city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശുദ്ധനും വിനയാന്വിതനുമായ എസ്.വി അബ്ദുള്ള

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 03.10.2017) ലോക ജനതയെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു വിഭാഗമായി തരം തിരിക്കാമെന്ന് മന: ശാസ്ത്രവിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാത്തിലും സംശയം തോന്നുകയും, കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വിഭാഗം. കുറ്റം കണ്ടാല്‍ അതിന്റെ കാരണം അന്വേഷിച്ചുപോവുന്ന സ്വഭാവക്കാരാണ് വേറൊന്ന്. ഇനിയൊരു കൂട്ടരുണ്ട് കുറ്റം കണ്ടെത്തിയാലും അത് സ്വയം പരിഹരിച്ചു കൊടുക്കുന്നവര്‍.

എസ്. വി അബ്ദുള്ള സാഹിബിനെ മൂന്നാമത്തെ വിഭാഗത്തില്‍ പെടുത്താമെന്നാണ് എന്റെ അനുഭവം. എസ്. വി എന്ന ഇനീഷ്യല്‍ ഇങ്ങിനെ വിപുലീകരിക്കാമെന്ന് തോന്നുന്നു. ശുദ്ധനും (എസ്) വിനായാന്വിതനും (വി) ആണ് എസ്. വി അബ്ദുള്ള. അദ്ദേഹവുമായി ഒന്നു രണ്ടു തവണ മാത്രമെ കൂടുതല്‍ അടുത്തിടപഴകാന്‍ അവസരമുണ്ടായിട്ടുള്ളു. ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ ദീര്‍ഘകാല ബന്ധങ്ങള്‍ വേണമെന്നില്ലല്ലോ? കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെയാണ് എസ്. വി. യെ പരിചയപ്പെടുന്നത്. കാന്‍ഫെഡ് സാരഥി പി. എന്‍. പണിക്കരുടെ ആരാധകനായിരുന്നു എസ്. വി. അതു വഴി എന്നെയും ഇഷ്ടപ്പെട്ടു. കാസര്‍കോട് ഭാഗത്ത് സംഘടിപ്പിക്കുന്ന കാന്‍ഫെഡ് പരിപാടിയിലൊക്കെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

ശുദ്ധനും വിനയാന്വിതനുമായ എസ്.വി അബ്ദുള്ള

സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനത്തോടൊപ്പം മതപരമായ കാര്യങ്ങളിലും സജീവമായിരുന്നു അദ്ദേഹം. അതുമായി ബന്ധപ്പെട്ട ഒന്നു രണ്ടു കാര്യങ്ങള്‍ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്നുണ്ട.് അതിലൊന്ന് ഉദുമ പടിഞ്ഞാര്‍ മര്‍ക്കസുല്‍ ഉലൂം ദര്‍സ് വിദ്യാര്‍ത്ഥി സമാജത്തിന്റെ സില്‍വര്‍ ജൂബിലിയാഘോഷമായിരുന്നു. ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ക്ലാസെടുക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. 1996 ഡിസംബര്‍ 26നാണ് പരിപാടി. മര്‍ഹും ആലംകോട് ഉസ്താദ് നഗറിലാണ് സമ്മേളനം നടക്കുന്നത്. അതേ ദിവസം പടന്ന പഞ്ചായത്തില്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് എടുക്കാന്‍ ഞാന്‍ ഏറ്റുപോയി. അതുകൊണ്ട് പ്രസ്തുത പരിപാടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്. വി യോട് ആവശ്യപ്പെട്ടു. അദ്ദേഹം വിടുന്ന മട്ടില്ല. എനിക്കു വേണ്ടി സമയം അഡ്ജസ്റ്റ് ചെയ്യാമെന്നും അതിനനുസരിച്ച് വണ്ടിയുമായി പടന്നയില്‍ എത്തുമെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞാല്‍ പറഞ്ഞതുപോലെ തന്നെ ചെയ്യും. ആ തന്റേടവും നേതൃത്വ പാടവവും എസ്. വിക്കുണ്ട്. നിശ്ചയിച്ച പ്രകാരം അവിടെയെത്തി.

സ്ത്രീകളും പുരുഷന്മാരും നിറഞ്ഞ സദസ്സ് മുസ്ലീം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള വിദ്യാഭ്യാസ പദ്ധതിയില്‍ ഞാന്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിക്കുകയുണ്ടായി. കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയില്‍ പ്രൈമറി എഡുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്ന തസ്തികയായിരുന്നു അത്. ആ കാലയളവില്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് അവിടെ ശ്രോതാക്കളുമായി പങ്കുവെച്ചത്. ശ്രോതാക്കളുടെ ഇടയില്‍ ശ്രദ്ധാലുവായി എസ്. വി ഇരിപ്പുണ്ടായിരുന്നു. ചില പ്രത്യേക പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ആവേശത്തോടെ കയ്യടിക്കുന്നതും ഞാന്‍ കണ്ടു. പരിപാടി കഴിഞ്ഞ് എന്നെ വീട്ടിലെത്തിക്കുന്നതുവരെ കൂടെത്തന്നെ ഉണ്ടായിരുന്നു അദ്ദേഹം. ഏറ്റെടുത്ത ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ കര്‍മ്മകുശലത കാണിക്കുന്ന വ്യക്തികൂടിയാണ് എസ്. വി എന്ന് ഓര്‍ക്കുകയാണ്.

2002 ല്‍ ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ധീന്‍ ജുമാമസ്ജിദ് യു. എ. ഇ കമ്മറ്റി പുറത്തിറക്കുന്ന സില്‍വര്‍ ജൂബിലി സുവനീറിലേക്ക് ഒരു ലേഖനം വേണമെന്ന് ആവശ്യപ്പെട്ട് എസ്. വി എന്നെ സമീപിച്ചു. മുസ്ലീം വിദ്യാഭ്യാസം ചില ചിന്തകള്‍ എന്നൊരു ലേഖനം അതിലേക്ക് തയ്യാറാക്കി കൊടുത്തു. പ്രസ്തുതക്കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു എസ്. വി. 'ജബല്‍' എന്നപേരില്‍ പുറത്തിറക്കിയ പ്രസ്തുത സുവനീര്‍ വളരെ മനോഹരവും ഉള്‍ക്കനവുമുള്ളതായിരുന്നു. ആ സംരംഭത്തിന്റെ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നത് എസ്. വി. തന്നെ.

വിദ്യാഭ്യാസ- സാമൂഹ്യ - സാംസ്‌കാരിക രംഗത്ത് തന്നാലാവും വിധം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന വിശാലമനസ്സിന്റെ ഉടമയാണിദ്ദേഹം. അതുകൊണ്ടുതന്നെയാണ് അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ഉദുമ പ്രദേശത്തെത്തിയപ്പോള്‍ പൂര്‍ണ്ണമായ സഹായവാഗ്ദാനവുമായി അദ്ദേഹം മുന്നോട്ടു വന്നത്. 1980കളില്‍ തന്നെ കാന്‍ഫെഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. പ്രവാസ ജീവിതമാണ് നയിച്ചതെങ്കിലും നാട്ടിലെത്തിയാല്‍ കാന്‍ഫെഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാവും. വിദേശത്താകുമ്പോള്‍ കാന്‍ഫെഡിന് സാമ്പത്തിക ശ്രോതസ്സ് കണ്ടെത്തി സഹായിക്കുന്നതിനും മുന്‍പന്തിയിലുണ്ടാവും.

1995 കാന്‍ഫെഡിന്റെ സ്ഥാപകനായ പി. എന്‍ പണിക്കരുടെ മരണത്തോടെ പ്രസ്ഥാനത്തില്‍ ചില പ്രശ്‌നങ്ങള്‍ തലപൊക്കി. സന്നദ്ധപ്രവര്‍ത്തനമാണ്, സാമൂഹ്യപുരോഗതിയാണ് സംഘത്തിന്റെ ലക്ഷ്യം. 'നാം ഒന്ന്' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിക്കുന്ന സംഘടനയാണ്, ജന നന്മയാണ് മുഖ്യ അജണ്ട അറിവും കഴിവും നേടാന്‍ ആഹ്വാനം ചെയ്തുകൊണ്ടിരുന്ന സംഘമാണ് കാന്‍ഫെഡ്. പക്ഷേ ഇതിലും ചില പുഴുക്കുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. സംഘത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ ചില കുബുദ്ധികള്‍ കച്ചകെട്ടിയിറങ്ങി. പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി രാവും പകലും അധ്വാനിച്ച മഹല്‍വ്യക്തിത്വങ്ങളെ കായികബലം കൊണ്ട് പടിക്കുപുറത്തു നിര്‍ത്തി. തല്പരകക്ഷികള്‍ സംഘത്തിന്റെ ആസ്തികളും രേഖകളും കൈക്കലാക്കി.

പ്രസ്ഥാനത്തെ നയിച്ചു കൊണ്ടിരുന്ന അതിനെ ശക്തിപ്പെടുത്താന്‍ കഴിവുള്ളവര്‍ പുറത്താക്കപ്പെട്ടുവെങ്കിലും നിരാശരാവാതെ മുന്നോട്ടുപോയി. അങ്ങിനെ നന്മയുടെയും സത്യത്തിന്റെയും പക്ഷത്തു ഡോ: ശിവദാസന്‍പിള്ളയുടെയും അഡ്വ: നഫീസത്തുബീവിയുടെയും നേതൃത്വത്തില്‍ കാന്‍ഫെഡ് പ്രവര്‍ത്തനം പുനരാരംഭിച്ചു. പ്രസ്ഥാനത്തെ തെറ്റായ വഴിയിലൂടെ പിടിച്ചെടുത്ത് അന്യായമായ രീതിയില്‍ നടത്തിക്കൊണ്ടു പോയവരുടെ പിന്നാലെയും ചിലരുണ്ടായി.

കാസര്‍കോട് ജില്ലയിലും ഈ ചേരിതിരിവ് പ്രത്യക്ഷപ്പെട്ടു. എസ്. വി അബ്ദുള്ളയെ പോലുള്ള നന്മ കാണുകയും, നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ അങ്കലാപ്പിലായി. എസ്. വി ഒരു തവണ വികാരധീതനായി എന്നോട് സംസാരിക്കുകയുണ്ടായി. മാഷ് പറയുന്നതാണ് ശരി, സത്യത്തിന്റെ പക്ഷത്താണ് നാം നില്‍ക്കേണ്ടത്. ഞാനും മനസ്സുകൊണ്ട് സത്യത്തിന്റെ പക്ഷത്തു നില്‍ക്കുന്നവരുടെ കൂടെയാണ്. പക്ഷേ എന്റെ ചില സുഹൃത്തുക്കള്‍ മറുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നതിനാല്‍ എനിക്കും അവരൊപ്പം നില്‍ക്കേണ്ടി വന്നു. മാഷ് ക്ഷമിക്കണം എന്നാണൊരിക്കല്‍ സംസാരിച്ചത്.

സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ അഗ്രഗണ്യനാണ് എസ്. വി. അവസാനകാലം ഞങ്ങള്‍ രണ്ടുഗ്രൂപ്പുകളില്‍ വിന്യസിച്ചിരുന്നെങ്കിലും ആദ്യകാലാനുഭവങ്ങള്‍, അന്നുചെയ്ത സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എല്ലാം മനസ്സില്‍ കാത്തു സൂക്ഷിക്കുകയും തമ്മില്‍ കാണുന്ന അവസരങ്ങളിലൊക്കെ അയവിറക്കാറുമുണ്ട്. മരണം എല്ലാവര്‍ക്കും വിധിച്ചിട്ടുള്ളതാണ്. സൗഹൃദം കാത്തു സൂക്ഷിക്കുന്നവരേയും, സമൂഹ നന്മയ്ക്ക് പ്രവര്‍ത്തിക്കുന്നവരേയും ദൈവം പെട്ടെന്ന് തിരിച്ചു വിളിക്കും എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നു. അങ്ങിനെ എസ്. വി നമ്മെ വിട്ടുപോയി. അദ്ദേഹം ചെയ്തു വെച്ച പാതിയായ പ്രവൃത്തികള്‍ കൂട്ടുകാര്‍ ഏറ്റെടുക്കണം. അദ്ദേഹത്തിന്റെ ആത്മാവിന് സാന്ത്വനമേകാന്‍ നമുക്കതേ ചെയ്യാനാവൂ. ഈ സ്മരണികയിലെ താളുകള്‍ അദ്ദേഹത്തിന്റെ നന്മകളെ തിരിച്ചറിയാനുള്ള കണ്ണാടിയായി മാറട്ടെ. (എസ്. വി അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ 'സമാന്‍' സ്മരണിക പതിപ്പ് പ്രകാശനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookanam-Rahman, Article, S .V Abdulla,  S V Abdulla no more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia