city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഥയല്ലിതു ജീവിതം; അന്യസുഖം തേടിപ്പോകുന്ന ഭര്‍ത്താവ്, തന്റെ വിഷമം മറ്റൊരാളുമായി പങ്കുവെക്കുന്ന ഭാര്യ

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 11.10.2016) ഒരുപാട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണ് ഞാന്‍. രണ്ടുമക്കളുണ്ടെനിക്ക്. സാറിനെ കുറിച്ച് ഒരുപാട് കേട്ടിരുന്നു. എന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാറിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു എനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ അച്ഛന്‍ ഗള്‍ഫിലായിരുന്നു. രണ്ട് മൂന്ന് വര്‍ഷം കൂടുമ്പോള്‍ വന്നിട്ട് പോകും. അച്ഛന്റെ അമ്മയ്ക്ക് എന്റെ അമ്മയെ തീരെ കണ്ടുകൂടായിരുന്നു. എന്നും വഴക്കായിരുന്നു. അതൊക്കെ കണ്ട് പേടിച്ചായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്.

അച്ഛന്‍ ഗള്‍ഫില്‍ നിന്ന് വരുന്നുണ്ടെന്നറിഞ്ഞാല്‍ ഏതൊരു മക്കളും സന്തോഷിക്കും. പക്ഷേ ഞങ്ങള്‍ക്ക് പേടിയായിരുന്നു. വളരെ ഒച്ചയെടുത്ത് സംസാരിക്കും. നിസാരകാര്യത്തിന് വഴക്കിടും. ഭക്ഷണത്തിനോ ബാക്കിയെന്തിനോ യാതൊരു കുറവും വരുത്തിയിട്ടില്ല. എന്തുണ്ടായിട്ടെന്താ മനസ്സമാധാനം ഇല്ലെങ്കില്‍. അമ്മയെ സംശയവുമായിരുന്നു. അമ്മയുടെ സ്ഥാനത്ത് വെറൊരു സ്ത്രീയായിരുന്നെങ്കില്‍ പണ്ടേ ജീവന്‍ കളയുമായിരുന്നു. ക്ഷമിച്ച് സഹിച്ച് ജീവിക്കുകയാണ് ഈ നിമിഷം വരെ. ജീവിക്കുകയായിരുന്നെന്ന് പറയാന്‍ പറ്റില്ല. ഒരിക്കല്‍ പോലും സന്തോഷവും സമാധാനം അറിഞ്ഞിട്ടില്ല ഞങ്ങള്‍.

പതിനേഴാമത്തെ വയസ്സില്‍ കല്ല്യാണം കഴിഞ്ഞതാണെന്റെത്. അതോടെ എന്റെ പഠിത്തം നിന്നു. തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചില്ല. ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്ന കാര്യമാണത്. എന്റേത് ഒരര്‍ത്ഥവുമില്ലാത്ത ജീവിതമാണെന്ന തോന്നലാണിപ്പോള്‍. ഒരു പാഴ് ജന്മമാണെന്റേത്. ഒരു ജോലിയില്ലാത്തതില്‍ വളരെയധികം വേദനിക്കുകയാണിന്ന് ഞാന്‍. കൂടെ പഠിച്ചവര്‍ക്കെല്ലാം ജോലിയുണ്ട്. അവരെയൊക്കെ കാണുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല എനിക്ക്. എന്റെ ഭര്‍ത്താവ് പതിനെട്ടാമത്തെ വയസ്സില്‍ ഗള്‍ഫില്‍ പോയി കഷ്ടപ്പെടാന്‍ തുടങ്ങിയതാണ്. ഇന്നും തീര്‍ന്നിട്ടില്ല ആ കഷ്ടപ്പാട്. പെങ്ങന്മാരുടെയൊക്കെ കല്ല്യാണം കഴിച്ചയച്ചു. മൂന്ന് പെങ്ങളാണ്, രണ്ട് അനുജന്മാരും. അനുജനെ പഠിപ്പിച്ച് ഗള്‍ഫില്‍ കൊണ്ടുപോയി. അവനെ കല്ല്യാണം കഴിപ്പിച്ചു. പക്ഷേ സ്വന്തം അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്ത് കൊടുത്ത ഏട്ടനെ ഭാര്യയുടെ വാക്ക് കേട്ട് അവന്‍ കഴുത്തിന് വരെ പിടിച്ചു. പത്ത് ഇരുപത്തിയഞ്ച് കൊല്ലം വരെ ഗള്‍ഫില്‍ നിന്നിട്ട് ഒരു സമ്പാദ്യം പോലും ഇല്ല. ഒരുപാട് കടമല്ലാതെ. അത് തീര്‍ക്കാന്‍ കഷ്ടപ്പെടുകയാണിപ്പോള്‍.

ഭര്‍ത്താവിന്റെ അനുജനില്‍ നിന്ന് മോശമായ പെരുമാറ്റം എനിക്കുണ്ടായി. എന്റെ അതേ വയസ്സായിരുന്നു അവനും. നന്നായി കുടിക്കുമായിരുന്നു. ഏട്ടന്‍ എനിക്ക് അച്ഛന്റെ സ്ഥാനത്താണ് നിങ്ങളെ ഞാന്‍ അമ്മയെപ്പോലെയാണ് കാണുന്നതെന്നൊക്കെ പറയും. പതുക്കെ ആ സ്‌നേഹം വേറെ ഒരു രീതിയിലേക്ക് മാറുന്നത് ഞാനറിഞ്ഞു. എന്നെ വേദനിപ്പിക്കുന്ന സംഭവമുണ്ടായിട്ടുണ്ട് ഭര്‍ത്താവില്‍ നിന്ന്. അയാളുടെ ബന്ധുവായ സ്ത്രീയോട് ചെറിയ അടുപ്പം ഉണ്ടായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ കല്ല്യാണം കഴിച്ചു കൊണ്ടുവന്നപ്പോള്‍ അവിടെ കൂടെകൂടെ പോകുമായിരുന്നു. എന്റെ മുന്നില്‍ വച്ച് അവരെ തൊടുകയും പിടിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ആദ്യമൊക്കെ ഞാനൊന്നും കാര്യമാക്കിയില്ല.

വിഷുവിനോ ഓണത്തിനോ നാട്ടില്‍ വന്നാല്‍ അവരുടെ അടുത്ത് പോയി ഭക്ഷണം കഴിക്കും. ഒരു വിഷുവിന് ഞാന്‍ എല്ലാം ഉണ്ടാക്കി വച്ചു. പക്ഷേ അവരുടെ അടുത്ത് പോയാണ് ഭക്ഷണം കഴിച്ചത്. ഞാനത് ചോദിച്ചപ്പോള്‍ നല്ല ദിവസമായിട്ടുകൂടി എന്നെ അടിച്ചു. പിന്നെ പിന്നെ അവരെ കാണാന്‍ പോകുന്നതും സംസാരിക്കുന്നതും എനിക്ക് ഇഷ്ടമില്ലാതായി. പറയാന്‍ തുടങ്ങിയപ്പോള്‍ വഴക്കായി. സംശയമായി. എന്നോട് സ്‌നേഹം കാണിച്ചിരുന്നത് കത്തിലൂടെയും ഫോണിലൂടെയും മാത്രമായിരുന്നു. എന്നോട് ശരിക്കും സ്‌നേഹമാണോ അഭിനയമാണോയെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല.

ഇപ്പോ എന്നെ വേദനിപ്പിക്കുന്ന പ്രശ്‌നം അതൊന്നുമല്ല. മോളും ഞാനും ഒരു മുറിയിലാണ് കിടക്കാറ്. അദ്ദേഹം ഒരു ദിവസം പോലും എന്നെ സമാധാനത്തോടെ ഉറങ്ങാന്‍ വിടാറില്ല. എന്നും നിര്‍ബന്ധിക്കും. മോളുണ്ടെന്ന വിചാരം പോലും ഇല്ല. ഇത്തരം കാര്യങ്ങള്‍ക്കിപ്പോ വെറുപ്പാണെനിക്ക്. പല പ്രാവശ്യം മക്കളുടെ മുന്നില്‍ വച്ച് ഈക്കാര്യം പറഞ്ഞ് വഴക്കിടേണ്ടിവന്നു. മോളുടെ കാര്യത്തിലും പേടിയാണെനിക്ക്. ആവശ്യമില്ലതെ മൊബൈല്‍ ഉപയോഗിക്കാറുണ്ട്. ഈയിടെ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി അയച്ച മെസ്സേജ് വായിച്ചു. അത് ശരിയായി തോന്നിയില്ല എനിക്ക്. ഇടയ്ക്കിടെ മിസ്ഡ്‌കോള്‍ വരും. ഒരിക്കല്‍ വിളിച്ച് നന്നായി പറഞ്ഞതാണ്. കുറെ നാള്‍ ഒന്നും ഉണ്ടായിട്ടില്ല. മോളോടും പറഞ്ഞിരുന്നു. കൂടുതല്‍ പറയാന്‍ പേടിയാകുന്നു. എന്താ തോന്നുകയെന്ന് പറയാന്‍ പറ്റില്ലല്ലോ.

വേറെ ഒരു കാര്യം കൂടി ഉണ്ട് സാര്‍. ഒരിക്കലും എന്നെ തെറ്റിദ്ധരിക്കരുത്, മോശമായി കാണരുത്. മോളെ ഉപദേശിക്കാന്‍ ഒരിക്കലും എനിക്ക് യോഗ്യതയില്ലെന്ന തോന്നലാണ്. ഞാന്‍ പറഞ്ഞല്ലോ.. ഒരിക്കലും ഞാന്‍ സ്‌നേഹവും സമാധാനവും അനുഭവിച്ചിട്ടില്ലെന്ന്. ഭര്‍ത്താവില്‍ നിന്നുപോലും കിട്ടിയത് ആത്മാര്‍ത്ഥമാണോയെന്നറിയില്ല. മരിക്കണമെന്ന് പലപ്രാവശ്യം തോന്നിയതാണ്. ശ്രമിച്ചതാണ്. ഒരിക്കലും മോശമായ വഴിയേ പോകണമെന്ന് കരുതിയിട്ടില്ല. പക്ഷേ ആ ചിന്ത തെറ്റിയോ എന്ന് തോന്നുകയാണ്. കാരണം രണ്ട് മൂന്ന് മാസം മുമ്പെ ഒരാളെ പരിചയപ്പെട്ടു. ഞാന്‍ മാത്രമായിരുന്നില്ല ഭര്‍ത്താവും കൂടെ ഉണ്ടായിരുന്നു. കുറെ സമയം സംസാരിച്ചു. എന്നും മരിക്കണമെന്ന ചിന്തയാണെന്ന് അയാളോട് പറഞ്ഞു. അദ്ദേഹം എന്നെ ഒരുപാട് ആശ്വസിപ്പിച്ചു. ശരിക്കും ഏട്ടനെ പോലെ കൂടപ്പിറപ്പിനെപ്പോലെയാണ് തോന്നിയത്.

ഇപ്പോള്‍ എന്തെങ്കിലും വിഷമം വരുമ്പോള്‍ ഞാന്‍ വിളിക്കാറുണ്ട് അദ്ദേഹത്തെ. എനിക്കത് വലിയ ആശ്വാസമാണ്. അദ്ദേഹത്തോട് തെറ്റായ ഒരര്‍ത്ഥത്തിലുള്ള സ്‌നേഹമല്ല തോന്നുന്നത്. എന്നെ മരണത്തില്‍ നിന്നും രക്ഷിച്ച ദൈവമായാണ് തോന്നുന്നത്. എന്റെ ഭര്‍ത്താവിന്റെ പ്രായമുണ്ട് അയാള്‍ക്ക്. ഒരാണും പെണ്ണും തമ്മിലുള്ള സ്‌നേഹത്തിന് തെറ്റായ ഒരര്‍ത്ഥം മാത്രമേ ഉള്ളോ. തെറ്റാണോ സാര്‍ ഞാന്‍ ചെയ്യുന്നത്. എന്റെ മനസ്സാക്ഷിക്കുമുന്നില്‍ തെറ്റല്ല എന്ന് എനിക്കുറപ്പുണ്ട്. ആ സ്‌നേഹവും കരുതലും നഷ്ടമായാല്‍ ഞാന്‍ പിന്നെ ഉണ്ടാവില്ല.

*************

ഈ കത്ത് കിട്ടിയതുമുതല്‍ ഞാന്‍ ആലോചിക്കുകയായിരുന്നു.. സഹോദരിയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന്. ജനിച്ചതു മുതല്‍ ഇന്നും തീ തിന്നുകയാണ് ഈ സഹോദരി. പെണ്ണായി പിറന്നാല്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളിലൂടെ ഇവള്‍ യാത്ര തുടരുകയാണ്.. വെറൊരു പെണ്ണിന്റെ കൂടെ സുഖം തേടിപോകുന്ന ഭര്‍ത്താവ്.. ഭര്‍ത്താവിന്റെ സഹോദരനില്‍ നിന്ന് ഉണ്ടായ പീഡനം ശ്രമം.. പരിസരം മറന്ന് ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുന്ന ഭര്‍ത്താവ്.. കൗമാരത്തിലെത്തിയ സ്വന്തം മകള്‍ക്ക് മൊബൈലില്‍ എത്തുന്ന ശൃംഗാര മെസ്സേജുകള്‍.. സ്‌നേഹം പകര്‍ന്ന വാക്കുകളിലൂടെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച ഒരു നല്ല മനുഷ്യനില്‍ സര്‍വ്വവും സമര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്ന മനസ്സിന്റെ ഉടമ..

ഇതാണ് ആ സഹോദരി. മനസ്സിനെ ശക്തമാക്കി സ്വഭര്‍ത്താവിനോട് എല്ലാം തുറന്ന് പറഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ് സഹോദരി ചെയ്യേണ്ടത്.

കഥയല്ലിതു ജീവിതം; അന്യസുഖം തേടിപ്പോകുന്ന ഭര്‍ത്താവ്, തന്റെ വിഷമം മറ്റൊരാളുമായി പങ്കുവെക്കുന്ന ഭാര്യ

Also Read:  42 കോടി രൂപ പിന്‍വലിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഇമെയില്‍; 25 ശതമാനം പ്രതിഫലം, പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് യുവാവ് ഞെട്ടി, നടി അനുഷ്‌ക ഷെട്ടിക്ക് എന്ത് ബന്ധം?

Keywords:  Article, Kookanam-Rahman, wife, husband, marriage, Sister, Molestation, Brother in law, Letter, Life.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia