city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസനം അബ്ദുര്‍ റഹ് മാന്‍: സേവനം ചെയ്യാൻ ദാഹിച്ച മഹാമാനുഷി

അനുസ്മരണം/ വി എം മുനീർ

(www.kasargodvartha.com 20.04.2020) സാധാരണക്കാരനിൽ അസാധാരണക്കാരൻ എന്നോ അസാധാരണക്കാരനിൽ സാധാരണക്കാരൻ എന്നോ തിരിച്ചും മറിച്ചും വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു വികസനം അന്ത്മാൻച്ച എന്ന വിളിപ്പേരിൽ അറിയപ്പെട്ട എ എ അബ്ദുൽ റഹ്മാൻ. മുസ്ലിം ലീഗിന്റെ പ്രവർത്തനത്തിലൂടെയാണ് ഞങ്ങളുടെ പരിചയം. നിഷ്കളങ്കതയും, ആത്മാർത്ഥയുമായിരുന്നു അദ്ദേഹത്തിന്റെ മുതൽകൂട്ട്. ഏറ്റെടുക്കുന്ന കാര്യം നൂറ് ശതമാനവും പൂർത്തീകരിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കും. മുസ്ലിം ലീഗിന്റെ പ്രവർത്തനവും, ചന്ദ്രിക പത്രവും അദ്ദേഹത്തിന് ഹരമായിരുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയിൽ തന്റെ പേരിന് മുമ്പിലുള്ള വികസനമെന്ന വിളിപ്പേര് ചാർത്തപ്പെട്ടത് തന്നെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഏറ്റവും നന്നായി പ്രവർത്തിച്ചുവെന്നതിനുള്ള അംഗീകാരമാണ്.

കക്ഷത്തിലുള്ള ബാഗും തലയിൽ ചാർത്തുന്ന തൊപ്പിയും അദ്ദേഹത്തിന്റേതായ തിരിച്ചറിയലിന്റെ അടയാളങ്ങളാണ്.പുഞ്ചിരി സ്വഭാവത്തിന്റെ ഭാഗവും. നല്ല കലാകാരൻ കൂടിയാണ്. മുസ്ലിം ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി മാന്യയിലെ വിൻടച്ചിൽ നടത്തിയ പ്രവർത്തക ക്യാമ്പിൽ അദ്ദേഹം ആലപിച്ച മാപ്പിളപ്പാട്ട് ഇന്നും ആനന്ദമയമാക്കുന്നതാണ്. പൊതു പ്രവർത്തനവും, സംഘടനകളോടുള്ള കൂറും അദ്ദേഹത്തിന്റെ സത്യസന്ധമായ ജീവിത രീതികളാണ്.

കാസർകോട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളിലധികവും അന്ത്മാൻച്ചാന്റെ കൈയ്യൊപ്പ് ചാർത്തിയിട്ടുള്ളതാണ്. ടൗൺ ഹാളിന് സ്ഥലം വിട്ടുകിട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. നഗരത്തിന്റെ ഏതാവശ്യത്തിനും അനന്തപുരിയിലെ അധികാര കേന്ദ്രങ്ങളിൽ എത്തുവാനും കാര്യങ്ങൾ സാധിച്ചെടുക്കുവാനുമുള്ള ചുമതല അദ്ദേഹത്തിനാണ് നൽകാറുണ്ടായിരുന്നത്. ഇടത് മന്ത്രിസഭയിലെ സി പി ഐ പ്രതിനിധി കെ ഇ ഇസ്മയിലുമായിട്ട് അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തി ബന്ധം ഏറെ ഊഷ്മളമായിരുന്നു.

1979 മുതൽ 2005 വരെ നഗരസഭയിലെ അംഗമെന്ന നിലയിൽ സുലൈമാൻ ഹാജി, ഹമീദലി ഷംനാട്, എസ്  ജെ പ്രസാദ്, ടി ഇ അബ്ദുള്ള എന്നിവരുടെ ഭരണ കാലത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. അതു വഴിയാണ് ജനങ്ങൾ അദ്ദേഹത്തിന് വികസന നായകനെന്ന പേര് ചാർത്തി കൊടുത്തത്. തീരുമാനങ്ങൾ രേഖകളായിത്തീരണമെന്ന നിഷ്കർഷതയെക്കുറിച്ച് ടി ഇ അബ്ദുള്ള അനുഭവം പങ്കുവെച്ചിട്ടുണ്ട്. നഗരസഭയിലെ കമ്മിഷണർക്ക് സ്വന്തമായി ഭവനം വേണമെന്ന ആവശ്യവുമായി അന്നത്തെ കളക്ടറെ കാണാൻ ചെല്ലുകയും ആവശ്യങ്ങൾക്കൊക്കെ കളക്ടർ സമ്മതം മൂളുകയും ചെയ്തുവെങ്കിലും അതൊന്നും തന്നെ തീരുമാനങ്ങളായി മിനുറ്റ്സ് രേഖപ്പെടുത്തിയിരുന്നില്ല. ചർച്ചയുടെ അവസാനം ഈയൊരു ആവശ്യമായിരുന്നു അന്ത്മാൻച്ചാക്ക് കളക്ടറുടെ മുമ്പിൽ വെക്കാനുണ്ടായിരുന്നത്.

ഉത്തരവാദിത്വം, അർപ്പണ ബോധം ഇവ അദ്ദേഹത്തിന്റെ കൂടെപ്പിറപ്പുകളായിരുന്നു.പാർട്ടി ജിഹ്വയായ ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണത്തിന് മുമ്പിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ചന്ദ്രികയുടെ മുനിസിപ്പൽ കോർഡിനേറ്ററായിരുന്ന അദ്ദേഹം ചന്ദ്രിക വരിക്കാരല്ലാത്തവരോട് സന്ധിയിലേർപ്പെടാൻ തയ്യാറായിരുന്നില്ല. പാർട്ടി ചുമതലയുള്ള നിരീക്ഷകനെന്ന നിലയിൽ പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത വാർഡുകളുടെ മേൽനോട്ടമാണ് അദ്ദേഹത്തിന് നൽകാറുള്ളത്. അവിടെ പാർട്ടിക്ക് സ്വാധീനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് നടത്തും. ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിച്ചതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു താൻ നിരീക്ഷകനായിരുന്ന ചെറിയ വാർഡിൽ നിന്നും ക്വാട്ട പൂർത്തീകരിച്ച് ഫണ്ട് ഏൽപ്പിച്ചത്.

മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യതിരക്തത പുലർത്തിയ നേതാവായിരുന്നു വികസനം അന്ത്മാൻച്ച.കർഷക പ്രശ്നങ്ങൾ സ്വയം ഏറ്റെടുത്ത് പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. മറ്റു പൊതുപ്രവർത്തനങ്ങളിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ കൂടെയായിരുന്നു. എല്ലാവരും അകലം പാലിക്കാൻ ശ്രമിച്ച  എച്ച് ഐ വി ബാധിതരോട് കാട്ടിയ അനുകമ്പ മാനുഷികതയുടേതായിരുന്നു.ചൈൽഡ് പ്രൊട്ടക്ഷൻ ഡയരക്ടർ എന്ന നിലയിൽ നീതിപൂർവ്വകമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.ഇക്കാര്യത്തിൽ തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരുമായി അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്.

പിതൃതുല്യനായ സഹപ്രവർത്തകനായിരുന്നു അദ്ദേഹം.എന്നും പോസിറ്റീവായേ കാര്യങ്ങളെ കാണൂ. ഒന്നും നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങളല്ലെന്ന് പറയുമായിരുന്നു. എല്ലാം നേടിയെടുക്കാൻ പലർക്കും താങ്ങായി. അതിൽ പൂർണ്ണ സംതൃപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. കാലം അദ്ദേഹത്തെ മറക്കില്ല.

(മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടാണ് ലേഖകന്‍)

വികസനം അബ്ദുര്‍ റഹ് മാന്‍: സേവനം ചെയ്യാൻ ദാഹിച്ച മഹാമാനുഷി


Keywords:  Kasaragod, Kerala, Remembrance, Article, VM Muneer, Remembrance of Vikasanam Abdul Rahman
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia