city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുഴയും വയലും നിറഞ്ഞു അരവത്ത് വയലില്‍ മഴമഹോത്സവം

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 19.06.2017) പള്ളിക്കര ഗ്രാമപഞ്ചായത്തിലെ അരവത്ത് വയലിനു ചുറ്റുമുള്ള ചെറുപ്പക്കാര്‍ ഒരു മഹാ യജ്ഞത്തിലാണ്. കൈമോശം വന്നു പോയ്ക്കൊണ്ടിരിക്കുന്ന ജൈവ സമ്പത്ത്, നടീല്‍ വിത്തുകള്‍ ഇവ തിരിച്ചു പിടിക്കണം. അത്യന്താധുനിക സംസ്‌കാരത്തിന്റെ കൈകളിലമര്‍ന്നു പോയ കാര്‍ഷിക മേഖലയെ തിരികെ കൊണ്ടു വരണം. തൂക്കുമരങ്ങളിലേറി വാങ്ങിതന്ന ഭൂമി സിമന്റു കാടുകളായിക്കിടക്കുകയാണ്. അവയൊക്കെ തിരിച്ചെടുക്കണം. നമ്മുടേതു മാത്രമായിരുന്ന ജനിതക വിത്തും, കൈക്കോട്ടും, വയലും, നാട്ടിപ്പാട്ടും കണ്ടെടുക്കണം. ഒരുകൂട്ടം ചെറുപ്പക്കാര്‍ പുലരി സാംസ്‌കാരിക കേന്ദ്രം എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച യജ്ഞം ഇപ്പോഴും തുടരുകയാണ്.

അരവത്ത് വയല്‍ ഈ വിപ്ലവത്തിനു സാക്ഷ്യം വഹിക്കുകയാണ്. ഇതൊരു മഹോത്സവമാണ്. അതിന് അവരിട്ട പേരാണ് മഴ മഹോത്സവം അഥവാ നാട്ടിയുത്സവം. കൂടെ കൂട്ടിന് സ്വാമിനാഥന്‍ ഫൗണ്ടേഷനും, കുടുംബശ്രി ജില്ലാ മിഷനുമുണ്ട് ഒരു കൈ സഹായത്തിന്.

ബ്രീട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നെത്തുന്നതിനു മുമ്പുള്ള കാര്‍ഷിക കേരളം, അന്നത്തെ കൃഷിസമ്പത്ത്, വിത്ത്, വിത്തിലെ കാമ്പ് ഇനി ഇവിടെ ഒന്നുമില്ല ബാക്കി എടുപ്പാന്‍. പോയ്പ്പോയ തലമുറ വിതച്ചിട്ടു കടന്നു പോയ വിത്തൊക്കെ നാം കുത്തി അരിയാക്കി ഉണ്ടു. പകരം കൃത്രിമ ജീനുകളാല്‍ നിര്‍മ്മിതമായവയാണിപ്പോള്‍ ഉണ്ണുന്നത്. സ്വയം നശിക്കുകയാണ്. ഇനി വയ്യെന്ന് പറയുകയാണ് ഇവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍.

പുഴയും വയലും നിറഞ്ഞു അരവത്ത് വയലില്‍ മഴമഹോത്സവം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രാമകൂട്ടായ്മാ സമ്പ്രദായത്തെ തിരിച്ചുപിടിക്കുകയാണ് നാട്ടിയുത്സവം. നാട്ടി കഴിഞ്ഞാല്‍ മധുരം വിളമ്പുന്ന പതിവുണ്ട് പണ്ട്. ഇവിടെ രണ്ടു ദിവസങ്ങളിലായി വന്നവര്‍ക്കും പോയവര്‍ക്കുമുണ്ട് ഊണും പാല്‍പായസവും. പ്രതിസന്ധികളില്ലാത്ത ഒരു കാര്‍ഷിക കേരളം സ്വപ്നം കാണുകയാണിവര്‍.

എന്തായിരുന്നു ഇവിടെ സംഭവിച്ചത്? കേരളത്തിലെ കാര്‍ഷിക മേഖലയില്‍ എന്നാണോ വിദേശ മൂലധന ബന്ധങ്ങള്‍ ആവിര്‍ഭവിച്ചത്, അന്നു തുടങ്ങിയത് കര്‍ഷകന്റെ കഷ്ടകാലം. നാടാകെ കൃഷി പോഷിപ്പിക്കുകയല്ല, പിന്നീട് നശിച്ചില്ലാതാവുകയായിരുന്നു. ഇംഗ്ലീഷ് വളങ്ങള്‍ ആയുസിനെ തിന്നു തീര്‍ത്തു. രോഗം വഴിമാറി സഞ്ചരിച്ചു. നൂറ്റിപ്പത്ത് ആയുസെന്നുള്ളത് ശരാശരി എഴുപതില്‍ വന്നു നിന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മുമ്പേ തിരിച്ചറിഞ്ഞവരുണ്ടായിരുന്നു ഈ നാട്ടില്‍. അവര്‍ ചേര്‍ന്നാണ് 1920കളില്‍ തന്നെ കര്‍ഷക-തൊഴിലാളി വര്‍ഗ്ഗ സംഘടനകള്‍ക്കു രൂപം നല്‍കിയത്.

കൃഷി അന്ന് നാടിന്റെ ജീവനായിരുന്നു. അതു നിലനിര്‍ത്തുക എന്നാല്‍ ജീവന്‍ നിലനിര്‍ത്തുക എന്ന് അര്‍ത്ഥം. ഇന്നങ്ങനെയല്ല. എല്ലാം മാറിപ്പോയിയിരിക്കുന്നു. സങ്കരകൃഷി വയലുകളെ കൈവശപ്പെടുത്തി. കാലി വളവും, കാട്ടം കത്തിച്ച വെണ്ണീരും നാടുനീങ്ങി. പകരം വൈദേശികന്‍ അരങ്ങു വാണു. കര്‍ഷകന്റെ നട്ടെല്ലൊടിഞ്ഞു. ഇതിനൊക്കെ തടയിടണം. വടക്കന്‍ കേരളത്തിലെ മലബാര്‍ കലാപം ഉടലെടുത്ത സാഹചര്യത്തിന്റെ തനിയാവര്‍ത്തനമാണ് അരവത്ത് വയലില്‍ നടക്കുന്നത്. കര്‍ഷകനെ കാര്‍ന്നു തിന്നുന്ന ബ്രിട്ടീഷ് -ഭുപ്രഭു ജന്മി സമ്പ്രദായത്തിനെതിരെയായിരുന്നു അന്ന് കര്‍ഷകര്‍ വാളെടുത്തിരുന്നത്. അതു പിന്നീട് ഫ്യൂഡല്‍ വിരുദ്ധ സമരങ്ങളായി മാറിയതാണ്.

ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങള്‍ ഇതേറ്റെടുത്തത് നാട്ടി വയലുകളില്‍ നിന്നുമാണ്. 1930 കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മം നല്‍കാനും, 1957ല്‍ ഭൂപരിഷ്‌ക്കരണ നിയമമുണ്ടാകാനും കാരണമായത് വയലിലെ പ്രതിസന്ധി തന്നെയായിരുന്നു. സാമ്രാജ്യത്വ-ജാതി- ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ പിറക്കാന്‍ അന്നത്തെ നാടകങ്ങള്‍ക്കും, നാടക ഗാനങ്ങള്‍ക്കും കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്നു പുറം തിരിഞ്ഞു നില്‍ക്കുന്നവരെ ഉണര്‍ത്താന്‍ നാട്ടിപ്പാട്ടിനും കഴിയുമെന്ന് പുലരി സംസ്‌കാരിക കേന്ദ്രം വിശ്വസിക്കുന്നു.

അന്ന് കര്‍ഷകന്‍ പിടിച്ചു വാങ്ങിയവയൊക്കെ ഇന്ന് കൈമോശം വന്നിരിക്കുന്നു. ഇന്ത്യ സ്വതന്ത്രമായതോടു കൂടി കര്‍ഷകര്‍ രക്ഷപ്പെടുമെന്നു കരുതിയവര്‍ക്കു തെറ്റി.

രാജ്യം പുരോഗമിച്ചു, ശരി തന്നെ. പഞ്ചവത്സര പദ്ധതികള്‍ വന്നു. പൊതു മേഖലകള്‍ ഉണര്‍ന്നു. കാര്‍ഷിക സബ്സിഡികള്‍, മെച്ചപ്പെട്ട ഉല്പന്നവില, ജലസേചന സൗകര്യം, വിപണന സൗകര്യങ്ങള്‍ മുതലായവ ഒരുങ്ങിയെങ്കിലും കര്‍ഷകന്റെ സുരക്ഷിതത്വം, സ്വാതന്ത്യം ഇന്നും അകലെയാണ്.

ഭൂപരിഷ്‌ക്കരണം കൊണ്ടുള്ള നേട്ടം ഒരു സമൂഹത്തെ ജന്മിയുടെ പാട്ടച്ചീട്ടില്‍ നിന്നും ഭാരമളക്കലില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും സാങ്കേതിക വിദ്യ വര്‍ദ്ധിച്ചുവെങ്കിലും കൈത്താങ്ങ് അയഞ്ഞു. 1971 ല്‍ ആണല്ലോ ഭൂപരിഷ്‌ക്കരണ ബില്ല് നിയമമാകുന്നത്. നിയമത്തോടൊപ്പം കാലവും മാറി. നമ്മുടെ സാമൂഹ്യ വ്യവസ്ഥിതികളാകെ മാറി. നാട് പുരോഗമിച്ചു കഴിഞ്ഞുവെന്ന് നാം വീമ്പിളക്കി. ആരോഗ്യം കൊണ്ടും അദ്ധ്വാനം കൊണ്ടും സമ്പന്നനായിരുന്ന കൃഷിക്കാരന്‍ മെലിയാന്‍ തുടങ്ങുന്നതാണ് പിന്നീട് നാം കണ്ടത്.

1957 ലെ കാര്‍ഷിക പരിഷ്‌കാര ബില്ല് കൊണ്ട് നടപ്പിലായ വിപ്ലവകരമായ മാറ്റങ്ങള്‍ മുരടിക്കുന്ന കാഴ്ചകളാണ് 77ന് ശേഷമുള്ള നാം കണ്ടത്. വിത്തും കൈക്കോട്ടും വലിച്ചെറിയപ്പെട്ടു. സാമൂഹ്യ ജീവിതം അപ്പാടെ മാറി. പുതിയൊരു സംസ്‌ക്കാരം ഉണര്‍ന്നു. അറേബ്യന്‍ നാടുകളിലേക്കുള്ള പലായനവും, അവിടുത്തെ ഒരു റിയാല്‍ ഇവിടെ 12 രൂപയായി വിപണനം ചെയ്യാന്‍ കഴിയുന്നതുമൊക്കെ നാട്ടിനെ ആകെ മാറ്റി മറിച്ചുവെങ്കില്‍ പോലും തകര്‍ന്നു പോയ കര്‍ഷകന്റെ നട്ടെല്ലു നിവര്‍ന്നില്ല. അതിനുള്ള പ്രധാന കാരണം കോണ്‍ഗ്രസ് 1980 കളില്‍ തുടങ്ങിവെച്ച, 1990 കളോടുകൂടി ശക്തിപ്രാപിച്ച് ഇന്നും നടന്നു വരുന്ന നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ കടന്നു കയറ്റമായിരുന്നു.

ഉത്തരേന്ത്യയില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കര്‍ഷക ആത്മഹത്യകള്‍ കേരളത്തിലുമെത്തി. കര്‍ഷകനെന്നാല്‍ നാണക്കേടിന്റെ പര്യായപദമായി മാറി. അവനെ നിത്യ ദരിദ്രനായി ജനം മുദ്ര കുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗള്‍ഫുകാരനും മാന്യത പകുത്തെടുത്തു. അതുവരെ സമൂഹം സേവനം മാത്രമായി കണ്ടിരുന്നവ പലതും കൂലി ചോദിക്കുന്ന തൊഴിലുകളായി മാറി. കല്യാണത്തിനു പന്തല്‍ക്കാല്‍ നാട്ടുന്നതിനു വരെ കൂലിയായി. കൃഷി വിട്ട് കര്‍ഷകര്‍ അതിലേക്ക് ചേക്കേറി. കര്‍ഷകര്‍ ഓരോരുത്തരും പുറംപണിക്കാരനായി പരിണമിച്ചു തുടങ്ങുകയായിരുന്നു. ചേറിലിറങ്ങാന്‍ അവര്‍ ഭയപ്പെട്ടു. നാണക്കേടും പരിവട്ടവും കാര്‍ഷിക മേഖലയെ കാര്‍ന്നു തിന്നു കൊണ്ടേയിരുന്നു.

ഒരു സംസ്‌കാരം ആകമാനം മാറി മറിയുകയായിരുന്നു ഇവിടെ. കര്‍ഷകന്‍ ഭൂമി വിറ്റു. വിറ്റവ മുഴുവനും ഗള്‍ഫുകാരന്റെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയും പക്കല്‍ കുന്നു കൂടി. അവ ഇന്നും തരിശായി കിടന്നു. ഇന്ന് ചേറിലിറങ്ങാത്തവന് സുഖമാണ്. തേങ്ങ മലേഷ്യയില്‍ നിന്നും, വെളിച്ചെണ്ണക്കു പകരം പാംഓയില്‍ ഇന്ത്യേനേഷ്യയില്‍ നിന്നും ഇറക്കുമതിയുണ്ട്. എല്ലാ രോഗത്തിനും യഥേഷ്ടം ഗുളികകളുണ്ട്. എന്തിനു ചേറിലിറങ്ങണം വിയര്‍ക്കണം. കര്‍ഷകരെ ഇല്ലാതാക്കിയത് അവര്‍ നേടിത്തന്ന സ്വാതന്ത്രം വിറ്റു കാശാക്കുന്ന രാഷ്ട്രീയം തന്നെയാണെന്ന് നിയോ ലിബറല്‍ നയം നമ്മോട് പറയുന്നു. ആ നയം കൊണ്ടു വന്നവര്‍ യുറിയയും, എട്ടേഎട്ടും, ഫാക്റ്റംഫോസും ഇട്ടു കൃഷി ചെയ്യാന്‍ ആവശ്യപ്പെട്ടു.

കാലിവളത്തിനു നല്‍കാത്ത സബ്സിഡി അവിടെ നല്‍കി. മണ്ണ് ചത്തു. കൃഷിപ്പണി നഷ്ടത്തില്‍ കൂപ്പുകുത്തിയതോടെ കര്‍ഷകന്‍ വയല്‍ കിട്ടിയ വിലക്കു വിറ്റു. വിറ്റുപോയവയൊക്കെ കോണ്‍ക്രീറ്റു വനങ്ങളായി മാറി. പുത്തന്‍ പണക്കാരുടെ ബംഗ്ലാവുകള്‍ ഉയര്‍ന്നു പൊങ്ങി. ഇതൊക്കെയാണ് വികസനമെന്ന് നാം ധരിച്ചു വെച്ചു. അപ്പോഴും കുമ്പിളില്‍ പോലും കഞ്ഞി കുടിക്കാനില്ലാത്ത കര്‍ഷകന്‍ ഇവിടെ ജീവിക്കുന്നു. അവരെ വിളിച്ചുണര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുകയാണ് പുലരി സാംസ്‌കാരിക കേന്ദ്രം.

കൃഷി ഭൂമി കച്ചവട ചരക്ക് മാത്രമായി മാറിയിരിക്കുന്ന അരങ്ങിലേക്കാണ് പുലരി കടന്നു ചെല്ലുന്നത്. കൃഷിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ ഇടങ്ങളിലേക്ക്. കേരളത്തിന്റെ 85 ശതമാനവും ഇന്ന് കൃഷി മറന്നു. 1970-80 കളില്‍ ജനസംഖ്യയില്‍ 40% വരെ കര്‍ഷകരുണ്ടായിരുന്നു. ഇന്നത് കേവലം 13 ശതമാനം പേര്‍ മാത്രം. ഇന്ത്യയില്‍ പത്തു ലക്ഷത്തില്‍പ്പരം കര്‍ഷക ആത്മഹത്യകളാണ് നടന്നത്. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതാണ് കാരണം.

കൃഷിഭൂമി തരിശിടുന്നതിനും, കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും എതിരായ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് ഇവര്‍ പറയുന്നു. നെല്‍വയലുകള്‍ നികത്തുന്നതിനെതിരെയുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് ആഗ്രഹിക്കുന്നു. അയല്‍ക്കാരന്റെ വിയര്‍പ്പാണ് ഇന്ന് നാമുണ്ണുന്ന ചോറ്. നമുക്ക് വീണ്ടുമിറങ്ങാം ചെളിയിലേക്ക്. ക്ഷണിക്കുകയാണ് പുലരി. ഉണ്ടും ചെളിയില്‍ പുരണ്ടും, മണ്ണിന്റെ മാറില്‍ പടര്‍ന്നും രണ്ടു ദിവസം നമുക്കാര്‍ത്തുല്ലസിക്കാന്‍ മണ്ണിനെ സ്നേഹിക്കുന്നവരെ ഹൃദയപൂര്‍വ്വം ക്ഷണിക്കുകയാണ് ഈ കൂട്ടായ്മ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Pallikara, Prathibha-Rajan, River, Agriculture, Suicide, Farmers, Subsidy, Rivers and fields filled with water: Rain festival at Aravath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia