city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരന്തമുഖത്ത് നിന്ന് രണ്ടാം ജന്മം

വിദ്യാലയ മുറ്റത്ത്
-സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍

(www.kasargodvartha.com 03/07/2015)  കയ്പ്പും പുളിപ്പും അതിലേറെ രസകരവും നിറഞ്ഞ സാമ്പാറായിരിക്കും എല്ലാരുടെയും ജീവിതം. ജീവിതങ്ങളുടെ നേര്‍ദിശയറിയണമെങ്കില്‍ സ്വയാശ്രയനാവണം, അത് അദ്ധ്യാപന ജീവിതമാവുമ്പോള്‍ അതിലല്‍പ്പം രസത്തിന്റെ ചേരുവയുമുണ്ടാവും. മനസ്സിനകത്ത് മുറിവേല്‍പ്പിച്ച നോവോര്‍മകള്‍ കാലങ്ങളെത്ര നീങ്ങിയാലും കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിനകത്ത് ഒരട്ടയായി പിടിച്ചു നില്‍ക്കും. അത് പോലൊരു ദുരന്ത ദിനം ഈ ജീവിതത്തിനും സാക്ഷ്യം വഹിച്ചെങ്കിലും ആരുടെയോ പ്രാര്‍ത്ഥന കൊണ്ട് മാത്രം ഭാഗ്യം തലോടി. രാവുകള്‍ക്കാണ് പകലുകളേക്കാള്‍ അനുഭവങ്ങള്‍ക്ക് കൊഴുപ്പേകാനാവുക. അത് പോലൊരു രാത്രി തന്നെയായിരുന്നു സംഭീതമായ സംഭവം നടന്നതും.

കാസര്‍കോട് ഉദുമയിലെ ദാറുല്‍ ഇര്‍ശാദില്‍ പഠിപ്പിക്കുന്ന സമയം. ഞാനടങ്ങുന്ന പത്ത് അദ്ധ്യാപകരാണ് അവിടെ ജോലി നോക്കുന്നത്. 200നടുത്ത് ആണ്‍കുട്ടികളും ഹോസ്റ്റലില്‍ താമസക്കാരായി പഠിക്കുന്നുമുണ്ട്. അദ്ധ്യാപകരുടെ ഡ്രൈവിങ്ങിനോടുള്ള താത്പര്യമെന്നോണം എല്ലാരും കൂടി ഒരു മാരുതി 800 വണ്ടിയും വാങ്ങിയിരുന്നു. പഠനത്തിനല്ലേ അത്രയൊക്കെ ധാരാളം..

ഏറെക്കുറെ ചെറിയ വിദ്യാര്‍ത്ഥികളായതിനാല്‍ ഇവരുടെ റൂമിന്റെ ഇടതു വലതു ഭാഗങ്ങളില്‍ അദ്ധ്യാപകരുടെ റൂമുകളും ചേര്‍ന്ന് കിടക്കുന്നു.രാത്രികളില്‍ റൂമിലേക്ക് കയറിച്ചൊല്ലുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ റൂമും ഒന്ന് ചെക്കു ചെയ്‌തേ കയറുള്ളൂ കാരണം വല്ല അസുഖങ്ങളും രാത്രി അവരെ വേട്ടയാടിയാല്‍ ആരോടും പറയാതെ സഹിച്ചും പേടിച്ചും കിടന്നുറങ്ങും. എന്റെ റൂം മൂന്നാം നിലയിലായതിനാല്‍ ഇരുവശത്തുള്ള വിദ്യാര്‍ത്ഥികളുടെ റൂമുകള്‍ പരിശോധിച്ചാണ് ഞാനും കയറുക.

ഒരു വേനല്‍ കാലം. വേനലിന്റെ വിശപ്പ് ആര്‍ത്തിയോടെ ശരീരങ്ങളെയെല്ലാം കാര്‍ന്ന് തിന്നുന്ന ദിനങ്ങള്‍. രോഗങ്ങളുടെ ആഘോഷ നാളുകള്‍ ശരീരങ്ങളിലേക്ക് അതിഥിയായ് വിരുന്നെത്തുന്ന ദിനങ്ങള്‍. ആ അതിഥി ക്യാംപസിലുമെത്തി. ഇത്തവണ പനിയായ് വന്നതായിരുന്നു. ദിനം പ്രതി വിദ്യാര്‍ത്ഥികള്‍ക്ക് പനി സന്ദര്‍ശനം നടത്തി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തിരിച്ച് പോവും. പക്ഷേ റുവൈസിന് പനി വന്നത് ശരീരത്തേ തന്നെ അല്‍പ്പം തളര്‍ത്തി. ഇവിടുത്തെ നാലം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റുവൈസ്

ഇടയ്ക്കിടെ കാര്‍ ഡ്രൈവിങ്ങും പഠിക്കാനുണ്ടായതോണ്ട് ഉറക്കത്തിന് അല്‍പ്പം നേരം വൈകും. അന്ന് മൂന്നാം നിലയിലെ എന്റെ റൂമിലേക്ക് കയറുന്നതിന് മുമ്പ് തൊട്ടപ്പുറത്തുള്ള വിദ്യാര്‍ത്ഥികളുടെ റൂമുകളിലേക്കൊന്ന് നോക്കി. ഡബിള്‍ ട്രക്ക് കട്ടിലിന്റെ മുകളില്‍ നിന്ന് ഞെരുക്കം കേട്ട് അങ്ങോട്ടേക്ക് ചെന്നു. അസഹ്യമായ വയറു വേദന കാരണം അവന്‍ കരയുകയായിരുന്നു. സഹതാപം തോന്നി. വേദന നിറഞ്ഞ് പുളയുന്നതിനിടയില്‍ റൂമില്‍ പോയി ഉറങ്ങാന്‍ തോന്നിയില്ല. അങ്ങനെയാണേല്‍ പിന്നെ ഞാനൊരു മനുഷ്യനുമല്ലല്ലോ?.

തിരികെ നേരെ താഴേക്ക് തന്നെ തിരിച്ചു. ഉറങ്ങാതിരുന്ന ഫള്‌ലിനോടും സ്വാദിഖിനോടും കാര്യം പറഞ്ഞു. അവസാനം അവരും മുകളിലേക്കോടി. വേദനയില്‍ പുളയുന്ന റുവൈസിനെ കൊണ്ട് ഹോസ്പിറ്റലിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. ബൈക്കില്‍ ഫള്‌ലിനേയും കൂട്ടി പോവാനായിരുന്നു ആലോചിച്ചത് പക്ഷേ, ഉറക്കത്തിന്റെ ദംഷ്ട്രങ്ങളിലകപ്പെട്ട ഫള്‌ലിന്റെ നിര്‍ദേശത്തിന് വഴങ്ങി കാറെടുത്തു. ഡ്രൈവിംഗ് ഏറെക്കുറെ മെച്ചെപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. അവസരം മുന്നിലെത്തി പാഴാക്കണ്ടാന്നും കരുതി. കാറല്ലേ, കൂട്ടിന് സ്വാദിഖിനേയും കൂട്ടി.

ഹോസ്പിറ്റലിലെത്തി, ഏറെ പേടിക്കാനില്ലാതെ ഡോക്ടറിന്റെ നിര്‍ദേശ പ്രകാരം ആവിപിടിച്ച് 20 മിനുറ്റിന് ശേഷം കോളേജിലേക്ക് തന്നെ തിരിച്ചു..കാറില്‍ കയറാനൊരുങ്ങുമ്പോള്‍ ഫള്ല്‍ നല്ല മയക്കത്തിലായിരുന്നു. തട്ടി വിളീച്ചു, ആശാന്‍ ഉറക്കിന്റെ അഗാധതയില്‍ നിന്ന് നെട്ടിയെണീറ്റു.

കോളേജിലേക്ക് തിരിക്കുമ്പോള്‍ സമയം രാത്രി 1മണി കഴിഞ്ഞിരുന്നു. അപ്പോഴും കാര്‍ ഡ്രൈവ് ചെയ്യേണ്ട ചുമതല എന്റെ തലയിലായിരുന്നു. പിന്നില്‍ സ്വാദിഖും വിദ്യാര്‍ത്ഥിയും ഇരുന്നു. മുന്നില്‍ എന്നോടൊപ്പം ഫള്‌ലും .ഹോസ്പിറ്റലില്‍ നിന്ന് കോളേജിലേക്ക് 10 മിനുറ്റ് ദൈര്‍ഘ്യമേയുള്ളു. കോളേജിലേക്കുള്ള പ്രവേശന കവാടത്തിന് മുന്നിലായി രാക്ഷസനെ പോലെ കുത്തനെ നില്‍ക്കുന്ന ഒരു തെങ്ങുമുണ്ട്. പതിവ് പോലെ കാറുമായി വന്ന് കോളേജിലേക്ക് പതുക്കെ കയറ്റുമ്പോള്‍ സൈഡില്‍ നിന്നുള്ള നിര്‍ദേശത്തില്‍ അറിയാതെ കാല്‍ വഴുതി ബ്രേക്കില്‍ നിന്ന് ആക്‌സിലെറേറ്റിലേക്ക് പോയി

കാറിന് വേഗത കൂടി. കൈവിട്ട് പോയെന്ന് കരുതി. അമിത വേഗതയില്‍ ഉള്ളിലേക്ക് പ്രവേശിച്ച് നേരെ തെങ്ങിലേക്ക് ഇടിക്കാന്‍ അടുത്തപ്പോള്‍ വെപ്രാളത്തില്‍ സ്റ്റെയറിംഗ് ഒന്ന് തിരിച്ചു. അപ്പോഴും കാല്‍ ആക്‌സിലേറ്ററില്‍ നിന്ന് പിടിവിട്ടില്ലായിരുന്നു. ആക്‌സിലററ്റിലേക്കുള്ള ചവിട്ടിന് ഒന്നും കൂടി ആക്കം കൂട്ടി. അമിത വേഗതയില്‍ നേരെ പോയത് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വീടിന്റെ ഒരു മൂലയിലേക്ക്. ഇടിച്ചാല്‍ ജീവന്‍ പോലും പോവുമെന്ന് ഉറപ്പിച്ച നിമിഷം. ഞങ്ങള്‍ മൂന്ന് അദ്ധ്യാപകരും ഒരു വിദ്യാര്‍ത്ഥിയും. അവനെ ഓര്‍ത്തായിരുന്നു സങ്കടം. രാക്ഷസനെ പോലെ കൊമ്പും കാട്ടി നില്‍ക്കുന്ന ഇടഞ്ഞ ആനയുടെ രൂപമായിരുന്നു മുന്നില്‍. ചുമരിന്റെ മധ്യം ഇടിയുമെന്ന് മനസ്സില്‍ കണ്ടു.

ഒടുവില്‍ സുഹൃത്ത് ഫള്‌ലിന് പടച്ചോന്‍ തോന്നിച്ച ബുദ്ധിയായിരുന്നു ജീവിതം കനിഞ്ഞു നല്‍കിയത്. അവസാന നിമിഷത്തില്‍ സകല ധൈര്യവും സമ്പാദിച്ച് ഫള്ല്‍ സ്റ്റെയറിംഗ് ഒറ്റൊരു തിരി തിരിച്ചു. ശരീരത്തിലെ മുഴുവനും സമ്മര്‍ദ്ദവും ആവാഹിച്ച തിരിക്ക് ജീവിന്‍ രക്ഷിക്കാന്‍ ഭൂമിയിലേക്ക് പറന്ന് വന്ന മാലാഖയുടെ കൂട്ടുമുണ്ടായിരുന്നു. കാറ് നേരെ തിരിഞ്ഞു വീടിന്റെ പുറകു വശത്ത് നിരത്തി വെച്ചിരിക്കുന്ന ചെത്ത്കല്ലിന്റെ മുകളില്‍ കയറി നിന്നു. ഞങ്ങളെല്ലാരും ദീര്‍ഘ ശ്വാസം വിട്ടു. ഉടനെ പിന്നിലേക്ക് തിരിഞ്ഞു നോക്കി റുവൈസിനോട് ചോദിച്ചു 'മോനേ എന്തെങ്കിലും പറ്റിയോ'..
ഇല്ല എന്ന മറുപടി കേട്ടപ്പോള്‍ നാഥന്‍ സ്തുതി ഭാണ്ഡം അയച്ചു കൊടുത്തു അല്‍ഹംദുലില്ലാഹ്...രോഗത്തിന്റെ ആക്കം കാരണം വണ്ടിയില്‍ അവന്‍ ഉറങ്ങുകയായിരുന്നു.

സമയം ഏകദേശം രാത്രി ഒന്നരയോടടുത്തു. ഡോറും തുറന്ന് നാലാളും പുറത്തിറങ്ങി. ദുരന്തം സമ്മാനിച്ച കാറിനെ ഒന്നു വീക്ഷിച്ചു. ആഘാതം കൊണ്ട് മുകളില്‍ ഉടഞ്ഞു പോയിരുന്നു. ബാക്കിയുള്ള ഭാഗത്തെ കുറിച്ച് പറയാതിരിക്കലാവും നല്ലത്. ഏതായാലും അസുഖത്തിന്റെ കാഠിന്യം ഇവിടെയൊരു സുഖമായി മാറി. അവന്‍ ഒന്നും അറിഞ്ഞില്ല. അറിയാതെ മനസ്സൊന്ന് മൊഴിഞ്ഞു. ''നാഥനെത്ര കാരുണ്യവാന്‍''

ഒഴിഞ്ഞ കിടക്കുന്ന വീട്ടില്‍ നിന്ന് ഇനിയും അല്‍പ്പം നീങ്ങിയാലെ കാമ്പസിന് മുന്നിലെത്തൂ. ധൈര്യം സമ്പരിച്ച് ഫള്ല്‍ കാറൊന്ന് ഓണ്‍ ചെയ്ത് നോക്കി. ചത്ത ജീവിയെ വിളിച്ചുണര്‍ത്തിയാല്‍ എവിടെയണീക്കാന്‍. അര്‍ദ്ധ രാത്രിയില്‍ അങ്ങനെ അവസാനം കാറ് തള്ളി. അല്‍പ്പം തള്ളി താഴേക്കിട്ടു. പുതുതലമുറയുടെ കളിക്കൂട്ടുകാരനായ സോഷ്യല്‍ നെറ്റവര്‍ക്ക് വാട്ട്‌സപ്പില്‍ രാത്രി രണ്ടരക്ക് പുതിയൊരു പോസ്റ്റും അപ്ലോഡ് ചെയ്തു.

'അര്‍ദ്ധ രാത്രിയില്‍ വന്‍ ദുരന്തം, യാത്രക്കാര്‍ തലനാഴികക്ക് രക്ഷപ്പെട്ടു. ഒന്നുമറിയാതെ കാമ്പസ്'..
കാറിനോടുള്ള സ്‌നേഹവും ഇഷ്ടവും കുറഞ്ഞു. ഇനിയൊരു ജീവന്‍ പടച്ചോന്‍ ദാനമായി നല്‍കുമെന്നെന്താ ഉറപ്പ്. കനിഞ്ഞു കിട്ടിയ ജീവനില്‍ സര്‍വ്വ സ്തുതിയും അര്‍പ്പിച്ചു. രാവിലെ വിദ്യാര്‍ത്ഥികള്‍ക്കും സഹ അദ്ധ്യാപകര്‍ക്കും കഥ പറയാനും അഭിപ്രായം പറയാനും നാഥന്‍ കനിഞ്ഞ അനുഗ്രഹം. ഏതായാലും നല്ലൊരു നന്മക്കിടയില്‍ പടച്ചോന്റെ പരീക്ഷണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ദുരന്തമുഖത്ത് നിന്ന് രണ്ടാം ജന്മം

Keywords : Malik-Deenar  College, Accident , Rescue, student, teacher,  Savad Irshad Hudawi, Article. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia