city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരസ്‌കൃതന്റെ ചോരവാക്കുകള്‍

തിരസ്‌കൃതന്റെ ചോരവാക്കുകള്‍ ഗ്നശരീരം സുബൈദയുടെ ആത്മ കഥയാണ്. ഈ കഥയിലെ പൊള്ളുന്ന അനുഭവങ്ങള്‍ നമ്മുടെ നെഞ്ചില്‍ തീക്കറ്റകള്‍ പോലെ വന്ന് കുത്തി നോവിപ്പിക്കും. നഗ്നശരീരം പോലെ ഒട്ടും ചമയങ്ങളില്ലാതെ, സുബൈദ എന്ന തൂലിക നാമത്തില്‍ പ്രശസ്തനായ നോവലിസ്റ്റ് അബൂബക്കറിന്റെ ജീവിതം നമ്മുടെ മുന്നില്‍ തുറന്ന പുസ്തകമാകുന്നു.

നഗ്ന ശരീരത്തിന്റെ ആമുഖമായി സുബൈദ എഴുതിയ വരികള്‍ നോക്കൂ: 'ഇത് എന്റെ ഡയറിയാണ്. ഏടുകള്‍ മാറിപ്പോയ പുസ്തകം. അതുകൊണ്ടാണ് ഈ ഡയറി വായിക്കുമ്പോ എഴുതിയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ലേ എന്നു തോന്നുന്നത്. കാലത്തോടൊപ്പം ഒഴുകാന്‍ മറന്ന ജീവിതമായിരുന്നു എന്റേത്. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കും മുമ്പേ സ്‌കൂള്‍ വിട്ടോന്‍. അക്ഷരങ്ങള്‍ കുഷായം പോലെയായിരുന്നു. മന്ദബുദ്ധിയായിരുന്ന എന്നെ സ്‌നേഹിക്കാന്‍ അക്ഷരങ്ങള്‍ക്കാവുന്നതെങ്ങനെ?

അന്റെ പ്രണയാഭ്യര്‍ത്ഥനകള്‍ നിരസിച്ച പെണ്‍കുട്ടികളെപ്പോലെ അക്ഷരങ്ങളും അന്നോട് പെരുമാറി. ഇപ്പോ എനക്ക് തോന്നാറ്ണ്ട് അനുഭവങ്ങള്‍ പൂഴ്ത്താന്‍ അക്ഷരങ്ങളെന്തിനെന്ന്. കരയാന്‍ കണ്ണുകളെന്തിനെന്ന്. ചിരിക്കാന്‍ ചുണ്ടുകളും, പുണരാന്‍ കാമുകിയും പറക്കാന്‍ ചിറകുകളുമെന്തിനെന്ന്. ഇതൊന്നുമില്ലാതെ ഞാന്‍ എന്തെല്ലാം ചെയ്യുന്നു. ആരാണ് ഞാന്‍? കിനാവ് കാണുന്നോന്‍, പൂവുകള്‍ വിടരും പോലെ മനസ് പകര്‍ത്തുന്നോന്‍. എവിടെയെല്ലാമോ വീണുപോകുന്നോന്‍. കിനാവ് പോലെ പൂക്കുന്നോന്‍''

ഈ മുന്‍കുറിപ്പില്‍ സുബൈദയുടെ ജീവിത ഗ്രഹമുണ്ട്. പൂവ് വിടരുന്നതുപോലെ മനസ് പകര്‍ത്തുന്നോന്‍. എന്ന വാക്യത്തില്‍ എഴുത്തിലെ അനായാസത മാത്രമല്ല സത്യസന്ധതയും നിഷ്‌കളതയും തുടിക്കുന്നു. ആഖ്യാന ഭാഷയുടെ സൂചനയും ലഭിക്കുന്നു.

അത്യുത്തര കേരളത്തിന്റെ നാട്ടുഭാഷയുടെ സൗകുമാര്യവും മൂര്‍ച്ചയും അടുത്തൊന്നും ഈ അളവില്‍ മറ്റൊരു പുസത്കത്തില്‍ കണ്ടിട്ടില്ല. നാട്ടുവാക്കുകള്‍ മാത്രമല്ല പുസ്തകത്തിന്റെ ഭാഷയാകാമാനം നാട്ടുഭാഷയിലുള്ള വാമൊഴിവഴക്കത്തിന്റെ നാട്ടുവെളിച്ചം നിറഞ്ഞതാണ്. അതിന്റെ താളം കടലലകള്‍ പോലെ ഓരോ വരിയിലും തുടികൊട്ടുന്നുണ്ട്. ഒരു ഭാഗം നോക്കുക:

''കൈക്കളന്റെ മോള് മദിയ. മദിയ അന്നെ ഒക്കിലെടുത്ത് കുന്ന് കേറി. കാട്ടുചാലിന്റെ കരയിലിരുത്തി. ഞാവല്‍പ്പഴങ്ങള്‍ പറിച്ച് തന്നു. മുളങ്കാടീന്ന് മുറിച്ചെടുത്ത ഓടകൊണ്ട് ഓടക്കുഴല്‍ ഉണ്ടാക്കിതന്ന്. ഓടക്കുഴല് തോട്ടയില് കാറ്റൂതി പാടിതന്ന്.''

അറുപതിലെത്തിയ കഥാകാരന്‍ തന്റെ ഭൂതകാലത്തിലേക്ക് ഓര്‍മയുടെ ഭണ്ഡാരപ്പുരയിലേക്ക് തിരിഞ്ഞുനോക്കുകയാണ്. പ്രതാപങ്ങളെല്ലാം അസ്തമിച്ച് ഉപ്പ രോഗിയായി കിടക്കുന്ന കാലത്താണ് ഉമ്മയുടെ വേവലാതികളിലേക്ക് ദാരിദ്ര്യത്തിലേക്ക് താന്‍ പിറവിയെടുക്കുന്നത്. മന്ദബുദ്ധിയായതുകൊണ്ട് അബൂബക്കറെ എല്ലാവരും 'പൊട്ടനൗക്കറെ' എന്നു വിളിച്ചു കളിയാക്കി.

അഞ്ചാം ക്ലാസില്‍ വിശ്വന്‍മാഷ് പക്ഷികളുള്ള മരത്തില്‍ കല്ലുകളെറിഞ്ഞാല്‍ എന്താവും എന്നു ചോദിച്ചപ്പോള്‍ കുട്ടികളെല്ലാം പക്ഷികള്‍ പറന്നുപോകുമെന്ന് പറഞ്ഞു. പൊട്ടനൗക്കറോടു ചോദിച്ചപ്പോള്‍ 'രണ്ട് പക്ഷികള്‍ ബാക്കിയുണ്ട് സാര്‍' എന്നു പറഞ്ഞു. അടിയോടടിയായി ബഹളം കേട്ട് ഹെഡ്മാസ്റ്റര്‍ വന്ന് ചോദിച്ചു. കുട്ടി ദയനീയമായി പറഞ്ഞു. 'കൂട്ടില് രണ്ട് പക്ഷീണ്ട് സാര്‍ അയിന് പാറാന്‍ ചിറകില്ല സാര്‍'

ക്ലാസില്‍ നിന്നും പുറത്തായി. ജീവിത സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് ബഷീറിനെപ്പോലെ കഥാകാരനും എന്നും പുറത്താക്കപ്പെട്ടു. 'ക'ക്ക് വള്ളിയിട്ടാല്‍ എന്താകും എന്നായി മാഷ് മറ്റൊരു ക്ലാസില്‍. 'കീ' എന്ന് കുട്ടികള്‍ ഒന്നിച്ചു പറഞ്ഞു. പൊട്ടന്‍ പറഞ്ഞു: 'കാക്ക് വള്ളിയിട്ടാല്‍ തടഞ്ഞു വീഴും സാര്‍' ആ സത്യം പറഞ്ഞതിന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടു.

എല്ലായിടത്തു നിന്നും പുറത്താക്കപ്പെട്ടവന്റെ സ്‌നേഹത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ വെമ്പിനടന്നവന്റെ പച്ചജീവിതമാണ് ഈ പുസ്തകം. വീട്ടിലും ആ സ്‌നേഹം കിട്ടാനുണ്ടായിരുന്നില്ല.

'ഉമ്മ പൈനെ പോറ്റ്ന്ന്. പൈ പാല് തരുന്ന്. പാല് ഇക്കാന്റെ മക്കക്ക് കൊട്ക്ക്ന്ന്. അവര് പാല് കുടിക്കാഞ്ഞാ ഉമ്മ ഓറെ ബയക്ക് പറയ്ന്ന്. ഓര്‍ക്ക് ഉമ്മ ഇല്ലാത്തത് കൊണ്ട് അന്റെ ഉമ്മയാണ് ഓര്‍ക്കുമ്മ. ഉമ്മ അനക്ക് പാല് തരുന്നില്ല. ഞാന്‍ അവരെപ്പോലെ ബലുതാകണ്ടേ. അന്റെ ഉപ്പയെപ്പോലെ ബലിയ ആളാകണ്ടേ. ഞാന്‍ പൊട്ടന്‍. വടിച്ചിട്ട അവസാന സന്താനം. അന്നെ ആര്‍ക്കും വേണ്ടായിരുന്നു.'

സ്‌കൂളില്‍ നിന്നും പുറത്തായപ്പോള്‍ കാക്കയെ പായിക്കുന്ന പണിക്ക് നിന്നു. ആരുമില്ലാത്ത നേരത്ത് കാക്കകള്‍ക്ക് അരിയും പയറും കൊടുത്തു. അതോടെ പണിപോയി. ആടിനെ മേയ്ക്കുന്ന പണിക്ക് പോയി. ഒപ്പം മേഞ്ഞപ്പോള്‍ ആടുകള്‍ ഓരോ വഴിക്ക് പോയി. ആ പണിയും പോയി. അങ്ങനെ ഓരോ പണികള്‍ വന്നു, പോയി. പ്രേമിക്കാന്‍ പിന്നാലെ പോയപ്പോള്‍ പെണ്‍കുട്ടികളെല്ലാം കാക്രിച്ച് തുപ്പി.

വിരാജ്‌പേട്ടയിലെ പ്രവാസ ജിവിതമാണ് എഴുത്തിന്റെ മാസ്മരികലോകത്തേക്ക് സുബൈദയെ വഴിനടത്തിയത്. പട്ടരുടെ ഹോട്ടലില്‍ അടുക്കള പണികിട്ടി. ഭാര്യ ദേന്തി ജാതികണ്ടുപിടിച്ചു. കലഹിച്ചില്ല. 'ചന്ദ്രകാന്ത' എന്ന പേരിട്ട് കൂടെ നിര്‍ത്തി. സ്‌നേഹിച്ചു. ആ പണി പോയപ്പോള്‍ ഹോട്ടലില്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്ന കാലത്ത് സഹമുറിയന്മാര്‍ക്ക് ഭാര്യമാര്‍ക്കയക്കാനുള്ള കത്തുകള്‍ എഴുതികൊടുക്കാന്‍ തുടങ്ങി. പ്രണയവും ഭാവനയും കൂട്ടികലര്‍ത്തിയ ആ എഴുത്തിലാണ് തന്നിലെ ആദ്യ സാഹിത്യകാരന്‍ പിറന്നതെന്ന് സുബൈദ ഓര്‍മിക്കുന്നു.

അത് പ്രവാസജീവിതത്തിന്റെ ആരംഭം മാത്രമായിരുന്നു. ബോംബെ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ വിചിത്രമായ ജീവിതാനുഭവങ്ങള്‍ തേടിയെത്തി. പിന്നെ പലതവണ കടല്‍ കടന്നു. പലതും സാഹസിക യാത്രകളായിരുന്നു. 'ആടുജീവിതത്തിലെ' നജീബിനെപ്പോലെ ഈ പുസ്തകത്തില്‍ വിവരിക്കുന്ന ഇസ്മയിലിന്റെ പ്രവാസി ജീവിതം നമ്മെ വല്ലാതെ പൊള്ളിക്കുന്ന ഒന്നാണ്. ആ സന്ദര്‍ഭത്തില്‍ സുബൈദ എഴുതുന്നു:

'ഓരോ ഗള്‍ഫുകാരനും വിഴുപ്പലക്കുന്ന സോപ്പുകളാണ്. വിഴുപ്പിലെ ചേറുകള്‍ പോകുന്നതിനനുസരിച്ച് തേഞ്ഞുപോകുന്ന കല്ലുകള്‍. പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ടോറ്.'

കഥാകാരന്റെ ഗള്‍ഫ് ജീവിതം ദുരിതപൂര്‍ണമായിരുന്നു. വാടക കൊടുക്കാത്തതിന്റെ പേരില്‍ ഒരിക്കല്‍ മുറിയില്‍ നിന്നും പുറത്തെറിയപ്പെട്ടു. പ്രാഥമിക കാര്യങ്ങള്‍ക്കു പോലും നിര്‍വാഹമില്ലാതെ തെരുവില്‍ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് നമുക്ക് നെഞ്ചിടിപ്പോ­ടെ­യല്ലാതെ  വായിച്ച് തീര്‍ക്കാനാവില്ല. ജോലികള്‍ മാറിക്കൊണ്ടിയിരുന്നു. പക്ഷേ കഷ്ടപ്പാടുകള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല. സ്‌നേഹം തേടി പലസ്ത്രീകളും വന്നു. പലരും ചതിക്കുകയായിരുന്നുവെന്ന് വൈകിമാത്രമേ തിരിച്ചറിഞ്ഞുള്ളൂ.

പകല്‍ മുഴുവന്‍ എച്ചില്‍പാത്രങ്ങള്‍ കഴുകി മറ്റ് പണികളും കഴിയുമ്പോള്‍ നടുനിവര്‍ത്താന്‍ പറ്റാതെയാകും. ഉറങ്ങാന്‍ കിട്ടിയ സ്റ്റോര്‍ മുറിയില്‍ നിറയെ എലികളും കൊതുകുകളും. ഈ പുസ്തകത്തി­ലൂ­ടെ കടന്നുപോകുമ്പോള്‍ കുഞ്ഞിരാമന്‍ നായരുടെയും ബഷീറിന്റെയും ഉന്മാ ഭരിതമായ പ്രാവാസ ജീവിതം നമുക്ക് ഓര്‍മ വരും. ഗള്‍ഫിലെ സ്റ്റോര്‍ മുറിയെ കുറിച്ച് സുബൈദ എഴുതുന്നു.

'സ്‌നേഹമില്ലായ്മയുടെ ബാല്യ യൗവ്വനങ്ങള്‍ നീന്തിക്കടന്ന് വാര്‍ദ്ധക്യത്തിന്റെ കടവിലെത്തിയപ്പോഴും ഞാന്‍ തേടുന്നത് എന്നെ സ്‌നേഹിക്കുന്നവരെയാണ്. സ്‌നേഹിക്കുന്നവരെ തേടിയുള്ള അലച്ചിലാണ് അന്നെ ജീവിപ്പിക്കുന്നതെന്ന് എഴുതണമായിരുന്നു. ആര്‍ക്കാണ് എഴുതേണ്ടത്? എഴുതിയത് പോസ്റ്റ് ചെയ്തപ്പോഴാണ് അറിഞ്ഞത് മേല്‍വിലാസം എഴുതിയിട്ടില്ലെന്ന്. എഴുതാന്‍ മേല്‍ വിലാസം ഇല്ലെന്ന്. എലികള്‍ക്ക് ഒരു കൂസലുമില്ല. അതന്റെ കാലിന്റെ മുകളില്‍ കൂടി ഓടി കളിക്ക്ന്ന്. വിരലുകള്‍ ചുംബിക്ക്ന്ന്. ജീവനുള്ള വസ്തുവാണ് ഞാനെന്ന പരിഗണപോലും അനക്ക് ഇവ തര്ന്നില്ല. തക്കാളിയുടേയും ഉള്ളിയുടേയും ചീഞ്ഞ മണത്തോടൊപ്പം മറ്റൊരു ദുര്‍ഗന്ധമായി ഞാനിരിക്കുന്നു.'

തിരസ്‌കൃതന്റെ ചോരവാക്കുകള്‍ വിങ്ങുന്ന ഈ പുസ്തകം മലയാളത്തില്‍ പിറന്ന അസാധാരണമായ അനുഭവാഖ്യാനമാണ്. വായിച്ചു കഴിഞ്ഞാലും ഈ പുസ്തകം നമ്മുടെ പിന്നാലെ വരും.

തിരസ്‌കൃതന്റെ ചോരവാക്കുകള്‍
-അംബികാസുതന്‍ മാങ്ങാട്

Keywords:  Book review, Nagnashareeram, Subaida, Ambika Suthan Mangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia