city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രക്ഷിതാക്കള്‍ ഉണരാന്‍ വൈകരുത്

റഫീഖ് എര്‍മാളം 
ഒമാന്‍

(kasargodvartha.com 18.02.2016) കൂട്ടുകാരോടൊത്ത് പുകവലിച്ചു അടിച്ചുപൊളിക്കുന്ന ഒരു മലയാളി പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പുകവലിക്കുക മാത്രമല്ല മദ്യം സേവിക്കുക കൂടി ചെയ്തിട്ടുണ്ടാകണം എന്നാണു ചിത്രങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. പെണ്‍കുട്ടിയെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയോ, കൂടെ നിന്ന് സെല്‍ഫിയെടുക്കാനും കെട്ടിപ്പിടിക്കാനും സാഹസം കാണിക്കുന്ന ചെറുപ്രായത്തിലുള്ള യുവാക്കളെയും ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ സ്വന്തം മക്കളുടെയും സഹോദരിമാരുടെയും ജീവിത രീതികളെ കുറിച്ച് അന്വേഷിക്കാനും തയ്യാറാകണം.

സ്വന്തം മക്കള്‍ പഠിച്ചു നല്ല നിലയിലെത്തണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനു വേണ്ടി എല്ലാവിധ സൗകര്യങ്ങളും നല്‍കി കോളേജ് ക്യാമ്പസുകളിലേക്ക് പറഞ്ഞു വിടുന്ന രക്ഷിതാക്കള്‍ മക്കള്‍ രാവിലെ പോയി വൈകുന്നേരം തിരിച്ചു വരുന്നത് ആത്മ സംതൃപ്തിയോടെ നോക്കിനില്‍ക്കാറുണ്ട്. പക്ഷെ, ഇന്നത്തെ ന്യൂ ജനറേഷന്‍ മക്കളുടെ പുതിയ ജീവിത രീതിയെ കുറിച്ച് പാവം 'പഴഞ്ചന്‍' രക്ഷിതാകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു.

ഇന്നത്തെ ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ രക്ഷിതാക്കളും കൂടിയാണ്. സ്വന്തം മക്കളില്‍ പൂര്‍ണ്ണമായ വിശ്വാസം അര്‍പ്പിച്ചു, എന്റെ മകള്‍ അങ്ങനയുള്ളവളല്ല എന്ന അന്ധമായ വിശ്വാസം പുലര്‍ത്തി ജീവിക്കുമ്പോള്‍, മകള്‍ അറിയാതെ ദുശ്ശീലങ്ങളിലേക്ക് നീങ്ങുന്നത് പാവം രക്ഷിതാക്കള്‍ മനസ്സിലാക്കാതെ പോകുന്നു. കൂടെ പഠിക്കുന്നവരല്ലേ, കൂട്ടുകാരല്ലേ എന്നൊക്കെ കരുതി പെണ്‍മക്കളോട് അമിതമായി ഇടപെടാന്‍ ആണ്‍ കൂട്ടികളെ അനുവദിക്കുന്ന രക്ഷിതാക്കള്‍ സ്വന്തം മക്കളെ അവര്‍ തെറ്റായ രീതിയില്‍ നോക്കി കണ്ടു ചൂഷണത്തിന് വിധേയമാക്കുന്നത് അറിയുന്നില്ല.

സ്വന്തമായി ഫോണും വാട്‌സപ്പും മറ്റു സൗകര്യങ്ങളും ഒരുക്കി കൊടുക്കുമ്പോള്‍ അതിലേക്ക് വരുന്ന മെസ്സേജുകളോ വിഡിയോകളോ മറ്റു കാര്യങ്ങളോ ഏതൊക്കെ നമ്പരില്‍ നിന്നാണ് വരുന്നതെന്ന് നാം ശ്രദ്ധിക്കാറുണ്ടോ..? ഒറ്റമുറിക്കുള്ളില്‍ മക്കള്‍ക്ക് പഠിക്കാന്‍ കമ്പ്യൂട്ടറും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോള്‍ തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മുമ്പില്‍ വെബ്ക്യാമറക്ക് മുന്നിലൂടെ സ്വന്തം മക്കള്‍ മേനി പ്രദര്‍ശനങ്ങള്‍ നടത്തുന്നതിനെ കുറിച്ച് സ്വന്തം രക്ഷിതാക്കള്‍ അറിയുന്നുണ്ടോ..? കണ്ടു മടുക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തു യു ട്യൂബില്‍ വരെ അപ്‌ലോഡ് ചെയ്ത് സ്വന്തം മകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സഹപാഠികളെ കുറിച്ച് നാം അറിയാതെ പോകുന്നു. ചിലര്‍ ഭയന്ന് രക്ഷിതാക്കളോട് പറയുന്നു. മറ്റു ചിലര്‍ ഭീഷണിക്ക് വഴങ്ങുന്നു. പുറം ലോകം അറിയുന്നത് നൂറില്‍ ഒന്നു മാത്രം. അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ 'ലിവിംഗ് ടുഗദര്‍' എന്ന നൂതന ശൈലിയില്‍ ഒന്നിച്ചു താമസിക്കുന്നതും നാം വാര്‍ത്തകളില്‍ കണ്ടു. ഇതൊക്കെ കാണുമ്പോള്‍ ഇതൊന്നും നമ്മുടെ മക്കളെ കുറിച്ചല്ലെന്ന് നാം ആശ്വാസം കൊള്ളുന്നു. കാലിനടിയില്‍ നിന്ന് മണ്ണ് ചോര്‍ന്നു പോകുന്നത് നാം അറിയുന്നില്ല.

പ്രോജക്ട്, അസ്സൈന്‍മെന്റ് എന്നൊക്കെ പറഞ്ഞു മക്കള്‍ വൈകി വീട്ടിലെത്തുമ്പോഴും ഒഴിവു ദിവസങ്ങളില്‍ ക്ലാസുണ്ട് എന്ന് പറഞ്ഞു പുറത്തു പോകുമ്പോഴും സ്വന്തം മക്കളുടെ 'പഠനത്തില്‍' അഭിമാനം കൊള്ളുന്നതോടൊപ്പം അവര്‍ എന്തൊക്കെ പഠിക്കുന്നു എന്ന്  മനസ്സിലാക്കാന്‍ നാം തയ്യാറാകണം. ഭൗതിക വിദ്യാഭ്യാസം സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ നമ്മുടെ മക്കളുടെ സുരക്ഷിതത്വവും, അഭിമാനവും, അന്തസ്സും നഷ്ടപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ച് നാം ബോധവാന്മാരാകണം. നമ്മുടെ മക്കള്‍ നല്ലവരായിരിക്കാം, പക്ഷെ സാഹചര്യങ്ങള്‍ മോശമാണ്. നമ്മുടെ മക്കള്‍ക്ക് ചുറ്റും തെറ്റായ ചിന്തകള്‍ വെച്ച് പുലര്‍ത്തി സാഹചര്യം കാത്തു കഴിയുന്ന കഴുകന്മാരെ കുറിച്ച് കരുതിയിരിക്കണം.

സൂക്ഷിക്കേണ്ടത് നമ്മളാണ്. കാവല്‍ നല്‍കുന്നവന്‍ ദൈവമാണ്. കൈവിട്ടുപോയതിനു ശേഷം വാവിട്ടു കരഞ്ഞത് കൊണ്ട് കാര്യമില്ല. കൗണ്‍സിലിംഗ് സെന്ററുകളിലും, മനശാസ്ത്ര പഠന വേദികളിലും ഏറ്റവും കൂടുതല്‍ വരുന്നത് ഇത്തരം സംഭവങ്ങളാണ്. ആദ്യം നന്നാകേണ്ടത് വീടിന്റെ അന്തരീക്ഷമാണ്. അമിതമായി നാം ചെയ്തു കൊടുക്കുന്ന സൗകര്യങ്ങള്‍ വിനയാകുന്നുണ്ടോ എന്ന് നാം അന്വേഷിക്കണം, നമ്മുടെ കണ്ണെത്തും ദൂരത്ത് മക്കള്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം. ഏകാന്തത കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാതിരിക്കണം, അധ്യാപകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കണം, മക്കളെ വിശ്വസിക്കുന്നതോടൊപ്പം കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുള്ള ശ്രമം നടത്തണം. ഞാന്‍ എന്ത് ചെയ്താലും എന്റെ രക്ഷിതകള്‍ക്ക് എന്നെ വിശ്വാസമാണ് എന്ന മക്കളുടെ ആത്മ വിശ്വാസം അവര്‍ എന്തും ചെയ്യാനുള്ള ലൈസന്‍സായി എടുക്കുന്നുണ്ടോ എന്നു നാം നോക്കണം.

യുട്യൂബുകളിലും മറ്റു ഇന്റര്‍നെറ്റ് സൈറ്റുകളിലും ദൈനംദിനം പുറത്തു വന്നു കൊണ്ടിരിക്കുന്ന കഥകള്‍ നമ്മുടെ ഉറക്കം കെടുത്തും. സുഖമായി ഒന്നുറങ്ങാന്‍, കാലമിത്രയും നാം കഷ്ടപ്പെട്ടുണ്ടാക്കിയ അഭിമാനവും അന്തസ്സും നഷ്ടടപ്പെടാതിരിക്കാന്‍ രണ്ടു കണ്ണും കാതും കൂര്‍പ്പിച്ചു ഇമ വെട്ടാതെ നമ്മുടെ മക്കളുടെ കാര്യത്തില്‍ ബദ്ധശ്രദ്ധരാകണം.
രക്ഷിതാക്കള്‍ ഉണരാന്‍ വൈകരുത്



Keywords:  Parents, son, kasaragod, Article, Friend, Mobile Phone, internet-crime, College, Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia