city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി നന്നാവണമെങ്കില്‍ ആദ്യം യാത്രക്കാരോട് നന്നായി പെരുമാറണം


ഹമീദ് കുണിയ

(www.kasargodvartha.com 05/05/2015) കെ എസ് ആര്‍ ടി സി നഷടത്തിലാകുന്നത് വിഭിന്ന ശേഷിയുള്ളവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് കാരണമാണെന്ന മുന്‍ മന്ത്രിയും സി ഐ ടി യു നേതാവുമായ എളമരം കരീമിന്റെ പ്രസ്താവന പുതിയ കണ്ടു പിടുത്തമാണ്. വിഭിന്ന ശേഷിയുള്ളവര്‍ മാത്രമാണ് ഇതില്‍ സഞ്ചരിക്കുന്നതെന്ന് തോന്നി പോകും പ്രസ്താവന വായിച്ചാല്‍.

ആസൂത്രണമില്ലായ്മയും, കെടുകാര്യസ്ഥതയുമാണ് കോര്‍പ്പറേഷനെ നഷ്ടത്തിലാക്കുന്നതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും സാധാരണക്കാര്‍ക്ക്‌പോലും വേണ്ടി വരില്ല.
സ്വകാര്യ ബസുകളില്‍ ഇടാക്കുന്ന യാത്ര കൂലിയേക്കാളും തുക  ഇടാക്കിയിട്ടും ഇവര്‍ നഷ്ടത്തിലോടുന്നത് വിഭിന്ന ശേഷിയുള്ളവര്‍ക്ക് യാത്രാസൗജന്യം അനുവദിച്ചത് കൊണ്ടാണെന്ന് വരുത്തി തീര്‍ക്കുന്നത് പുതിയ കണ്ടുപിടുത്തമാണ്.

അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പ്രതി വര്‍ഷം അമ്പതും അറുപതും കോടി രൂപ ലാഭമുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് കെ എസ് ആര്‍ ടി സിയുടെ അമരത്തിരിക്കുന്ന കെടുംകാര്യസ്ഥയുടെ ആള്‍ രൂപങ്ങളായ ഉദ്യോഗസ്ഥന്മാര്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ അധികാരികള്‍ തയ്യാറാവണം. കേരള ആര്‍ ടി സിയെക്കാളും കുറഞ്ഞ യാത്രാകൂലിയാണ് കര്‍ണാടക ആര്‍ ടി സി യില്‍ ഇടക്കുന്നത്. എന്നിട്ടും അവര്‍ ലാഭമുണ്ടാക്കുന്നു. ജീവനക്കാര്‍ യാത്രക്കാരോട് കാണിക്കുന്ന പെരുമാറ്റവും, വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന അവരുടെ ആത്മാര്‍ത്ഥതയും, ശ്രദ്ധയും, വഴിയില്‍ വാഹനം തകരാറിലായാല്‍ ഡ്രൈവറും, കണ്ടക്ടറും ഇറങ്ങി അത് നന്നാക്കി യാത്ര തുടരുന്നതും നമുക്ക് കാണാം. എന്തിനേറെ ടയര്‍ പൊട്ടിയാല്‍ ഡ്രൈവറും, കണ്ടക്ടറും ഇറങ്ങി ടയര്‍ മാറ്റി യാത്ര തുടരുന്ന സംഭവങ്ങള്‍ അനുഭവിച്ചവരാണ് നമ്മളില്‍ പലരും. ജീവനക്കാര്‍ക്ക് സ്ഥാപനത്തോടുള്ള കൂറിന്റെ ഭാഗമാണ് ഇതെല്ലാം.

ബെല്ലടിക്കുന്ന കയര്‍ പൊട്ടിയാല്‍ വണ്ടി ഓഫ് ചെയ്ത് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിടുന്ന കേരളത്തിലെ ജീവനക്കാരുടെ അവസ്ഥയും കാണാതിരിക്കരുത്. നാലും അഞ്ചും ബസുകള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്‍ ഇവര്‍ തന്നെ പരസ്പരം മത്സരിച്ച് ഓടുമ്പോള്‍ പ്രത്യേകിച്ച് വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ പാതയോരത്ത് ഇവരുടെ കൊഞ്ഞനം കുത്തലിന് ഇരയാകുന്നു.
കാസര്‍കോട് - കാഞ്ഞങ്ങാട് റൂട്ടില്‍ നാഷണല്‍ ഹൈവേ വഴി ഓടുന്ന സ്വാകാര്യ ബസുകള്‍ മൂവായിരം രൂപ വരെ ഒരു ഭാഗത്തേക്ക് കളക്ഷനാക്കുന്നു.

എന്നാല്‍ ഈ റൂട്ടില്‍ ടി ടി ബസുകളും, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറുകളും മാത്രം ഒന്നിന് പിന്നാലെ മറ്റൊന്ന് ഓടിച്ച് നഷ്ടം വരുത്തിവെക്കുന്ന ഡിപ്പോ അധികാരികളും മറ്റും വിചാരിച്ചാല്‍ തന്നെ ഈ ഒരു ഡിപ്പോയില്‍ മാത്രം പ്രതി മാസം ലക്ഷങ്ങളുടെ അധിക വരുമാനം ഉണ്ടാക്കാം. ഈ റൂട്ടില്‍ ഓടുന്ന നാലോളം ഓര്‍ഡിനറി ബസുകള്‍ ഓടുന്നത് തന്നെ സ്വകാര്യ ബസുകളുടെ പിന്നാലെയാണ്. ഇത് വഴി നഷ്ടം വരുമ്പോള്‍ റൂട്ട് നഷ്ടമാണെന്ന് വരുത്തി തീര്‍ത്ത് പ്രസ്തുത ബസുകള്‍ പിന്‍വലിക്കാന്‍ നടത്തുന്ന ഡിപ്പോ അധികൃതരുടെ ഗൂഢലക്ഷ്യം സ്ഥിരം യാത്രക്കാര്‍ക്കും മറ്റും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.
കൃത്യമായ ടൈം ഷെഡ്യൂള്‍ ഉണ്ടാക്കി കേരളത്തിലെ മുഴുവന്‍ ഡിപ്പോകളിലെയും ബസുകള്‍   ഓടുകയാണെങ്കില്‍ ഒരു മാസം കൊണ്ട് കോടികളുടെ അധിക വരുമാനം ഉണ്ടാക്കാന്‍ വലിയ പ്രയാസമൊന്നും ഉണ്ടാവില്ല.

ഒരു മണിക്കൂര്‍ സമയം കൊണ്ട് എട്ടും പത്തും ടി ടികള്‍ മാത്രം ഓടിച്ച് ജീവനക്കാര്‍ക്ക് വീട്ടിലെത്താന്‍ പാകത്തില്‍ വൈകുന്നേരങ്ങളില്‍ ഓടുന്ന ഇവരുടെ പേടകങ്ങള്‍ സാധാരണക്കാരായ യാത്രക്കാരെ പെരുവഴിയിലാക്കി ഓടുമ്പോള്‍ എവിടെയാണ് ഇവര്‍ ലാഭത്തിലാകുന്നത്. രാത്രികാലത്ത് മണിക്കൂറുകളോളം യാത്രക്കാര്‍ പെരുവഴിയില്‍ കാത്ത് നിന്ന് ഒടുവില്‍ വരുന്ന ഇവരുടെ ബസുകളില്‍ കയറിയാല്‍ ജീവനക്കാരും യാത്രക്കാരും വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് നിത്യകാഴ്ചയാണ്.

കോര്‍പ്പറേഷന് നഷ്ടം വരുമ്പോള്‍ സാധാരണക്കാരുടെ വിയര്‍പ്പിന്റെ അംശമായ നികുതി പണത്തില്‍ നിന്നും പ്രതി വര്‍ഷം ഇരുന്നൂറും മുന്നൂറും കോടി രൂപ ഇവര്‍ക്ക് നല്‍കുന്ന സമ്പ്രദായം ഒഴിവാക്കിയാല്‍ മാത്രമേ കെടുകാര്യസ്ഥതയും, നഷ്ടവും ഇല്ലാതാക്കാന്‍ സാധിക്കൂ. ഇത് വരെയായി എത്ര കോടികള്‍ ഇവര്‍ക്ക് നല്‍കിയെന്ന കാര്യവും അധികാരികള്‍ വ്യക്തമാക്കണം.

അല്ലാതിടത്തോളം എത്ര നഷ്ടം വന്നാലും സര്‍ക്കാര്‍ തരുമെന്ന ആത്മ വിശ്വാസത്തില്‍ ഇവര്‍ കെടുകാര്യസ്ഥതയും മറ്റും തുടര്‍ന്ന് കൊണ്ടേയിരിക്കും. വിഭിന്ന ശേഷിയുള്ളവരെ ആദരവോടെ കാണുന്നതിന് പകരം അവരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന ഇറക്കുന്നത് ആര്‍ക്കും ഭൂഷണമല്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia