city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'അലയുന്ന കവി' തിരിച്ചറിഞ്ഞ ബോധ്യങ്ങള്‍

നിരൂപണം/ റഹ് മാന്‍ മുട്ടത്തൊടി

(www.kasargodvartha.com 02.01.2018) ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും അലയുന്നുണ്ട്. ചിലര്‍ ഭൂമിയുടെ ഒരു കരയില്‍ നിന്നും ആരംഭിച്ച് മറുകരയോളം അലയുന്നുവെങ്കില്‍ മറ്റു ചിലര്‍ അവരുടെ തന്നെ ഉള്ളിലാണ് അലയുന്നതും, തിരയുന്നതും. ഈ അലച്ചിലിനിടയില്‍ ചിലര്‍ മുത്തും പവിഴവും ദ്രവ്യങ്ങളും ജീവിത സഖികളെയും ജീവസന്ധാരണവും കണ്ടെത്തുന്നു. മറ്റു ചിലര്‍ വാക്കുകളും വാങ്മയ ചിത്രങ്ങളും കണ്ടെത്തുന്നു. ഇനിയുമൊരു കൂട്ടര്‍ എത്രയലഞ്ഞാലും ഒന്നും കണ്ടെത്താതെ, യാതൊന്നും അവശേഷിപ്പിക്കാതെ അവസാനം എല്ലാ അലച്ചിലും നിര്‍ത്തിപ്പോകുന്നു.

ഒട്ടേറെ അലഞ്ഞ് അതിലുമൊട്ടേറെ ചികഞ്ഞ് പലതും കണ്ടെത്തിയിട്ടും അവ ഒന്നിനെപ്പറ്റി പോലും ആരോടും ഒന്നും വിശദീകരിക്കാതെ, പങ്കുവയ്ക്കാതെ പോവുകയാണ് അധികം പേരും. എന്നാല്‍, കാവ്യാത്മകമായ അകക്കണ്ണുകളും, സംവേദനക്ഷമമായൊരു ഭാഷയും സ്വന്തമായുള്ളവര്‍ അലച്ചിലിലൂടെ സ്വായത്തമായ ബോധ്യങ്ങളെ, ചിത്രങ്ങളെ, ശബ്ദങ്ങളെ, നിഴലുകളെ, വര്‍ണങ്ങളെ, ഋതുക്കളെ എല്ലാം തന്നെ സമൂഹമാകുന്ന വിശാല ക്യാന്‍വാസില്‍ എഴുതിയും വരച്ചും വയ്ക്കുന്നു. അവനവന്റെ സംതൃപ്തിയ്ക്കും തന്റെ ചുറ്റുപാടിന്റെ നന്മയ്ക്കുമായി. ചിലര്‍ക്ക് ഈ പ്രക്രിയ ഒരു ലാഭക്കച്ചവടമോ, ജീവനോപാധിയോ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് ഭൗതികമായി നഷ്ടക്കച്ചവടമാണ്. അതേ സമയം ആത്മസാക്ഷാത്കാരവുമാണ്.

'അലയുന്ന കവി' തിരിച്ചറിഞ്ഞ ബോധ്യങ്ങള്‍


രവീന്ദ്രന്‍ പാടി എന്ന കാസര്‍കോടിന്റെ സ്വന്തം കവിക്ക് 'വാക്കുല'യില്‍ നിന്നും 'ഉയിരാട്ട'ത്തില്‍ നിന്നും 'അലഞ്ഞവന്റെ ബോധ്യങ്ങളി'ല്‍ നിന്നും ഒടുവില്‍ 'ടവറിലെ കാക്ക' യില്‍ എത്തുമ്പോഴേയ്ക്കും തന്റെ ബോധ്യങ്ങളെ അക്ഷരങ്ങളുടെ, വാക്കുകളുടെ ലക്ഷണമൊത്ത, സ്പഷ്ടമായ ഉടയാടകളണിയിച്ച് സഹൃദയസമക്ഷം സമര്‍പ്പിച്ചതില്‍ നിന്നും ഭൗതികമായി വല്ല നേട്ടവും ഉണ്ടായിട്ടുണ്ടാകുമോ എന്നറിയില്ല. നഷ്ടക്കച്ചവടമായിരിക്കാനേ വഴിയുള്ളു.

പക്ഷേ, വ്യാപാരം മോശമായാല്‍ കടയടച്ചു പോകുന്നവനല്ല രവി എന്ന കവി. അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അലച്ചിലുകള്‍ക്ക് വിരാമമിടാന്‍ ഒരുക്കമില്ലാത്ത കവിയാണ് രവീന്ദ്രന്‍ പാടി. ഓരോ ദിനത്തിലും ഒന്നിലധികം കുറുങ്കവിതകള്‍ ഈ കവിയില്‍ നിന്നും നമുക്ക് ലഭിച്ചുകൊണ്ടേയിരിക്കുന്നു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ വഴിയും ചിലപ്പോള്‍ പത്രങ്ങളിലെ വാരാന്തപ്പതിപ്പുകളില്‍ക്കൂടിയും. അവയേയും ഒറ്റ നൂലില്‍ കോര്‍ത്ത് താമസിയാതെ തന്നെ അഞ്ചാമത്തെ പുസ്തക രൂപത്തില്‍ അദ്ദേഹം അവതരിപ്പിക്കും എന്നതും സുനിശ്ചിതമാണ്. പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റാത്ത അസഹിഷ്ണുവാണ് രവി. ഈ അസഹിഷ്ണുത പലരേയും സന്തോഷിപ്പിക്കുമ്പോള്‍ത്തന്നെ ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതും പരമാര്‍ത്ഥമാണ്. പക്ഷേ, അപ്പോഴും കവി പറയും: 'പേടിയില്ലെനിക്കൊട്ടും / നേരെന്റെ ഭാഗത്തല്ലേ...?'

തനിക്കു ബോധ്യപ്പെട്ട സംഗതികളെ അനുവാചകനോട് ബോധിപ്പിക്കാനായി രവി ദൈര്‍ഘ്യമേറിയ കവിതകള്‍ എഴുതാറില്ല. ഒരു ചിത്രം വരച്ചുകാട്ടാന്‍ ഒറ്റവരിയും മതിയാകുമെന്ന് രവി പല സന്ദര്‍ഭങ്ങളിലും തെളിയിച്ചിട്ടുണ്ട്. രണ്ടു വരികളിലും മൂന്നു വരികളിലും നാലു വരികളിലും കവി പലപ്പോഴും ഓരോ മഹാകാവ്യത്തിലെ കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട്. കാണുക ചിലത്:

'ഏറെ കഷ്ടം ചുമന്നു നാം കെട്ടിയ
വീട്ടിലെന്തേ ക്ഷണിക്കാതെ കുരിരുള്‍?'
****
''കുറേ കിടന്നു പുണ്ണായ ശേഷമാണ്
'വെറുപ്പമ്മ ' പറമ്പില്‍ വെണ്ണീറായത്.
വീട്ടിലെത്തിയവര്‍ക്കെല്ലാം മക്കള്‍
ആനന്ദക്കണ്ണീര്‍ വിളമ്പി.
നന്ദിയുള്ള കാക്ക
നാക്കിലയില്‍ അവര്‍ കൊണ്ടു വെച്ച
'തട്ടിപ്പുരുള 'തൊടാതെയെടുത്ത്
നാടിന്റെ നെഞ്ചത്തിട്ടു'
***
''ഒരു വഴിയും കാണാതിരുന്നപ്പോഴാണ്
പെരുവഴിയിലിറങ്ങിയത്;
അതിലൂടെ പോയപ്പോള്‍
ആയിരം വഴി കണ്ടു. '
***
'തെരുവോരത്തുറങ്ങുന്നു
പണ്ടുറങ്ങാതിരുന്നൊരാള്‍...!
ഇന്നനങ്ങുന്നേയില്ല
അന്നേറെപ്പാഞ്ഞ കാലുകള്‍ ... '

' പകലിലും നല്ല ഇരുട്ടാണ്.
ശീലം കൊണ്ടാണ് നാം
നേരം വെളുത്തു എന്ന് പറയുന്നത് .
ശരിയായ വെളിച്ചം
പുലരാനിരിക്കുന്നതേയുള്ളു. '

കേവലമായ വര്‍ണനകള്‍ക്കപ്പുറം പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ നേരേയങ്ങു പറഞ്ഞു പോകുന്നതാണ് കവിയുടെ സാധാരണ രീതി. രാഷ്ട്രീയമായാലും ദാര്‍ശനികമായാലും പ്രണയമായാലും സമകാലീന വിഷയങ്ങളായാലും വെറുതേ കുറേ പദങ്ങളുടെ കോട്ട പണിയുന്നത് കവിയ്ക്ക് ഇഷ്ടമല്ല. കവി പലപ്പോഴും തിരക്കിലുമാണെന്നു തോന്നും ചില വരികള്‍ കണ്ടാല്‍. നേരിനെ നെഞ്ചോടു ചേര്‍ക്കാനാണ് ഈ പരക്കം പാച്ചില്‍. പല കവിതകളിലും ആവര്‍ത്തിച്ചു വരുന്ന നേര് എന്ന വാക്ക് യാദൃച്ഛികമല്ല. മന:പൂര്‍വം തന്നെയാണ്. നേരിന്റെ പക്ഷത്ത് നില്‍ക്കുക മാത്രമല്ല, അത് ഘോഷിക്കുകയും ചെയ്യുന്നുണ്ട് കവി. കാപട്യക്കാര്‍ക്ക് ഇഷ്ടക്കേടുണ്ടാക്കും എന്നറിഞ്ഞു കൊണ്ടു തന്നെ. 'കടം' എന്ന കവിതയിലെ അവസാന ഭാഗം കേള്‍ക്കുക: 'കടങ്ങള്‍ വിട്ടാതെ ഞാന്‍ / ഒരു നാള്‍ സ്ഥലം വിട്ടാല്‍ / എന്നാളും പുലരേണ്ട / നേരെന്നെ ക്രൂശിക്കില്ലേ...?'

തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം കടം വീട്ടാനുള്ള വ്യഗ്രത തന്നെയാണ് കവിയ്ക്ക് സര്‍ഗപ്രവര്‍ത്തനം. 49 കവിതകളും 77 കുറുങ്കവിതകളും അടങ്ങുന്നതാണ് 'അലഞ്ഞവന്റെ ബോധ്യങ്ങള്‍'. നമ്പര്‍, കടം, ഗാന്ധിച്ചിരി, പരസ്യാധിപര്‍ ജനിച്ചതില്‍പ്പിന്നെ, കാക്കയും കൊക്കും, എനിക്കു നിന്നെപ്പോലെയാകേണ്ട, കുറ്റം, ആദ്യരാത്രി, ചെവി തുടങ്ങിയവ നല്ല നിലവാരമുള്ളതും കനപ്പെട്ടതുമായ കവിതകള്‍ തന്നെയാണ്. കാസര്‍കോട്ടുകാരുടെ മാത്രം കവി എന്നതിലുപരി കേരളത്തിലാകെ അറിയപ്പെടാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിരുന്നിട്ടു കൂടി പക്ഷേ, രവീന്ദ്രന്‍ പാടി ഇന്നും കാസര്‍കോട്ടുകാരുടെ മാത്രം കവിയായി തുടരുന്നുവെങ്കില്‍ അത് കവിയുടെ കുറ്റം കൊണ്ടല്ല തന്നെ. കാസര്‍കോട്ടുകാരുടെ മുന്നില്‍ മനസ്സില്ലാ മനസ്സോടെയും അത്യപൂര്‍വമായും മാത്രം വാതില്‍ തുറക്കുന്ന നമ്മുടെ ഭാഷയുടെ മൊത്തവ്യാപാരക്കാര്‍ മാത്രമാണ് അതില്‍ കുറ്റക്കാര്‍. അങ്ങനെയുള്ള 'കുലപതികള്‍ ' എന്നു സ്വയംനടിച്ച് അരമനകളില്‍ ഇരിക്കുന്നവരോട് കവിയ്ക്ക് പറയാനുള്ളത് ഇപ്രകാരം :

' നിന്നെപ്പോല്‍ ഇരിക്കുവാന്‍
കഴിയില്ലെനിക്കൊട്ടും
കസേര കാണുന്നേരം
ഇരിക്കപ്പൊറുതിയില്ലാതെ...!'

' ടവറിലെ കാക്ക' എന്ന പുതിയ കവിതാ സമാഹാരത്തില്‍ ' കാലും വഴിയും' എന്ന ഒരു ചെറിയ കവിതയുണ്ട്. അതില്‍ കവി പറയുന്നു:

'മനസ്സിലെ ചെറു / വെളിച്ചം കാണിക്കും / വഴിമതിയെനി/ ക്കിതിലൂടെ പോകാന്‍.

നിനക്കതു പോരാ/ വിശാല വീഥിയില്‍ / വലിക്കുവാനാളും / പദവിയും വേണം'

അതെ, തന്റേതായ ചെറിയ വീഥിയില്‍ കൂടി, വലിക്കുവാനാളോ പദവികളുടെയും പുരസ്‌കാരങ്ങളുടേയും ഭാരമേതുമില്ലാതെ കവി സ്വച്ഛന്ദം, നിര്‍വിഘ്‌നം അലയുക തന്നെയാണ്.

കവി സുഹൃത്തായ രവിയോട് ഇത്ര മാത്രമേ പറയാനുള്ളൂ; അലഞ്ഞുകൊണ്ടേയിരിക്കുക. അലയുവാനേറെ ഇടങ്ങള്‍ ഇനിയും കിടക്കുന്നു ഈ ഭൂമിയില്‍, ഹൃദയവീഥികളില്‍. അലഞ്ഞും ചികഞ്ഞും കാലില്‍ ഉടക്കിയതും ഹൃദയത്തില്‍ തറഞ്ഞതും നൂലില്‍ കോര്‍ത്തു കൊണ്ടേയിരിക്കുക. അംഗീകാരവും യശസ്സും ആരൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും അവ ഒരു നാള്‍ വരിക തന്നെ ചെയ്യും.

'ഇവിടെ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍
സപ്ലയറുടെ വെള്ള ഉടുപ്പും
അഴകന്‍ തൊപ്പിയും മാത്രമല്ല,
അടുക്കളയില്‍ എച്ചില്‍പാത്രം
കഴുകുന്നയാളുടെ
അഴുക്കുപുരണ്ട കാക്കി ട്രൗസറും
എനിക്കു കാണാന്‍ കഴിയുന്നുണ്ട്'.

ഇങ്ങനെ ഇരുപുറവും കാണാന്‍ കഴിയുന്നവന്‍ തന്നെയായിരിക്കണം കവി. അലച്ചിലില്‍ ആ കണ്ണുകള്‍ സദാ ചൂട്ടുകളായി ജ്വലിക്കട്ടെ ....

ആശംസകള്‍.....

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Poet, Social-Media, Whatsapp, Book, Facebook, Rahman Muttathodi, Poem review by Rahman Muttathodi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia