city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍ വിചിന്തനത്തിന് ഉപകരിക്കണം

ഹമീദ് കുണിയ

(www.kasargodvartha.com 27.07.2014) വിശുദ്ധമായ ഈ വര്‍ഷത്തെ റമദാന്‍ വിടപറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒരു മാസത്തെ വ്രതാനുഷ്ട്ടാനവും, പ്രാര്‍ഥനകളും കൊണ്ട് നേടിയെടുത്ത ആത്മീയതയും വിശുദ്ധിയും അടുത്ത പതിനൊന്നു മാസങ്ങളിലും നാം കാത്തു സൂക്ഷിക്കണം. എങ്കില്‍ മാത്രമേ വ്രത മാസത്തിന്റെ ഗുണം നമുക്ക് ലഭിക്കുകയുള്ളൂ.

ഒരര്‍ഥത്തില്‍ നാമൊക്കെ വളരെ ഭാഗ്യവാന്മാരാണ്, കാരണം ഫലസ്തീനിലും ഇറാഖിലുമൊക്കെ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളുമൊക്കെ നാമൊന്നു കണ്ണോടിക്കുകയാണെങ്കില്‍ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ വളരെ വലുതാണ്. വിശുദ്ധ റമദാന്‍ മാസത്തില്‍ പോലും സ്വസ്ഥമായി വ്രതമെടുക്കാനോ, പ്രാര്‍ഥനകള്‍ നടത്താനോ സാധിക്കാത്ത നാടുകളിലെ മാനവ രാശിയില്‍പ്പെട്ട സഹോദര സഹോദരിമാരുടെയും പിഞ്ചു മക്കളുടെയും അവസ്ഥ ഹൃദയമെന്ന വസ്തു ശരീരത്തില്‍ ഉള്ളവര്‍ക്ക് ഓര്‍ക്കാന്‍ തന്നെ കഴിയില്ല.

നമ്മളൊക്കെ ഇവിടെ വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ കൊണ്ട് അത്താഴവും, നോമ്പ് തുറയും നടത്തുമ്പോള്‍ ദിവസങ്ങളോളം കുടിവെള്ളം പോലും കിട്ടാതെ പിഞ്ചു മക്കള്‍ വെള്ള പൈപ്പിലേക്ക് നാക്ക് നീട്ടുന്ന ഹൃദയഭേദകരമായ അവസ്ഥ കാണുമ്പോള്‍ കണ്ണുകള്‍ സജലങ്ങളാവത്തവരുണ്ടെങ്കില്‍ അവര്‍ മാനവ സമൂഹത്തിനു തന്നെ അപമാനകരമാണ്. അഭയം നല്‍കിയവരെയോ, നല്‍കപ്പെട്ടവരെയോ  അക്രമിക്കുകയെന്നത് കാട്ടു നീതിയാണ്, പ്രാവചകന്റെ (സ.അ) അടുത്ത് ഒരിക്കല്‍ ജൂത സമൂഹത്തില്‍ പ്പെട്ട ഒരു പറ്റം ആളുകള്‍ വരികയുണ്ടായി. അവര്‍ അവരുടെ ശത്രുക്കളില്‍ നിന്നും അഭയം തേടി വന്നതായിരുന്നു. അവര്‍ പ്രവാചകനോട് അഭയം ചോദിച്ചു. പ്രാവചകര്‍ അഭയം നല്‍കുക മാത്രമല്ല ചെയ്തത്, കൂടെ അവര്‍ക്ക് ഒരു ഉപദേശവും നല്‍കി, ആരെങ്കിലും നിങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും, അപ്രകാരം ഞങ്ങളെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ നിങ്ങളും ഞങ്ങളോടൊപ്പം നില്‍ക്കണമെന്നായിരുന്നു ആ നിര്‍ദേശം.

ലോകത്ത് ഇത്രയും വലിയ ഒരു അധ്യാപകനോ, സമാധാന കാംക്ഷിയോ ഉണ്ടായിട്ടുണ്ടോ എന്ന് മാനവ സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇസ്ലാം സമാധാനത്തിന്റെ മതമാണ്, സില്‍മു എന്ന അറബി മൂല പദത്തില്‍ നിന്നാണ് ഇസ്ലാം എന്ന സമാധാനം എന്നര്‍ത്ഥം വരുന്ന പേരുണ്ടായത്. ഇസ്ലാം വാലുകൊണ്ട് പ്രചരിക്കപ്പെട്ട മതമാണെന്ന് സയനിസ്റ്റു ലോബികളും മറ്റും പ്രചരിപ്പിക്കുന്നത് തന്നെ ലോകത്ത് സമാധാനം തകര്‍ക്കാന്‍ വേണ്ടിയാണ്. വിശുദ്ധ റമദാനിലെ ബദര്‍ യുദ്ധം പോലും ഉണ്ടായത് സ്വന്തം നാട്ടില്‍ അന്നവും, ദാഹജലവും, സമാധാനവും ശത്രുക്കള്‍ കവര്‍ന്നെടുത്തു യാതൊരു തരത്തിലും ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയില്‍ എത്തിയപ്പോഴായിരുന്നു. ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വരികയും, അവിടെ അഭയം തേടി വന്നവര്‍ കയ്യേറി പാര്‍ക്കുന്ന അവസ്ഥ നമുക്കൊക്കെ ഒരിക്കലും വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.
വ്രതം പട്ടിണി പാവങ്ങളുടെ വിശപ്പിന്റെ കാഠിന്യം നമ്മെ അറിയിക്കുന്നു. വ്രതം കൊണ്ട് ഒരുപാട് രോഗങ്ങള്‍ക്ക് ശമനം ഉണ്ടാവുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. ഹൃദയത്തില്‍ നാമ്പിടുന്ന മോശമായ ചിന്തകളെ ഇല്ലായ്മ ചെയ്യുന്നു. മാനസിക പരിവര്‍ത്തനങ്ങള്‍ നമ്മില്‍ ഉണ്ടാക്കുന്നു. കാരുണ്യത്തിന്റെ കവാടങ്ങള്‍ നമ്മുടെ മുമ്പില്‍ തുറക്കപ്പെടുന്നു. അങ്ങിനെ ഒരായിരം നന്മകളുമായി നമ്മുടെ മുമ്പില്‍ വന്നണഞ്ഞ വ്രതമാസം യാത്ര പറഞ്ഞാല്‍ നാം വീണ്ടും അടുത്ത പതിനൊന്നു മാസം വരെ പഴയപടി ആവുകയാണെങ്കില്‍ ഒരു മാസത്തെ നമ്മുടെ വ്രതങ്ങളും, ആരാധനകളും മറ്റു പ്രവര്‍ത്തനങ്ങള്‍ ഒക്കെയും വെറുതെ ആകുമെന്നതില്‍ സംശയമില്ല. റമദാന്‍ എല്ലാ വര്‍ഷവും പകര്‍ന്നു നല്‍കുന്നത് ഒരേ അധ്യാപനമാണ്. നാമെത്ര റമദാന്‍ വന്നാലും ആ മാസത്തില്‍ മാത്രം നന്നാവുകയും, പിന്നെ വരുന്ന പതിനൊന്നു മാസം പഴയപ്പടി പോകുകയും ചെയ്താല്‍ മതവും, വ്രതവും വിഭാവനം ചെയ്ത വിശുദ്ധി നമുക്ക് ലഭിക്കില്ല.


ഇല്ലായ്മയുടെയും, വല്ലായ്മയുടെയും കാലഘട്ടം നമുക്ക് മുന്നില്‍ എന്നേ കഴിഞ്ഞുപ്പോയി. ഒരു ചീള് കാരക്കയും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് നോമ്പ് തുറന്ന റമദാന്‍ കാലം ഒരു 25 വര്‍ഷം മുമ്പ് നമ്മുടെ നാട്ടിലും ഉണ്ടായിരുന്ന അവസ്ഥയാണ്. അറബി മരുഭൂമിയില്‍ നമ്മുടെ രക്ഷിതാക്കളും സഹോദരന്മാരും അതികഠിനമായ ചൂടിനേയും, ശൈത്യത്തെയും അതിജീവിച്ചു ശരീരത്തില്‍ ഓടുന്ന രക്തം പോലും വിയര്‍പ്പാക്കി സ്വയം മെഴുകുതിരി പോലെ ഉരുകിയൊലിച്ചു നാട്ടിലേക്ക് പണം അയക്കുമ്പോള്‍ അത് കയ്യില്‍ കിട്ടിയാല്‍ അതൊന്നും ഓര്‍ക്കാതെ അത് ചിലവഴിക്കുന്നവരായി നാം മാറിക്കൊണ്ടിരിക്കുന്നു.
റമദാന്‍ വിചിന്തനത്തിന് ഉപകരിക്കണം

അയല്‍പ്പക്കത്തു നോമ്പ് തുറക്കാന്‍ ഉള്ള ഭക്ഷണംപോലും ഇല്ലാത്ത അവസ്ഥ കണ്ണുണ്ടായിട്ടും നമുക്ക് കാണുന്നില്ല. പിഞ്ചു മക്കള്‍ക്ക് പെരുന്നാളിന് വസ്ത്രങ്ങള്‍ എടുക്കാന്‍ സാധിക്കാതെ നീറുന്ന മനസുകളുമായി കഴിയുന്ന രക്ഷിതാക്കളെ നാം മറന്നു പോകുന്നു. വ്രതവും, നമസ്‌കാരവും മറ്റു കര്‍മങ്ങള്‍ ഒക്കെയും നാം ചെയ്യുമ്പോള്‍ ഇസ്ലാമിക പഞ്ച സ്തംഭങ്ങളില്‍ ഒന്നായ വ്രതത്തിന് മുമ്പായി മൂന്നാമതായി പറഞ്ഞ സക്കാത്ത് എന്നത് മനപ്പൂര്‍വ്വം നാം വിസ്മരിക്കുന്നു. സ്വന്തം നാട്ടിലെ ദാരിദ്ര്യം അനുഭവിക്കുന്നവരെ കാണാതെ പേരിനു പണം ചിലവഴിച്ചു പോകുന്നവര്‍ക്ക് ഭൂമിയില്‍ കടമില്ലെങ്കിലും നാളെ നാഥന്റെ മുമ്പില്‍ അവന്‍ കടക്കാരനാണ്. സക്കാത്ത് കണക്കനുസരിച്ച് അതിനു അര്‍ഹതപ്പെട്ട ആളുകള്‍ക്ക് നല്‍കാത്തവര്‍ പാരത്രിക ലോകത്ത് നാഥന് മുമ്പില്‍ കടക്കാരനാണ്.

ലോകത്തിന്റെ ഖജനാവു സൃഷ്ടി കര്‍ത്താവിന്റെതാണ്. അതില്‍ നിന്നും അവന്‍ ഒരു വിഭാഗത്തിനു ഇഷ്ട്ടം പോലെ ധനം നല്‍കിയും, മറ്റൊരു വിഭാഗത്തിന്, അല്‍പം നല്‍കിയും, പിന്നൊരു വിഭാഗത്തിനു തീരെ നല്‍കാതെയും പരീക്ഷണം നടത്തുന്നു. ഇത് പോലും ചിന്തിക്കാനോ മനസിലാക്കാനോ വിദ്യാഭ്യാസം അധികരിച്ച ഇക്കാലത്ത് പോലും നാം തയ്യാറാകുന്നില്ല. എല്ലാവരും ഇതുപോലെയാണെന്ന അഭിപ്രായവും ഇല്ല.

മഹല്ല് തലത്തില്‍ പോലും വിശുദ്ധ ഖുര്‍ആന്‍ ക്ലാസുകളും മറ്റും വര്‍ഷങ്ങളായി നടക്കുന്നുണ്ടെങ്കിലും വിഷയം സക്കാത്തിലെത്തുമ്പോള്‍ അതിന്റെ ഗൗരവം മനസിലാക്കാനോ, അതല്ലെങ്കില്‍ മനസിലാക്കിയത് പ്രാവര്‍ത്തികമാക്കാനോ പലരും തയാറാവുന്നില്ല. കോടികളുടെ സ്വത്തും മറ്റു ആസ്തികളും ഉള്ളവര്‍ സമീപ കാലങ്ങളില്‍ ചെയ്തു വരുന്ന പണി ഭര്‍ത്താവിന്റെ പേരിലാണ് ആസ്തികള്‍ ഉള്ളതെങ്കില്‍ കാരുണ്യത്തിന്റെ മാസത്തിനു ഒരു മാസം മുമ്പായി ആസ്തികള്‍ ഭാര്യയുടെ പേരിലോ മക്കളുടെ പേരിലോ എഴുതി വെക്കുന്നു. റമദാന്‍ കഴിഞ്ഞാല്‍ പിന്നെ വീണ്ടും തിരികെ എഴുതുന്നു. ആളുകളെ പറ്റിക്കാന്‍ സാധിക്കും. നാളെ നാഥന്റെ മുമ്പില്‍ ഈ പറ്റിപ്പുപ്പണി ചിലവാകുമോ എന്ന് ചിന്തിക്കുന്നേയില്ല. മതപരവും ഭൗതിക പരവുമായ വിദ്യാഭ്യാസം ഇഷ്ടം പോലെ ലഭിക്കുന്ന ഇക്കാലത്ത് അതിനെ അഭ്യാസത്തിനു ഉപയോഗിക്കുന്ന കാലമായി മാറിക്കൊണ്ടിരിക്കുന്നു.

ഒരിക്കല്‍ കൂടി ഉണര്‍ത്തുന്നു, ഈക്കാര്യത്തില്‍ ഒരുപാട് ആളുകള്‍ കൃത്യത പാലിക്കുന്നുണ്ട് എങ്കിലും ചിലര്‍ മതത്തിന്റെ വിഭാവനങ്ങളെ മുഖവിലക്കെടുക്കാതിരിക്കുകയും ചെയ്യുന്നു. മൂന്നാമതായി മതം നിര്‍ദേശിച്ച കാര്യം സൗകര്യപൂര്‍വം മറന്നു നാലാമത് നിര്‍ദേശിച്ച വ്രതം എടുക്കുക വഴി രണ്ടു കഴിഞ്ഞാല്‍ നാലാണെന്നു സമൂഹത്തെ ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നമുക്ക് മനസിലാക്കാം. സകാത്ത് പാവപ്പെട്ടവന്റെ അവകാശമാണെന്നും, അത് ധനികന്റെ ഔദാര്യമല്ലെന്നും അത് നാഥന്‍ ധനികനെ ഏല്‍പ്പിച്ച ധനമാണെന്നും അതിന്റെ അവകാശികളെ കണ്ടെത്തി വര്‍ഷം പ്രതി വിതരണം ചെയ്തില്ലങ്കില്‍ നാഥന്റെ കടക്കാരനായി ധനികന്‍ മാറുമെന്നും വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു.

വീട്ടില്‍ വരുന്നവര്‍ക്കും, പള്ളിയില്‍ വിരിക്കുന്ന മുസല്ലകളിലും നാണയങ്ങളോ, പത്തോ ഇരുപതോ രൂപകള്‍ നല്‍കിയാല്‍ തന്റെ സക്കാത്തിന്റെ ബാധ്യത കഴിഞ്ഞുവെന്നു കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റും. അതിനെ സകാത്തായി കണക്കാക്കില്ല. മതവും, വ്രത മാസവുമൊക്കെ കാരുണ്യത്തിന്റെ പ്രതീകങ്ങളാണ്. അതിനെ അതിന്റേതായ രീതിയില്‍ ബഹുമാനിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും വിശ്വാസികളുടെ ബാധ്യതയുമാണ്. ഭൂമിയില്‍ ഒരാളും പട്ടിണി കിടക്കില്ല. ഓരോ ജീവിക്കും അവന്റെ അന്ത്യം വരെയും അവനു കണക്കാക്കിയ ഭക്ഷണവും വെള്ളവുമൊക്കെ ഞാന്‍ നല്‍കുമെന്ന് നാഥന്‍ കട്ടായം പറയുമ്പോള്‍ ലോകത്തുള്ള സര്‍വ ചരാചരങ്ങളും ഒരു ദിവസം മാത്രം ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കണക്കുകള്‍ കൂട്ടി നോക്കാന്‍ ഒരു മനുഷ്യനെ കൊണ്ടും സാധിക്കില്ലായെന്നും അത് കൂട്ടി നോക്കാന്‍ ഒരു തൊട്ടു കൂട്ടല്‍ യന്ത്രം ഇത് വരെ കണ്ടു പിടിച്ചിട്ടില്ലായെന്നതും സത്യമാണ്.

നാഥന്റെ അപാരമായ കഴിവും കാരുണ്യവും ഇല്ലെങ്കില്‍ നമുക്ക് എവിടെ നിന്നാണ് അധ്വാനിക്കാനുള്ള ശക്തിയും, യുക്തിയും, ബുദ്ധിയുമൊക്കെ ലഭിക്കുന്നത്. നല്ല ആരോഗ്യം ഉള്ളവരും, അതില്ലാത്തവരും ധനമുള്ളവനും, ഇല്ലാത്തവനും ഒക്കെ ഈ ഭൂമിയില്‍ ജീവിച്ചു പോകുന്നത് നാഥന്റെ കാരുണ്യം കൊണ്ടല്ലാതെ സ്വന്തം ശക്തി കൊണ്ടൊന്നുമല്ല. ഭൂമി ഒരു പരീക്ഷണ നിലമാണ്, ഇവിടെ പരീക്ഷണങ്ങള്‍ മറികടന്നു ഏത് അവസ്ഥയിലും നാഥന്റെ കല്‍പനകളെ അനുസരിച്ച് ജീവിതം ധന്യമാക്കിയാല്‍ നാളെ പാരത്രിക ലോകത്ത് വിജയം നേടാം, അല്ലങ്കില്‍ പരാജയത്തിന്റെ കൈപ്പുനീര്‍ കുടിക്കാം. ഖുര്‍ആനില്‍ ഇതൊക്കെ വളരെ കൃത്യമായ താക്കീതോടെ നമുക്ക് കാണാം.

ലാളിത്യവും, വിനയവും,അനാര്‍ഭാടത്ത്വവും, സാഹോദര്യവും സമാദാനവുമൊക്കെ മതം വിഭാവനം ചെയ്യുമ്പോള്‍ അതിനു നേര്‍വിപരീതമായി വിശ്വാസികളില്‍ പെട്ടവരില്‍ ചിലര്‍ ചെയ്യുമ്പോള്‍ അത് മതത്തിന്റെ പവിത്രതയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. വിവാഹ ആഘോഷമായാലും, പെരുന്നാള്‍ ആഘോഷമായാലും എല്ലാത്തിനും അതിര്‍വരമ്പുകള്‍ മതം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നാഥന്റെ കാരുണ്യം കൊണ്ട് നേടിയ പണം കൊണ്ട് എല്ലാവിധ ആര്‍ഭാടങ്ങളും, പേക്കൂത്തും നടത്തി സ്വന്തം വീട്ടില്‍ ആഘോഷം പൊടിപൊടിക്കുമ്പോള്‍ അയല്‍പ്പക്കത്തെ പുര നിറഞ്ഞു നില്‍ക്കുന്ന നാലും അഞ്ചും പെണ്‍കുട്ടികളെയോ, വ്രതമാസത്തില്‍ പട്ടിണി ആളുകളെയോ, പെരുന്നാളിന് വസ്ത്രങ്ങള്‍ എടുക്കാന്‍ സാധിക്കാത്തവരെയോ കാണുന്നില്ല. പകരം അതാതു നാട്ടിലെ വസ്ത്രാലയങ്ങളില്‍ നിന്നും സെലക്ഷന്‍ പോരാത്തതിനാല്‍ അയല്‍ ജില്ലകളിലേക്കും, സംസ്ഥാനങ്ങളിലേക്കും സഞ്ചരിക്കുന്ന കാഴ്ചകളാണ് നാം ദര്‍ശിക്കുന്നത്.

റമദാന്‍ ഒന്ന് മുതല്‍ 30 വരെയും നഗരങ്ങളില്‍ രാവിലെ മുതല്‍ രാത്രി വരെയും ചുറ്റി കറങ്ങിയിട്ടും വസ്ത്രങ്ങള്‍ സെലക്ഷന്‍ ആവാത്തവരായി നാം മാറി കൊണ്ടിരിക്കുന്നു. ഇഷ്ട്ടം പോലെ വസ്ത്രാലയങ്ങള്‍ ഉള്ള ഇക്കാലത്തെക്കാള്‍ ഇതൊന്നും ഇല്ലാത്ത കാലഘട്ടങ്ങളിലും പെരുന്നാളും, റമദാനും, കല്യാണവും, മറ്റു ആഘോഷങ്ങളുമൊക്കെ കഴിഞ്ഞു  പോയിട്ടുണ്ട്. അന്ന് നാണയങ്ങള്‍ കൊടുത്ത് വാങ്ങിയ വസ്ത്രങ്ങള്‍ക്കും മറ്റും ഉണ്ടായിരുന്ന മാന്യത ഇന്ന് പതിനായിരവും അതിലധികവും നല്‍കി വാങ്ങുന്ന വസ്ത്രങ്ങള്‍ക്കില്ല. എന്നിട്ടും മതത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് പകരം ആധുനികതയുടെ പച്ചപരിഷക്കാരങ്ങള്‍ക്ക് പിന്നാലെ ഓടുന്ന അവസ്ഥ.

പ്രവാസികള്‍ സ്വയം ഉരുകുന്നതോ അവര്‍ പെരുന്നാള്‍ ആഘോഷിക്കുന്നതോ ആരും ഓര്‍ക്കാറില്ല. അവരെ കറവ പശുവായി കാണുകയാണ് സമൂഹം. പതിനൊന്നു മാസം പറ്റാവുന്നത്ര ആഹാരങ്ങളും, മറ്റും വാരി വലിച്ചു കയറ്റുന്ന നമ്മള്‍ക്ക് ഒരു പാട് രോഗങ്ങളും മറ്റും ഉണ്ടാക്കാന്‍ കഴിയുന്നു. ശരീരത്തിലെ യന്ത്രങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ നാം തയ്യാറല്ല. ഒരു മാസം വ്രതമെടുക്കുമ്പോള്‍ ശരീരത്തിന് വിശ്രമം ലഭിക്കും. ഭക്ഷണം വഴി ശരീരം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോള്‍ ശരീരം അകത്തുള്ള കൊളസ്‌ട്രോള്‍ ഇന്ധനമായി ഉപയോഗിക്കും. അത് വഴി ശരീരത്തിന് ആരോഗ്യം ലഭിക്കും. വ്രതം തുറക്കാന്‍ കാരക്കയും, അതല്ലെങ്കില്‍ ഈത്തപ്പഴവും കൂടെ വെള്ളവും ആണ് ഏറ്റവും നല്ലത്. അരമണിക്കൂറിനകം ഇവ ദഹിച്ചു ശരീരത്തിന് ഊര്‍ജം നല്‍കും. പ്രാവചകരുടെ ചര്യയും ഇതായിരുന്നു.

ഇന്നിന്റെ യുഗത്തില്‍ നാം ഉപയോഗിക്കുന്നത് 16 മണിക്കൂര്‍ കൊണ്ട് ദഹിക്കുന്ന മൈദ പോലെയുള്ള സാധനങ്ങളും, മാംസവുമൊക്കെ അരച്ച് പൊടിച്ചു ചുരുട്ടികൂട്ടി എണ്ണയില്‍ ഇട്ടു പൊരിച്ചുണ്ടാക്കുന്ന പലഹാരങ്ങളും, പാനീയങ്ങളുമാണ്. ഇത് വഴി വ്രതം കൊണ്ട് ശരീരത്തിന് കിട്ടേണ്ട ഗുണങ്ങള്‍ നാം നഷ്ടപ്പെടുത്തുന്നു. കീശയിലെ കാശും, ശരീരത്തിന്റെ ആരോഗ്യവും പോയിക്കിട്ടുന്നു. റമദാന്‍ വിചിന്തനത്തിന് നാം ഉപയോഗിക്കുകയാണെങ്കില്‍ വ്യക്തി പരമായും സാമൂഹ്യ പരമായും, ശാരീരികപരമായും, മാനസികപരമായും ആത്മീയപരമായും ഒരു പാട് മാറ്റങ്ങള്‍ വരുത്തുകയും ജീവിത വിശുദ്ധി നമ്മില്‍ ഉണ്ടാവുകയും ചെയ്യും. അതാണ് നാഥന്‍ അടിമയില്‍ നിന്നും പ്രതീക്ഷിക്കുന്നതും.

വിശുദ്ധ ഖുര്‍ആന്‍ വല്ല മലമുകളിലും ഇറക്കിയിരുന്നെങ്കില്‍ ആ പര്‍വതം തകര്‍ന്നു പോകുമായിരുന്നെന്നു ഖുര്‍ആന്‍ തന്നെ നമ്മെ ഉണര്‍ത്തുന്നു. എന്നിട്ടും നമുക്ക് ബോധമണ്ഡലം ഉണരുന്നില്ലായെന്നു പറഞ്ഞാല്‍ പിന്നെ എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക. ശവ്വാലിന്റെ അമ്പിളി മാനത്തു തെളിയുമ്പോള്‍ റംസാനില്‍ നാം കാത്തു സൂക്ഷിച്ച പവിത്രതയോടെ പെരുന്നാള്‍ ആഘോഷിക്കാന്‍ നമുക്ക് സാധിക്കട്ടെ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Article, Ramadan, Hameed Kuniya, Eid, Celebration, Health, Food, God. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia