city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആത്മരോഷത്തിന്റെ അഗ്നിനാളങ്ങള്‍

ആത്മരോഷത്തിന്റെ അഗ്നിനാളങ്ങള്‍
ആത്മരോഷത്തിന്റെ അഗ്നിനാളങ്ങള്‍
Radhakrishnan Puthur
രാജയം ഏറ്റുവാങ്ങേണ്ടിവരുന്ന യുദ്ധത്തിലെ പടയാളിയാവാന്‍ കച്ചകെട്ടിയിറങ്ങുന്ന എത്ര കവികളും കവയത്രികളുമാണ് നമ്മുടെ നാട്ടിലുണ്ടാവുക? കൃത്യമായ കണക്ക് നോക്കാതിരിക്കുന്നതാണ് നല്ലത്. ആ ജനുസില്‍പെട്ട ഒരു കവിമനസില്‍ ഉയിര്‍കൊണ്ട ആത്മരോഷത്തിന്റെ അഗ്നിനാളങ്ങള്‍ - അതെ രാധാകൃഷ്ണന്‍ പുത്തൂരിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ മറന്നുവെച്ചവഴികളെ ഇങ്ങിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. മുന്‍പേഗമിച്ചീടിനഗോവുതന്റെ/ പിന്‍പേനടക്കുന്ന കിടാങ്ങളാകാന്‍ അധികം പ്രയാസമില്ല. എന്നാല്‍ എത്തേണ്ടതാമിടത്തെത്തിയാലും ശരി/ മദ്ധ്യേമരണം വിഴുങ്ങിയാലും ശരി/ മുന്നോട്ടുതന്നെ നടക്കും വഴിയിലെ/ മുളളുകളൊക്കെ ചവുട്ടിമെതിച്ചു ഞാന്‍ എന്ന ഉഗ്രശപഥം പ്രാവര്‍ത്തികമാക്കുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല.

പ്രകൃതിയുടെ മുഖം വികൃതമാക്കുന്നേടങ്ങളിലും വിഷമഴപെയ്യിച്ചേ അടങ്ങൂ എന്ന് വാശിപിടിക്കുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്നേടങ്ങളിലും ക്ഷണിക്കപ്പെടാത്ത അതിഥിയായിച്ചെന്ന് ധര്‍മച്യുതിക്കെതിരെ കര്‍മകാഹളം മുഴക്കുന്നതാണ് കവിധര്‍മമെങ്കില്‍ അണ്ണാറക്കണ്ണനും തന്നാലാവുന്നത് എന്നമട്ടില്‍ തന്റെതായ സംഭാവന നല്‍കാന്‍ മുന്നിട്ടിറങ്ങുന്ന ഈ അക്ഷരോപാസകനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാതിരിക്കുന്നതെങ്ങിനെ?

മറന്നുവെച്ച വഴികളില്‍ പാദമൂന്നിയപ്പോള്‍ കവികളെക്കുറിച്ചും, കവിതകളെക്കുറിച്ചുമുളള എന്റെ മുന്‍ ധാരണകളും ഇത: പര്യന്തംപഠിച്ചുവെച്ച വ്യവസ്ഥാപിത നിയമങ്ങളും തത്ക്കാലം മാറ്റിവെക്കേണ്ടിവന്നു. നാലു ദിശകളില്‍ മാറിമാറിനിന്ന് സാഹിതീയ പരികല്‍പനകളും അക്കാഡമിക് ചട്ടങ്ങള്‍കൊണ്ടും അളക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ മുഴുവന്‍ പിടിതരാതൊരു കാവ്യവ്യക്തിത്വത്തിന്റെ മുമ്പിലാണ് എത്തിപ്പെട്ടതെന്ന യാധാര്‍ത്ഥ്യബോധവും ഉണ്ടായി. മറന്നുവെച്ച വഴികളെ ഇഴ പിരിച്ചാല്‍ കിട്ടുന്ന മറവി എന്ന ത്രയാക്ഷരവും വഴി എന്ന ദ്വയാക്ഷരവും സവിശേഷ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞുപോയകാര്യങ്ങള്‍ സൗകര്യപൂര്‍വം മറന്നുകളയുന്നതും നടന്നുവഴികളിലേക്ക് തിരിഞ്ഞു നോക്കാതിരിക്കുന്നതും, പുതിയ കാലഘട്ടത്തിന്റെ പൊതു സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. മറന്നുപോവുന്നതും മറന്നുകളയുന്നതും രണ്ടും രണ്ടാണ് മേധാക്ഷയം (അള്‍ഷിമേഴ്‌സ്) പോലുളള രോഗങ്ങള്‍ മൂലമുണ്ടായേക്കാവുന്ന മറവി അഥവാ വിസ്മൃതി സഹതാപമര്‍ഹിക്കുന്നു. എന്നാല്‍ മന:പൂര്‍വമുളള ഓര്‍മപിശകിന്റെ അഭിനേതാക്കള്‍ക്ക് മാപ്പില്ല. പാലം കടന്നാല്‍ കൂരായണാനാമം ജപിക്കുന്നവരുടെ നിഘണ്ടുവില്‍ എത്രപരതിയാലും കാണാത്തത് നന്ദി എന്ന രണ്ടക്ഷരമാണ്. വഴിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് നേര്‍വഴിയുടേയും വളഞ്ഞവഴിയുടേയും പടിവാതില്‍ക്കലാണ്. ആദ്യത്തേതിന് സന്മാര്‍ഗമെന്നും രണ്ടാമത്തേതിന് ദുര്‍മാര്‍ഗമെന്നും വകഭേദങ്ങള്‍ ഉണ്ട്. മാര്‍ഗമദ്ധ്യ ഒരു പാടൊരുപാട് വിഘ്‌നങ്ങള്‍ കുടിയിരിപ്പുണ്ടാകാം. അതുകൊണ്ട് ഓരോചുവടും ശ്രദ്ധിച്ചു വെക്കണമെന്നുണ്ട്.

വഴിതെറ്റിപോവുകയെന്നതിന് ചീത്തയായിപോവുകയെന്ന ദുരര്‍ത്ഥംകൂടിയുണ്ട്. വാര്‍ദ്ധക്യസഹജമായ രോഗാദ്യാരിഷ്ടങ്ങള്‍ നിമിത്തം പരസഹായം കൂടാതെ നില്‍ക്കാനോ നടക്കാനോ വയ്യാത്ത അച്ഛനമ്മമാരെ പഴംചരക്കിന് സമമാക്കി കുപ്പയിലോ വിജനമായ സ്ഥലങ്ങളിലോ തളളുന്നവര്‍കൃതഘ്‌നതയുടെ ആള്‍രൂപങ്ങളാണ്. സ്വന്തം പിതൃത്വത്തെയും, മാതൃത്വത്തെയും നിഷേധിക്കുന്ന, കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നിന്ന് കാര്‍കിച്ചുതുപ്പുന്ന ആമ്ലേച്ച വിഭാഗത്തിന്റെ ഉത്തമാംഗത്തിന് ഒരു ഷോക്ക് ട്രീറ്റുമെന്റ് - ഇങ്ങനെ മറ്റൊരു മാനവും മറന്നുവെച്ച വഴികള്‍ അനാവൃതമാകുന്നുണ്ട് സമുദായത്തെ സമുല്‍ബുദ്ധനാക്കുന്നവനാണ് കവി. താരാട്ട് പാടി ഉറക്കുന്നവനല്ല- മാര്‍ക്‌സിം ഗോര്‍ക്കിയുടെ ഈ വാക്കിന്റെ അന്ത:സത്തഉള്‍ക്കൊണ്ട് തന്റെതായ വേറിട്ട ശബ്ദം കേള്‍പിച്ചുകൊണ്ടിരിക്കുന്ന ഈ കവിക്ക് സമകാലിക സംഭവങ്ങളോടും പ്രശ്‌നങ്ങളോടും എങ്ങിനെയാണ് ഇണങ്ങേണ്ടതെന്നും പിണങ്ങേണ്ടതെന്നും നന്നായറിയാം. 

ഭാവിതേടുന്ന വര്‍ത്തമാനത്തിന്റെ കാല്‍കല്‍ ചങ്ങലബന്ധിച്ചവര്‍ (കാഴ്ചകള്‍കപുറം) ചിതലുപിടിക്കുന്ന ഓര്‍മകള്‍ (നീതി നിഷേധത്തിന്റെ ശേഷിപ്പ്) ഭൂവിന്റെ വന്ധ്യദേഹം വഹിച്ചൊടുങ്ങുന്ന പകല് (സമയമായ്) കാലത്തിന്‍ വര്‍ണക്കുടമേഴുനിറങ്ങള്‍ തൂകിയ സ്വര്‍ണപ്രഭവിതറും നാടിന്‍ ആഹ്ലാച്ചെപ്പ് (സ്വാന്തനഗീതം) എന്നിങ്ങനെ എണ്ണമറ്റ ആധുനീകോത്തരശൈലികള്‍ ഈ പ്രശ്‌നത്തിന്റെ വിവിധതാളുകളില്‍ പീലിവിടര്‍ത്തി ആടുന്നുണ്ട്.

അനുവര്‍ഷം, അതിവൃഷ്ടി, അനാവൃഷ്ടി എന്നിത്യാദി ഈതിബാധകള്‍ ഭൂമിയുടെ ഉറക്കം കെടുത്തുന്നത് കവി കാണാതിരിക്കുന്നില്ല. മലകരയുന്ന പുഴമെലിയുന്ന വൃക്ഷഛായകള്‍ കാണാതുഴി ഉഷ്ണക്കാറ്റില്‍ വെന്തുരുകുന്നു.(നവകുസുമങ്ങള്‍) അസ്വാസ്ഥ്യത്തിന് വഴിമരുന്നിടുന്ന ഈ ദുരവസ്ഥയ്ക്കറുതിവരുത്തേണ്ട സമയം അതിക്രമിച്ചില്ലേ എന്നാണ് കവിയുടെ ചോദ്യം ഇങ്ങിനെ പോയാല്‍ ശുദ്ധവായുവും, ശുദ്ധവെളളവും കിട്ടാക്കനിയാവും കുന്ന് ഇടിച്ച് കളയുന്ന, പുഴവെളളം മലിനമാക്കുന്ന വയലുകള്‍ മണ്ണിട്ട് നികത്തുന്ന പ്രകൃതിവിദ്ധ്വംസകരെ പിച്ചുകെട്ടാന്‍ ഇവിടെ ആരു ഇല്ലേ? ഈ ചോദ്യങ്ങള്‍ക്കെല്ലാം സമാധാനം പറയേണ്ടത് ഭൂമിയുടെ അവകാളികളായ പുഴുക്കളോ, പൂമ്പാറ്റകളോ, പക്ഷി-മൃഗാദികളോ അല്ല-ഞാനും നിങ്ങളും ഉള്‍പെടുന്ന മനുഷ്യകുലജാതര്‍തന്നെയാണ്.

ചുരുക്കട്ടെ, പാരിസ്ഥിതിക ബോധമുണര്‍ത്താനുളള ഈ കാവ്യ പരിശ്രമം ശ്ലാഘനീയമാണ്. ഇതിലുളള ഓരോ കവിതയ്ക്കും ബീജഗുണമുണ്ട്. എല്ലാം അന്യൂനമാണെന്ന് പറയുന്നില്ല. ഭരണധുരന്ധരന്മാരുടേയും, ഉദ്യോഗസ്ഥദുഷ്പ്രഭുക്കളുടേയും കെടുകാര്യസ്ഥതയും, വികലമായ വികസന പരിപാടികളും നമ്മുടെ നാടിനേയും നാട്ടുകാരെയും എവിടെകൊണ്ടുചെന്നെത്തിച്ചു എന്ന ചോദ്യത്തിനുളള നിയതമായ ഉത്തരം ഈ പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്.

പ്രൊഫസര്‍ മേലത്ത് ചന്ദ്രശേഖരന്റെ അവതാരിക കവിക്ക് ഒരു പ്ലസ്‌പോയിന്റ് സമ്മാനിച്ചിട്ടുണ്ട്. കവിയോടൊപ്പം നമുക്കും ഇങ്ങിനെ പ്രത്യാശിക്കാം പിന്നിട്ട വഴികളില്‍ വിതറിയ പൂവുകള്‍/ വാടിടാമെങ്കിലും, ചവിട്ടേറ്റ് വികൃതമാമെങ്കിലും/ നിറമുളള ജീവിതയാത്രതന്‍ഓര്‍മതന്‍ തീരത്ത് തിളങ്ങുമാമുത്തുകള്‍(യാത്രാമൊഴി)

ആത്മരോഷത്തിന്റെ അഗ്നിനാളങ്ങള്‍
M.O.G.Malappattam
-എം.ഒ.ജി. മലപ്പട്ടം

Keywords: Marannuvecha Vazhikal, Book review, Radhakrishnan Puthur, M.O.G.Malappattam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia