city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ട്രാക്ടറുടെ പീഢനം; 13 ാം വയസില്‍ അമ്മയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ കദനകഥ

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 24.11.2016) മധുരമുള്ള ഒരു മിഠായി തിന്നതാണ് ജീവിതം കയ്പു നിറഞ്ഞതാവാന്‍ ഇടയാക്കിയത്. നാലാം ക്ലാസുവരെ മാത്രം പഠിച്ചവളാണ് ഞാന്‍. പത്ത് വയസ്സുമുതല്‍ എന്നെ അയല്‍പക്ക വീടുകളില്‍ വീട്ടുപണിചെയ്യിക്കുകയായിരുന്നു അച്ഛനുമമ്മയും. പണി ഞാന്‍ ചെയ്യും പണം അവര്‍ വാങ്ങും. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ നാടന്‍ പണിക്കുപോവാന്‍ തുടങ്ങി. ഒരു കോണ്‍ട്രാക്ടറുടെ കീഴില്‍ പണിയെടുക്കവേ ഉണ്ടായ സംഭവമിതാണ്:

കോണ്‍ട്രാക്ടര്‍ അറിയപ്പെടുന്ന ധനാഠ്യനാണ്. അന്ന് റോഡുപണിക്കാര്‍ക്ക് ഉച്ചഭക്ഷണം ഉണ്ടാക്കുന്ന ചുമതലക്കാരില്‍ ഒരാളായിരുന്നു ഞാന്‍. ആളൊഴിഞ്ഞ ഒരു വീടിന്റെ മുറ്റത്താണ് ഭക്ഷണമൊരുക്കാന്‍ സൗകര്യപ്പെടുത്തിയത്. പണിക്കാരെല്ലാം ഉച്ചഭക്ഷണം കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരിച്ചു. വീടിനോടു ചേര്‍ന്നുള്ള വെപ്പുപുരയില്‍ അല്പമൊന്ന് വിശ്രമിക്കാന്‍ കിടക്കുകയായിരുന്നു ഞാന്‍. ആ സമയത്താണ് കോണ്‍ട്രാക്ടര്‍ ഷമീര്‍ അവിടേക്ക് വന്നത്. ഭക്ഷണകാര്യങ്ങളെ കുറിച്ച് ചോദിച്ചു. തൊഴിലാളികള്‍ ഭക്ഷണം തൃപ്തികരമാണെന്ന് പറഞ്ഞകാര്യവും സൂചിപ്പിച്ചു. അദ്ദേഹം ഒരു മിഠായി എടുത്ത് തിന്നുകൊണ്ട് എനിക്കും ഒന്ന് തന്നു. സന്തോഷത്തോടെ അത് വാങ്ങി കഴിച്ചു. മിഠായി കഴിച്ച ഉടന്‍ ഞാന്‍ മയങ്ങി പോയി. എന്നെ ഷമീര്‍ പീഡിപ്പിച്ചു.

അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത് എന്റെ അമ്മയാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അമ്മ തെറ്റായ ജീവിത വഴിയിലൂടെയാണ് നടന്നത്. ഷമീറില്‍ നിന്ന് ഒരു പാട് തവണ അമ്മ പണം വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് എന്റെ മാനത്തിന്റെ വിലയായിരിക്കാം. ഷമീര്‍ മാത്രമല്ല പലരും എന്നെ ചൂഷണം ചെയ്തിട്ടുണ്ട്. പരിഭവവും പരാതിയുമില്ലാതെ ഞാന്‍ അത്തരക്കാരിയായി തന്നെ ജീവിച്ചു വരികയായിരുന്നു. ഞാന്‍ ഗര്‍ഭിണിയായി. അതിന് കാരണക്കാരന്‍ ഷമീര്‍ തന്നെയാണ്. കുഞ്ഞ് തന്റേതല്ലാ എന്നാക്കിമാറ്റാന്‍ അദ്ദേഹം ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. തെക്കുനിന്നുവന്ന ഒരാളെക്കൊണ്ട് എന്നെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചു. ഞങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു. ഞാന്‍ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ കുഞ്ഞ് ഷമീറിന്റെത് തന്നെയാണ് ഇക്കാര്യം എനിക്കും അദ്ദേഹത്തിനും അറിയാം. ഹോ... എന്റെ പേരുപറയാന്‍ വിട്ടുപോയി. ഞാന്‍ പ്രിന്‍സിയാണ്. മകന് പേരിട്ടു 'സിനാന്‍'. പ്രയാസപ്പെട്ടാണ് അവനെ വളര്‍ത്തിയത്. എന്നെ കെട്ടിയ മനുഷ്യന്‍ പുതിയ ഇരയെതേടി എങ്ങോട്ടോ പോയി.. ഇതൊക്കെ വെറും കച്ചവടമാണെന്ന് അയാള്‍ക്കുമറിയാം.

അവനെ അഞ്ചുവയസ്സുവരെ വളര്‍ത്തിയെടുത്തു. എനിക്കും കുഞ്ഞിനും അഭയം തരാന്‍ ഇക്കാര്യങ്ങളൊക്കെ അറിയുന്ന ഒരുനല്ല മനുഷ്യന്‍ തയ്യാറായി. അത് മറ്റാരുമായിരുന്നില്ല, ഷമീറിന്റെ ജേഷ്ഠനും കോണ്‍ട്രാക്ടറുമായ ബഷീറാണ്. അദ്ദേഹത്തിന് മക്കളില്ലായിരുന്നു. ഭാര്യയും സ്‌നേഹമയിയായ സ്ത്രീയായിരുന്നു. ഞങ്ങളവിടെ സ്വന്തം കുടുംബാംഗങ്ങളെ പേലെ ഒപ്പം താമസിച്ചു വരികയായിരുന്നു. തന്റെ മകനാണ് സിനാന്‍ എന്ന് ഷമീര്‍ ഒരിക്കലും സമ്മതിക്കില്ല. അതംഗീകരിക്കുകയും ചെയ്യില്ല. പക്ഷേ ഷമീറിനെ മുറിച്ച വെച്ച പോലെയിരിക്കുന്നു സിനാന്‍ എന്ന് ജേഷ്ഠന്‍ ബഷീറും അവരുടെ ഭാര്യയും എന്നും പറയുമായിരുന്നു.

സിനാന്‍ ഇപ്പോള്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് ബഷീറാണ്. പഠനത്തിന് പ്രത്യേക മുറി, പഠന സൗകര്യങ്ങള്‍ ഡ്രസ്സ് തുടങ്ങിയ എല്ലാക്രമീകരണങ്ങളും അവന് വേണ്ടി അവരുടെ വീട്ടില്‍ തയ്യാറാക്കിക്കൊടുത്തിട്ടുണ്ട്. രണ്ടു മൂന്നു വര്‍ഷമായി പ്രിന്‍സി ആ വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയാണ്. സിനാന്‍ ബഷീറിന്റെ വീട്ടിലും. അവന്‍ പ്രിന്‍സിയുടെ കൂടെ പോകാന്‍ തയ്യാറല്ല. പ്രിന്‍സി ചീത്ത സ്ത്രീയാണെന്ന് സര്‍വ്വരും അറിഞ്ഞു. ആ പ്രചരണത്തിന് പിന്നിലും ഷമീറാണ്. സ്വന്തം നാടും വീടുമില്ലാത്ത സ്ത്രീ.. തെറ്റായ ജീവിതം നയിക്കാന്‍ പ്രേരിപ്പിച്ച അച്ഛനുമമ്മയും.. നൊന്തു പ്രസവിച്ച മകന്‍ പോലും കൂടെവരാത്ത അവസ്ഥ.. അവനെ വേണ്ട വിധം വളര്‍ത്താന്‍ സാധിക്കാത്ത ചുറ്റുപാട്.. ജീവിതം തെറ്റായ വഴിയിലൂടെ തന്നെ നടന്നു നീങ്ങാന്‍ പ്രേരിതമാകുന്ന ചുറ്റുപാട്.

ജീവിതം അവസാനിപ്പിക്കാന്‍ തിരുമാനമെടുത്ത രാത്രി പ്രിന്‍സിയെത്തേടിയെത്തിയ ഒരു മനുഷ്യ സ്‌നേഹി അവള്‍ക്കൊരു ജീവിതം നല്‍കാമെന്നേറ്റു.. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രിന്‍സി വിശ്വസിച്ചു. ഇപ്പോള്‍ പ്രിന്‍സിക്ക് ഇരുപത്തേഴ് വയസ്സായി. ജീവിതത്തില്‍ സംഭവിച്ച എല്ലാകാര്യങ്ങളും അവള്‍ തുറന്നു പറഞ്ഞു. അതൊക്കെ ക്ഷമിക്കാനും മറക്കാനും അദ്ദേഹം തയ്യാറായി. ലത്തീഫെന്ന ആ നല്ല മനുഷ്യന്‍ അവളുടെ ദൈവമാണിന്ന്. അല്ലെങ്കില്‍ നിസ്സഹായയായ അവളെ സഹായിക്കാന്‍ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ പ്രത്യക്ഷപ്പെട്ടവ്യക്തിയാണ്.. ലത്തീഫിന്റെ ഒപ്പം ജീവിതമാരംഭിക്കാന്‍ തുടങ്ങിയത് മുതല്‍ പ്രിന്‍സി ഫസീലയായി. മത്സ്യത്തൊഴിലാളിയാണദ്ദേഹം. തെറ്റിലേക്ക് വലിച്ചിഴക്കപ്പെടുകയും സമൂഹം ആ തെറ്റുകളെ ചൂണ്ടിക്കാട്ടിപുച്ഛിക്കുകയും ചെയ്തു വരുമ്പോള്‍... വന്നു പോയ തെറ്റുകള്‍ ക്ഷമിക്കാനും, അത്തരം വ്യക്തികള്‍ക്ക് ജീവിതം തിരിച്ചു നല്‍കാന്‍ തയ്യാറാവുകയും ചെയ്യുന്ന ലത്തീഫ്മാരെ അഭിനന്ദിക്കുക തന്നെ വേണം.

ഫസീല- ലത്തീഫ് ദമ്പതികള്‍ക്ക് ലഭിച്ചത് ഇരട്ട കുട്ടികളെയാണ്. ഹസൈനും ഹുസൈനും അവര്‍ സന്തോഷത്തോടെ ജീവിച്ചു വരുന്നു. മൂത്തമകനെ (സിനാന്‍) വിട്ടുകിട്ടാന്‍ ഫസീല ആഗ്രഹിക്കുന്നു. അവനെ കൂടി വളര്‍ത്താന്‍ ലത്തീഫ് തയ്യാറുമാണ്. പക്ഷേ പത്ത് വര്‍ഷത്തോളം താലോലിച്ചു വളര്‍ത്തിയ ബഷീറിനെയും ഉമ്മയെയും വിട്ടുപിരിയാന്‍ സിനാന് സാധിക്കില്ല.. സിനാന്‍ ലൈംഗികപീഡനത്തിനിരയായ കാര്യം പത്രദ്വാരാ അറിഞ്ഞപ്പോഴാണ് ഫസീലക്ക് വീണ്ടും പ്രയാസം തോന്നിയത്. അത് തന്റെ മകന്‍ അല്ലാതിരിക്കട്ടെയെന്നാണ് ഫസീല പ്രാര്‍ത്ഥിച്ചത്.

*********

ഒരു ലീവ് ദിവസം സിനാനെ സ്‌പെഷ്യല്‍ ക്ലാസിന് വരണം എന്ന് അവന്‍ പഠിക്കുന്ന മദ്രസയിലെ ഉസ്താദ് ആവശ്യപ്പെടുന്നു. സിനാന്‍ വീട്ടില്‍ നിന്ന് സമ്മതം വാങ്ങി പ്രസ്തുത ക്ലാസിന് ചെല്ലുന്നു. സിനാന്‍ തടിച്ച് കൊഴുത്ത സുന്ദരക്കുട്ടിയാണ്. അവനില്‍ ഉസ്താദിന് എന്തോ കണ്ണുണ്ടായിരുന്നു. പാവം കുട്ടി കൃത്യസമയത്ത് മദ്രസയില്‍ എത്തുന്നു. ഉസ്താദിനെ ചെന്നുകാണുന്നു. മദ്രസയില്‍ മറ്റാരുമില്ലാത്തസമയം. സിനാനെ മുറിയില്‍ കയറ്റി ഉസ്താദ് വാതിലടയ്ക്കുന്നു. കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുന്നു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സിസാനെ ഉസ്താദ് ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ എത്തിയ അവന്‍ ഒന്നും പറഞ്ഞില്ല. കുഞ്ഞിന്റെ മുഖമാറ്റം കണ്ടപ്പോള്‍ വീട്ടുകാര്‍ പലതവണ ചോദിച്ചിട്ടും അവന്‍ കാര്യംപറഞ്ഞില്ല. അവന്റെ ബെഡ്ഡില്‍ രക്തക്കറ കണ്ടപ്പോഴാണ് ഉമ്മ ഭയപ്പെടുത്തി ചോദ്യം ചെയ്തത്. അപ്പോഴാണ് അവന്‍ ഉസ്താദ് ചെയ്ത ലൈംഗിക പീഡന വിവരം പറഞ്ഞത്. ഉസ്താദിനെതിരെ കേസുകൊടുക്കുകയും അയാള്‍ അകത്താവുകയും ചെയ്ത വാര്‍ത്തവായിച്ചപ്പോഴാണ് ഫസീല ഈ വിവരമറിയുന്നത്. കുട്ടിയുടെ ഉമ്മയായ പ്രിന്‍സിയെന്ന ഫസീലയെക്കുറിച്ച് അറിയുകയും, അവര്‍ തെറ്റായ വഴിക്കാണ് ജീവിച്ചു വന്നത് എന്നറിയുകയും, അങ്ങിനെ ഉണ്ടായകുട്ടിയാണ് സിനാന്‍ എന്ന് മനസ്സിലാക്കുകയും ചെയ്ത ഉസ്താദാണ് ഭയാനകമായ രീതിയില്‍ അവനെ ലൈംഗിക പീഡനത്തിനിരയാക്കിയത്.

**********

സിനാന്‍ നിലവിലുള്ള പരിതസ്ഥിതിയില്‍ വളരുകയും പഠിച്ചുയരുകയും ചെയ്യട്ടെ. അവന്‍ എത്ര വളര്‍ന്നാലും പ്രസവിച്ച അമ്മയെ നിഷേധിക്കാന്‍ കഴിയില്ല.. തെറ്റില്‍ നിന്നും കരകയറിയ ഫസീല സമൂഹത്തിനുനേരെ നിന്ന് നെഞ്ചുയര്‍ത്തിപ്പറയട്ടെ, തെറ്റുതിരുത്തി നേരെ ജീവിക്കാന്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് കഴിയുമെന്ന്.. കബളിക്കപ്പെട്ട് തെറ്റിലേക്ക് ആഴ്ന്നിറങ്ങിയവരെ പിടിച്ചുകരകയറ്റാന്‍ ലത്തീഫിനെ പോലുള്ള ആണത്തമുള്ള പുരുഷന്മാരുണ്ടിവിടെയെന്ന് ജനമറിയട്ടെ.. മതപഠന കേന്ദ്രങ്ങളിലെ മൂല്യബോധം പകര്‍ന്നു നല്‍കേണ്ട ഉസ്താദുമാര്‍ ദുര്‍മാര്‍ഗ്ഗികളാവാതെ കാക്കാന്‍ സമൂഹം സദാ ശ്രദ്ധാലുക്കളാവട്ടെ...


കോണ്‍ട്രാക്ടറുടെ പീഢനം; 13 ാം വയസില്‍  അമ്മയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ കദനകഥ

Keywords:  Kookanam-Rahman, Molestation, Contractors, Youth, Girl, Article, Sinan, Shameer, Kasargod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia