണോ കുറ്റക്കാരന്‍? അതുമല്ല. പിന്നെ ആര്? അതാണ് ആര്‍ക്കും തിട്ടമില്ലാത്തത്. ആശുപത്രി സൂപ്രണ്ടും ഇവരെയെല്ലാം നിയന്ത്രിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും പോരാത്തതിന് ആശുപത്രി വികസന സമിതിയുമുണ്ട്. ആശുപത്രി ഭരണത്തിന്റെ താക്കോല്‍ ജില്ലാ കലക്ടറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അദ്ദേഹത്തിനാണെങ്കില്‍ ജില്ലയിലെ നൂറിലേറെ സമിതികളുടെ ചുമതലയുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തെയും ലിഫ്റ്റ് കേടായതിന് കുറ്റം പറയാനാകില്ല. പത്രക്കാരും മറ്റും നിരന്തരം കയറിയിറങ്ങുന്ന ഇടമാണിവിടെ. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് നിന്നുപോകുന്നത് ഒരു സ്‌കൂപ്പല്ലാത്തതുകൊണ്ട് അവരും റൗണ്ട്‌സ് കഴിഞ്ഞ് പേരിനൊരു ലിഫ്റ്റ് വാര്‍ത്തയും തട്ടും. ഇങ്ങനെ എല്ലാവരുടെയും തട്ടലും മുട്ടലുംകൊണ്ട് ലിഫ്റ്റ് അശരണര്‍ക്ക് ഒരു ലിഫ്്റ്റില്ലാതായി മാറികഴിഞ്ഞു.

ഇടക്കിടെ പണിമുടക്കുന്ന ലിഫ്റ്റിന്റെ കഥകേട്ട് ജനം മൂക്കത്ത് വിരല്‍വെച്ചിരിക്കുകയാണ്. കാസര്‍കോട് നഗരത്തില്‍ ആദ്യം ലിഫ്റ്റ് സജ്ജമാക്കിയ കെട്ടിടം ട്രാഫിക് ജംഗ്ഷനിലെ എവറസ്റ്റ് ടൂറിസ്റ്റ് ഹോമാണ്. നിത്യഹരിത നായകന്‍ നമ്മുടെ പ്രേംനസീര്‍ ഉദ്ഘാടനം ചെയ്ത നഗരഹൃദയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടമാണിത്. 70കളുടെ ആദ്യപാദത്തില്‍ തുറന്ന എവറസ്റ്റിലെ ലിഫ്റ്റ് ഇന്നും കുട്ടപ്പനായി പ്രവര്‍ത്തിക്കുന്നു. പക്ഷേ ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് മാത്രം നിത്യരോഗിയായി കഴിഞ്ഞു. മരണാസന്നരുടെ കാര്യം പോകട്ടെ, മരിച്ചവരുടെ മൃതദേഹം പോലും ബഹുനില കെട്ടിടത്തില്‍ നിന്ന് താഴത്തെ നിലയിലെത്തിക്കാനുള്ള ദൗത്യം മറ്റൊരു മരണവെപ്രാളമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പാവപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ കഷ്ടപ്പെട്ട് നിലത്തെത്തിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയത്. ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന് ആരാണ് കുറ്റക്കാര്‍. നമ്മള്‍ ജനം തന്നെ, ജനത്തെ നയിക്കാന്‍ രാഷ്ട്രീയ നേതൃത്വമുണ്ട്. എം.എല്‍എയുണ്ട്, എംപിയുണ്ട്. മറ്റ് ജനപ്രതിനിധികളുണ്ട്. പക്ഷേ ഇവര്‍ക്കാര്‍ക്കും ജനറല്‍ ആശുപത്രിയിലെ സേവനം ആവശ്യമുള്ളവരല്ല. ഒരൊറ്റ കുട്ടിനേതാവുപോലും ഈ ആശുപത്രിയില്‍ രോഗചികിത്സയ്ക്കായി തിരിഞ്ഞുനോക്കാറില്ല. അവര്‍ക്ക് സൗജന്യസേവനം നല്‍കാന്‍ സ്വകാര്യശുപത്രികളുണ്ട്. അതുകൊണ്ട് തന്നെയാണ് വിറകുവെട്ടികള്‍ക്കും വെള്ളംകോരികള്‍ക്കും മറ്റുമായി തുറന്നിട്ട ആശുപത്രിയെ ആരും തിരിഞ്ഞുനോക്കാത്തത്. അതാണ് മൃതദേഹത്തോടുപോലും തുടര്‍ച്ചയായി അനാദരവ് കാട്ടാന്‍ അധികൃതര്‍ക്ക് ധൈര്യമുണ്ടായത്. മൃതദേഹത്തോട് ഒരു മനുഷ്യന്‍ പുലര്‍ത്തേണ്ട സംസ്‌കാരത്തെകുറിച്ച് ബോധമില്ലാത്തവരാണിവര്‍.

ഇത്രകൂടി പറയട്ടെ നവാബ് രാജേന്ദ്രന്‍ എന്ന ഒരു പത്രപ്രവര്‍ത്തകന്‍ കേരളത്തിലുണ്ടായിരുന്നു. പയ്യന്നൂരില്‍ നിന്ന് സാംസ്‌കാരിക തലസ്ഥാനമായ തൃശുരിലേക്ക് കുടിയേറിയ ഒരു സ്വതന്ത്ര്യസമര നായകന്റെ മകനാണ് നവാബ് രാജേന്ദ്രന്‍. മന്ത്രിമാരുടെ കസേര തെറിപ്പിച്ച ധൈര്യശാലിയും നിര്‍ഭയനുമായ പത്രപ്രവര്‍ത്തകനായിരുന്നു നവാബ് പത്രത്തിന്റെ പത്രാധിപരായ രാജേന്ദ്രന്‍. ഈ രാജേന്ദ്രന് ഒരു സന്നദ്ധസംഘടന ഒരു വന്‍തുക പണക്കിഴിയായി സമ്മാനിച്ചിരുന്നു. മലയാളത്തിലെ പത്രപ്രവര്‍ത്തന മേഖലയ്ക്കും പൊതുസമൂഹത്തിനും നല്‍കിയ സേവനത്തെ ആദരിച്ചായിരുന്നു ഇത്. അദ്ദേഹത്തിന് കിട്ടിയ പണക്കിഴി എറണാകുളത്തെ ജനറല്‍ ആശുപത്രിയുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന മോര്‍ച്ചറിയുടെ നവീകരണത്തിനാണ് സംഭാവന ചെയ്തത്. ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യനോട് കാണിക്കുന്ന ആദരവ് മരിച്ചാലും കാണിക്കണമെന്ന ഗുണപാഠമാണ് നവാബ് ഈ സംഭവത്തിലൂടെ നമ്മെ പഠിപ്പിച്ചത്. നവാബിന്റെ ഈ മഹാമനസ്‌കത നമ്മുടെ അധികൃതര്‍ക്കും ജനനേതാക്കള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ്. അതുണ്ടായിരുന്നെങ്കില്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് മൃതദേഹം ചുമന്ന് ജനറല്‍ ആശുപത്രി പടിയിറങ്ങേണ്ട ഗതികേട് ആവര്‍ത്തിക്കില്ലായിരുന്നു.

ചരിത്രം സൃഷ്ടിച്ച ലിഫ്റ്റിന്റെ കഥ
-കെ.എസ്. ഗോപാലകൃഷ്ണന്‍

Keywords:  "A story of historical lift", Maruvartha, K.S.Gopalakrishnan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia