city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

AIIMS | കാസര്‍കോട്ട് എയിംസില്ലെങ്കില്‍ വോട്ടില്ല

നേര്‍കാഴ്ചകള്‍ 
-പ്രതിഭാരാജന്‍

(www.kasargodvartha.com) കാസര്‍കോട്ടുകാര്‍ കരഞ്ഞു വിളിച്ചു പറഞ്ഞതാണ്. കേരളത്തിനായി അനുവദിച്ച കേന്ദ്രത്തിന്റെ എയിംസ് ആശുപത്രി കാസര്‍കോടിനു വേണം. കിട്ടിയേ തീരു. ഇല്ല, അതു കോഴിക്കോട്ടെക്കെന്ന് ഭരണകൂടം. ആരോഗ്യ രംഗത്ത് ഏറെ പരിമിതികളുള്ള കാസര്‍കോടിനെ തഴയാനുള്ള രാഷ്ട്രീയ കാരണങ്ങളുടെ അടിവേരുകള്‍ തേടുകയാണിവിടെ. വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്ന് ഉള്ളു ചുവന്ന രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍. അവ ചാക്കുചാക്കുകളായി മംഗ്‌ളൂറില്‍ കൊണ്ട് പോയി ചൊരിയുകയാണ് കാസര്‍കോട്ടെ രോഗികള്‍.
     
AIIMS | കാസര്‍കോട്ട് എയിംസില്ലെങ്കില്‍ വോട്ടില്ല

അവിടെ പണ്ട് കസ്തുര്‍ബായുടെ പേരിലുള്ള കെഎംസി. മാത്രമായിരുന്നു മികച്ച ആശുപത്രിയെങ്കില്‍ ഇന്നു സമ്പത്ത് ഊറിഉറഞ്ഞു വരുന്നതിന്റെ പ്രഭവകേന്ദ്രമാണ് മംഗ്‌ളുറു. ഒരു ചെറു കെട്ടിടം വാടകക്കെടുത്തു തുടങ്ങുന്ന സ്ഥാപനം അഞ്ചു വര്‍ഷത്തിനിടയില്‍ തന്നെ കോടികള്‍ പിടിച്ചു പറിക്കുന്ന ക്യാമ്പുകളായി മാറുന്നു. ചോരയൂറ്റൂന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍. കാസര്‍കോടിന്റെ അടക്ക, കശുവണ്ടി, നെല്ല്, തേങ്ങ, എന്തിനു ഏറെ, ചെങ്കല്ലു വെട്ടിയും ക്വാറിയില്‍ നെഞ്ചു കലക്കിയും സംഭരിച്ചതെല്ലാം രോഗത്തിന്റെ പേരില്‍ അവര്‍ തട്ടിപ്പറിച്ചടുക്കുന്നു.

കൊടുക്കാതെ വേറെ മാര്‍ഗമല്ല. ജനം നിസഹായരാണ്. ജീവനില്‍ കൊതിയില്ലാത്തവരുണ്ടാകില്ലല്ലോ. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ പല തവണ പട്ടിണി സമരം നടത്തി. റോഡു തടഞ്ഞു. പാര്‍ട്ടികളായ പാര്‍ട്ടികളെല്ലാം പ്രക്ഷോഭത്തിലേര്‍പ്പെട്ടു. ഇനിയും കിട്ടാക്കനിയാണ് എയിംസ് അഥവാ അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സിനു കീഴിലുള്ള ആശുപത്രി സമുച്ഛയം. കാസര്‍കോടിലേക്ക് അത് ഒരിക്കലും വന്നേക്കില്ല. കാരണമുണ്ട്, ഒത്തുകളി.

ഉക്കിനടുക്കയില്‍ നിന്നു പോലും ഒരു ജീവനെയെങ്കില്‍ ഒരു ജീവന്‍. അത് രക്ഷപ്പെടുത്താന്‍ ഈ കറക്കുകമ്പനിക്കൂട്ടം സമ്മതിക്കുന്നില്ല. മികച്ച ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ കോച്ചിവലിക്കുന്ന ജില്ലയാണ് കാസര്‍കോടെന്ന് ഭരണകൂടത്തിന് അറിയാഞ്ഞിട്ടല്ല. ഗുരുതരമായ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭിക്കണമെങ്കില്‍ അതിര്‍ത്തി കടക്കട്ടെയെന്ന് ജനസേവകര്‍ പോലും ആഗ്രഹിക്കുന്നു. രോഗികളെ പിഴിഞ്ഞു കിട്ടുന്ന ചോരയില്‍ പങ്കു പറ്റുന്നവാരായി മാറുകയാണോ, നാം നമ്മുടെ സ്വന്തക്കാരെന്നു കരുതുന്ന പല ജനസേവകരും?
             
AIIMS | കാസര്‍കോട്ട് എയിംസില്ലെങ്കില്‍ വോട്ടില്ല

പാവങ്ങളായ രോഗികളുടെ വിധിയെഴുത്ത് രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് ഒരേ പുസ്തകത്തില്‍ ഒരേ സ്വരത്തില്‍ മാറി മാറി എഴുതി വച്ചിരിക്കുകയാണ്. 'ഗുരുതര രോഗങ്ങള്‍ ബാധിച്ചാല്‍ ഉള്ള ധ്രവ്യങ്ങളുമായി മംഗ്‌ളുറില്‍ ചെന്ന് അവിടെ ചത്തൊടുങ്ങുക. ഇവിടെ ഒരു ലിഫ്റ്റു പോലുമില്ല പ്രവര്‍ത്തിക്കാന്‍'. ജനം സമരം നടത്തുന്നുണ്ട്. അത് ഭരണകൂടം ശ്രദ്ധിക്കുന്നതേയില്ല. ഭരണകൂടത്തിന്റെ കണ്ണ് കോഴിക്കൂട്ടിലാണ്. കാസര്‍കോടിലെ ഉദുമ അടക്കമുള്ള മൂന്നു നിയമസഭാ സീറ്റുകള്‍ അരക്കിട്ടുറപ്പിച്ചതാണ്. ഏതു കൊടുങ്കാറ്റു വന്നാലും ചിതറിപ്പോകാത്ത ഇരുമ്പു കോട്ട. മറ്റു രണ്ടെണ്ണം ഇനിയും പുളി മാറാത്ത മുന്തിരിയും. അങ്ങനെയല്ല അവര്‍ക്ക് കോഴിക്കോട്ടെ പല സീറ്റുകളും.

കാസര്‍കോടന്‍ ജനതയുടെ തൊണ്ട പൊട്ടിയുള്ള വിലാപങ്ങള്‍ നിയമസഭയിലും, ആരോഗ്യമന്ത്രിയുടേയോ, മുഖ്യമന്ത്രിയുടേയോ ഓഫീസില്‍ യാതൊരു പ്രതിധ്വനിയും മുഴക്കുന്നില്ല. കുമ്പിളില്‍പ്പോലും കഞ്ഞി പാര്‍ന്നു തരാതെ രോഗികളെ പട്ടിണിക്കിടുകയാണ് സംസ്ഥാന ഭരണകൂടം. ഇവിടം വോട്ടു വാങ്ങി ജയിച്ച എംഎല്‍എമാര്‍, എംപി നിസഹായരോ? സത്യം അവര്‍ ജനങ്ങളോടു തുറന്നു പറയട്ടെ. അവഗണനയുടെ മഴവെള്ളത്തില്‍ നനഞ്ഞു വിറക്കുകയാണ് ജില്ല. ങ്ഹാ.. ഇത്രയൊക്കെ മതിയെന്ന് കണക്കാക്കി വെച്ചിരികുന്ന സര്‍ക്കാരിനെ കുലുക്കി വിളിച്ചുണര്‍ത്തേണ്ടതുണ്ട്.

ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് കെട്ടിടം ഉയര്‍ന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് അതു കൊണ്ടു വന്നത്. ഉക്കിനടുക്കയുടെ അടുപ്പില്‍ പൂച്ച മയങ്ങുന്നു. ഒരു താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ പോലും അവിടെ അനുവദിക്കപ്പെടുന്നില്ല. ടാറ്റ വിട്ടു പോയ തെക്കിലിലെ ആശുപത്രി ഇതാ സ്വപ്ന തുല്യമാവുകയാണെന്ന ജനപ്രതിനിധിയുടെ ഫേസ്ബുക്ക് പ്രഖ്യാപനം ഇപ്പോഴും ആരോഗ്യമന്ത്രിയുടെ ഫ്രീസറിന്റെ തണുപ്പില്‍ പുതച്ചുറങ്ങുകയാണ്.

കാസര്‍കോട് പട്ടണത്തെ പ്രതിനിധീകരിക്കുന്ന ജനറല്‍ ആശുപത്രിയുണ്ട്. അത് ഉത്തര്‍പ്രദേശിനേക്കാള്‍ ഗതികേടിലാണ്. ഉണ്ടായ ലിഫ്റ്റിന്റെ കേടായ മോട്ടോര്‍ മാറ്റാനും, സ്‌ക്രൂ മുറുക്കാനും വരെ മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. അഞ്ചും ആറും നിലകളില്‍ നിന്നും മൃതദേഹം ചുമന്നു താഴെയിറക്കുന്ന രംഗം മലയാളക്കരക്ക് താങ്ങാനാവുന്നതല്ല. സ്ഥിതി ഏറെ വഷളായിത്തുടങ്ങിയിട്ടും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉറക്കം വിട്ടുണരുന്നില്ല.

എന്‍ഡോസള്‍ഫാന്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും വിധി സമ്പാദിക്കാന്‍ ലക്ഷങ്ങള്‍ പിരിച്ച യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഓര്‍മ്മക്കുറവ് സംഭവിച്ചിരിക്കുന്നു. അവരുടെ സമരവീര്യം, പ്രതിഷേധ ശബ്ദം എവിടെയോ പണയപ്പെടുത്തി കാശു വാങ്ങിയിരിക്കുന്നു. എപ്പോഴെല്ലാം ധര്‍മ്മത്തിന് ക്ഷയവും അധര്‍മ്മത്തിന് വൃദ്ധിയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം ജനം ഉണര്‍ന്നിരിക്കുമെന്ന് രാഷ്ട്രീയത്തിലെ കൗമാരക്കാരനായ കടന്നപ്പള്ളിയെ ജയിപ്പിക്കാന്‍ നായനാരെ തോല്‍പ്പിച്ച ചരിത്രം കാസര്‍കോടിലുണ്ടായിട്ടുണ്ട്. ഭരണകൂടത്തിന്റെ മനസ് ചഞ്ചലമായിക്കൊണ്ടിരിക്കുകയാണ്. ഏകാഗ്രത നഷ്ടപ്പെടുകയാണ്. നായനാര്‍ തോറ്റിടത്തെ വീണ്ടും തോല്‍പ്പിച്ചത് മുന്‍ എംഎല്‍എ സതീഷ് ചന്ദ്രന്‍. ഇനിയാര്?

ഇനിയെത്ര കാലം കാത്തിരിക്കണം കാസര്‍കോട്ടുകാര്‍ക്ക് കേരളത്തിന്റെ മണ്ണില്‍ നിന്നു തന്നെയുള്ള സുഖമരണത്തിനെന്ന ചോദ്യത്തിന് മറുപടി പറയാതെ ഭരണകൂടത്തിനും, പ്രതിപക്ഷത്തിനും ഒരിക്കല്‍ കൂടി തെരെഞ്ഞെടുപ്പിനെ നേരിടാനാവില്ല. ഭരണകൂടത്തെ പുച്ഛിക്കുന്ന, അക്രമിക്കുന്ന, പരിഹസിക്കുന്ന ജനവിഭാഗത്തെ കുടെ നിര്‍ത്തി വിജയത്തിന്റെ പക്ഷത്തിലെത്താന്‍ കാസര്‍കോടിന്റെ മാറില്‍ എയിംസ് വരുമെന്ന പ്രഖ്യാപനം ഉണ്ടായേ മതിയാവു. വിശക്കുന്ന രോഗിയുടെ മുന്നിലെ ഒരു പിടി വറ്റാണ് എയിംസ് ആശുപത്രിയെന്ന പ്രഖ്യാപനം.

Keywords: AIIMS, Health, Hospitals, Kerala, Kasaragod, Kasaragod Health Issues, No vote without AIIMS.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia