city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷു വന്നെത്തി; ചൈനീസ് പടക്കം പോയിട്ട് ഓലപ്പടക്കം പോലും പൊട്ടിക്കാന്‍ അനുവാദമില്ല

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 07.04.2017) മേടത്തെ വരവേല്‍ക്കാന്‍ സ്‌കൂളടച്ചു കുട്ടികള്‍ വിഷുപ്പുലരിക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങി. കുരുന്നുകളുടെ പ്രതീക്ഷ തച്ചു തകര്‍ത്ത് പടക്കശാലകളില്‍ ആളനക്കമായിട്ടില്ല. വില്‍ക്കാന്‍ പടക്കം കിട്ടാതെ വന്നാല്‍ വ്യാപാരികളെന്തു ചെയ്യും. പടക്കം വില്‍ക്കാന്‍ ലൈസന്‍സെടുത്ത വ്യാപാരിയെ കാലും കൈയ്യും കെട്ടിയിട്ടാണ് കച്ചവടം ചെയ്യാന്‍ പറഞ്ഞു വിടുന്നത്. കതിനാ പോയിട്ട് ചെറു പടക്കങ്ങളായ അടക്കാ വെടിയോ, അമിട്ടോ പോട്ടെ മുളകു വെടിപോലും വില്‍ക്കാന്‍ അനുവദിക്കാതെ നിയമം കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്.

മിക്ക ആധുനിക പടക്കങ്ങളും ജില്ലയിലെത്തുന്നത് ചൈനയില്‍ നിന്നുമാണ്. വിഷുവിന് കേരളത്തിലും ദീപാവലിക്ക് ഇന്ത്യയിലിലാകമാനവും കണ്ടെയ്‌നര്‍ കണക്കിന് ചൈനീസ് പടക്കങ്ങള്‍ വരാറുണ്ട്. കൊച്ചു കൊച്ചു പടക്കങ്ങള്‍ മെച്ചപ്പെട്ട വിലയില്‍ കിട്ടാന്‍ ചൈനയെത്തന്നെ ആശ്രയിക്കണം. ഇപ്പോള്‍ ചൈനാവെടിയുടെ വര്‍ണപ്പൊലിമ കേരളത്തിനും വൈറലായിട്ടുണ്ട്. സ്വദേശിയായ ഓലപ്പടക്കവും, അമിട്ടും, കുഴിമിന്നലും നിര്‍മ്മിക്കാന്‍ തന്നെ അസാധ്യമാം വിധം കടുപ്പിച്ചതാണ് കേരളത്തിലെ നിയമങ്ങള്‍. ആകെ ആശ്വാസമായിരുന്നത് ചൈനീസ് പടക്കമായിരുന്നു. പക്ഷെ ഇനി മുതല്‍ ആ വെടി ഇവിടെ ചെലവാകാന്‍ പോകുന്നില്ല. കേന്ദ്രം നിയമമുണ്ടാക്കി ചൈനീസ് വെടിയെ നിരോധിച്ചിരിക്കുകയാണ്. പാക്കിസ്ഥാനോടുള്ള ചൈനയുടെ അയവു നിലപാട് മോദി സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. ചൈനയോട് പകരം വീട്ടാന്‍ കാത്തിരിക്കുന്ന ഇന്ത്യക്ക് ചൈനയെ തല്ലാന്‍ വീണു കിട്ടിയ വടിയാണ് ചൈനീസ് പടക്ക നിരോധനംമെന്ന് സാരം. കൂട്ടത്തില്‍ മറ്റു പല സാധനങ്ങളുടേയും ഇറക്കുമതിയും തടഞ്ഞിട്ടുണ്ട്.

വിഷു വന്നെത്തി; ചൈനീസ് പടക്കം പോയിട്ട് ഓലപ്പടക്കം പോലും പൊട്ടിക്കാന്‍ അനുവാദമില്ല

ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നര ടണ്‍ പടക്കം കാസര്‍കോട് വെച്ച് സി ഐ അബ്ദുര്‍ റഹീമും സംഘവും പിടികൂടാന്‍ ഇടയായത് അതുകാരണമാണ്. ചൈനയില്‍ നിന്നും കള്ളവഴിയിലൂടെയായിരുന്നു കടത്ത്. പടക്കം നിറച്ച കപ്പല്‍ മംഗളൂരുവിലെത്തി, അവിടുന്ന് പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ തിരുകി കാസര്‍കോട്ടുകാര്‍ക്കും കാഞ്ഞങ്ങാട്ടുകാര്‍ക്കും വിഷു ആഘോഷിക്കാന്‍ ഒളിച്ചു കടത്തവേയായിരുന്നു പിടി വീണത്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കുടിപ്പകമൂലം ഇവിടെ സ്‌കുള്‍ കൂട്ടികളുടെ ആഘോഷമാണ് ഗോവിന്ദയായത്.

വെടിമരുന്ന് കത്തിക്കരുത്, അതില്‍ മാരക വിഷമുണ്ടെന്നാണ് സര്‍ക്കാരിന്റെ പുതിയ രാഷ്ട്രീയ കണ്ടുപിടുത്തം. 1992 ലെ ഇന്ത്യന്‍ ആക്ട് പ്രകാരവും 2008 ലെ സ്‌ഫോടകവസ്തു നിരോധന നിയമവും ചേര്‍ത്ത് കൂട്ടിക്കെട്ടിയാല്‍ ഓലപ്പടക്കം വരെ ഉണ്ടാക്കാനാകില്ല. വില്‍പ്പന പോലീസ് വിചാരിച്ചാല്‍ മാത്രം മതി തടയാന്‍. ചൈനീസ് പടക്കം ഉപേക്ഷിക്കാം എന്നാല്‍ ശിവകാശിയില്‍ നിര്‍മ്മിച്ചവ വാങ്ങി വില്‍ക്കാമെന്നു കരുതിയാല്‍ അന്യ സംസ്ഥാനത്തു നിന്നും കടത്തി കൊണ്ടുവരാനും കടമ്പകളേറെ.

ചൈനീസ് പടക്കങ്ങളുടെ സുവര്‍ണകാലത്ത് ഇത് കപ്പല്‍ വഴി ഇറക്കുമതിയായിരുന്നു പതിവ്. 2012 ല്‍ 300 ഉം 2013 ല്‍ 600 കണ്ടെയ്‌നര്‍ ചൈനീസ് പടക്കങ്ങളാണ് നമ്മുടെ നാട് വില കൊടുത്തു വാങ്ങി കത്തിച്ചു കളഞ്ഞത്. ചൈനയിലെ പൊട്ടാസ്യം ക്ലോറൈഡൂം, സള്‍ഫറും അങ്ങനെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പൊടി പാറ്റി. ഇവ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇപ്പോള്‍ മോദി സര്‍ക്കാര്‍ കണ്ടു പിടിച്ചിരിക്കുന്നു. ഹാനികരമായ മാരക വിഷാംശം പരമാവധി കുറച്ചുള്ള ഇന്ത്യന്‍ കരിമരുന്നിന് അംഗീകാരമുണ്ടെങ്കിലും നിയമം പാലിച്ച് നിര്‍മ്മിക്കുക ദുഷ്‌ക്കരമെന്ന് നീലേശ്വരത്തും, കുമ്പളയിലുമുള്ള പടക്ക നിര്‍മ്മാതാക്കള്‍ പരാതിപ്പെടുന്നു.

ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പം സാമ്പത്തിക, വ്യാവസായിക, പാരിസ്ഥിതി, സാമൂഹിക വെല്ലുവിളികളൂം ഇറക്കുമതിക്ക് തടസമാകുന്നു. ഹരിത ട്രെബ്യൂണലും നിയമവും ശിക്ഷയുമായി കൂടെത്തന്നെയണ്ട്. ഇങ്ങനെ പലവിധ വിലങ്ങുകള്‍ കൈക്കും കാലിനും വന്നു വീണതോടെ വ്യാപാരികള്‍ കളിപ്പാട്ടം, സ്‌ക്രാപ്പ്, കടലാസ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ പേരില്‍ ചുളുവിലൂടെ പടക്കം ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. അങ്ങനെ കാസര്‍കോട്ടെത്തിയതില്‍ അല്‍പ്പം മാത്രമാണ് പോലീസ് പൊക്കിയത്.

നേപ്പാള്‍ വഴിയും പടക്കമെത്തുന്നുന്നുണ്ട്. ഉദ്യോഗസ്ഥരുടെ കീശ നിറച്ചാല്‍ കള്ളക്കടത്ത് ഏതു വഴിയും വരും. അതിനനുസരിച്ച് നമ്മുടെ കീശ കാലിയാകുമെന്നു മാത്രം. ചൈനയോടുള്ള ഇന്ത്യയുടെ നീരസമല്ല, നിര്‍മാണ കേന്ദ്രമായ തമിഴ്‌നാട് ശിവകാശിയിലെ 800 ഓളം നിര്‍മാണശാലകളിലെ ഏഴരലക്ഷത്തോളം തൊഴിലാളികളുടെ പട്ടിണിയാണ് നിരോധനത്തിനു പിന്നിലെന്ന് ബി ജെ പി അവകാശപ്പെടുന്നു. 370 ദശലക്ഷം ഡോളറിന്റെ പടക്കവിപണി ചൈന വാരിക്കൊണ്ടുപോയതായി അവര്‍ പറയുന്നു. ഈ പണം ഇന്തയില്‍ നിര്‍മ്മിച്ച് ഇവിടെ കത്തിച്ചു കളഞ്ഞാല്‍ മതിയെന്ന നയമാണ് പുതിയ മോദി ഇഫക്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Police, Sale, Fire, Kerala, Paper products, Ship, Vishu, Diwali, No permission for using fire crackers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia