city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ 3 മാതൃകാവിവാഹങ്ങള്‍, ഒപ്പം ചില വിമര്‍ശനങ്ങളും

കാസര്‍കോട്:(www.kasargodvartha.com 20/08/2019) കഴിഞ്ഞ ആഴ്ച ജില്ലയില്‍ മാതൃകാപരമായ മൂന്ന് വിവാഹങ്ങള്‍ നടന്നു. ശ്രദ്ധയില്‍പെടാത്ത മറ്റു വിവാഹചടങ്ങുകള്‍ ഉണ്ടാകാമെങ്കിലും വിഷയത്തിന്റെ ഗൗരവം കാരണം ഈ വിവാഹങ്ങളെ കുറിച്ച് പൊതുസമൂഹവുമായി പങ്കിടേണ്ടത് തന്നെയാണ്.

കാസര്‍കോട്ടെ 3 മാതൃകാവിവാഹങ്ങള്‍, ഒപ്പം ചില വിമര്‍ശനങ്ങളും

മിക്കവാറും വിവാഹങ്ങളില്‍ നടക്കുന്ന ഗാനമേള പരിപാടികള്‍ക്ക് ഉയര്‍ന്ന ഡെസിബെലോടും കൂടിയുള്ള സൗണ്ട് ബോക്‌സുകളാണ് ഉപയോഗിക്കാറുള്ളത്. അതിഥികളായി എത്തുന്നവര്‍ക്ക് പരസ്പരം കുശലം പറയാനോ സൗഹൃദം പങ്കിടാനോ ഇതില്‍ നിന്ന് പുറത്തുവരുന്ന ശബ്ദം കാരണം സാധിക്കാറില്ല. ഏറെ നിലവാരം പുലര്‍ത്തുന്ന വിവാഹങ്ങളെന്ന് തോന്നുന്നവയിലൊക്കെയും നേരിയ ശബ്ദത്തില്‍ സംഗീതവും ഗസല്‍ പരിപാടികളുമാണ് നടന്നുവരുന്നത്. ഇതിന് ആസ്വാദകരും ഏറെയാണ്.


അതേസമയം മറ്റു വിവാഹങ്ങളില്‍ നടക്കുന്ന ശബ്ദത്തോടുകൂടിയുള്ള പരിപാടികള്‍ വിവാഹത്തിനെത്തുന്നവരുടെ കാതടപ്പിക്കുന്ന തരത്തിലുള്ളതാണ്. പലപ്പോഴും ക്ഷണം സ്വീകരിച്ചെത്തുന്നവര്‍ ഇത്തരം പരിപാടികളെ ശപിച്ചുകൊണ്ടാണ് മടങ്ങാറുള്ളത്. നാട്ടുനടപ്പ് കണക്കെ നടന്നുവരുന്ന കാര്യങ്ങളാണ് ഇവയൊക്കെയും. കല്യാണമല്ലെ, നടന്നോട്ടെ എന്ന് കരുതി ആരും ചോദ്യം ചെയ്യാറുമില്ല.

ഇതിന് വിപരീതമായാണ് ഉദുമ പടിഞ്ഞാറില്‍ നടന്ന ഒരു വിവാഹം. നിരവധി പേര്‍ പങ്കെടുത്ത വലിയ രീതിയിലുള്ള കല്യാണമായിരുന്നുവെങ്കിലും തിരക്കനുഭവപ്പെടാതെ നോക്കിയതും ശ്രദ്ധിക്കപ്പെട്ടു. പാര്‍ക്കിംഗിനും മറ്റും സെക്യൂരിറ്റിയടക്കമുള്ള വലിയ സൗകര്യവും ഒരുക്കിയിരുന്നു. മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരുമടക്കം അനേകം ആളുകള്‍ വിവാഹപ്പന്തലില്‍ നിന്ന് പരസ്പരം കുശലം പറയുകയും മാതൃകാപരമയ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടു.

കല്യാണവീടുകളില്‍ പാട്ട് തീര്‍ത്തും ഒഴിവാക്കണമെന്നല്ല പറഞ്ഞുവരുന്നത്. കലകളെ നാം എന്നും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ സംസാരത്തിനും മറ്റും അലോസരമുണ്ടാക്കാത്ത രീതിയില്‍ ചെറിയ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നത് കൊണ്ട് ആര്‍ക്കും പ്രയാസമുണ്ടാകാനിടയില്ല. വിവാഹവീട്ടില്‍ പാട്ട് ആസ്വദിക്കുന്നവര്‍ക്ക് ഗസല്‍ പോലുള്ള നേരിയ ശബ്ദത്തിലുള്ള പാട്ട് ശ്രവണസുഖം നല്‍കും.

മറ്റു രണ്ട് വിവാഹങ്ങള്‍ വേറിട്ടുനില്‍ക്കുന്നത് പ്ലാസ്റ്റിക് മാലിന്യ വിമുക്തമാണെന്ന നിലയിലാണ്. ഇവിടെ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം കഴുകി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പാത്രങ്ങളായിരുന്നു ഉപയോഗിച്ചത്. ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കി തീര്‍ത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളവര്‍ പോലും കുടിക്കാനുള്ള വെള്ളം നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാകുകയാണ് പതിവ്. പലപ്പോഴും കുപ്പിവെള്ളത്തെ തന്നെയാണ് ആശ്രയിക്കുന്നത്. അത് ഏറെ എളുപ്പമുള്ള കാര്യവുമാണ്.

ഭക്ഷണം കഴിക്കാനും കറികള്‍ക്കും മറ്റും സിറാമിക് പ്ലേറ്റുകള്‍, വെള്ളം കുടിക്കാന്‍ കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകള്‍, ചായയ്ക്കാകട്ടെ പേപ്പര്‍ കപ്പുകള്‍, പേപ്പറില്‍ പൊതിഞ്ഞ ഐസ്‌ക്രീം, തീന്‍മേശയില്‍ വിരിച്ചതും പേപ്പര്‍ തന്നെ. ആകെ കനം കുറഞ്ഞ പ്ലാസ്റ്റിക് ആയി ഉപയോഗിച്ചത് മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ഗാര്‍ബേജ് ബാഗ് മാത്രമാണ്.

മൊഗ്രാല്‍ പുത്തൂരിലും തെക്കിലിലുമാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍ നടന്നത്. തെക്കിലില്‍ ഇതിന് മുമ്പും ഇത്തരം വിവാഹങ്ങള്‍ നടന്നതായി പറയുന്നു. ജില്ലയുടെ പല ഭാഗത്തും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നത് ആശാവഹമാണ്.

പഴയകാലത്തെ അപേക്ഷിച്ച് വിവാഹങ്ങള്‍ക്ക് ആളുകള്‍ വര്‍ധിച്ചതോടെ അതിഥികള്‍ക്കെല്ലാം കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് കരുതുമ്പോഴാണ് ഇത്തരം മാതൃകാവിവാഹങ്ങള്‍ ശ്രദ്ധേയമാകുന്നത്.

അതേസമയം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ ചില വിവാഹങ്ങളും എടുത്തുപറയേണ്ടതാണ്. പ്രധാനമായും ബൊഫെ സര്‍വീസാണ് ചില വിവാഹങ്ങളുടെ മാറ്റ് കുറയ്ക്കുന്നത്. ക്ഷണം സ്വീകരിച്ചെത്തുന്നവരെ ആതിഥ്യമര്യാദ പോലും കാണിക്കാതെ ഭക്ഷണത്തിന് മുന്നില്‍ പാത്രവുമായി വരി നിര്‍ത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. ഇത്തരം കല്യാണങ്ങളില്‍ പങ്കെടുക്കുവാന്‍ പ്രായമായവര്‍ അധികവും വിമുഖത കാണിക്കുന്നു. ക്ഷണം സ്വീകരിച്ച് പോയാല്‍ തന്നെ പലരും ഭക്ഷണം കഴിക്കാതെ മടങ്ങാറാണ് പതിവ്. വലിയ രീതിയിലുള്ള വിവാഹചടങ്ങുകളില്‍ പോലും പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മറ്റും വിളമ്പി നല്‍കാതെ അവരെ പാത്രവുമായി ക്യൂ നിര്‍ത്തിച്ച് ഇത്തരത്തിലുള്ള സല്‍ക്കാരരീതി അവലംബിക്കുന്നത് ഏറെ വിമര്‍ശനത്തിനിടയാകുന്നുണ്ട്.

വിവാഹവീട്ടിലെ പാര്‍ക്കിംഗ് സൗകര്യമാണ് മറ്റൊരു പ്രധാന വിഷയം. ഉച്ചഭക്ഷണ സമയത്തൊക്കെ ആളുകളുടെ തിരക്കിനോടൊപ്പം വാഹനങ്ങളുടെ പെരുപ്പവും ആകുന്നതോടെ ഗതാഗത തടസം നേരിടുകയും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. പാര്‍ക്കിംഗിന് സൗകര്യമില്ലാത്തതിനാല്‍ പലരും റോഡരികില്‍ വാഹനം നിര്‍ത്തിയിട്ടാണ് വിവാഹവീട്ടിലേക്ക് പ്രവേശിക്കുന്നത്. ദേശീയപാതയ്ക്കരികിലാണ് കല്യാണവീടെങ്കില്‍ രോഗികളുമായി പോകുന്ന ആംബുലന്‍സ് മുതല്‍ ദൂരെ നിന്ന് വരുന്ന വാഹനങ്ങള്‍ വരെ ഗതാഗതക്കുരുക്കില്‍ ഏറെ നേരം കുടുങ്ങുന്നു.

ഇടുങ്ങിയ റോഡുള്ള സ്ഥലങ്ങളിലൊക്കെ നൂറുകണക്കിന് ആളുകളെ ക്ഷണിച്ചുവരുത്തി കല്യാണം നടത്തും. പക്ഷേ പാര്‍ക്കിംഗിന് ആവശ്യത്തിന് സൗകര്യമൊരുക്കാറില്ല. മുക്കിലും മൂലയിലും പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി ഓഡിറ്റോറിയങ്ങള്‍ ഉണ്ടായിട്ടുപോലും പലരും പാര്‍ക്കിംഗിനോ മറ്റോ സൗകര്യമില്ലാത്ത വീട്ടില്‍ തന്നെ വിവാഹം നടത്തുന്നത് വീട്ടുഭംഗി മറ്റുള്ളവര്‍ കാണട്ടെ എന്ന ലക്ഷ്യത്തോടുകൂടിയാണ് എന്നത് പറയാതിരിക്കാന്‍ വയ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Marriage, Vehicle, Parking, Positives of 3 Marriage functions 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia