city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റീന മുന്നേറുന്നു ഉയരങ്ങളും ദൂരങ്ങളും കീഴടക്കി

കൂക്കാനം റഹ്‌മാന്‍

(www.kasargodvartha.com 21/02/2015) പള്ളിക്കര റെയില്‍വേ ഗേറ്റ് വാഹനയാത്രക്കാര്‍ക്ക് ഒരു ശല്യമാണ്. ഗേറ്റ് അടുക്കാറാവുമ്പോള്‍ ഗേറ്റ് തുറന്നാണോ, അടച്ചിട്ടാണോ ഉള്ളതെന്നറിയാന്‍ ആകാംക്ഷയോടെ എത്തി നോക്കും. തുറന്നുകിടക്കുകയാണെങ്കില്‍ ആശ്വാസമായി. അടഞ്ഞുകിടക്കുകയാണെങ്കില്‍ ശാപവാക്കുകള്‍ പുറത്തേക്ക് വരും. എത്രകാലമായി ഇതിങ്ങിനെ കിടക്കുന്നു? ഈ ശല്യമൊന്നു ഒഴിവാക്കി കിട്ടിയിരുന്നെങ്കില്‍! എം.പിമാരും, എം.എല്‍.എമാരും, മന്ത്രിമാരും ഉണ്ടായിട്ടെന്തുകാര്യം? ഇതിനൊരു പരിഹാരവും കാണാന്‍ പറ്റുന്നില്ലല്ലോ? ഇങ്ങിനെ നീണ്ടുപോവും യാത്രക്കാരുടെ പരിദേവനങ്ങള്‍.

വാഹനങ്ങള്‍ ക്യൂ നില്‍ക്കുമ്പോള്‍ പുറത്തുള്ള കാഴ്ചകളില്‍ നിന്ന് ചിലപ്പോള്‍ പലതും പഠിക്കാനുണ്ടാവും. കാര്യങ്കോട് പാലം കടന്ന് മയ്യീച്ച വളവിലുള്ള ഇളനീര്‍ പന്തലിലേക്ക് ഒരു ദിവസം എന്റെ ശ്രദ്ധ തിരിഞ്ഞു. ഇളനീര്‍ വാങ്ങി കഴിക്കാന്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. നീണ്ടുമെലിഞ്ഞ ഒരു സ്ത്രീ കുലയില്‍ നിന്ന് ഇളനീര്‍ അടര്‍ത്തിയെടുത്ത് മൂര്‍ച്ഛയേറിയ കത്തികൊണ്ട് ചെത്തിക്കൊടുക്കുകയാണ്. അവരുടെ കൈവേഗത നോക്കിയിരുന്നു പോയി. ശ്രദ്ധയൊന്നുപാളിയാല്‍ കൈവിരല്‍ അറ്റുപോകും. അവര്‍ ഇളനീര്‍ പിടിച്ചതും വെട്ടിയെടുക്കുന്നതും കുറേ നേരം ശ്രദ്ധിച്ചു. ഒരേ സമയം ഇളനീര്‍ വെട്ടുന്നു, പണം വാങ്ങുന്നു, വേഗതയേറിയ പ്രവൃത്തിതന്നെ.

അവരുടെ ചിത്രം മനസില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ആയിടയ്ക്ക് ഒരു ദിവസം ഒരു ചാനലില്‍ 'വളയിട്ട കൈകളില്‍ വളയവും ഭദ്രം' എന്ന പരിപാടി കാണാനിടയായി. നീണ്ടുമെലിഞ്ഞ ആ സ്ത്രീയുടെ മുഖം എവിടെയോ പരിചയമുള്ളതുപോലെ. അവര്‍ ബസ് ഓടിക്കുകയാണ്. ഡ്രൈവറുടെ സീറ്റിലെ ആ സ്ത്രീ രൂപത്തെ വീണ്ടും നോക്കി. അതേ ഇളനീര്‍ പന്തലില്‍ ഇളനീര്‍ ചെത്തിക്കൊടുത്ത അവര്‍ തന്നെ. പിന്നത്തെ നോട്ടം ആകാംക്ഷയോെടയായി. ഒരു സാധാരണ ഗ്രാമീണ സ്ത്രീക്ക് ഇത്രയും ഊര്‍ജസ്വലതയോ? നിറയെ ആള്‍ക്കാരുള്ള ബസാണത്. അവരുടെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. കണ്ടക്ടറുടെ ബെല്ല് കേള്‍ക്കുമ്പോള്‍ നിര്‍ത്തുന്നു ഡബ്ള്‍ ബെല്ലിന് സ്റ്റാര്‍ട്ടാക്കുന്നു. എന്തൊരു മനക്കരുത്ത്! അവരെ അഭിനന്ദിച്ചേ പറ്റൂ എന്ന് മനസില്‍ അന്നേ കുറിച്ചിട്ടതാണ്.

ഈയൊരുധൈര്യവതിയും മിടുക്കിയുമായ സ്ത്രീയെക്കുറിച്ച് പ്രീപ്രൈമറി ടീച്ചേര്‍സ് കോര്‍സിന് പഠിക്കുന്ന കുട്ടികളോട് പറഞ്ഞു ക്ലാസില്‍ എല്ലാവരും പെണ്‍കുട്ടികളാണ്. സ്ത്രീകള്‍ ആര്‍ജവം കാണിക്കേണ്ട കാര്യത്തെക്കുറിച്ചും ഏതു പ്രവൃത്തിയിലും ശോഭിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിച്ചും സംസാരിക്കുന്നതിനിടയിലാണ് ഹെവിലൈസന്‍സ് കരസ്ഥമാക്കി ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഇവരെ ക്കുറിച്ച് പരാമര്‍ശിച്ചത്.

ക്ലാസിലെ ഷൈജ എഴുന്നേറ്റുനിന്നു. എനിക്കവരെ അറിയാം. എന്റെ സുഹൃത്താണ്, റീനയെന്നാണ് പേര്. കരുവാച്ചേരിയാണ് താമസം എന്നൊക്കെ കൃത്യമായി പറഞ്ഞു. അങ്ങിനെയാണ് ഈ മിടുക്കിയായ സ്ത്രീയുടെ പേര് റീനയാണെന്നറിഞ്ഞത്. ഷൈജ അവരുടെ ഫോണ്‍ നമ്പറും തന്നു.

റീന മുന്നേറുന്നു ഉയരങ്ങളും ദൂരങ്ങളും കീഴടക്കി
'തേടിയവള്ളി കാലി  കുടുങ്ങി' എന്ന പറഞ്ഞ പോലെ എനിക്ക് സന്തോഷമായി. ഉടന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഞാന്‍ ഡ്രൈവിംഗിലാണ് സാര്‍, രാത്രി വിളിച്ചാല്‍ സംസാരിക്കാം എന്ന് മറുതലക്കല്‍ നിന്ന് റീന പറഞ്ഞു. പറഞ്ഞ പ്രകാരം ഫോണില്‍ പരസ്പരം പരിചയപ്പെട്ടു. പുരുഷന്‍ ആജ്ഞാപിക്കുന്നത് അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവളാണ് സ്ത്രീയെന്ന പുരുഷമേധാവിത്വ ചിന്ത തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ് വര്‍ത്തമാനകാല സാഹചര്യത്തില്‍. പുരുഷന്മാര്‍ക്കു പറഞ്ഞ പണികളൊന്നും സ്ത്രീകള്‍ക്കാവില്ല എന്ന് ശഠിച്ചിരുന്ന അവസ്ഥയ്ക്കും മാറ്റം വരുന്നു. പുരുഷനെ കടത്തിവെട്ടുന്ന അവസ്ഥയിലേക്ക് സ്ത്രീ മുന്നേറ്റം നടന്നു കൊണ്ടിരിക്കുന്നു.

റീന മുന്നേറുന്നു ഉയരങ്ങളും ദൂരങ്ങളും കീഴടക്കി
റീനയെന്ന ഈ ഗ്രാമീണ സ്ത്രീയുടെ അചഞ്ചലമായ ആത്മവിശ്വാസം ഇതിനൊരുദാഹരണമാണ്. ഇളനീര്‍വെട്ട, തെങ്ങ്കയറല്‍, ഇപ്പോഴിതാ ഹെവിലൈസന്‍സ് നേടി ബസ് ഡ്രൈവറായും ജോലിചെയ്യുന്നു. ഈ തീരുമാനങ്ങള്‍ക്കൊക്കെ പിന്നില്‍ ജീവിതം കെട്ടിപ്പടുക്കാനുള്ള തീവ്ര മോഹമാണ്. നിരാശപൂണ്ട് ജീവിതത്തോട് മടുപ്പുതോന്നി ജീവിക്കാന്‍ റീനക്കാവില്ല. ആത്മവിശ്വസത്തോടെ മുന്നോട്ടുകുതിക്കാന്‍ സ്വയം കരുത്താര്‍ജിക്കുകയായിരുന്നു റീന.

ഭര്‍ത്താവ് ഉപേക്ഷിക്കുക മാത്രമല്ല രണ്ടുമക്കളെയും സമ്മാനിച്ച് ഉള്ളതെല്ലാം വിറ്റുപെറുക്കി അയാള്‍ കടന്നുകളഞ്ഞു. ഇനിയെന്തു ചെയ്യുമെന്ന് വിലപിച്ചിരിക്കാനൊന്നും റീന തയ്യാറായില്ല. സ്വന്തം പുരുഷനോടുള്ള വാശി. തനിക്കും ജീവിക്കാനാവുമോ എന്നവള്‍ പരീക്ഷിച്ചു നോക്കുകയായിരുന്നു. പരാജയപ്പെട്ടില്ല. ആത്മവിശ്വാസവും ശുപാപ്തിവിശ്വാസവും കൈമുതലുണ്ടെങ്കില്‍ ഏത് പരിതസ്ഥിതിയെയും മറികടക്കാനാവുമെന്നവള്‍ ഉറച്ചു വിശ്വസിച്ചു.

പറക്കമുറ്റാത്ത രണ്ടുപെണ്‍മക്കള്‍. അവരെ പഠിപ്പിക്കണം. പഠിപ്പിച്ച് ഒരു കരപറ്റിക്കണം. ഊര്‍ജസ്വലതയുള്ളവരായി വളര്‍ത്തണം. ജീവിതത്തില്‍ തളര്‍ന്നുപോവാതിരിക്കാനുള്ള അനുഭവപാഠങ്ങള്‍ അവര്‍ക്ക് സ്വാനുഭാവത്തിലൂടെ പകര്‍ന്നുനല്‍കണം. അതാണ് റീനയുടെ ലക്ഷ്യം.

ബസ് ഡ്രൈവറിന്റെ സീറ്റിലെത്തിയ കഥ റീന പറഞ്ഞു. ഹെവിലൈസന്‍സ് ടെസ്റ്റിന് പതിനൊന്നുപേരുണ്ടായിരുന്നു. റീന മാത്രമാണ് പെണ്‍കുട്ടിയായുണ്ടായത്. അവള്‍ക്ക് ജയിച്ചുകയറാന്‍ പറ്റില്ലെന്നു ആണുങ്ങള്‍ കരുതിക്കാണും. പക്ഷെ സംഭവിച്ചത് ആ കൂട്ടത്തിലെ മൂന്ന് ആണുങ്ങള്‍ തോറ്റപ്പോള്‍ പെണ്ണായ റീന ജയിച്ചുകയറി. ആണുങ്ങളോട് മത്സരിച്ചുജയിക്കാന്‍ പറ്റുമെന്ന് ആദ്യമായി തെളിയിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്.

ബൈക്ക്, ഓട്ടോ, ടാക്‌സിയുമൊക്കെ റീനയ്ക്ക് വഴങ്ങുമെങ്കിലും ബസോടിക്കാന്‍ കഴിയുമോയെന്ന് ഒരു സംശയമുണ്ടായി. പക്ഷേ ആ ചിന്ത മാറ്റിവെച്ചു. 'ഈ ലോകത്ത് ആവാത്തതൊന്നുമില്ല' എന്ന് പണ്ട് സ്‌കൂളില്‍ പഠിച്ചത് ഓര്‍മ വന്നു. അതിന് വഴിയൊരുക്കിയ സന്ദര്‍ഭവും റീന ഓര്‍ത്തെടുത്തു. ബസ് ഓണേര്‍സിന്റെ അടുത്തുനിന്ന് തുക കലക്ട് ചെയ്യുന്ന ജോലിയും അതിനിടെ ചെയ്തുനോക്കി. അങ്ങിനെ ബസ് ഉടമകളുമായി പരിചയത്തിലായി. 'നാഗരാജ ബസ്' ഓണര്‍ ഹരിയേട്ടനുമായി പരിചയപ്പെട്ടു. ഹരിയാണ് ബസ് ഡ്രൈവ് ചെയ്തു നോക്കൂ എന്ന് പ്രോത്സാഹിപ്പിച്ചത്.

അങ്ങിനെ ആദ്യ ബസോട്ടം മടക്കര റൂട്ടില്‍. തുടര്‍ന്ന് ഇന്നേവരെ ബസിലെ ഡ്രൈവര്‍ പണി ഹരമായി മാറി. ധൈര്യപൂര്‍വം മുന്നേറിക്കൊണ്ടിരിക്കുന്നു. ആദ്യമൊക്കെ ഡ്രൈവറുടെ സീറ്റില്‍ പെണ്ണിനെ കണ്ടപ്പോള്‍ ഞെട്ടിയത് ബസ് യാത്രക്കാരായ പെണ്ണുങ്ങളാണ്. 'ഇവളുടെ കയ്യില്‍ വളയം സുരക്ഷിതമാവുമോ' എന്ന സംശയത്തോടെ ചിലര്‍ നോക്കി. ചിലരുടെ മുഖത്ത് ഭയം ദൃശ്യമായി. പക്ഷേ റീനക്കൊരു കൂസലുമില്ലായിരുന്നു.

ചിലര്‍ കളിയാക്കി, ബസില്‍ ഡ്രൈവറെ കാണുന്നില്ല. ബസോടുന്നുണ്ടല്ലോ? വാസ്തവത്തില്‍ അവളുടെ വണ്ണം കുറഞ്ഞ ശരീര പ്രകൃതി കൊണ്ടായിരുന്നു അവരങ്ങിനെ തമാശ പറഞ്ഞത്. റീനയുടെ ശ്രദ്ധ പുതിയൊരു മേഖലയിലേക്ക് തിരിഞ്ഞു. ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങി. സ്ത്രീകള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. വിജയിക്കുമെന്ന പൂര്‍ണവിശ്വാസമുണ്ട്.

റീന മുന്നേറുന്നു ഉയരങ്ങളും ദൂരങ്ങളും കീഴടക്കി
Kookkanam Rahman
(Writer)
പത്താം ക്ലാസില്‍ പഠിക്കുന്ന കസ്തൂരിയെയും എട്ടിലെത്തിയ പാര്‍വതിയെയും ഒപ്പം കൂട്ടി വന്ന വഴികളും സഞ്ചരിക്കുന്ന വഴികളും കാണിച്ചു കൊടുക്കുന്നു. പെണ്‍കരുത്ത് ആര്‍ജിക്കേണ്ട കാര്യം അനുഭവങ്ങളിലൂടെ പകര്‍ന്നു കൊടുക്കുന്നു. കരാട്ടെ പഠിക്കണം. മക്കളെയും പഠിപ്പിക്കണം. ചെറുത്തുനില്‍പ്പിന് മനസുമാത്രം പാകമായാല്‍ പോരാ ശരീരവും പാകപ്പെടുത്തണം. വളര്‍ന്നുവരുന്ന പെണ്‍കുഞ്ഞുങ്ങളോടും സ്ത്രീകളോടും റീനയ്ക്ക് പറയാനുള്ളത് ഒന്നുമാത്രം. നമ്മുടെ മുന്നില്‍ ഒരുപാടുവഴികളുണ്ട്. പതറാതെ മുന്നേറുക. ഇവിടുള്ള ഏത് പ്രവൃത്തിയും പുരുഷനേക്കാളേറെ നന്നായി ചെയ്തു ജീവിതം കരുപ്പിടിപ്പിക്കാന്‍ സ്ത്രീകള്‍ക്കും സാധ്യമാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, Pallikara, Railway-gate, Bus, Driver, Women, Kookanam-Rahman, Article,  Reena on the way of success.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia