city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വായിക്കാന്‍ മറന്നു, നാം ഈ സഞ്ചരിക്കുന്ന ചരിത്രപുസ്തകം

സൂപ്പി വാണിമേല്‍

(www.kasargodvartha.com 02/10/2015) കാസര്‍കോട്ടുകാര്‍ വായിക്കാന്‍ മറന്ന സഞ്ചരിക്കുന്ന ചരിത്രഗ്രന്ഥമാണ് അഡ്വ. ഹമീദലി ഷംനാട് എക്‌സ് എം.പി. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സ്മരണയില്‍ ഏര്‍പെടുത്തിയ പ്രഥമ പുരസ്‌കാരം ഷംനാട് സാഹിബിന് സമര്‍പിക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സമിതി തീരുമാനം കാസര്‍കോടിനുള്ള ആദരം കൂടിയാണ്. മുസ്‌ലിം സമുദായത്തില്‍ വിദ്യാസമ്പന്നര്‍ താരതമ്യേന കുറവായിരുന്ന കാലഘട്ടത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം കണ്ടെത്തി മുഖ്യധാരയില്‍ കൊണ്ടുവന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ ഗണത്തില്‍ അഗ്രഗണ്യനാണ് ഷംനാട്.

വൈദേശികാധിപത്യത്തോടുള്ള വെറി ഇംഗ്ലീഷ് ഭാഷയോടും പ്രകടിപ്പിച്ചതിലൂടെ പിന്നാക്കമായിപ്പോയ മലബാറിലെ മുസ്‌ലിംകളുടെ ഭൂതകാലം ഇംഗ്ലീഷിലൂടെയേ പഠിക്കൂ എന്ന് ശഠിക്കുന്ന വര്‍ത്തമാന കാലത്തിന് അറിയണമെന്നില്ല. 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തില്‍ ഷംനാട് സാഹിബ് സൃഷ്ടിച്ച ഹരിതവിപ്ലവം ചരിത്രമായി മുന്നിലുണ്ട്. കടത്തനാടിലെ കമ്മ്യൂണിസ്റ്റുകാരുടെ എ.കെ.ജിയായിരുന്ന സിറ്റിംഗ് എം.എല്‍.എ സി.എച്ച്. കണാരനെ പരാജയപ്പെടുത്തിയായിരുന്നു നാദാപുരത്ത് അദ്ദേഹം തുടക്കം കുറിച്ചത്.

സ്ഥാനാര്‍ത്ഥിയാവണമെന്ന് അന്നത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍ കോഴിക്കോട്ടേക്ക് വിളിപ്പിച്ച് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ദിവസം കോഴിക്കോട് നിന്ന് ടാക്‌സിയില്‍ തലശ്ശേരിയിലേക്ക് സഞ്ചരിക്കുമ്പോഴുണ്ടായ അനുഭവം ഷംനാട് സാഹിബ് അനുസ്മരിക്കാറുണ്ട്. കാര്‍ കൈനാട്ടിയില്‍ നാദാപുരത്തേക്ക് വഴിപിരിയുന്ന കവലയിലെത്തിയപ്പോള്‍ ഷംനാട് സാഹിബ് ഡ്രൈവറോട് നാദാപുരം മണ്ഡലത്തെക്കുറിച്ച് ആരാഞ്ഞു. അത് കേള്‍ക്കേണ്ട താമസം ഡ്രൈവര്‍ ബ്രേക്കില്‍ കാലമര്‍ത്തി തിരിഞ്ഞുനോക്കി പറഞ്ഞു; 'അതെന്താ ഓളി പറയണ്ടെ, കണാരേട്ടനോട് മുട്ടാന്‍ മലയാളോന്നറിയാത്ത ഏതോ ഒരു വക്കീല് കാസ്രോട്ട്ന്ന് ബെര്ന്ന്‌ണ്ടോലും'. നാദാപുരത്ത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി മലയാളം പറഞ്ഞില്ല. ഇംഗ്ലീഷില്‍ മാത്രം പ്രസംഗിച്ചു.

ഷംനാടിന്റെ പ്രചാരണങ്ങള്‍ക്ക് പിന്നീട് മുഖ്യമന്ത്രിയായ സി.എച്ച് മുഹമ്മദ് കോയയും സി.എച്ച് കണാരന്റെ പ്രചാരണം മറ്റൊരു മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരും നയിച്ചു. കേരളം ഉറ്റുനോക്കിയ ആ തെരഞ്ഞെടുപ്പില്‍ ഷംനാട് നേടിയ വിജയം ആകാശവാണിയുടെ ഡല്‍ഹി വാര്‍ത്തയില്‍ ഇടം നേടിയിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ഇന്നാണെങ്കില്‍ ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കി എന്നാണ് പറയുക. വിദ്യാസമ്പന്നനായ ന്യൂനപക്ഷക്കാരന് ലഭിച്ച സ്വീകാര്യതയായിരുന്നു ആ ചരിത്രവിജയം. ഇന്ത്യയുടെ രാഷ്ട്രീയവും അതില്‍ ന്യൂനപക്ഷ ഇടവും ദേശീയ നേതാക്കളുമായി ഇടപഴകിയ അനുഭവങ്ങളോടെ പറഞ്ഞുതരാനറിയുന്ന ഇദ്ദേഹത്തെപ്പോലെ മറ്റോരാളില്ല.

ലിയാഖത്ത് അലി ഖാന്‍, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട് തുടങ്ങിയ നേതാക്കളിലൂടെ പകര്‍ന്ന് കിട്ടിയ ആദര്‍ശബോധം ഷംനാടിനെ അഴിമതിയുടെ അരികുചേരാത്ത വേറിട്ട വ്യക്തിത്വമാക്കി. നെഹ്‌റു കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രണ്ട് ഘട്ടങ്ങളിലായി രാജ്യസഭാംഗം, എം.എല്‍.എ, കേരള പി.എസ്.സി അംഗം, ഗ്രാമവികസന ബോര്‍ഡ് ചെയര്‍മാന്‍, ഒഡെപെക് ചെയര്‍മാന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലക്കാര്‍ക്ക് ജില്ലയിലെ പി.എസ്.സി നിയമനങ്ങള്‍ക്ക് വെയ്‌റ്റേജ് ഏര്‍പെടുത്തണമെന്ന നിര്‍ദേശം ഷംനാട് ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ രാജ്യസഭാ ഡിബേറ്റുകള്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് എക്കാലവും ഉപയോഗിക്കാന്‍ കഴിയുംവിധം നഗരസഭാ റഫറന്‍സ് ലൈബ്രറിയില്‍ ഭദ്രമാണ്.

വിമോചനസമരം നയിച്ച് ശിക്ഷ ഏറ്റുവാങ്ങിയ മലബാറില്‍ നിന്നുള്ള അഭിഭാഷകര്‍ എന്ന ഖ്യാതി ഷംനാട് സാഹിബിനും പരേതനായ വി.കെ ശ്രീധരന്‍ നായര്‍ക്കും മാത്രം സ്വന്തം. സംസ്ഥാനത്ത് മുസ്‌ലിംകളുടെ, വിശിഷ്യ കാസര്‍കോട്ടുകാരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിലുള്ള അസ്വസ്ഥത അദ്ദേഹം പലപ്പോഴും പങ്ക് വെക്കാറുണ്ട്. സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റ് മുറികള്‍ക്കരികിലൂടെ കടന്നുപോകുമ്പോള്‍ പിന്നിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ചൂണ്ടി ഒരിക്കല്‍ അദ്ദേഹം ചോദിച്ചതോര്‍ക്കുന്നു, ആ ന്യൂനപക്ഷത്തോടും പട്ടികജാതിക്കാരോടും ഒപ്പമെത്താന്‍ നമ്മുടെ സമുദായം എത്ര തലമുറ കാത്തിരിക്കണം?

രാഷ്ട്രീയധികാരബലം മറികടന്ന് ഭരണതലത്തില്‍ ചില ഒളി അജണ്ടകള്‍ നടപ്പാവുന്ന വര്‍ത്തമാനം ഷംനാട് സാഹിബിന്റെ ആകുലതയുടെ ആഴം പ്രകടമാക്കാതിരിക്കുന്നില്ല. പിച്ചവെച്ച ഉമ്മവീടായ അംഗടിമുഗറിലെ ശെറൂള്‍ ഭവനത്തില്‍ നിന്ന് ഫിയറ്റ് കാറോടിച്ച് ഷംനാട് ചെന്നുകയറാത്ത വിദ്യാലയങ്ങള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വിരളമാണ്. ഓരോ സ്‌കൂളും സന്ദര്‍ശിച്ച് ഹാജര്‍ നിലയും പഠനനിലവാരവും അന്വേഷിച്ച് ഷംനാട് സാഹിബ് നല്‍കുന്ന നിര്‍ദേശങ്ങള്‍ മേലധികാരിയോടെന്നപോലെ ആദരവ് പ്രകടിപ്പിച്ചാണ് അധികൃതര്‍ പാലിച്ചുപോന്നത്.

കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിന്റെ ശില്‍പിയാണദ്ദേഹം. തായലങ്ങാടിയില്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ മാളികകള്‍ പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്ന കാലം പോയ വസന്തമാണ്. പട്ടികജാതി /വര്‍ഗ സങ്കേതങ്ങള്‍ എന്ന ആശയം ശരിയായിരുന്നില്ലെന്ന ചിന്ത ആ മേഖലയില്‍ ശതകോടികള്‍ ചെലവിട്ട ശേഷം ഇപ്പോള്‍ ഉണ്ടായിത്തുടങ്ങി. എന്നാല്‍ നിയമസഭയില്‍ ഈ ചിന്ത അഞ്ച് പതിറ്റാണ്ട് മുമ്പ് കാസര്‍കോട്ടുകാരനായ നാദാപുരം എം.എല്‍.എ നല്‍കിയതാണ്. അന്നാര്‍ക്കും അത് തലയില്‍ കയറിയില്ല.

വായിക്കാന്‍ മറന്നു, നാം ഈ സഞ്ചരിക്കുന്ന ചരിത്രപുസ്തകം


ഹമീദലി ഷംനാട്- ചില പഴയ ചിത്രങ്ങള്‍

വായിക്കാന്‍ മറന്നു, നാം ഈ സഞ്ചരിക്കുന്ന ചരിത്രപുസ്തകം
വായിക്കാന്‍ മറന്നു, നാം ഈ സഞ്ചരിക്കുന്ന ചരിത്രപുസ്തകം
വായിക്കാന്‍ മറന്നു, നാം ഈ സഞ്ചരിക്കുന്ന ചരിത്രപുസ്തകം

Keywords : Article, Remembering, Muslim-league, Leader, Kasaragod, Kerala, Hameedali Shamnad, Soopy Vanimel. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia