city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എം അഹ് മദ് മാഷ്: ചില ഓര്‍മകള്‍; ആ വിയോഗത്തിന് 10 വര്‍ഷം

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 09.12.2020) 'ഭാഷയില്‍ നല്ല കയ്യടക്കം വേണം. എങ്കിലേ ഉദ്ദേശിച്ച കാര്യം എഴുതി ഫലിപ്പിക്കാന്‍ പറ്റൂ. അതിന് എഴുതി തന്നെ ശീലിക്കണം. ധാരാളം വായിക്കണം. വാക്കുകള്‍ എവിടെക്കണ്ടാലും ശ്രദ്ധിക്കണം. വാക്കില്‍ അക്ഷരങ്ങളും വാചകത്തില്‍ വാക്കുകളും ചുരുക്കണം' - ഒരിക്കല്‍ കെ എം അഹ് മദ് മാഷ് എന്നോടു പറഞ്ഞു. മാഷ് ഉടമയായ കാസര്‍കോട്ടെ ഉത്തരദേശം സായാഹ്ന പത്രത്തില്‍ ജോലി ചെയ്തുവരവേയാണ് ഒരു ദിവസം അദ്ദേഹം അടുത്തു വിളിച്ചിരുത്തി ഇതു പറഞ്ഞത്. 
കെ എം അഹ് മദ് മാഷ്: ചില ഓര്‍മകള്‍; ആ വിയോഗത്തിന് 10 വര്‍ഷം



1997 മുതല്‍ ഒമ്പത് വര്‍ഷമാണ് ഞാനവിടെ ലേഖകനായി ജോലി ചെയ്തത്. മിക്കവാറും എല്ലാ ദിവസവും ഓരോ സ്റ്റോറി തയ്യാറാക്കി മാഷുടെ മേശപ്പുറത്ത് വെക്കണം. അദ്ദേഹമത് വായിച്ച് കറതീര്‍ത്താണ് ടൈപ്പ് ചെയ്യാന്‍ കൊടുക്കുക. എഴുതിയതില്‍ അവ്യക്തതയുണ്ടെങ്കില്‍ ചോദിക്കും. കൂട്ടുകയും കുറക്കുകയും ചെയ്യും. ഒരു സ്റ്റോറിയെ രണ്ടാക്കും. രണ്ടിനെ ഒന്നാക്കും. എഴുത്തില്‍ മന്ത്രികത കാട്ടും. വിവരങ്ങള്‍ പോരെന്നു തോന്നിയാല്‍ മാറ്റിവെക്കും. മുഴുവനും ലഭ്യമായാലേ നല്‍കൂ. വലിയ പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നിയ സംഗതികള്‍ മാഷ് ഒന്നുമല്ലാതാക്കും. നിസ്സാരമെന്നു തോന്നിയതിനെ ഗൗരവത്തിലെടുക്കും.

അങ്ങനെ എത്രയോ സംഭവങ്ങള്‍. വ്യക്തികളുടെ വിജയിച്ച കഥകള്‍, അവകാശധ്വംസനം സംബന്ധിച്ച വാര്‍ത്തകള്‍, നാട്ടിന്റെ വികസന വാര്‍ത്തകള്‍, സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വെളിച്ചങ്ങള്‍ എന്നിവയിലാണ് മാഷ് കൂടുതല്‍ താത്പര്യം കാണിച്ചിരുന്നത്.

വര്‍ഷങ്ങളായി ഉറങ്ങാത്ത ആരിക്കാടിയിലെ ഒരാളെക്കുറിച്ച് ഞാനെഴുതിയ വാര്‍ത്തയ്ക്കാണ് മാഷ് ആദ്യമായി ബൈലേന്‍ തന്നത്. അദ്ദേഹത്തിന്റെ എഴുത്തുവേഗവും ഭാഷയിലെ അനായാസതയും പ്രഭാഷണത്തിലെ ഹൃദ്യതയും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ദേഷ്യപ്പെടുമ്പോഴും അവഗണിക്കുമ്പോഴും മനസ്സിലാക്കാതിരിക്കുമ്പോഴും ഉള്ളില്‍ അദ്ദേഹം എനിക്കായി സ്‌നേഹം കരുതി വെച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെടുന്നു.

കാസര്‍കോടിന്റെ സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കാന്‍ സദാ ജാഗ്രത്തായ ഒരു തൂലികയും മനസ്സും മാഷ് ജീവിതാന്ത്യം വരെ കൊണ്ടുനടന്നിരുന്നു. ഉത്തരകേരളത്തിന്റെ സാംസ്‌ക്കാരിക അംബാസഡറായിരുന്നു അഹ് മദ് മാഷ്. വിശാലമായൊരു ദേശീയബോധത്തിലും സാംസ്‌ക്കാരിക ചിന്തയിലുമാണ് അദ്ദേഹം വഴിനടന്നത്. കവിത അദ്ദേഹത്തിന്റെ പേനയിലും നാവിലും നൃത്തം വെച്ചിരുന്നു. സൗഹൃദത്തിലും മാനവികതയിലും മാഷ് രമിച്ചിരുന്നു.

1986 ല്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍ മുതലാണ് ഞാന്‍ മാഷെ കാണുന്നത്. കാസര്‍കോട് സാഹിത്യ വേദിയുമായുള്ള ബന്ധം ആരംഭിക്കുന്നതും ഉബൈദ് ദിന കവിയരങ്ങുകളില്‍ പങ്കെടുക്കാന്‍ തുടങ്ങുന്നതും അപ്പോള്‍ മുതല്‍ക്കാണ്. ജില്ലയിലെ ചില കവിയരങ്ങുകളിലും സാംസ്‌ക്കാരിക സമ്മേനങ്ങളിലും മാഷിന്റെ താത്പര്യത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എന്റെ എഴുത്തിനെയും കവിതയെയും പത്രപ്രവര്‍ത്തന താത്പര്യത്തെയും നല്ല മതിപ്പോടെ മാഷ് നോക്കിക്കാണുകയും സി രാഘവന്‍ മാഷ് അടക്കമുള്ള പലരോടും അത് പറയുകയും ചെയ്തിരുന്നു.

പഠിച്ചു വെച്ചതിലും അനുഭവിച്ചതിലും ചെറിയൊരു ഭാഗം മാത്രമേ മാഷ് എഴുതിയിട്ടുള്ളൂ. കവി ടി ഉബൈദിന്റെ ശിഷ്യനായതും മഹാകവി പിയുടെ സഹചാരിയായതും മാതൃഭൂമി പോലുള്ള ഒരു പത്രത്തില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞതുമാണ് കെ എം അഹ് മദിലെ സര്‍ഗപ്രതിഭയെ പുറത്തെടുത്തത്. ഉത്തരദേശം മാഷിന് ഭൗതികവും സാമ്പത്തികവും രാഷ്ടീയവും സാമൂഹികവുമായ സംരക്ഷണമൊരുക്കി, വികാസമുണ്ടാക്കി.

ഉത്തരദേശത്തില്‍ ജോലി ചെയ്ത കാലത്തും മുമ്പും പിമ്പുമെല്ലാം മാഷിന്റെ എഴുത്തും പ്രസംഗവും ഞാന്‍ ശ്രദ്ധിക്കുകയും അതിലൂടെ മാഷിനെ ഇഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം നാട്ടിന്റെയും കാസര്‍കോട്ടെ മാധ്യമ-സാംസ്‌ക്കാരിക രംഗങ്ങളുടെയും നഷ്ടം എന്നതിലുപരി എന്റെ വ്യക്തിപരമായ വലിയൊരു ശൂന്യതയായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.

Keywords: KM Ahmad Master, Article, Writer, Memories, Editor, Knowledge, KM Ahmad Mash: Some Memories; 10 years to the demise
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia