city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര മെഡിക്കല്‍ കോളജിനു വേണ്ടിയാവട്ടെ നമ്മുടെ സമരം

എ എസ് മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com 11.12.2016) കാസര്‍കോട് ഉക്കിനടുക്കയില്‍ സംസ്ഥാന മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. 2015ല്‍ നൂറ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന, ഇരുനൂറ് കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി കോളജ് ആശുപത്രി സുസജ്ജമാകുമെന്ന് തറക്കല്ലിടല്‍ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു പോയത് കൂടിയിരുന്നവരുടെ ആവേശ പൂര്‍വ്വമുള്ള കൈയടിയൊച്ചയ്ക്കിടയിലും കേട്ടവര്‍ ഓര്‍ക്കുന്നുണ്ടാവും. മാധ്യമ പ്രവര്‍ത്തകര്‍ മറക്കാനെ സാധ്യതയില്ല. ഒരു പക്ഷെ മുഖ്യമന്ത്രി മുതലയെ വിഴുങ്ങുന്ന മുതല അപ്പുറത്തുണ്ടെന്ന് ഓര്‍ത്തിരിക്കില്ല. മംഗളൂരു ആശുപത്രി ലോബിയ്ക്ക് സംസ്ഥാനമെന്ത്.. അങ്ങ് കേന്ദ്രത്തില്‍ തന്നെ നല്ല പിടിപാടുണ്ടാകും. അത് അന്ന് അതേ വീറോടെ കൈയടിച്ച സാധാരണക്കാരും ഓര്‍ത്തിരിക്കാനിടയില്ല. വര്‍ത്തമാന സഹചര്യത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരുതരത്തിലും സാധ്യതയില്ലാത്ത ആ ശില വെയിലും മഴയുമേറ്റ്, ശാപമോക്ഷം കാത്ത് അവിടെ കഴിയുന്നു.

കാസര്‍കോട്ടുകാരുടെ ഒരു തലവിധി നോക്കണെ.. സംസ്ഥാനത്ത് നാല് മെഡിക്കല്‍ കോളജുകളനുവദിച്ചതില്‍, മറ്റു-(മഞ്ചേരി, ഇടുക്കി, പത്തനംതിട്ട)- മൂന്നെണ്ണവും സാധാരണ രീതിയില്‍, ഒട്ടും ആശങ്കയില്ലാത്തവിധം, അവയുടെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനവുമായി മുന്നേറുമ്പോള്‍, കാസര്‍കോട്ട് ചുറ്റും എന്‍ഡോസള്‍ഫാന്‍ വിഷ ബാധിത ഗ്രാമങ്ങളില്‍ ആശങ്കയോടെ കാത്തിരിക്കുന്ന ഒരു ജന വിഭാഗമുണ്ടെന്ന് പോലും ആരും ഓര്‍ക്കുന്നില്ല. ഇതെ കാരണം കൊണ്ട് കാസര്‍കോടിനനുവദിച്ചത് ആദ്യം പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം നല്‍കപ്പെട്ടുവെങ്കിലും വാക്ക് പാലിക്കപ്പെട്ടില്ല. മെഡിക്കല്‍ കോളജിന്റെ പ്രാഥമിക പ്രവര്‍ത്തനം പോലും നിശ്ചലമാക്കി വെച്ച് കാസര്‍കോട്ടുകാരുടെ ക്ഷമ പരീക്ഷിച്ചു കൊണ്ട് തന്നെ ഒരു ജനകീയ സര്‍ക്കാര്‍ ഇറങ്ങിപ്പോയ കസേരകളിലേയ്ക്ക് മറ്റൊരു ജനകീയ സര്‍ക്കാര്‍ കടന്നു വന്നിരിക്കുന്നു എന്നേയുള്ളൂ വിശേഷം.

കേന്ദ്ര മെഡിക്കല്‍ കോളജിനു വേണ്ടിയാവട്ടെ നമ്മുടെ സമരം

ഉത്തരേന്ത്യയിലെ പല സംസ്ഥാനക്കാരേയും നാം ആക്ഷേപിക്കാറുള്ളത്, അവിടങ്ങളില്‍ വികസനമില്ലാതെ പോയതിന് കാരണം ഭൂരിപക്ഷം പേര്‍ക്കും വേണ്ടത്ര രാഷ്ട്രീയ ബോധമില്ലാത്തതാണെന്നാണ്. അപ്പോള്‍ കേരളത്തെ പറ്റി എന്തു പറയണം? രാഷ്ട്രീയം അമിതമായിപ്പോയത് കൊണ്ടാണെന്നോ? പക്ഷെ അതില്‍ സത്യം ഇല്ലാതില്ല. നമ്മുടെ ദുര്യോഗമെന്നത്, യുഡിഎഫ് കാലത്ത് പലതിനും സമരം ചെയ്യുന്ന മുഖങ്ങളെ എല്‍ഡിഎഫ് ഭരണ കാലത്ത്  മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല എന്നതാണ്. നേരെ തിരിച്ചും ശരിയാവാമിത്. നാടിന്റെ ഒരു പൊതു താല്‍പര്യത്തിന് വേണ്ടി സമരം ചെയ്യുമ്പോള്‍ രാഷ്ട്രീയ പക്ഷപാദിത്വം അതിന് തടസ്സമാകുന്നതെങ്ങനെയെന്ന് ഇയാള്‍ക്ക് മനസിലാകുന്നില്ല.

അമ്മയെ തല്ലിയാലും രണ്ടുപക്ഷമെന്ന ചൊല്ല് പോലെ രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരുടെ സ്വഭാവമാണിതെന്ന് പറയാതെ വയ്യ. നമ്മുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എത്ര തന്നെ നിര്‍ബന്ധ സഹചര്യാമാണെങ്കിലും, എന്താവശ്യത്തിന് ആണെങ്കിലും നമ്മള്‍ തന്നെ സമരം ചെയ്യുന്നതെങ്ങനെയെന്ന സംശയം പലര്‍ക്കുമുണ്ട്. ചോദ്യം നമ്മെ 'ചിരിപ്പിച്ച് മണ്ണു കപ്പിക്കും'. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് ഇതു തന്നെയല്ലെ? പക്ഷെ അപ്പോള്‍, അതിനു സമാന്തരമായി മറുപക്ഷത്തെങ്കിലും ഒരു സമരനിര കെട്ടിപ്പടുക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാസര്‍കോടിന്റെ പൊതു ആവശ്യമാണിതെന്ന് ഇനിയും നാം തിറിച്ചറിയാതെ പോയതെന്തു കൊണ്ടാണ്?
 
ഇനി മറ്റൊന്ന്. കാസര്‍കോട്ട് കേന്ദ്ര സര്‍വ്വകലാശാല നിലവില്‍ വന്നപ്പോള്‍, തുടക്കത്തില്‍ സൗകര്യങ്ങള്‍ പരിമിതമായിരുന്നെങ്കിലും, അത് കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതീക്ഷയുടെ വാതിലാണ് തുറന്ന് നല്‍കിയത്. അങ്ങനെ അങ്ങ് ഡല്‍ഹിയില്‍ നിന്ന് കാസര്‍കോട്ടേക്കും വല്ലതും എത്തും എന്ന പ്രതീക്ഷ. തൊട്ട് തന്നെ 'എയിംസ്'(AIIMS) മോഡലിലുള്ള ഒരു വലിയ മെഡിക്കല്‍ സ്ഥാപനം കേരളത്തിനു കിട്ടുമെന്ന അറിയിപ്പുണ്ടായി. അല്ലാതെ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം, എന്‍ഡോസള്‍ഫാന്‍ വിഷമഴ  കൂടി താണ്ഡവമാടിയതേടെ ആത്മഹത്യയുടെ വക്കിലെത്തിയ സഹചര്യത്തില്‍, അവിടെ അന്താരാഷ്ട്ര നിലവാരവും, 'പാലിയേറ്റീവ് കെയറ'ടക്കം സൗകര്യമുള്ളതുമായ ഈ ആതുര ശുശ്രൂഷാകേന്ദ്രം പകരുന്ന ആശ്വാസം വളരെ വലുതായിരിക്കും. കാസര്‍കോട്ട് തന്നെയാണ് അത് സ്ഥാപിക്കപ്പെടേണ്ടത് എന്ന കാര്യത്തില്‍, സാധ്യതാ പഠനവുമായി എത്തിയവര്‍ക്ക് പോലും സംശയമുണ്ടായിരിക്കാന്‍ സാധ്യയതയില്ല.

തങ്ങളുടെ ദുരന്ത ഭൂമിയിലേയ്ക്ക് ആശ്വാസമായി അത് പിന്നാലെയെത്തും എന്ന പ്രതീക്ഷ തദ്ദേശ വാസികള്‍ക്കുമുണ്ടായിരുന്നു. അതെ വേളയിലാണ് കാസര്‍കോട്ടേയ്ക്ക് കേരള സര്‍ക്കാറിന്റെ മെഡിക്കല്‍ കോളജ് എന്ന പദ്ധതി വളരെ തിരക്കിട്ട് തന്നെ പ്രഖ്യാപിക്കപ്പെടുന്നത്. ഒരുപക്ഷെ നല്‍കാതിരിക്കാനാവും കാസര്‍കോടിന്റെ ശത്രുക്കളായ ആരോ അന്നിത് പ്ലാന്‍ ചെയ്തത് എന്ന് പോലും തോന്നിപ്പോകുന്നു. പകരം ഇങ്ങനെ ഒരു പ്രഖ്യാപനത്തോടെ കേന്ദ്രത്തിന്റെ വന്‍ പദ്ധതി മറ്റു ജില്ലകളില്‍ ഏതെങ്കിലുമൊന്നിനായി (അവരുദ്ദേശിക്കുന്ന) തട്ടിയെടുക്കാമെന്നതുമാവാം ലക്ഷ്യം. ഇപ്പോള്‍ ഒന്നെ പറയാനുള്ളൂ. ഈ അവസാന നിമിഷത്തിലെങ്കിലും, എന്‍ഡോസള്‍ഫാന്‍ സഹജീവികളോട് അല്‍പമെങ്കിലും സ്‌നേഹമുണ്ടെങ്കില്‍, കേന്ദ്ര സര്‍ക്കാറിന്റെ ഈ അന്താരാഷ്ട്ര നിലവാരമുള്ള മെഡിക്കല്‍ കോളജിനു വേണ്ടിയാവണം നമ്മുടെ സമരം. ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിന് സമരം വേണ്ടി വരുമെങ്കില്‍ അതും നടന്നോട്ടെ...

2012 മാര്‍ച്ചിലാണ് കാസര്‍കോട് മെഡിക്കല്‍ കോളജ് ഉത്തരവായിറങ്ങിയതെന്ന് അറിയാന്‍ കഴിഞ്ഞിരുന്നു. പക്ഷെ തറക്കല്ലിടലിന് പിന്നേയും കാലമെടുത്തു എന്നും കേട്ടിരുന്നു. എന്നാലും ശിലാസ്ഥാപനം ബഹു കേമമായി നടന്നതാണല്ലോ. സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നിട്ടു നില്‍ക്കുന്ന ഈ സംസ്ഥാനത്ത്, ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കരുതായിരുന്നു എന്നെ അക്കാര്യത്തില്‍ പറയാനുള്ളൂ. ജനങ്ങള്‍ ഈ പരിസരത്ത്, ജില്ലയുടെ വടക്കന്‍ മേഖലയിലാകെ, കണ്ണിലെണ്ണയൊഴിച്ച് ഒരു മെഡിക്കല്‍ കോളജിന് കാത്തിരിപ്പ് തുടരുമ്പോള്‍, അവരുടെ പ്രതീക്ഷ, അതങ്ങനെ ശിലയായി കിടക്കരുതായിരുന്നു. ഈയവസരത്തില്‍ കേന്ദ്രത്തിന്റെ മെഡിക്കല്‍ കോളജ് വരികയെന്നത് വലിയ കാര്യമാണ്. അല്ലാതെ ഒരു ജനതയുടെ കണ്ണില്‍ പൊടിയിട്ട് കൊണ്ട്, സംഭവം തറക്കല്ലിലങ്ങൊതുക്കി, എത്ര കാലം കടന്നു പോകാനാവും?

ഇനിയും, ഏത് മുന്നണിയായാലും, ജനങ്ങളെ സമീപിക്കേണ്ടതല്ലെ.? അടുത്ത-(കേരള രാഷ്ട്രീയത്തിന്റെ സാമ്പ്രദായിക രീതിയില്‍) ഊഴം ഇടതുപക്ഷ-(ഇപ്പോള്‍ വന്നിരിക്കുന്നത്)-ത്തിന്റേതാണല്ലോ എന്ന കരുതിയാവും തറക്കല്ലിടലിനെ മുന്‍ ഭരണ മുന്നണി നീക്കിക്കൊണ്ട് പോയത്.  2015ല്‍ 100 വിദ്യാര്‍ത്ഥികളും 200 കിടക്കയുമുള്ള ആശുപത്രി ഫുള്‍ സ്വിങ്ങില്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ രാത്രി കാലത്ത് നൂറ് കുറുക്കന്മാരെങ്കിലും വന്ന് ഓരിയിടുന്നുണ്ടാവും. 'യഥാ പ്രജ തഥാ രാജ' എന്നാ പഴയ ചൊല്ലിനെ നമുക്ക് തിരുത്തി വായിക്കാം അല്ലെ?

Keywords:  kasaragod, Article, Medical College, Central University, Development project, Oommen Chandy, Central Government, Kerala, Let's-protest-for-central-medical-college

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia