city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഥ പറഞ്ഞു കൊടുക്കാന്‍ കുട്ടികളുടെ എല്‍ ഐ സി മാഷ് ഇനിയില്ല

അനുസ്മരണം / എം എ മൂസ മൊഗ്രാല്‍

(www.kasargodvartha.com 27.03.2017) ക്ലാസ് മുറിയിലൊതുങ്ങുന്ന പാഠപുസ്തകം പഠിപ്പിക്കല്‍ മാത്രമായിരുന്നില്ല കഴിഞ്ഞ ആഴ്ച മൊഗ്രാലില്‍ നിന്നു വിടപറഞ്ഞു പോയ എല്‍ ഐ സി അബ്ദുല്ല മാഷിന്റെ അധ്യാപനം. അദ്ദേഹത്തിന്റെ അധ്യാപന രീതി തന്നെ വ്യത്യസ്തമായിരുന്നു. എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നെങ്കിലും ഇശല്‍ ഗ്രാമത്തിന്റെയും, സമീപ പ്രദേശത്തിന്റെയും പേരും, പ്രശസ്തിയും, ചരിത്ര സംഭവങ്ങളും, സാംസ്‌കാരിക, രാഷ്ട്രീയ സംഭവ വികാസങ്ങളുമൊക്കെ കൂട്ടിച്ചേര്‍ത്തു കഥാ രൂപത്തില്‍ വളരെ രസകരമായി പറഞ്ഞു കൊടുക്കുക ഒരു ശീലമായിരുന്നു. അബ്ദുല്ല മാഷ് ക്ലാസ് എടുക്കാന്‍ വന്നാല്‍ പഠനത്തോടൊപ്പം കഥയും കേള്‍ക്കാന്‍ കുട്ടികള്‍ കാതു കൂര്‍പ്പിച്ചിരിക്കുമായിരുന്നു. മറ്റുള്ളവരില്‍ നിന്നു അദ്ദേഹം വേറിട്ട് നിന്നത് ഇത്തരം പഠന രീതിയിലായിരുന്നുവെന്നു പറയുന്നതാവും ശരി.

കഥ പറഞ്ഞു കൊടുക്കാന്‍ കുട്ടികളുടെ എല്‍ ഐ സി മാഷ് ഇനിയില്ല


5 വര്‍ഷം എല്‍ ഐ സി ഏജന്റായി ജോലി ചെയ്തു വരവെയാണ് എല്‍ പി സ്‌കൂള്‍ അധ്യാപകനായി നിയമനം ലഭിക്കുന്നത്. നീലേശ്വരത്തായിരുന്നു തുടക്കം. പിന്നീട് പയ്യന്നൂര്‍, ഉപ്പള എന്നിവിടങ്ങളില്‍. സ്വന്തം നാടായ മൊഗ്രാലില്‍ എത്തിയപ്പോള്‍ അബ്ദുല്ല മാഷ് ഏറെ സന്തോഷവാനായിരുന്നു. എല്‍ ഐ സിയില്‍ തുടക്കം ജോലി ചെയ്തത് കൊണ്ടാവണം എല്‍ ഐ സി മാഷ് എന്നാണു നാട്ടുകാര്‍ വിളിച്ചിരുന്നത്. സൗമ്യമായ പെരുമാറ്റവും, സമീപനവുമായിരുന്നു അബ്ദുല്ല മാഷിന്റെ കൈമുതല്‍. വേഷത്തിലും നടത്തത്തിലും അത് പ്രകടമായിരുന്നു. ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു മാഷ്, ഇടതുപക്ഷ അധ്യാപക സംഘടനകളിലൊക്കെ ഉണ്ടായിട്ടും സജീവ രാഷ്ട്രീയത്തിലൊന്നും തല്പരനായിരുന്നില്ല.

എഴുത്തും, വായനയുമായിരുന്നു അബ്ദുല്ല മാഷിന്റെ ഹോബി, ഒപ്പം പ്രകൃതി സ്‌നേഹിയും. വിദ്യാഭ്യാസ രംഗത്തു നിസ്തുല സേവനമായിരുന്നു അബ്ദുല്ല മാഷ് ചെയ്തത്. നാടിന്റെ നന്മക്ക് എല്ലാം മറന്നു മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശം നല്‍കാന്‍ അബ്ദുല്ല മാഷ് ശ്രമിച്ചിരുന്നു. എതിര്‍പ്പുകളെ സ്‌നേഹവും, ധൈര്യവും കൊണ്ട് കീഴടക്കാം എന്ന് പഠിപ്പിച്ച ഒരു ജീവിതം തന്നെയായിരുന്നു അബ്ദുല്ല മാഷിന്റേത്. പരിചയപ്പെടുന്ന ആര്‍ക്കും സഹോദരന്റെ സ്‌നേഹം നല്‍കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് മാഷിനെ വിത്യസ്തനാക്കുന്നതും.

പെട്ടെന്നുണ്ടായ അസുഖം അബ്ദുല്ല മാഷിന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഞരമ്പിന്റെ തകരാറാണെന്നു ഡോക്ടര്‍ പറഞ്ഞപ്പോഴും അബ്ദുല്ല മാഷ് പതറിയില്ല. പതുക്കെ പതുക്കെ കാലുകളുടെ ശേഷി നഷ്ടപ്പെട്ടതോടെ മാഷിന്റെ അധ്യാപനം മൂന്ന് വര്‍ഷക്കാലം വീല്‍ ചെയറിലായിരുന്നു. ക്ലാസില്‍ കുറെ ജീവിതാനുഭവങ്ങളും മാഷ് കുട്ടികളുമായി പങ്കു വെച്ചിരുന്നു. രണ്ട് കയ്യും തളരാന്‍ തുടങ്ങിയതോടെ അബ്ദുല്ല മാഷ് തീര്‍ത്തും അവശനായി. പിന്നീട് ഒരു കൊല്ലം രോഗശയ്യയില്‍...

ഉപ്പളയിലെ ഖദീജയാണ് മാഷിന്റെ ഭാര്യ. സുബാസിന, അദീന, അര്‍ഫാന എന്നിവര്‍ മക്കളും. ഏത് പ്രതിസന്ധിയെയും നേരിട്ട് പ്രവര്‍ത്തന വിജയം കണ്ട സുഹൃത്തിന്റെ അകാല നിര്യാണം അടുത്തറിയുന്നവര്‍ക്ക് ഖേദം തന്നെ. അബ്ദുല്ല മാഷിന്റെ വിയോഗം മൊഗ്രാല്‍ ഗ്രാമത്തെ ഏറെ ദുഖത്തിലാഴ്ത്തിയിരുന്നു. കുട്ടികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ വലിയ വേദനയാണ് സമ്മാനിച്ചത്. മാഷിന്റെ ആത്മാവിനു നിത്യശാന്തിക്കായ് നമുക്ക് പ്രാര്‍ത്ഥിക്കാം.

Keywords:  Article, Mogral, Teacher, Death, Condolence, commemoration, LIC Abdulla Master, MA Moosa Mogral, LIC Abdulla Master no more 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia