city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിക്കാരുടെ ഗുരുവര്യന്‍ ലക്ഷ്മണന്‍ മാഷ് വിരമിക്കുന്നു! യാത്രാമംഗളങ്ങള്‍!

അസ്ലം മാവിലെ

(www.kasargodvartha.com 07.03.2019) ലക്ഷ്മണ്‍ എന്ന സംസ്‌കൃത പദത്തിന് ഭാഗ്യമുദ്രയുള്ളവനെന്നര്‍ഥമുണ്ട്. ശിഷ്യസമ്പത്ത് ഭാഗ്യമുദ്രയാണെങ്കില്‍ നമ്മുടെ പ്രിയപ്പെട്ട ലക്ഷ്മണന്‍ മാഷ് ആ അര്‍ഥത്തില്‍ നൂറ് ശതമാനം പേരുകൊണ്ടനുഗ്രഹീതനാണ്.

കളിത്തോഴന്‍ എന്ന് നാം സാധാരണ പറയാറില്ലേ? കൂടെ നിഴല്‍ പോലെ നടക്കുന്നവരെയാണ് അങ്ങിനെ വിളിക്കുക. കളിയെത്തന്നെ കളിത്തോഴനാക്കിയാല്‍ അതിനെ എന്ത് പേരിട്ട് വിളിക്കും? അതാണ് ലക്ഷ്മണന്‍ മാഷ്.
കളിക്കാരുടെ ഗുരുവര്യന്‍ ലക്ഷ്മണന്‍ മാഷ് വിരമിക്കുന്നു! യാത്രാമംഗളങ്ങള്‍!

വീണ്ടും പുരാണത്തിലേക്ക്. ശ്രീരാമന്റെ സഹോദരന്‍ ശ്രീലക്ഷ്മണന്‍, ഭരതന്റെയും. സഹോദരനെന്നതിലുപരി ഒരു മെയ്യ് എന്ന് പറയാവുന്ന തരത്തില്‍ അത്ര അടുപ്പം അവര്‍ തമ്മില്‍. പുരാണത്തില്‍ സ്വസഹോദരന്റെ പേരിനൊപ്പം ചേര്‍ത്ത് ശ്രീലക്ഷ്മണന്മാത്രമേ അപരനാമമുള്ളൂ. രാമാനുജന്‍, ഭരതാനുജന്‍ എന്നിങ്ങനെ. നമ്മുടെ ലക്ഷ്മണന്‍ മാഷ് പട് ളയിലെ എല്ലവരുടെയും സഹോദരനാണ്, അപരനാമം ചേര്‍ത്തു പറയാന്‍ തുടങ്ങിയാല്‍ ആയിരക്കണക്കിന് പേരുകള്‍ എഴുതേണ്ടി വരും. ഒന്ന് പറയാം - Either he isYounger Bro or Elder Bro. അത്ര അടുപ്പവും വ്യക്തി ബന്ധവും അദ്ദേഹം നമ്മോട് കാത്ത് സൂക്ഷിക്കുന്നുണ്ട്.

2017ല്‍, പൊലിമയുടെ ആദ്യ കൂടിയാലോചനാ യോഗം ഞാന്‍ ഓര്‍ക്കുന്നു. പട്‌ളക്കാര്‍ക്ക് മാത്രമേ അതിന് ക്ഷണമുള്ളൂ. ആ രാത്രി സ്‌കൂള്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞു. സദസ്സിന്റെ ഏറ്റവും പിന്നിലേക്ക് ഞാന്‍ നോക്കുമ്പോള്‍, ചെറുചിരിയോടെ അതാ ലക്ഷ്മണന്‍ മാഷ് നില്‍ക്കുന്നു! ഒരു നാട്ടുകാരനായി, നാട്ടുനിഴലായി.യോഗനടപടികള്‍ തീരുംവരെ അദ്ദേഹം നിന്നു, മുഴുവന്‍ കേട്ടു. അവസാനം തന്റെഅഭിപ്രായവും  പറഞ്ഞാണ് മാഷ് യോഗസ്ഥലം വിട്ടത്.

ഇക്കഴിഞ്ഞതല്ല, അതിന് തൊട്ട് മുമ്പത്തെ വേനല്‍ക്കാലം. കുഞ്ഞിപ്പള്ളിയില്‍ സുബഹ് നമസ്‌കരിച്ച് പുറത്തിറങ്ങി ഞാന്‍ വീട്ടിലെത്തിയതേയുള്ളൂ. ഒരു കോളിംഗ് ബെല്‍. വാതില്‍ തുറന്നപ്പോള്‍ ലക്ഷ്മണന്‍ മാഷ്പുറത്ത്. 'വാട്‌സാപ്പില്‍ ഞാന്‍ വായിച്ചു. സിപിയുടെ കുടിവെള്ള വിതരണം ഇന്ന് തുടങ്ങുകയല്ലേ, ഞാന്‍ വരണോ?' മാഷിന് ആധി.

സ്‌കൂളില്‍ നടക്കുന്ന വ്യത്യസ്തമായ പ്രോഗ്രാമുകള്‍ അദ്ദേഹം ശ്രദ്ധിക്കും. അതിന് യോജിച്ച ആളെ അദ്ദേഹമത് വിളിച്ചറിയിക്കുകയും ചെയ്യും. ഉദ്ദേശം ഒന്നേയുള്ളൂ, ആ പ്രോഗ്രാം കളര്‍ഫുള്ളാക്കാന്‍ നമ്മുടെ സഹകരണം വേണം, നമ്മില്‍ നിന്നും സ്‌കൂള്‍ പ്രതീക്ഷിക്കുന്നു, സ്‌പോണ്‍സര്‍ഷിപ്പ് അങ്ങനെ വല്ലതും. കുട്ടികള്‍ക്കത് വലിയ പ്രോത്സാഹനമാകുമല്ലോ.

ചെറിയ കാലത്ത് എസ് എം സി, പിടിഎയിലൊക്കെ പ്രവര്‍ത്തിക്കാന്‍ അവസരമൊത്തപ്പോഴും മാഷ് വളരെ ആത്മാര്‍ഥമായാണ് ഇടപെട്ടിട്ടുള്ളത്. പുതിയ അധ്യാപകരാരെങ്കിലും വന്നാല്‍ എന്നെ വിളിച്ച് കൊണ്ട് പോയി അങ്ങോട്ട് പരിചയപ്പെടുത്തുന്ന സ്‌റ്റൈല്‍ കണ്ട് ഞാന്‍ തന്നെ പരിസരത്ത് നിന്ന് സ്‌കൂട്ടായിക്കളയും.

മാഷെ കുറിച്ച് ഇനിയും ഒരുപാട് എനിക്ക് പറയാനുണ്ട്.ലേഖന ദൈര്‍ഘ്യം വായനാസുഖം നല്‍കില്ലെന്ന ഭയം മൂലം കൂടുതല്‍ അങ്ങോട്ടേക്കില്ല.

********
ലക്ഷ്മണന്‍ മാഷ് നമ്മുടെ സ്‌കൂളില്‍ നിന്നും, സര്‍വ്വീസില്‍ നിന്നും,ഈ മാര്‍ച്ചോടെ വിരമിക്കുകയാണ്.

2007 ഒരു സെപ്തംബറിലാണ് പട്‌ള സ്‌കൂളില്‍ അദ്ദേഹം ജോയിന്‍ ചെയ്യുന്നത്. നീണ്ട 12 വര്‍ഷം! ആലംപാടി സ്‌കൂളില്‍ ഒരു വര്‍ഷത്തിലധികം പി ഇ ടി മാഷായി സേവനം ചെയ്തിട്ടാണ് അദ്ദേഹം ഇവിടെ വരുന്നത്. അതിന് മുമ്പ് എട്ട് വര്‍ഷം പള്ളിക്കര ഗവ. സ്‌കൂളില്‍ കായികാധ്യാപകനായിരുന്നു.

കണ്ണൂര്‍ക്കാരന്‍. ആരെക്കണ്ടാലും സംസാരിച്ചു കൊണ്ടേയിരിക്കുന്ന പ്രകൃതം. ഒരാളെയും വിടില്ല. ഒരു ദിവസംനിര്‍ത്താതെ മാഷ്എന്നോട് സംസാരിക്കുന്നത് കണ്ട് ഉമ്മ ചോദിച്ചു: അതാരിറാ നിന്നെപ്പോല്‍ത്തെന്നെ ഒന്ന്, ബിസ്യം പറ്ഞ്ഞ്പ്പറ്ഞ്ഞിറ്റ് ബിഡിയാത്തെ മന്‍സന്. എന്റെ ജാള്യത കണ്ട് രസിച്ച് ഉമ്മ കുറെ ചിരിച്ചു. ആരാണെന്ന് ഉമ്മക്കറിയാം, പക്ഷെ എന്നെ ഒന്ന് മൂപ്പിച്ച് ശുണ്ഠി പിടിപ്പിക്കണം. അതായിരുന്നു ഉമ്മാന്റെ ഉദ്ദേശം. അതിന് ശേഷം ലക്ഷ്മണന്‍ മാഷെ ഞങ്ങളുടെ ഭാഗത്ത് എപ്പോള്‍ കണ്ടാലും, ഞാനകത്തേക്കോടിപ്പോയിഉമ്മാനെ വിളിച്ചുകൊണ്ട് വന്ന് മാഷെ ചൂണ്ടിപറയും - ഉമ്മാ, അതാരിന്നറിയോമ്മാ, അതെന്നെ എന്നെപ്പോല്‍ത്തെ ഒന്ന്.

ജനിച്ചത് കുഞ്ഞിമംഗലത്ത്. മങ്ങലം കയ്ച്ചത് സജിനിയെ. ആദര്‍ശും ആര്‍ദ്രയും മക്കള്‍. 1988 മുതല്‍ മാഷ് സര്‍വ്വീസിലുണ്ട്. ഒരുവട്ടം സംസ്ഥാന സ്‌കൂള്‍ ഫുട്‌ബോള്‍ ടീം മാനേജര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. ഫുട്‌ബോള്‍, വോളിബോള്‍ റഫറി കൂടിയാണ് മാഷ്.

ജോലിയെ സേവനം പോലെ കണ്ട വ്യക്തിയാണ് ലക്ഷ്മണന്‍ മാഷ്. ആത്മാര്‍ഥയ്ക്ക് തീപിടിപ്പിച്ച മനുഷ്യന്‍. സ്‌കൂളില്‍ ലോങ്ങ് ബെല്ലടിച്ച ശേഷവും ഗ്രൗണ്ടില്‍ അദ്ദേഹം പക്ഷെ, വിസിലൂതി ഓടുന്നുണ്ടാകും.നമ്മുടെ സ്‌കൂള്‍ കായികരംഗം സജിവമാക്കി നിര്‍ത്താന്‍ അശ്രാന്തം പരിശ്രമിച്ച വ്യക്തിത്വം.

പട് ളയില്‍ ഫുട്‌ബോളിന് പുതുജീവന്‍ നല്‍കിയ ചുരുക്കം പേരില്‍ ഒരാള്‍ ലക്ഷ്മണന്‍ മാഷായിരിക്കും.പട് ളയുടെ കായികാഭിമാന കൂട്ടായ്മയായ യുണൈറ്റഡ് പട്‌ളയുടെ പിന്നിട്ട നാള്‍വഴിക്കും വാരിക്കൂട്ടിയ വിജയങ്ങള്‍ക്കും പിന്നില്‍ അദ്ദേഹത്തിന്റെ കൂടി പ്രയത്‌നം ഉണ്ടെന്ന് ഞാന്‍ കരുതുന്നു.

********
ഇക്കഴിഞ്ഞ ഫെബ്രവരി 10. ഞങ്ങളുടെ സ്‌നേഹനിധിയായ ഉമ്മ പോയ്‌പ്പോയ നാള്‍. മുറികള്‍ മുഴുവന്‍   തേങ്ങലുകള്‍ മാത്രം.രാത്രി ഏറെ വൈകിക്കാണണം. റിംഗ് ചെയ്ത് കൊണ്ടിരുന്ന എന്റെ മൊബൈലുമായി  മകന്‍ റൈഹാന്‍ ഓടി വന്നു. അങ്ങേത്തലക്കല്‍ ലക്ഷ്മണന്‍ മാഷ്. ഉമ്മയുടെ വിയോഗമറിഞ്ഞ് സാന്ത്വനിപ്പിക്കാന്‍ വിളിച്ചതാണ്, പിറ്റെന്നാള്‍വീട്ടില്‍ വന്ന് കാണുമെന്നും. (ഇങ്ങനെ ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊന്ന് മാഷെ കുറിച്ച് പറയാനുണ്ടാകും).

********
അപ്പോള്‍ മാഷ് കണ്ണൂരിലേക്ക് മടങ്ങുമല്ലേ? മിനിഞ്ഞാന്ന് വിളിച്ചപ്പോള്‍ ഞാനല്‍പം സങ്കടത്തോടെ ചോദിച്ചു.
'ഏയ്, ഏഡ്യേയും പോന്നില്ല, ഞാന് ഈഡെന്നിണ്ട്ന്ന്.. 'മാഷിന്റെ മറുപടി. ഇവിടെയോ? അതെവിടെ? ഞാനങ്ങോട്ട് കൗതുകത്തോടെ ചോദിച്ചു.

' അപ്പോ നിങ്ങള് അറില്ല്യ, പുളിക്കൂറാപ്പാ, അവടെ വീടും പറമ്പെല്ലോ,ഞാന് മേഡ്ച്ചിനി...' അതെ, ലക്ഷ്മണന്‍ മാഷ് പട്‌ള സ്‌കൂള്‍ വിട്ടാലും, ഒരു വിളിക്കുത്തരം ലഭിക്കുമാറ് തൊട്ടയല്‍ മൊഹല്ലയില്‍, കയ്യാപ്പുറം തന്നെയുണ്ട്, പുളിക്കൂറില്‍. അത് തന്നെയാണ് നമ്മുടെ ആശ്വാസവും, സന്തോഷവും.

നന്മകള്‍ സാര്‍, ഒരുപാട് വര്‍ഷം സൗഖ്യത്തിലും ക്ഷേമത്തിലും കുടുംബ സമേതം ജീവിക്കുവാന്‍ താങ്കളെ ജഗദ്വീശ്വരന്‍ അനുഗ്രഹിക്കട്ടെ.മംഗളങ്ങള്‍!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Aslam Mavile, Teacher, Lakshmanan master, Lakshmanan master retiring, Happy journey

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia