city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവത്വം സോഷ്യല്‍ മീഡിയകളില്‍ കുരുങ്ങുമ്പോള്‍...

ശഫീഖ് തളങ്കര

(www.kasargodvartha.com 16.11.2014) ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ട യുവത്വങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ വലക്കണ്ണികളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഊണും ഉറക്കവും മറ്റ് ആവശ്യങ്ങളും നിരാകരിച്ച് വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സല്ലപിച്ചും വീഡിയോകളും ഫോട്ടോകളും കൈമാറിയും അവര്‍ സമയം കൊല്ലുന്നു.
സോഷ്യല്‍ മീഡിയകള്‍ യുവതലമുറയുടെ അറിവും ബുദ്ധിയും വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നുള്ള കണ്ടെത്തലുകള്‍ നിരത്തുമ്പോഴും അവ ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുന്നത്. നിരവധി വാഹനാപകടങ്ങള്‍ക്കു സോഷ്യല്‍ മീഡിയകളോടുള്ള അമിതാവേശം കാരണമായിട്ടുണ്ട്.

കലാലയങ്ങളില്‍ നിന്നും അധ്യാപകര്‍ ശിഷ്യന്മാര്‍ക്ക് അറിവ് പകരാനേല്‍പിച്ച പ്രൊജക്ട് വര്‍ക്കുകളും ഹോം വര്‍ക്കുകളും ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയമില്ല. ബസുകളിലും ട്രെയിനുകളിലും വിമാനയാത്രകളിലും, ഭക്ഷണസമയത്തും റോഡ് മറികടക്കുമ്പോള്‍ വരെയും യുവത്വത്തിന്റെ വിരലുകളും ശ്രദ്ധയും ചാറ്റിങ്ങില്‍ മാത്രമായിരിക്കുന്നു.

യുവത്വത്തിന് വാട്ട്‌സ് ആപ്പ് ഒരു അവയവം പോലെ ശരീരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.  റെയ്ഞ്ചില്ലാത്ത, ബാറ്ററി ലോ ആവുന്ന നിമിഷത്തെക്കുറിച്ച് സങ്കല്‍പിക്കാനേ ന്യൂ ജനറേഷനു കഴിയുന്നില്ല. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഭൂരിഭാഗം പേരും തമാശയായി പ്രചരിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ പ്രതികാരം തീര്‍ക്കുന്നതിനായി വാട്ട്‌സ ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നു.

അശ്ശീല വെബ്‌സൈറ്റുകളുടെ ലിങ്കുകളും വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും വ്യാപകമായി വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് സംസ്ഥാന ഹൈടെക് സെല്‍ കണ്ടെത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന ആണ്‍കുട്ടികളുടെ എണ്ണത്തിന് ഏതാണ്ട് തുല്യമായി പെണ്‍കുട്ടികളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മൊബൈല്‍ കമ്പനികളുടെ നെറ്റ്‌വര്‍ക്കുകള്‍ 2ജിയില്‍ നിന്ന് 3ജിയിലേക്ക് വഴിമാറിയതിനു പിന്നാലെ 4 ജി കടന്നുവരാനിരിക്കേ ഇന്റര്‍നെറ്റ് ഉപയോഗം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു.

സന്ധ്യാനേരങ്ങളിലെ കളികളെല്ലാം വേണ്ടെന്ന് വെച്ച് യുവത്വം വാട്ട്‌സ് ആപ്പിന്റെയും ഫേസ്ബുക്കിന്റെയും മുന്നിലിരുന്ന് സമയം കൊല്ലുന്നു. ഇന്റര്‍നെറ്റ് റീചാര്‍ജ് ചെയ്യാന്‍ ഒരു ദിവസം വൈകിയാല്‍ സങ്കടപ്പെടുന്ന യുവത്വത്തിന്റെ കടന്നുപോക്ക് എങ്ങോട്ടേക്കാണ്...

ഉറക്കമൊഴിച്ച് അര്‍ധരാത്രി വരെ ചാറ്റിങ്ങും വ്യാജമരണ സന്ദേശങ്ങളും വ്യാജ ഒളിച്ചോട്ടവും, വ്യാജ മരണവാര്‍ത്തകളും വാട്ട്‌സ് ആപ്പിലൂടെ നിമിഷം കൊണ്ട് പ്രചരിപ്പിക്കുകയാണ് ഇവര്‍. പുത്തന്‍ ഗ്രൂപ്പുകളുണ്ടാക്കാന്‍ മത്സരിക്കുന്ന യുവത്വത്തിന് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ലഹരിയായിരിക്കുന്നു. സെല്‍ഫോണ്‍ ക്യാമറകളിലൊപ്പിയെടുക്കുന്ന പ്രസവരംഗങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്ന മോശമായ തലമുറകളിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഐഫോണിലൂടെയും ആന്‍ഡ്രോയ്ഡിലൂടെയും സെല്‍ഫികളെടുത്ത് സുഹൃത്തുക്കളുടെ ലൈക്കിനായി ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നു.

അപകടസമയത്ത് ക്യാമറക്കണ്ണുകളിലൂടെ ഫോട്ടോ ഒപ്പിയെടുത്ത് പ്രചരിപ്പിച്ച് സ്വയം ആഹ്ലാദം കണ്ടെത്തുന്നു. ലൈക്കുകളുടെ എണ്ണം കൂടുമ്പോള്‍ ലോകത്തില്‍ അവരല്ലാതെ മറ്റൊരാളില്ലെന്ന മനോഭാവം അവരിലുണ്ടാകുന്നു. ഓരോ ലൈക്കും നെറ്റ്‌വര്‍ക്ക് ഉടമകള്‍ക്ക് കോടികള്‍ മെച്ചമുണ്ടാക്കുന്നുവെന്നത് നമ്മള്‍ അറിയുന്നില്ല. വീടുകളില്‍ വൈഫൈ സൗകര്യം ഒരുക്കിയും കഫേകളില്‍ ഇരുന്നും സെല്‍ഫോണില്‍ 3 ജി നെറ്റ്‌വര്‍ക്കുമായും ന്യൂജനറേഷന്‍ സമയം കൊല്ലുന്നു. സ്വന്തം മൊബൈല്‍ ദുരുപയോഗം നിയന്ത്രിക്കാനാവാത്ത യുവത്വത്തിന് കോളജ്  സ്‌കൂള്‍ ക്യാമ്പസുകളിലും ബസാറുകളിലും ക്ലബ്ബുകളിലും ട്രെയിനുകളിലും വൈഫൈ സൗകര്യമൊരുക്കിയാല്‍ യുവത്വത്തിന്റെ പോക്ക് എങ്ങനെയുണ്ടാകും...

സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയിലാക്കുന്ന സെക്‌സ് റാക്കറ്റുകള്‍ വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് റാക്കറ്റുകള്‍ ചതിക്കുഴികളിലേക്ക് വലിച്ചിഴക്കുന്നത്. യുവത്വം പിന്നിട്ടവരും വൃദ്ധന്മാരും വരെ വാട്ട്‌സ് ആപ്പിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. സോഷ്യല്‍ മീഡിയകള്‍ ഉപകാരപ്രദമാകുന്നുണ്ടെങ്കിലും യുവത്വത്തിന്റെ ദുരുപയോഗത്താല്‍ രക്ഷിതാക്കളും ആശങ്കയിലാണ്. ഭാവിയുടെ താരങ്ങളായ പിഞ്ചോമനകള്‍ ഗെയിമിന്റെയും കാര്‍ട്ടൂണിന്റെയും പിന്നാലെയുള്ള താല്‍പര്യവും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗവും രക്ഷിതാക്കളുടെ ഹൃദയമിടിപ്പിന് ആക്കം കൂട്ടുന്നു.

പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി രക്ഷിതാക്കള്‍ വാങ്ങിക്കൊടുക്കുന്ന ടാബ്‌ലെറ്റ് ഇന്ന് മിക്ക ചെറു കുടിലിലും കാണപ്പെടുന്നു. കമ്പ്യൂട്ടറിന്റെ ചെറുരൂപമായ ടാബ്‌ലെറ്റിലൂടെ പിഞ്ചോമനകള്‍ പുത്തന്‍ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫോട്ടോകളും വീഡിയോകളും സ്‌റ്റോര്‍ ചെയ്തും സമയം കളയുന്നു.  കാര്‍ട്ടൂണ്‍ ചാനലുകളിലെ താരമായ ഡോറയുടെ കുസൃതികളും തമാശകളും പരിപാടികളും ഇവരുടെ മനസ് കീഴടക്കിയിരിക്കുന്നു. കാര്‍ട്ടൂണിനോടുള്ള അതീവ താല്‍പര്യം പഠനത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ടാബ്‌ലെറ്റിന്റെയും ടെലിവിഷന്റെയും മുന്നിലിരുന്ന് സമയം കൊല്ലുന്ന ഭാവി താരങ്ങളുടെ പ്രവര്‍ത്തികളില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ കമ്പനികള്‍ കുട്ടികളെ ആകര്‍ഷിക്കാനായി കാര്‍ട്ടൂണ്‍ ബുക്‌സും ഡിവിഡികളുമായി ഇറങ്ങിത്തിരിച്ച് വന്‍ ലാഭങ്ങള്‍ കൊയ്യുകയാണ്.

സോഷ്യല്‍ മീഡിയകളുടെയും കാര്‍ട്ടൂണുകളുടെയും അടങ്ങാത്ത ആവേശം കാണുമ്പോള്‍ വേവലാതികള്‍ കൂടുന്നുവെന്ന് നിരവധി രക്ഷിതാക്കള്‍ എന്നോട് പരാതിയും പറഞ്ഞിട്ടുണ്ട്. പുത്തന്‍ ഗെയിമുകളോടുള്ള താല്‍പര്യം പിഞ്ചോമനകളുടെ ചലനങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയവയുടെ അമിതോപയോഗം യുവത്വത്തിന്റെ വായനാശീലവും മുരടിപ്പിച്ചിരിക്കുന്നു. ലോക അറിവിനായി മുതിര്‍ന്നവര്‍ ശീലിച്ചുവന്നിരുന്ന വായനാശീലങ്ങള്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റത്താല്‍ മാഞ്ഞുപോകുന്നു.

നെറ്റ്‌വര്‍ക്കുകളുടെ ഉപയോഗം നിയന്ത്രിക്കാനാവാതെ വരുമ്പോള്‍ ലഹരിയായി മാറുന്നു. അമിതമായാല്‍ അമൃതും വിഷമാണ് എന്നു ഓര്‍ക്കുക!

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യുവത്വം സോഷ്യല്‍ മീഡിയകളില്‍ കുരുങ്ങുമ്പോള്‍...

Keywords : Article, Social networks, Youth, School, Children, Facebook, Whats App, Shafeeque Thalangara. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia