city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മ മനസ്സിലെ മിന്നല്‍ വെട്ടം

കെ.ടി. ഹസന്‍

(www.kasargodvartha.com 31.03.2018) സ്വപ്നങ്ങള്‍ നമ്മെ മുന്നോട്ടു നയിക്കുന്നു. ഓര്‍മകളാകട്ടെ ഊര്‍ജമേകുന്നു.

1989 ഏപ്രില്‍ 17. പെരിയ നവോദയ വിദ്യാലയത്തില്‍  പഠിക്കുന്നു. ഏഴാം തരം കഴിഞ്ഞു കൊല്ലപ്പരീക്ഷ നടക്കുകയാണ്. നാളെ സയന്‍സ്.

മുപ്പതേക്കറുണ്ട് ക്യാംപസ്.  കാഞ്ഞങ്ങാട്ടേയ്ക്കു പോകുമ്പോള്‍ ദേശീയപാതയുടെ വലതുവശത്ത്, പടിഞ്ഞാറ്. ഗേറ്റു കടന്നാല്‍ അന്ന് ആദ്യം കിട്ടുന്നതില്‍ മുഖ്യം വലിയ ഓഡിറ്റോറിയം. അതിന്റെ പടിഞ്ഞാറ് ഇരുവശങ്ങളിലും മേക്കപ്പ് ഇടാനുള്ള ഗ്രീന്‍ റൂം സൗകര്യമുണ്ട്. ആഴ്ചതോറും ഞങ്ങളുടെ  പാഠ്യാനുബന്ധ സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറും. ഹൗസ് തിരിച്ചാണ്. ഞാന്‍ കൃഷ്ണ ഹൗസിലായിരുന്നു. അടുത്ത സുഹൃത്തുക്കളിലൊരാളായ സ്‌കൂളിലെ മികച്ച നര്‍ത്തകന്‍ എട്ടാം ക്ലാസിലെ പ്രദീപും കൃഷ്ണയില്‍.

17 ന് ഉച്ചയ്ക്കുശേഷം ഞാന്‍ എന്റെ ഫിസിക്‌സും പ്രദീപ് അവന്റെ കെമിസ്ട്രിയുമെടുത്ത് ഒരു പറങ്കിമാവില്‍ വായിക്കാനിരുന്നു. നല്ല കാറ്റ്. ഉഷ്ണത്തിനൊരാശ്വാസം. പരിസരഭയമില്ലാതെ മലയാളത്തില്‍ സൊള്ളാം. പ്രദീപിനു വായന വേഗം മടുത്തു. വിഷുവിനു നാട്ടില്‍പ്പോയി മടങ്ങിയതിന്റെ വിരഹാലസ്യത്തിലായിരുന്ന അവന്‍ പറഞ്ഞു: പ്രധാനമന്ത്രേ്യാ മറ്റോ ചത്തിനെങ്ക് നാളത്തെ സയന്‍സ് പരീക്ഷ മൊട്ങ്ങായ്ര്ന്നു.

കറുത്ത ഫലിതമായിരുന്നു എന്റെ പ്രതികരണം: അയ്‌ന്റേന്നും ആവശ്യോല്ലടാ. നമ്മളാരെങ്കും കാഞ്ഞാലും മതി.

കുറച്ചു വായന. കാറ്റത്തു കടലാസുകള്‍ ഒതുങ്ങി നില്ക്കുന്നില്ല. മെരുക്കാന്‍ പാടുപെടവെ പിന്നെയും കൊച്ചുവര്‍ത്താനം. സുഖക്കാറ്റ്. ഞങ്ങളൊത്തിരി ചിരിച്ചു.

നാലു മണി. ചായ നേരം. ഗ്രൗണ്ടിനും തെക്കുപടിഞ്ഞാറാണു കാന്റീന്‍. എനിക്കു ചായക്കു പകരം കാച്ചിയ പാല്‍ തന്നു ചേച്ചി. പഴംപൊരിയുണ്ട്. ചായ കുടിക്കാനോങ്ങിയ പ്രദീപ് പുറത്തെ സീല്‍ക്കാരബഹളം കേട്ട് പെട്ടെന്നെന്നെ വിളിച്ചു: വാടാ, ചുഴലിക്കാറ്റാണ്. നമുക്കോടിപ്പോയി ഒണങ്ങാനിട്ട ഡ്രെസ്സെട്ക്കാം.

അലക്കുന്നതിന്റെ കഷ്ടപ്പാട് നമുക്കല്ലേ അറിയൂ. പാലും പഴവും വിട്ടോടി. പൊടിപാറ്റി ഉന്തിയമര്‍ത്തുന്ന കാറ്റിലൂടെ ഗ്രൗണ്ടിലെ മണല്‍പരപ്പു താണ്ടി. ഒരു പറങ്കിമാവിലാണ് ഞങ്ങളന്ന് വസ്ത്രം ആറാനിട്ടിരുന്നത്. ഉച്ചതിരിഞ്ഞു പൊതുവേ നല്ല കാറ്റായിരിക്കും. പറന്നു പോകാതിരിക്കാന്‍ കുപ്പായം മാവില്‍ കെട്ടിയിട്ടിരുന്നു.

പാഞ്ഞെത്തിയ ഞങ്ങള്‍ മാവില്‍ നിന്നെടുത്തു ബക്കറ്റില്‍ വസ്ത്രം നിറയ്ക്കുന്നു, കാറ്റ് ശക്തമായി ചുഴറ്റിയെറിയുന്നുണ്ട്. പെട്ടെന്നു മുന്നില്‍ ഒരു പ്രഭ. കണ്ണു ശീഘ്രം ചിമ്മിപ്പോകും വിധം വെളുത്ത ഉണ്ട. തിരിച്ചറിവു വരുംമുമ്പ് അയ്യോ.... എന്ന ആര്‍ത്തനാദത്തോടെ പ്രദീപ് എന്റെ ദേഹത്തു പടിഞ്ഞുവീണു. എന്റെ കൈയില്‍ തല താങ്ങി. മുഖത്താദ്യം കാണുന്നതു വെള്ള മാത്രം വെളിവായ കണ്ണകള്‍. കരിഞ്ഞു പോയ വിരലുകള്‍. പിന്നാലെ ഢഭഢഭ ഢഭഢഭം എന്നുള്ള ഘോരമായ മുഴക്കം. ഇടിയൊച്ചയാണെന്നു വെളിവു വരുമ്പോള്‍ ഞാനാകെ തളര്‍ന്നു വിറക്കാന്‍ തുടങ്ങി. ഗ്രൗണ്ടിനരികെ ആരൊക്കെയോ നടന്നുപോകുന്നു. എല്ലാം കറങ്ങുന്ന പോലെ. ചെകിടടച്ച പോലെ. മാസ്മരികമായ എന്തൊക്കെയോ അപശബ്ദങ്ങള്‍ കാതില്‍ മുഴങ്ങുന്നു. വിളിക്കാന്‍ ഒച്ച പൊന്തുന്നില്ല.

ആംഗ്യമോ വെപ്രാളമോ എന്തോ കണ്ടു ശംഭു സാര്‍ ഓടി വന്നു. ഞങ്ങളുടെ ഹൗസ് സാറാണ്. വാത്സല്യനിധി. ഞങ്ങളെ ഗ്രീന്‍ റൂമിലെത്തിച്ചു. ആന്റി എന്നു ഞങ്ങള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന റസിഡന്റ് നേഴ്‌സെത്തി. ഡോക്ടര്‍ വന്നു.  പ്രദീപിനെ പരിശോധിച്ച അദ്ദേഹത്തിന്റെ സ്വരം താണു: ഹി ഈസ് നോ മോര്‍..

നിലച്ചുപോയിരുന്ന എന്റെ ശബ്ദം ഗദ്ഗദമായി, തേങ്ങലായി, വിങ്ങലായി. കൊടുംമഴയുടെ രാത്രിയായിരുന്നു അത്. പ്രിയപ്പെട്ട മഴയെ ഞാന്‍ ഭയന്നുപോയ ഒരു നിമിഷമുണ്ടെങ്കില്‍ അതന്നു മാത്രമാണ്. ചിലപ്പോള്‍ എന്നെ ആശ്വസിപ്പിക്കാനാകാം അന്നതു ചറപറാ ചൊരിഞ്ഞത്. ഇടിയൊച്ചകള്‍ കേട്ടുകൊണ്ടേയിരുന്നു. ഞാന്‍ സംരക്ഷണത്തിലായിരുന്നു. വിവരണം ചോദിക്കാന്‍ വരുന്നവരുടെ ബാഹുല്യത്തില്‍ നിന്നെന്നെ സ്വസ്ഥമാക്കി. പത്രക്കാരെയും പൊലീസിനെയും മാത്രം കടത്തിവിട്ടു. അധ്യാപകര്‍ ചേര്‍ത്തുനിര്‍ത്തി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

ഗ്രൗണ്ടില്‍ മിന്നലേറ്റുവീണ മഹേഷിന്റെ കുപ്പായം മാംസത്തോടൊപ്പം ഉരുകിയൊട്ടിപ്പിടിച്ചിരുന്നു. മരിച്ച പ്രദീപിന്റെ ഒപ്പം തന്നെയായിരുന്ന എനിക്കു ശാരീരികമായ ഉടവുകളൊന്നുമില്ല. ഫിസിക്‌സിന്റെ വിജയന്‍ സര്‍ വിശദീകരണം തന്നു. ഗ്രൗണ്ടില്‍ ഏറ്റവും ഉയരത്തില്‍ അതാതു കുട്ടികള്‍ തന്നെയാണ്. അവര്‍ക്കു നേരിട്ടു മിന്നലേറ്റു. ഞങ്ങളുടെ അടുത്ത് അതിലും ഉയരത്തില്‍ മരമാണ്. പ്രദീപ് അതു തൊട്ട നിലയിലായിരുന്നു. ഞാനാകട്ടെ നിമിഷാംശം വ്യത്യാസത്തില്‍ മാവില്‍ നിന്നു കൈ വിടുവിച്ചുകഴിഞ്ഞിരുന്നു.

റോഡപകടം, ട്രെയിനപകടം, കരിമൂര്‍ഖന്‍, വെള്ളപ്പൊക്കം, ക്രിട്ടിക്കല്‍ ടൈഫോയ്ഡ്, ഭൂകമ്പം എന്നിങ്ങനെ ഞാന്‍ പില്ക്കാലത്തു മരണവുമായി മുഖാമുഖം നിന്നതിന്റെ ആമുഖമായിരുന്നു പന്ത്രണ്ടാം വയസ്സിലെ മിന്നലപകടം.

സയന്‍സ് പരീക്ഷ പിറ്റേന്നു മുടങ്ങി. പക്ഷേ അതാസ്വദിക്കാന്‍ പ്രദീപില്ല. അവന്റെ വീട്ടിലേയ്ക്ക് എന്നെ കൂട്ടിയില്ല. എങ്ങനെയൊക്കെയോ ആ വര്‍ഷം തീര്‍ന്നു. പിറ്റേത്തെ കൊല്ലം നവോദയ തുറക്കുക ജൂലൈമാസം. ഉപ്പ മരണാസന്നനായി ആശുപത്രിയിലുമായിരുന്നു സ്‌കൂള്‍ തുറക്കുംവേള. മടങ്ങിവന്നിട്ടും നവോദയയിലെ ചുറ്റുപാടുമായി സമരസപ്പെടാന്‍ എനിക്കായില്ല. നവോദയ വിട്ടു.

ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടബോധങ്ങളിലൊന്നു നവോദയ വിട്ടതാണ്. ഏറ്റവും ഉദ്ബുദ്ധരായ ഗുരുക്കന്മാരും കൂട്ടുകാരും. അധ്യാപകര്‍ എന്നും കൂടെ ഒരേ ക്യാംപസില്‍. രാത്രിഭക്ഷണം കഴിഞ്ഞു കാന്റീനില്‍ നിന്നു മടങ്ങുമ്പോള്‍ ഗുരുവാത്സല്യത്തോടെ തോളത്തുകൈയിട്ട് പ്രഭാകരന്‍ സാറോ ശംഭു സാറോ മറ്റോ കാണും മധുരയുക്തികള്‍ നുണഞ്ഞ്. തിളങ്ങുന്ന നക്ഷത്രങ്ങളെ സാക്ഷിയാക്കി നക്ഷത്രലോകത്തോളമുള്ള വിശേഷങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാം.

കൂടെത്താമസിച്ച കൂട്ടുകാര്‍ക്ക് അവധിക്കാലത്തു പിരിയുന്നതുപോലും നേരിയ വിഷമമായിരുന്നു. ഏഴാം ക്ലാസിന് ഈ ദാരുണാന്ത്യമായിരുന്നല്ലോ. മുന്‍വര്‍ഷം, ആറാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഓട്ടോഗ്രാഫ് എഴുതിയിരുന്നു. നവോദയ വിട്ടിട്ട് 29 കൊല്ലമായി. 41 വയസ്സ്. ഇന്നും ഞാനാ ഓട്ടോഗ്രാഫ് ഇടയ്ക്കിടെ മറിച്ചുനോക്കും. അതില്‍ പ്രദീപിന്റെ ശുദ്ധസുരഭിലമനസ്സ് ഇങ്ങനെ തെളിയും: 'നീ എന്നെ മറന്നാലും നിന്റെ ആ പുഞ്ചിരിയെയും കളിയെയും ഞാന്‍ മറക്കില്ല സോദരാ...'

ഞാനാ കൈയക്ഷരങ്ങളില്‍ നോക്കി ഓര്‍മകള്‍ അയവിറക്കും. മിഴികള്‍ സജലമാകും. പ്രദീപിനെപ്പോലുള്ള സ്‌നേഹക്കുടുക്കകളാണു വലിയ ജീവിതസൗഭാഗ്യം. ഇടയ്ക്കു പ്രദീപിനെപ്പറ്റി ചില സുഹൃത്തുക്കളോടു പറയും. അങ്ങനെയാണ് ഉമേഷിനോടു പറയുന്നത്.

ആറാം ക്ലാസിലെ ഓട്ടോഗ്രാഫില്‍ പ്രദീപെഴുതിയ വിലാസമുണ്ട്: കക്കോട്ടി വളപ്പ്, പടിഞ്ഞാറ്റം കൊഴുവല്‍, നീലേശ്വരം. ഇതു കണ്ട ഉമേഷ് പറഞ്ഞു, ആ നാളത്തെ ഓട്ടോഗ്രാഫടക്കം സൂക്ഷിച്ചത് വലിയ സംഭവമാണെന്ന്. സര്‍ട്ടിഫിക്കറ്റുകളേ ഞാന്‍ കത്തിച്ചിട്ടുള്ളൂ, സ്‌നേഹ ബന്ധങ്ങളെ കത്തിച്ചിട്ടില്ലെന്നു ഞാനും പറഞ്ഞു.

ഇന്നു രാവിലെയാണ് (മാര്‍ച്ച് 30, 2018) ഉമേഷിനൊപ്പം പ്രദീപിന്റെ വീട്ടില്‍ ചെല്ലുന്നത്. ചെണ്ടവാദ്യക്കാരനായ നന്ദേട്ടനും കുടുംബവും ഹൃദ്യമായി സ്വീകരിച്ചു. തറവാട്ടില്‍ നിന്ന് അമ്മ വന്നു. തറവാട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ പ്രസാദേട്ടന്റെ കുടുംബമുണ്ടു പ്രസാദാത്മകമായി വരവേല്ക്കാന്‍ . താജ്മഹല്‍ സ്‌നേഹത്തിന്റെ പ്രതീകമാണ്; ശരി. പക്ഷേ അറിയപ്പെടാത്ത ഒത്തിരി സ്‌നേഹസ്മാരകങ്ങളുണ്ട്. അതിലൊന്നാണ് പ്രദീപിന്റെ അമ്മ. കല്യാണങ്ങള്‍ പോലും കൂടാതെ മകന്റെ വിരഹനൊമ്പരത്തില്‍ ഒരമ്മ.

സ്‌നേഹത്തില്‍ കുതിര്‍ത്ത മൊഴി ആവോളമമ്മയില്‍ നിന്ന്. പ്രദീപിന്റെ അതേ സ്‌നേഹവായ്പ്. അതേ സാന്ത്വനസുഖം. മതി വരുന്നില്ല. പിന്നെ റോബര്‍ട്ട് ഫ്രോസ്റ്റ് എഴുതിയ പോലെ, നമുക്കു ജീവിതത്തിന്റെ മൈലുകള്‍ താണ്ടാനുണ്ടല്ലോ. വിടചൊല്ലുമ്പോള്‍ അമ്മയ്ക്കും വീട്ടുകാര്‍ക്കും ഒരേ സ്‌നേഹനിര്‍ബന്ധം: വീണ്ടും വരണം.

അമ്മ മനസ്സിലെ മിന്നല്‍ വെട്ടം


അമ്മ മനസ്സിലെ മിന്നല്‍ വെട്ടം

അമ്മ മനസ്സിലെ മിന്നല്‍ വെട്ടം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Article, Friend, Death, Top-Headlines, K.T. Hassan, Lighting of Mother's heart, Article by KT Hassan
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia