city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രണയക്കെണിയില്‍ മൂന്നുതലമുറ

സ്ത്രീപക്ഷം/കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 26.10.2016) 'മോളേ നിനക്ക് പതിനാറ് വയസ്സ് കഴിഞ്ഞതല്ലേയുള്ളു. ഇപ്പഴേ പ്രണയത്തിന് അടിമപ്പെട്ട് ജീവിക്കണോ? പഠിച്ച് ഒരു നിലയിലെത്താന്‍ ശ്രമിക്കൂ... സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടൂ' മാധുരിക്ക് എന്റെ വാക്കുകളൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അവള്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രണയിച്ച ചെറുപ്പക്കാരനെ മറക്കാന്‍ കഴിയില്ലായെന്ന്. അവനൊപ്പം തന്നെ ജീവിക്കണം. വിവാഹം പ്രായപൂര്‍ത്തിയായിട്ടുമതി. എന്റെ മനസ്സില്‍ നിന്നും ശിവേട്ടനെ മാറ്റിനിര്‍ത്താന്‍ പറ്റില്ല. നിങ്ങള്‍ ആര് ഉപദേശിച്ചാലും അതെനിക്ക് സാധ്യമല്ല. അവള്‍ തറപ്പിച്ചു പറഞ്ഞു. 'ശിവാനന്ദനെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമല്ല നാട്ടിലുള്ളതെന്ന് മാധുരിക്കറിയില്ലേ? കഞ്ചാവ് വില്‍പനയും, കഞ്ചാവ് ഉപയോഗവും അവനുണ്ട്. മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. ഇങ്ങിനെയുള്ള ഒരുത്തന്റെ കൂടെ പോയി ജീവിതം ഹോമിക്കണോ? ഒന്നുകൂടി മാധുരി ആലോചിക്കൂ...'

പ്രണയം തലക്കുപിടിച്ചാല്‍ അതില്‍ നിന്നുമാറാന്‍ അല്‍പ്പം പ്രയാസമുണ്ട്. എത്രയോ പെണ്‍ കുട്ടികള്‍ പ്രണയ ചതിയിലകപ്പെട്ട് നട്ടം തിരിയുന്നുണ്ടിവിടെ. അതൊക്കെ നേരിട്ട് കണ്ടിട്ടും, അനുഭവങ്ങള്‍ അറിഞ്ഞിട്ടും, വീണ്ടും വീണ്ടും അറിഞ്ഞുകൊണ്ട് ചതിയില്‍ പെടാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവുന്നതെന്തുകൊണ്ടെന്ന് ചിന്തിച്ചുപോയി. മാധുരിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ... 'അതൊക്കെ ആളുകള്‍ വെറുതെ പറയുന്നതാ. അവന്‍ നല്ലവനാ. അഥവാ അല്പം ലഹരി ഉപയോഗമൊക്കെ ഉണ്ടെങ്കില്‍ അതു ഞാന്‍ മാറ്റിയെടുക്കും...' ആ പെണ്‍കുട്ടിയുടെ ആഗ്രഹം നോക്കൂ.. അവളുടെ ആത്മവിശ്വാസം നോക്കൂ..

എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവളാണ് മാധുരി. പ്ലസ് വണ്ണിന് ചേര്‍ന്നപ്പോഴാണ് കണ്ട് പരിചയപ്പെട്ട ശിവാനന്ദനുമായി സ്‌നേഹത്തിലാവുന്നത്. പഴയ ഊര്‍ജ്ജ സ്വലത ഇതോടെ അവളില്‍ നിന്ന് അപ്രത്യക്ഷമായി. പഠനത്തില്‍ ശ്രദ്ധയില്ലാതായി. സ്വകാര്യ സല്ലാപങ്ങളില്‍ സുഖം കണ്ടെത്തി. മാധുരിയുടെ അമ്മയെ നേരിട്ടു കണ്ടു. മാധുരിയും, മാലതിയും രണ്ടു പെണ്‍കുഞ്ഞുങ്ങളാണ് അവര്‍ക്കുള്ളത്. കാര്‍ഷിക തൊഴിലാളിയാണ്. മക്കളെ സ്‌നേഹിച്ചു ലാളിച്ചു വളര്‍ത്താന്‍ ഏറെ പാടുപെടുകയാണീ അമ്മ. മകളുടെ കാര്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ സ്വന്തം കഥപറയാന്‍ തുടങ്ങി.. 'ഞാനും ഇവരുടെ അച്ഛനും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷമായി. ഞങ്ങള്‍ നിയമപരമായി വിവാഹം നടത്തിയിട്ടില്ല. പരസ്പരം വിശ്വസിച്ച് ജീവിക്കുകയാണ്. പക്ഷേ മാധുരിയുടെ പ്രണയത്തെക്കുറിച്ചറിഞ്ഞതു മുതല്‍ അയാള്‍ എന്നും വഴക്കും വക്കാണവുമാണ്. ഞങ്ങളെയെല്ലാം ക്രൂരമായി മര്‍ദിക്കും. ജീവിതം മടുത്തുപോയി.. ഞങ്ങളും പ്രണയിച്ചു ജീവിതം ആരംഭിച്ചവരാണ്. വീടിനടുത്തായിരുന്നു അയാള്‍ക്ക് ജോലി. പരസ്പരം കണ്ടു, പരിചയപ്പെട്ടു, പരിചയം പിരിയാന്‍ കഴിയാത്ത അവസ്ഥയിലെത്തി. വീട്ടുകാര്‍ക്ക് ഞങ്ങളുടെ ബന്ധം ഇഷ്ടമല്ലായിരുന്നു. എനിക്കയാളെ ഒഴിവാക്കാനും ആവുന്നില്ല. അതുകൊണ്ട് സ്വന്തം ഇഷ്ടത്തിന് ഇറങ്ങിവന്നതാണ് ഇയാളുടെ കൂടെ...

'ഇത് കേട്ടപ്പോള്‍ ഞാനൊന്ന് അമ്പരന്നു. അപ്പോള്‍ നിങ്ങളും പ്രണയിച്ചാണ് ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതല്ലേ? പ്രണയിച്ച് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതിനാല്‍ നിങ്ങള്‍ പ്രയാസം അനുഭവിക്കുന്നില്ലേ? ഇക്കാര്യങ്ങളെല്ലാം മാധുരിക്കും അറിയാവുന്നതല്ലേ? എന്നിട്ടും നിങ്ങള്‍ മാധുരിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കാത്തതെന്തേ? നിങ്ങള്‍ മാധുരിക്ക് അനുകൂലമാണെന്നും അവളെയും കൂട്ടി അവനോടൊപ്പം പലസ്ഥലത്തും കറങ്ങാന്‍ പോവാറുണ്ടെന്നും മാധുരിയുടെ അച്ഛന്‍ പരാതി പറയുന്നുണ്ടല്ലോ? അമ്മയെന്ന നിലയില്‍ പിന്തുണയ്ക്കുന്നത് കൊണ്ടല്ലേ മാധുരി ആ പ്രണയത്തില്‍ നിന്നും പിന്തിരിയാത്തത്? എന്റെ ചോദ്യത്തിന് മാധുരിയുടെ അമ്മയ്ക്ക് മറുപടിയുണ്ട്. 'ഇക്കാര്യം നാട്ടുകാരെക്കെ അറിഞ്ഞു. എന്റെ ഗതി മോള്‍ക്കുവരാതിരിക്കണമെന്നേ എനിക്കാഗ്രഹമുള്ളു. പ്രായപൂര്‍ത്തിയായാല്‍ അവനെ കൊണ്ട് തന്നെ കെട്ടിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു..'.

പ്രണയിച്ച് ഒളിച്ചോടിവന്ന അമ്മയുടെ മകളും അതേ വഴിയില്‍ പ്രണയത്തിലൂടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുന്നു. മക്കളുടെ ഈ പ്രവൃത്തിയെ അമ്മയ്ക്ക് എതിര്‍ക്കാന്‍ പറ്റില്ല. മകളെ ഇക്കാര്യത്തില്‍ എതിര്‍ത്താല്‍ തിരിച്ചടിക്കും എന്നും അമ്മയ്ക്ക് അറിയാം. ഇത്തരമൊരു സാഹചര്യത്തില്‍ പെട്ടതുമൂലമാണ് അമ്മ ഇന്ന് പ്രയാസപ്പെടുന്നതെന്ന് മകള്‍ക്കും അറിയാം. അറിഞ്ഞുകൊണ്ടുതന്നെ ഒരപകടത്തിലേക്ക് എടുത്തുചാടുകയാണീ പെണ്‍കുട്ടി. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തൊഴിലുറപ്പ് പണിക്കുപോയ വല്യമ്മയും വീട്ടിലേക്ക് കയറിവന്നു. 62 ലെത്തിയിട്ടും ഊര്‍ജസ്വലത കൈ വിട്ടിട്ടില്ല. അഭിവാദ്യം ചെയ്തിട്ടാണ് അവര്‍ കയറിവന്നത്. അവര്‍ക്കും എന്തൊക്കെയോ പറയാനുണ്ടെന്ന് മനസ്സിലായി.

'ഈ നാട്ടിലെത്തിയിട്ട് അറുപതാണ്ട് കഴിഞ്ഞു. കൊല്ലം ജില്ലയിലായിരുന്നു എന്റെ ജനനം. എനിക്ക് രണ്ട് വയസ്സായപ്പോഴാണ് അച്ഛനുമമ്മയ്ക്കുമൊപ്പം ഇവിടെയെത്തിയത്. ഇവിടെമൊക്കെ നിറഞ്ഞ കാടായിരുന്നു. അവ വെട്ടിത്തെളിയിച്ച് കപ്പയും മറ്റും കൃഷിയിറക്കിയാണ് ജീവിതം മുന്നോട്ട് നീക്കിയത്. കഷ്ടപ്പാടായിരുന്നു, ഇന്നും ആ കഷ്ടപ്പാട് മാറിയില്ല കേട്ടോ. ഞങ്ങള്‍ ആറുമക്കളായിരുന്നു എല്ലാവരും വിവാഹിതരായി ഓരോഭാഗത്തേക്ക് നീങ്ങി. നാട്ടില്‍ എന്റെ അമ്മ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. അക്കാലത്ത് ഇവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയവര്‍ കുറവായിരുന്നു. അമ്മ നന്നായി സംസാരിക്കും. നാട്ടുകാര്‍ക്കൊക്കെ അമ്മയെ ഇഷ്ടമായി. രണ്ട് ടേമില്‍ ഈ പഞ്ചായത്തില്‍ മെമ്പറായിരുന്നു അമ്മ. ഞാനും പ്രാഥമിക വിദ്യാഭ്യാസമേ നേടിയിട്ടുള്ളു. പതിനേഴിലെത്തിയ ഞാന്‍ നാടന്‍ പണിക്കുപോയിത്തുടങ്ങി.. എന്റെ അനുഭവം വെച്ച് ഈ പ്രായം ശ്രദ്ധിക്കേണ്ടകാലമാണെന്ന് ഞാന്‍ എന്റെ കൊച്ചുമോളോട് എന്നും പറയാറുണ്ട്. പക്ഷേ അവളും ഒരു ചെറുപ്പക്കാരന്റെ മോഹന വാക്കുകള്‍ കേട്ട് കുടുങ്ങിപോയി. അവളെ അതില്‍ നിന്ന് പിന്തിരിപ്പിച്ചേ പറ്റൂ'.

'നിങ്ങളുടെ വിവാഹത്തെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ?' ഇടയ്ക്ക് കയറി ഞാന്‍ ചോദിച്ചു. 'അതും ഒരു കഥയാണ്. ഞാനും അച്ഛനുമമ്മയും മാത്രമെ വീട്ടിലുള്ളു. ബാക്കി എല്ലാ സഹോദരങ്ങളും വിവാഹിതരായി പല സ്ഥലങ്ങളില്‍ താമസമായി. അമ്മ പൊതുപ്രവര്‍ത്തനവുമായി പലപ്പോഴും വീട്ടിലുണ്ടാവാറില്ല. അച്ഛന്‍ കൂലിപ്പണിക്കു പുറത്തു പോവൂം. ഞാന്‍ പണിക്കുപോയ സ്ഥലത്തുവെച്ച് ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആരുമില്ലാത്ത സമയത്ത് അയാള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങി. ഇക്കാര്യം നാടുമുഴുവന്‍ പാട്ടായി. അമ്മ വഴക്കുപറഞ്ഞു. അവനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞു. എനിക്കത് സാധ്യമല്ലായിരുന്നു. വരുന്നത് വരട്ടെ എന്ന് കരുതി ഒരുദിവസം അയാളോടൊപ്പം ഇറങ്ങിത്തിരിച്ചു. അതുകൊണ്ട് തന്നെ എന്റെ ജീവിതം പാഴായി. രണ്ട് പെണ്‍കുഞ്ഞുങ്ങളേയും തന്ന് അങ്ങേര് എങ്ങോട്ടോ കടന്നുകളഞ്ഞു'.

'അപ്പോ അമ്മൂമ്മയുടെയും അമ്മയുടേയും പ്രേമ വഴിതന്നെയാണ് മാധുരിയും തെരഞ്ഞെടുത്തത് അല്ലേ?' മാധുരി ഇതൊക്കെ കേട്ട് ചിരിക്കുകയായിരുന്നു. തന്നെ കുറ്റപ്പെടുത്താന്‍ ഇവര്‍ക്കാവില്ലല്ലോ എന്നോര്‍ത്ത് അവള്‍ സന്തോഷിക്കുകയാവാം. പക്ഷേ അമ്മയും, അമ്മൂമ്മയും അവര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയല്ലെന്ന് അവളെ ബോധ്യപ്പെടുത്തുകയാണ്. അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടു കണ്ടുപഠിച്ചവളാണ് മാധുരി. എന്നിട്ടും അവളുടെ മനസ്സുമാറാത്തതെന്തേ? അമ്മൂമ്മ പ്രണയിച്ചു, അമ്മ പ്രണയിച്ചു, ഞാനും പ്രണയിക്കും എന്ന ചിന്തയായിരിക്കുമോ മാധുരിയുടെ മനസ്സില്‍... അവരൊക്കെ പ്രയാസപ്പെട്ടാണെങ്കിലും ജീവിക്കുന്നില്ലേ എന്ന ധാരണയാവുമോ അവളെ നയിക്കുന്നത്? അനുഭവങ്ങളിലൂടെ പഠിക്കാത്തവര്‍ പിന്നെ എങ്ങിനെ ശരിയാവാനാണ്?

നമ്മുടെ പെണ്‍കുട്ടികളെ പ്രണയിച്ച് വശത്താക്കുകയും അവരുടെ യൗവ്വനം നശിക്കുമ്പോള്‍ തള്ളിപ്പുറത്താക്കുകയും ചെയ്യുന്ന പുരുഷ സമീപനത്തെ കുറിച്ച് ബോധ്യപ്പെടാന്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് സാധ്യമാവുന്ന കാലത്തേ ചൂഷണ മുക്തമായ ജീവിതം നയിക്കാന്‍ സ്ത്രീകള്‍ക്കാവൂ...

പ്രണയക്കെണിയില്‍ മൂന്നുതലമുറ

Keywords:  Article, Kookanam-Rahman, Love, SSLC, Girls, Mother, Grand mother, Wedding, Cheating.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia