city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ വിതരണം പാളുന്നു; അനര്‍ഹര്‍ പട്ടികയില്‍

പ്രതിഭാരാജന്‍

(www.kasargodvartha.com 26.10.2016) റേഷന്‍ മുടങ്ങാതിരിക്കാനായി തട്ടിക്കൂട്ടി ഉണ്ടാക്കിയ കരട് മുന്‍ഗണനാ പട്ടികയ്ക്ക് കേന്ദ്രത്തിന്റെ താല്‍ക്കാലികാനുമതി ലഭിച്ചുവെങ്കിലും പ്രശ്‌നങ്ങള്‍ ബാക്കി. അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ തിരുത്തപ്പെടാനും, അല്ലെങ്കില്‍ കര്‍ശന നടപടി എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മുമ്പ് എപിഎല്‍, ബിപിഎല്‍ പട്ടിക രുപപ്പെടുത്തുമ്പോഴും ഇങ്ങനെ ഭീഷണി ഉണ്ടായിരുന്നുവെങ്കിലും അന്ന് വ്യാജ സത്യവാങ്മൂലം നല്‍കി ആനുകുല്യം പറ്റിയവര്‍ ഇപ്പോഴും പട്ടികയില്‍ ഉണ്ട് എന്നു മാത്രമല്ല, പുതിയ ലിസ്റ്റിലും കൂടി ഉള്‍പ്പെട്ടിരിക്കുന്നു.

നിലവിലെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയില്‍ പെടാതെ വകഞ്ഞു മാറ്റപ്പെട്ടവരുമായ അര്‍ഹരായ നിരവധി കുടുംബങ്ങള്‍ തിരക്കു പിടിച്ചുണ്ടാക്കിയ മുന്‍ഗണനാ പട്ടികക്ക് വെളിയിലാണ്. കേന്ദ്ര നിയമം നടപ്പിലാക്കാന്‍ സംസ്ഥാനം കാലതാമസം വരുത്തിയതോടെ തിടുക്കത്തില്‍ തട്ടിക്കൂട്ടിയ മുന്‍ഗണനാ ലിസ്റ്റില്‍ വ്യാപകമായി അനര്‍ഹര്‍ കടന്നു കൂടിയതായി പരാതി.  അപേക്ഷ പരിശോധിക്കാനും, ചുറ്റുപാടുകള്‍ നിരീക്ഷിക്കാനും നിയോഗിക്കപ്പെട്ട കമ്മിറ്റികള്‍ കടലാസിന് അപ്പുറത്ത് നിരീക്ഷണമില്ല. പല സ്വാധീനങ്ങളും നടക്കുന്നു. എല്ലാ വിധ സ്വാധിനത്തിലും അകപ്പെട്ടു രൂപപ്പെടുത്തിയ മാര്‍ക്കിടലില്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഇടപെടല്‍ വ്യാപകമാണ്. ഇതോടെ അനര്‍ഹരായ പലരും സ്വാധിനമില്ലാത്തതിന്റെ പേരില്‍ പടിക്കു പുറത്തായി.

ഭക്ഷ്യ സുരക്ഷ എന്ന കേന്ദ്രത്തിന്റെ സ്വപ്നവും ബിപിഎല്‍ ലിസ്റ്റിനേപ്പോലെ രാഷ്ട്രീയ സ്വാധീനവും കൈയ്യൂക്കുള്ളവന്റെയും ലീസ്റ്റായി മാറിത്തീരുകയാണ്. നിരവധി അനര്‍ഹരും, പരാശ്രയമില്ലാത്തവരും ആലംബഹീനരും ഓരോ ഗ്രാമങ്ങളിലും പട്ടികക്ക് പുറത്തായിട്ടുണ്ടെന്ന് ഒരു പഠനത്തിനു വിധേയമാക്കിയാല്‍ വായനക്കാര്‍ക്കു തന്നെ നേരിട്ടു ബോധ്യപ്പെടും. ഇപ്പോള്‍ നിശ്ചയിക്കപ്പെട്ട 1.54 കോടി അര്‍ഹരുടെ പട്ടികയില്‍ നല്ലൊരു ശതമാനം പേരും അനര്‍ഹരാണെന്നും രാഷ്ട്രീയ, മറ്റിതര സ്വാധീനത്തിന്റെ പേരില്‍ കയറിക്കൂടിയവര്‍ അതിലുണ്ടെന്ന് അഖിലേന്ത്യാ റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കെടുപ്പില്‍ വ്യക്തമാക്കുന്നു.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ പട്ടികയില്‍ ഉദ്ദേശം 1.5 കോടി ജനങ്ങളില്‍ താഴെ മാത്രമെ മുന്‍ഗണനാ പട്ടികയിലേക്ക് കടന്നു വരാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍ തന്നെ 1.54 കോടി ആവശ്യക്കാര്‍ ലിസ്റ്റില്‍ കടന്നു കൂടിക്കഴിഞ്ഞു. അനര്‍ഹരെ പുറത്തു നിര്‍ത്താതെ മുഴുവന്‍ അര്‍ഹരെയും ഉള്‍പ്പെടുത്താന്‍ കഴിയാതെ സംസ്ഥാനം തൃശങ്കുവിലാകും. അടിയന്തിരമായും കേന്ദ്ര നിയമം നടപ്പിലാക്കിയില്ലെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ അരി അയക്കില്ലെന്ന കേന്ദ്രത്തിന്റെ നിര്‍ബന്ധ ബുദ്ധിയാണ് സംസ്ഥാന സര്‍ക്കാരിനെ ഇങ്ങനെ തത്രപ്പെട്ട് ഒരു പട്ടിക തട്ടിക്കൂട്ടാന്‍ പ്രേരിപ്പിച്ചത്.

പുതിയ സംവിധാനത്തിനോട് സഹകരിച്ച് സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് സത്യസന്ധമായി ഫോറം പൂരിപ്പിച്ചവരാണ് വെട്ടില്‍ വീണിരിക്കുന്നത്. വ്യാജ സത്യവാങ്മൂലം നല്‍കിയവരാകട്ടെ ബിപിഎല്ലില്‍ എന്നതു പോലെ ഇവിടേയും മുന്നിലെത്തി. വസ്തുത പഠിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി അര്‍ഹരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിയോഗിച്ച സര്‍ക്കാര്‍ തല കമ്മിറ്റി കൃത്യമായി യോഗം ചേരുകയോ പരിശോധനയോ വിലയിരുത്തലുകളോ നടത്താന്‍ ഒരുമ്പെടുന്നില്ലെന്ന് പഠനം നടത്തിയ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വിലയിരുത്തുന്നു.

18 വര്‍ഷം മുമ്പുള്ള ബിപിഎല്‍ ലിസ്റ്റ് മാനദണ്ഡമാക്കിയാണ് മിക്ക ഇടങ്ങളിലും പുതിയ പട്ടിക ഒരുങ്ങുന്നത്. ഒരേക്കറില്‍ കൂടുതല്‍ ഭുമിയുള്ളവരും, കാറും, 1000 സ്‌ക്വയര്‍ ഫീറ്റിനു മേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരും, ആദായ നികുതി ദായകരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ളതായി അവര്‍ പറയുന്നു. പരാതി നല്‍കാനും പരിഹരിക്കാനും ഇനിയും സമയമുണ്ടെങ്കിലും കടന്നു കൂടിയവരെ ചൂണ്ടിക്കാണിച്ച് പുറത്താക്കാന്‍ ജനം മുന്നോട്ടു വരാത്തതും ഉദ്യോഗസ്ഥരുടെ ശ്രദ്ധ പതിയാത്തതുമായ സാഹചര്യത്തില്‍ അര്‍ഹരായ പാവപ്പെട്ടവര്‍ പട്ടികയില്‍ നിന്നും പുറത്താവുകയായിരിക്കും ഫലം.

മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായവരെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ ഭരണതലത്തില്‍ ഇടപെടേണ്ടി വരും. രാഷ്ട്രീയ സ്വാധീനം തലപൊക്കുന്നത് കാരണം അതിനു സാധ്യമല്ലാതെ വരുന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ റേഷനിംഗില്‍ നിന്നും പുറത്താവുന്ന 1.75 കോടി ജനങ്ങള്‍ക്ക് സംസ്ഥാനം നേരിട്ടിടപെട്ട് സൗജന്യ അരി നല്‍കാന്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാവുകയാണ്. പട്ടികയില്‍ ഇടം പിടിച്ചവര്‍ക്ക് കേന്ദ്രം 35 കിലോ അരി സൗജന്യമായി നല്‍കുമ്പോള്‍ സംസ്ഥാനം നേരത്തെത്തന്നെ സൗജന്യ റേഷനിംഗിനു വേണ്ടി മാറ്റിവെച്ച സംസ്ഥാന വിഹിതമായ 500 കോടി രൂപ ചിലവിട്ട് പട്ടികയില്‍ പെടാത്തവര്‍ക്കായി അരി നല്‍കാന്‍ തയ്യാറാകണമെന്ന മുറവിളി പലഭാഗത്തു നിന്നും ഉയര്‍ന്നു വരുന്നുണ്ട്. അല്ലാത്ത പക്ഷം മിക്ക ആളുകളും കള്ള സത്യവാങ്മൂലം നല്‍കാന്‍ നിര്‍ബന്ധിതരാകും. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ 2017 മാര്‍ച്ച് വരെ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ല.

റേഷന്‍ വിതരണം പാളുന്നു; അനര്‍ഹര്‍ പട്ടികയില്‍

Keywords:  Article, Ration Card, Prathibha-Rajan, Rice, Politics, CPM, BJP, Ration, Correction, Subsidy, Food safety, BPL, APL.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia