city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേട്ടയാടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍, വെക്കേഷന്‍ ക്യാമ്പുകള്‍ തകര്‍ക്കുന്ന സ്വപ്‌നങ്ങള്‍; മാതാപിതാക്കളേ... ഈ പറയുന്നത് നിങ്ങളോടാണ്

അബ്ദുല്ല കെ കെ കുമ്പള

(www.kasargodvartha.com 17.03.2018)
ഇല്ല,
തലവാചകത്തിന് പിഴച്ചിട്ടില്ല!
ഞെട്ടിയോ?!, ഞെട്ടരുത്

നാമിതുവരെ കേട്ടു വന്നത് വെക്കേഷന്‍ ക്യാമ്പുകള്‍ വ്യക്തിത്വ വികസനത്തിനും ജീവിത വിജയത്തിനുമാണെന്നാണ്. ആ സങ്കല്‍പ്പത്തിന് വിപരീതമായത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരല്‍പ്പം അതിശയം തോന്നിയിട്ടുണ്ടാകാം. വിഷയം ഒന്ന് അഗാധമായി ചിന്തിച്ചാല്‍ കാര്യങ്ങളുടെ നിജസ്ഥിതി നമുക്ക് മനസ്സിലാക്കാനാവും.

ഒരു നീണ്ട വര്‍ഷത്തെ പഠന ജീവിതത്തിന് ഒരു ചെറിയ ഇടവേളയായി ലഭിക്കുന്ന അവധി ദിനങ്ങള്‍ പോലും വ്യത്യസ്ത വെക്കേഷന്‍ ക്യാമ്പുകളിലേക്ക് വിദ്യാര്‍ത്ഥികളെ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് പറയുമ്പോള്‍ നിങ്ങള്‍ തിരിച്ചു പറയും, 'അത് അവരുടെ ഭാവി നേട്ടങ്ങള്‍ക്കു വേണ്ടിയല്ലെയെന്ന്'. അതും ശരിയാണ്. പക്ഷെ ഒരല്‍പ്പം മുതിര്‍ന്നവര്‍ക്ക് എന്ന് മാത്രം. കുട്ടിത്തം തുളുമ്പുന്ന ആ ഇളംപ്രായത്തിലും വേണോ ക്യാമ്പുകള്‍?

വിദ്യാഭ്യാസം കൈപ്പുള്ളതായി അനുഭവപ്പെടുന്ന ഇളം പ്രായത്തില്‍ ഓരോ അവധി ദിനങ്ങളും എങ്ങനെ കളിച്ചു രസിക്കാം എന്ന് കണക്കുകൂട്ടുകയായിരിക്കും കുട്ടികള്‍. അധ്യായന വര്‍ഷം അവസാനിക്കാറായാല്‍ പിന്നെ ചിന്ത മുഴുവനും നീണ്ട അവധി ദിനങ്ങളെക്കുറിച്ചായിരിക്കും. പരീക്ഷാ ദിനങ്ങളില്‍ ചോദ്യപ്പേപ്പറുകളില്‍ത്തന്നെ കണ്ണുനട്ടിരിക്കുന്നുണ്ടാവുമെങ്കിലും ഇടക്കിടെ ചിന്ത വരാനിരിക്കുന്ന നീണ്ട അവധി ദിനങ്ങളിലെ സ്വപനങ്ങളിലക്ക് ചേക്കേറുന്നുണ്ടാകും.

ക്രിക്കറ്റും ഫുട്‌ബോളും കബഡിയുമൊക്കെയായി ഉല്ലാസത്തിന്റെ ഒരായിരം സ്വപ്നങ്ങള്‍ അവര്‍ നെയ്തു വെച്ചിട്ടുണ്ടാവും. പഞ്ചറായ ടയറുകള്‍ വാഹനമാക്കിയും ഓലകള്‍ കൊണ്ട് വീടുണ്ടാക്കിയും മിഠായി സാധനങ്ങളുടെ പീടിക പണിതും ആര്‍ത്തുല്ലസിക്കുന്ന അവധി ദിന സ്വപ്നങ്ങള്‍. ഒരിക്കലും തീരരുതേയന്നാഗ്രഹിച്ച് മിനിറ്റുകളും മണിക്കൂറുകളും എണ്ണിയെണ്ണി ചെലവഴിക്കുന്ന പിഞ്ചിളം പ്രായം. വെയിലും മഴയും ഭക്ഷണവുമൊന്നും ഒരു പ്രശ്‌നവുമല്ലാത്ത കളി സമയങ്ങള്‍.

അവിടെയാണ് ആ സ്വപ്നങ്ങളൊക്കെ തകര്‍ത്തെറിഞ്ഞ് വെക്കേഷന്‍ ക്യാമ്പുകള്‍ കടന്നു വരുന്നത്. മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ പുരോഗതി ആഗ്രഹിച്ച് നിര്‍ബന്ധിച്ച് ഇത്തരം ക്യാമ്പുകളിലേക്ക് മക്കളെ പറഞ്ഞയക്കുമ്പോള്‍ തളരുന്നതും തകരുന്നതും നാളിതുവരെയായി ഒരു കൊട്ടാരം കണക്കെ പണിതുയര്‍ത്തിയ അംബരചുംബികളായ സ്വപ്നങ്ങളാണ്.

മാതാപിതാക്കളുടെ അത്തരം വാശികള്‍ മക്കളെ ഉയര്‍ച്ചയിലെത്തിക്കുന്നതിന് പകരം അവരെ നിരാശയുടെയും വിഷമത്തിന്റെയും കൈപ്പുനീര്‍ കുടിച്ച് വലഞ്ഞവരാക്കിമാറ്റും. മക്കളുടെ പുരോഗതിയാഗ്രഹിച്ച് നിര്‍ബന്ധിച്ച് വെക്കേഷന്‍ ക്യാമ്പുകളില്‍ കൊണ്ടു വിടുന്ന മാതാപിതാക്കളേ... അവര്‍ ചെറിയ മക്കളല്ലെ, അവര്‍ കളിക്കട്ടേ... ഈയൊരു പ്രായത്തില്‍ കളിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണവര്‍ കളിക്കുക? കളിയും ചിരിയുമായി സന്തുഷ്ടമായതാവണം മക്കളുടെ ജീവിതം.

നിരന്തരം ക്ലാസും ക്യാമ്പുമായി മാത്രം നടന്നാല്‍ അതവരുടെ ജീവിത ലക്ഷ്യങ്ങളെ സാരമായി ബാധിക്കും. ലക്ഷ്യങ്ങള്‍ കാണാനും എത്തിപ്പിടിക്കാനും ഏറെ പ്രയാസപ്പെടേണ്ടി വരും. കളിക്കിടയില്‍ നിസ്സാരമായ പരിക്ക് പറ്റിയാല്‍ പിന്നെ വീടിന്റെ പുറത്ത് പോകാന്‍ അനുവദിക്കാത്തവരാണ് ഒരു വിഭാഗം മാതാപിതാക്കള്‍. അത് മക്കളോടുള്ള തുല്യതയില്ലാത്ത സ്‌നേഹത്തിന്റെ ഭാഗമാണെന്നതില്‍ സന്ദേഹമില്ല. എങ്കിലും ഒരിക്കലൊരു വീഴ്ച പറ്റിയെന്നതിന്റെ പേരില്‍ കളികളും വിനോദങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും കണക്കില്ലാതെ ചെലവഴിച്ച സ്‌നേഹത്തിന് പകരമായി തിരിച്ചു കിട്ടുക ഉള്‍കൊള്ളാനും സഹിക്കാനുമാവാത്ത വെറുപ്പുകള്‍ മാത്രമായിരിക്കും.

കളിക്കേണ്ട പ്രായത്തില്‍ അവര്‍ കളിക്കട്ടെ, പൊട്ടലും ഉരസലും കീറലുമൊക്കെ കളികള്‍ക്കിടയിലെ ഓര്‍മ്മിക്കാവുന്ന ചില നിമിഷങ്ങളായിട്ടേ കുട്ടികള്‍ക്കനുഭവപ്പെടുന്നുള്ളൂ. വളര്‍ന്നു വരുന്തോറും ഓര്‍ക്കാനും രസിക്കാനും പറ്റിയ കളിയനുഭവങ്ങള്‍. ഇതൊന്നും വീട്ടിനുള്ളിലോ ക്ലാസുകളിലോ തളച്ചിടപ്പെടുന്നവര്‍ക്ക് ലഭിക്കാനിടയില്ല. ജീവിതത്തില്‍ കളിച്ചു രസിക്കേണ്ട പ്രായത്തില്‍ കളിക്കാതിരിക്കല്‍ ഒരു നല്ല കാര്യമായല്ല മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടത്. ആരോഗ്യ നിലനില്‍പ്പിന് ആവശ്യമായ പരിശീലനമാണ് കളി വിനോദങ്ങള്‍. എന്നാലും നേരിയ ശ്രദ്ധ അവരുടെ മേല്‍ അത്യാവശ്യമാണ്.

അമിത സ്വാതന്ത്ര്യമോ അതിരുകവിഞ്ഞ തളച്ചിടലോ ആവരുതെന്നാണ് ചുരുക്കം. ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകള്‍ വ്യാപകമായതോടെ തന്റെ മക്കള്‍ ഇംഗ്ലീഷ് സംസാരിച്ച് ലോകം കീഴടക്കണമെന്ന ആഗ്രഹത്തിലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത് അഭിമാനത്തിന് കോട്ടം വരുമെന്ന് തെറ്റിദ്ധരിച്ചും വെറും ഇളംപ്രായത്തില്‍തന്നെ മക്കളെ ബസ് കയറ്റി വിടുന്നവരാണ് മറ്റൊരു വിഭാഗം മാതാപിതാക്കള്‍. മൂന്നാം വയസില്‍ തന്നെ വിദ്യാഭ്യാസ ജീവിതത്തിലേക്ക് കയറിച്ചെല്ലേണ്ട ദുരവസ്ഥ! മാതാപിതാക്കള്‍ നന്മ മാത്രമേ ഉദ്ദേശിക്കൂവെങ്കിലും മക്കള്‍ക്ക് നഷ്ടപ്പെടുന്നത് മാതാപിതാക്കളോടും ജ്യേഷ്ടാനുജത്തിമാരോടുമൊത്ത് ചിരിച്ച് നടക്കേണ്ട വിലപ്പെട്ട സമയങ്ങളാണ്. അഞ്ചു വയസുവരെ അവര്‍ പ്രകൃതിയുമായി ഇണങ്ങി വീട്ടില്‍ തന്നെ നിന്ന് ചുറ്റുപാടുകളില്‍ നിന്ന് പഠിക്കട്ടെ. പിന്നെ മതി ഇംഗ്ലീഷൊക്കെ.

പ്രകൃതിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പല പ്രാഥമിക പാഠങ്ങളും മക്കള്‍ക്ക് പഠിക്കാനുണ്ട് .അത് അവര്‍ അനുഭവിച്ച് തന്നെ പഠിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ സുന്ദരമായ കാഴ്ചപ്പാടുകളും ബുദ്ധിവൈഭവവും മര്യാദാപാഠങ്ങളും അവര്‍ക്കു കൈവരികയുള്ളൂ. മക്കള്‍ ഉന്നതങ്ങളിലെത്തണമെന്നാഗ്രഹിക്കുന്ന എല്ലാ മാതാവിതാക്കള്‍ക്കും ഒരോര്‍മ്മപ്പെടുത്തലായി മേല്‍ വാചകങ്ങള്‍ ശോഭിക്കട്ടെ.
വേട്ടയാടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍, വെക്കേഷന്‍ ക്യാമ്പുകള്‍ തകര്‍ക്കുന്ന സ്വപ്‌നങ്ങള്‍; മാതാപിതാക്കളേ... ഈ പറയുന്നത് നിങ്ങളോടാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Article, Students, Top-Headlines, Parents, Abdulla KK Kumbala, Parents Must See this article
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia