city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഗീയ ഭീകരതയ്ക്കെതിരെ സി.പി.ഐ എമ്മിന്റെ മാനവസൗഹൃദ സന്ദേശയാത്ര

വര്‍ഗീയ ഭീകരതയ്ക്കെതിരെ സി.പി.ഐ എമ്മിന്റെ മാനവസൗഹൃദ സന്ദേശയാത്ര
കാസര്‍കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ അനുദിനം പടരുന്ന വര്‍ഗീയ ഭീകരതയ്‌ക്കെതിരെ മെയ് 20 മുതല്‍ 22 വരെ മൂന്നു ദിവസങ്ങളിലായി സി.പി.ഐ (എം) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനവസൗഹൃദസന്ദേശയാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

തുളുനാട്ടിലെ ഹിന്ദു-മുസ്ലിം മതസൗഹാര്‍ദ്ദത്തിന്റെ നിത്യ വിസ്മയമായ പ്രതീകവും ഇരുമതങ്ങള്‍ തമ്മിലുള്ള ഒരിക്കലും കൈവിടാനാകാത്ത കൊടുക്കല്‍ വാങ്ങലുകളുടെ ചിഹ്നങ്ങളും കാത്തുസൂക്ഷിക്കുന്ന മഞ്ചേശ്വരം കുഞ്ചത്തൂരിലെ മാടയില്‍ നിന്ന് വടക്കന്‍മേഖലാ ജാഥ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലും തെക്കന്‍ മേഖലാ ജാഥ തൃക്കരിപ്പൂര്‍ ടൗണില്‍ നിന്നും സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്റെ നേതൃത്വത്തിലുമാണ് സമാരംഭിക്കുന്നത്. ഈ രണ്ട് യാത്രകളും 22ന് സമീപകാലത്ത് വര്‍ഗീയത താണ്ഡവമാടിയപ്പോള്‍ അതിനെ ബഹുജന-മതേതര ശക്തികളുടെ ഇടപെടലുകള്‍ കൊണ്ട് ചെറുത്തുതോല്‍പ്പിച്ച കാഞ്ഞങ്ങാട് പട്ടണത്തിലാണ് പര്യവസാനിക്കുന്നത്.

ഭാഷകളുടെയും സംസ്‌ക്കാരങ്ങളുടെയും വ്യത്യസ്ത മതവിഭാഗങ്ങളുടെയും അവരുടെ സവിശേഷതകളാര്‍ന്ന ആചാരാനുഷ്ഠാനങ്ങളാലും സമ്പന്നമാണ് കാസര്‍കോട്. ഭാഷകളുടെയും സംസ്‌ക്കാരങ്ങളുടെയും സംഗമഭൂമിയെന്ന് അഭിമാനിക്കുകയും ഊറ്റംകൊള്ളുകയും ചെയ്തിരുന്ന ഈ നാട് വര്‍ഗീയ ഭീകരന്‍മാരുടെയും മതഭ്രാന്തന്‍മാരുടെയും അഴിഞ്ഞാട്ടഭൂമിയായി മാറിയത് കേരളത്തിനാകെ അപമാനകരമാണ്.

സാംസ്‌ക്കാരികവും വിദ്യാഭ്യാസപരവും ബൗദ്ധികവുമായി സംസ്ഥാനത്തെ ഇതരഭാഗങ്ങള്‍ അസൂയാവഹമായ മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍ കാസര്‍കോടിനെ മതഭ്രാന്തിന്റെയും സാമൂദായികതയുടെയും പ്രാകൃതയുഗത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് ഇവിടെ ആസൂത്രിതമായി നടത്തുന്നത്. വര്‍ഗീയതയ്ക്ക് വളക്കൂറുള്ള മണ്ണായി മാറ്റിയെടുക്കാന്‍ കാസര്‍കോടിനെ ആര്‍.എസ്.എസ്. നേതൃത്വത്തിലുള്ള സംഘപരിവാര ശക്തികളും മുസ്ലിംലീഗിന്റെ പിന്തുണയോടെ എന്‍.ഡി.എഫ്-എസ്.ഡി.പി.ഐ തീവ്രവാദികളും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇവരുടെ ആയുധപ്പുരകളില്‍ കാസര്‍കോടാകെ വര്‍ഗീയ കലാപം ഇളക്കിവിടാനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ്. ഇതിനെതിരെ മതേതര മനഃസാക്ഷി ഉണര്‍ത്താനും വര്‍ഗീയ ഭീകരവാദികളുടെ കുല്‍സിത നീക്കങ്ങളെ ചെറുത്തുതോല്‍പ്പിച്ച് മാനവസൗഹൃദത്തിന്റെ ഒരുനൂറുപൂക്കള്‍ വിരിയിക്കാനുമാണ് സി.പി.ഐ(എം) മാനവസൗഹൃദ സന്ദേശയാത്ര നടത്തുന്നത്.

1992 ഡിസംബര്‍ ആറിന് ഹിന്ദുത്വ ശക്തികള്‍ അയോധ്യയിലെ ബാബ്‌രി മസ്ജിദിന്റെ താഴികക്കൂടം അടിച്ചുതകര്‍ത്ത് തല്‍സ്ഥാനത്ത് കാവിക്കൊടി ഉയര്‍ത്തിയതോടെയാണ് രാജ്യമെങ്ങും സ്വാതന്ത്യാനന്തര ഭാരതത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയ ധ്രുവീകരണം രൂപപ്പെട്ടത്. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനം നേരിട്ടനുഭവിച്ചതും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ രാജ്യത്തെ ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണ് കാസര്‍കോട്. ബാബ്‌രി മസ്ജിദ് സംഭവത്തിന് ശേഷം കാസര്‍കോട് ജില്ലയില്‍, ഇരുവിഭാഗത്തില്‍പ്പെട്ട വര്‍ഗീയ ശക്തികള്‍ ഉറഞ്ഞുതുള്ളി വാളെടുത്ത് അരിഞ്ഞുവീഴ്ത്തിയത് 28 മനുഷ്യജീവനുകളെയാണ്. മുസ്ലിംലീഗിന്റെയും ആര്‍.എസ്.എസിന്റെയും പരസ്യവും രഹസ്യവുമായ ഒത്താശയോടെയാണ് ഈ അറുകൊലകളത്രയും നടന്നത്. നിസാര സംഭവങ്ങള്‍ പോലും ഊതിവീര്‍പ്പിച്ച് അതില്‍ വര്‍ഗീയതയുടെ നിറക്കൂട്ടുകള്‍ ചേര്‍ത്ത് ജനങ്ങളില്‍ ഛിദ്രവാസന പടര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

കാസര്‍കോട് ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് മൂര്‍ച്ഛിക്കുന്നതെങ്കില്‍ ഉദുമ കേന്ദ്രീകരിച്ച് ആവര്‍ത്തിക്കപ്പെട്ടത് സി.പി.എമ്മിനെതിരെയുള്ള മുസ്ലിംലീഗ്-തീവ്രവാദി സംഘങ്ങളുടെ അതിക്രമങ്ങളാണ്. മുന്‍ എം.എല്‍.എയും സി.പി.ഐ(എം) ഏരിയാ സെക്രട്ടറിയുമായ കെ.വി കുഞ്ഞിരാമന്റെ വീടിനുനേര്‍ക്ക് ആസൂത്രിത അക്രമണം അഴിച്ചുവിട്ട തീവ്രവാദികള്‍ നിരവധി സി.പി.ഐ(എം)-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും സായുധാക്രമണത്തുലൂടെ പരിക്കേല്‍പ്പിച്ച് പ്രദേശമാകെ ഭീകരത സൃഷ്ടിച്ചു. അതേ സമയം ഉദുമയില്‍ ഒരു വര്‍ഗീയ കലാപം നടക്കാതെ പോയത് സി.പി.എമ്മിന്റെ അതിശക്തമായ ഇടപെടലുകളും രാഷ്ട്രീയ ബോധവല്‍ക്കരണ യത്‌നങ്ങളും കൊണ്ടുമാത്രമാണ്.

2011ന്റെ അവസാന മാസങ്ങളില്‍ കാഞ്ഞങ്ങാട് ടൗണിലും പരിസരങ്ങളിലും നടന്നത് മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള വര്‍ഗീയ സംഘര്‍ഷം തന്നെയാണ്. മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത പൊതുയോഗത്തെ തുടര്‍ന്നാണ് കാഞ്ഞങ്ങാട്ട് വര്‍ഗീയ സംഘര്‍ഷം പടര്‍ന്നത്. ഇവിടെ വര്‍ഗീയ ശക്തികളുടെ കുന്തമുന തിരിച്ചുവിട്ടത് സി.പി.ഐ(എം) കേന്ദ്രങ്ങളിലായിരുന്നു. അന്നന്ന് പണിയെടുത്ത് ഉപജീവനം നടത്തുന്ന പാവങ്ങളുടെ നിരവധി വീടുകള്‍ തകര്‍ത്തെറിയപ്പെട്ടു. വാഹനങ്ങളും കടകളും അക്രമത്തിനിരയായി. ഇത് ഒടുവില്‍ ചെന്നെത്തിയത് പോലീസ് ജീപ്പ് അഗ്നിക്കിരയാക്കുന്നതിലായിരുന്നു. ഇത്തരം കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ മുന്നിട്ടറങ്ങിയത് മുസ്ലിംലീഗ് നേതൃത്വമല്ലാതെ മറ്റാരുമല്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇവര്‍ക്ക് ശക്തിയും വീര്യവും പകര്‍ന്നു. ഈ തീവ്രവാദി സംഘം ഏറ്റവുമൊടുവില്‍ രാജ്യ സുരക്ഷയെ വെല്ലുവിളിച്ച് കാഞ്ഞങ്ങാട് ടൗണിലും ഹൊസ്ദുര്‍ഗ് മലയോരത്തും പട്ടാളവേഷമണിഞ്ഞ് ഇന്ത്യന്‍ രാജ്യരക്ഷാസേനയെയാകെ പരസ്യമായി വെല്ലുവിളിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നെറുകയില്‍ പച്ചക്കൊടി പാറിച്ചതിന്റെ തുടര്‍ച്ച തന്നെയായിരുന്നു കാഞ്ഞങ്ങാട്ടും സംഭവിച്ചത്.

മറ്റൊന്ന് ജില്ലയില്‍ ആവര്‍ത്തിക്കുന്ന സദാചാര പോലീസ് എന്ന സാമൂഹ്യവിരുദ്ധ സംഘത്തിന്റെ ഇടപെടലുകളാണ്. ഈ സദാചാര പോലീസുകാര്‍ക്ക് പിന്തുണയായി നില്‍ക്കുന്നത് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളും മുസ്ലിം ലീഗ്-എസ്.ഡി.പി.ഐ നേതാക്കളുമാണ്. മംഗലാപുരത്തെ കൊടുംവര്‍ഗീയവാദിയായ ശ്രീരാമസേനാതലവന്‍ പ്രമോദ് മുത്തലിക്കിന്റെ അനുയായികളായി അവകാശപ്പെട്ട് കാസര്‍കോട്ട് രംഗത്തിറങ്ങിയ സദാചാര പോലീസ് ഇടപെട്ട കേസുകള്‍ നിരവധിയാണ്. അടുക്കത്ത്ബയലില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ ജന്മദിനാഘോഷത്തില്‍ സംബന്ധിച്ച അന്യമതസ്ഥരായ സഹപാഠികളോട് ശ്രീരാമസേന എന്ന അക്രമിസംഘം നടത്തിയ കയ്യേറ്റം ആരും മറന്നിട്ടില്ല.

ഉപ്പള സ്വദേശിനിയായ മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണന് കാസര്‍കോട്ടെ 'താലിബാന്‍ കോടതി' വിധിച്ചത് വധശിക്ഷയായിരുന്നു. തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോഴാണ് ബാലകൃഷ്ണന്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റവരി പ്രസ്താവന പോലും പുറപ്പെടുവിക്കാന്‍ ധൈര്യപ്പെട്ടില്ല. ബാലകൃഷ്ണന് മുമ്പ് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിനോദ് തളങ്കരയില്‍ വധിക്കപ്പെട്ട കേസില്‍ സാക്ഷികളായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ കുറുമാറി പ്രതിഭാഗത്തോടൊപ്പം ചേരുകയായിരുന്നു. ഈ വസ്തുതകള്‍ മറന്നാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുസ്ലിംലീഗിന്റെ ചുമലിലേറി സ്‌നേഹസന്ദേശയാത്ര നടത്തി സ്വയം അപഹാസ്യനായത്.

വിദ്യാനഗറില്‍ ശിഷ്യയായ മുസ്ലിം വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിന് പോലീസുകാരനാണ് ആക്രമിക്കപ്പെട്ടത്. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തന്റെ വ്യാപാര പങ്കാളിയുടെ ബന്ധുവായ മുസ്ലീം സ്ത്രീയോട് സംസാരിച്ചതിന് വിശ്വനാഥനെന്ന യുവാവും ആക്രമിക്കപ്പെട്ടു. ചെറുവത്തൂര്‍ ജെ.ടി.എസിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി രാഹൂലും ആക്രമിക്കപ്പെട്ടത് മുസ്ലിം വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിനാണ്. ഏറ്റവും ഒടുവില്‍ ജില്ലയെ ആകെ നടുക്കിയ തൃക്കരിപ്പൂരിലെ റജിലേഷിന്റെ ദുരൂഹ മരണത്തിന് പിന്നിലും സദാചാര പോലീസായി രംഗത്തിറങ്ങിയ ചില മുസ്ലിംലീഗ് പ്രവര്‍ത്തകരുടെയും തീവ്രവാദികളുടെയും ഇടപെടലുകള്‍ തന്നെയാണ്. ഇത്രയും സംഭവങ്ങള്‍ പുറത്തറിഞ്ഞത് മാത്രം. പുറത്തറിയാത്തത് നിരവധിയുണ്ട്. മാനഹാനിയും ഭയവും മൂലം ഇത്തരം സംഭവങ്ങള്‍ പുറത്തുപറയാന്‍ പലരും തയ്യാറാകുന്നില്ല.

കാസര്‍കോട് നേരിടുന്ന അത്യന്തം ഭീതിദമായ ഈ സ്ഥിതി വിശേഷത്തിനെതിരെ ബഹുജന മനഃസാക്ഷി ഉണര്‍ത്താനും മതസാഹൗര്‍ദ്ദവും സാഹോദര്യവും മതേതരത്വവും സമൂഹത്തില്‍ പുലര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള ചരിത്രപരമായ ദൗത്യവും സമൂഹത്തോടുള്ള പ്രതിബദ്ധതയും സ്വയം ഏറ്റെടുത്തുകൊണ്ടാണ് സി.പി.ഐ(എം) മൂന്നു ദിവസങ്ങളിലായി ജില്ലയൊട്ടുക്കും മാനവ സ്‌നേഹത്തിന്റെ കൊടിക്കൂറയേന്തി ജനമനസുകളിലേക്ക് ഇറങ്ങി ചെല്ലുന്നത്. പാര്‍ട്ടിയുടെ ഈ സദുദ്യമത്തിന് മുഴുവന്‍ ജനവിഭാഗത്തിന്റെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

സി.എച്ച്. കുഞ്ഞമ്പു 
മുന്‍.എം.എല്‍.എ, സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം, കാസര്‍കോട്

Keywords: Article, CPM, CH. Kunhambu 



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia